കെെയിൽ പശ പറ്റിപ്പിടിച്ചോ? അല്പം ഉപ്പും നാരങ്ങാനീരും മാത്രം മതി എളുപ്പത്തിൽ ഇളക്കികളയാം...

പൊട്ടിയ വസ്തുക്കൾ ഒട്ടിക്കാൻ ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ ധൃതിപിടിച്ച് ഉപയോഗിക്കുന്നതിനിടയിൽ പലപ്പോഴും അത് വിരലുകളിലോ കൈപ്പത്തിയിലോ പറ്റിപ്പിടിക്കാറുണ്ട്. വെള്ളം ഉപയോഗിച്ച് കഴുകിയാലും ഉരച്ചാലുമൊന്നും ഇത് പോകില്ലെന്നു മാത്രമല്ല, ഇതൊടൊപ്പം ചര്‍മവും ഇളകിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, ചർമത്തിന് കേടുപാടുകൂടാതെ ഗ്ലൂ എളുപ്പത്തിൽ നീക്കം ചെയ്യാനുള്ള ചില നുറുങ്ങു വിദ്യകൾ പരിചയപ്പെടാം...
ഉപ്പ്
വിരലുകളില്‍ പശ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് അൽപം ഉപ്പ് തേച്ചാൽ പശയുടെ കാഠിന്യം കുറയും. ഉപ്പിനൊപ്പം അല്പം വിനാഗിരി കലർത്തിയും ഉപയോഗിക്കാം. ഇവ പശ മൃദുവാക്കാനും ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും സഹായിക്കും.
എണ്ണ
വിരലുകളിൽ അല്പം എണ്ണ പുരട്ടി, കുറച്ചു നേരം വയ്ക്കുക, തുടർന്ന് പശ പറ്റിപ്പിടിച്ച ഭാഗം അയവുവരുത്താൻ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. പശ പെട്ടെന്ന് ഇളകിപ്പോരും.
നെയിൽ പോളിഷ് റിമൂവർ
നെയിൽ പോളിഷ് റിമൂവർ തേയ്ക്കുന്നത് മറ്റൊരു പരിഹാരമാണ്. ഫെവിക്വിക്ക് നീക്കം ചെയ്യാനും ഇത് ഉപയോഗിക്കാം. നെയിൽ പോളിഷ് റിമൂവർ പഞ്ഞിയിൽ മുക്കി ആ ഭാഗത്ത് തേയ്ക്കുക. പശ പതിയെ അലിഞ്ഞുപോകും. അസെറ്റോൺ അടങ്ങിയ റിമൂവറാണെങ്കിൽ പെട്ടെന്ന് ഫലം കിട്ടും.
നാരങ്ങാനീര്
നാരങ്ങാനീര് മറ്റൊരു എളുപ്പവഴിയാണ്. നാരങ്ങയിലെ അസിഡിറ്റി പശയെ അലിയിക്കുന്നു. പശ നിങ്ങളുടെ തൊലിയിൽ പറ്റിപ്പിടിച്ചാലുടൻ, കുറച്ച് നാരങ്ങാനീര് പുരട്ടി പതുക്കെ തടവുക. ഇത് പശ പൊളിഞ്ഞുപോകാനും ആ ഭാഗത്തെ ചർമം മൃദുവാക്കാനും സഹായിക്കും.
സോപ്പും ചെറുചൂടുവെള്ളവും
പശയുടെ കാഠിന്യം കുറയ്ക്കുന്നതിനായി, സോപ്പ് കലർന്ന ചെറുചൂടുവെള്ളം ആ ഭാഗത്ത് മുക്കിവെയ്ക്കുക. പശ പെട്ടെന്ന് ഇളകിപ്പോരാൻ ഇത് സഹായിക്കും.
ഒലിവ് ഓയിൽ
മാർഗരിൻ അല്ലെങ്കിൽ ഒലിവ് ഓയിൽ മറ്റൊരു പ്രകൃതിദത്തമായ മാർഗ്ഗമാണ്. ഇതിലെ എണ്ണമയം പശയുമായി പ്രവർത്തിച്ച് അതിന്റെ കാഠിന്യം കുറയ്ക്കുന്നു.
ഡിറ്റർജന്റ്
ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ കാൽ കപ്പ് ഡിറ്റർജന്റ് കലർത്തി ഏകദേശം ഇരുപത് സെക്കൻഡ് നേരത്തേക്ക് പശ പറ്റിപ്പിടിച്ച ഭാഗം അതിലേക്ക് മുക്കിവെക്കുക. പശ പെട്ടെന്ന് ഇളകിപ്പോകാനിത് ബെസ്റ്റാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: simple and effective home remedies like salt, oil, nail polish remover, and lemon juice to safely remove glue.