കഷ്ടപ്പാടിന്റെ കാലത്ത് വില ഉയരും, നല്ല നാളില്‍ നഷ്ടവും; സ്വര്‍ണം കുറച്ച് വ്യത്യസ്തനാണ്

സ്വര്‍ണവില അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലാണ്. ഗ്രാമിന് 7000 രൂപയും പവന് 60,000 രൂപയും കടന്നുകഴിഞ്ഞു. വില ഇനിയും കൂടുമോ അതോ കുത്തനെ ഇടിയുമോ? കയ്യിലുള്ള സ്വര്‍ണം ഇപ്പോള്‍ വില്‍ക്കണോ? വിറ്റിട്ട് വില കുറയുമ്പോള്‍ വീണ്ടും വാങ്ങണോ? വില ഇനിയും കൂടുമെന്ന തീവ്ര ആഗ്രഹം ഒരു വശത്ത്. വില ഇടിയുമോ എന്ന ഭയം മറുവശത്ത്. ഈ ആശയക്കുഴപ്പത്തില്‍ മുന്‍പന്തിയില്‍ സ്ത്രീകളാണ് എന്നാണ് പലരും കരുതുന്നത്. സ്വര്‍ണാഭരണങ്ങളുമായി ആണുങ്ങള്‍ പ്രത്യക്ഷത്തില്‍ അകല്‍ച്ചയിലാണ് എന്ന് തോന്നുമെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമാണ്. ദരിദ്രനെന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ എല്ലാ മലയാളികള്‍ക്കും ഒരേപോലെ ഉള്ള ഏക നിക്ഷേപമാണ് സ്വര്‍ണം. ഒരു തരി സ്വര്‍ണമെങ്കിലുമില്ലാത്ത ഒരു വീടും കേരളത്തില്‍ കാണില്ല. അതുകൊണ്ടുതന്നെ സ്വര്‍ണവിലയെക്കുറിച്ചുള്ള ആശങ്കയും പേടിയും വ്യാപകവുമാണ്.
പരസ്പരവിരുദ്ധമായ നിരവധി കാരണങ്ങളാല്‍ ലോകത്ത് ഒരിക്കലും വില സ്ഥിരതയില്ലാത്ത ഒന്നാണ് സ്വര്‍ണം. വില എപ്പോള്‍ കുറയുമെന്നോ കൂടുമെന്നോ ആര്‍ക്കും പ്രവചിക്കാനാകാത്തവിധം ചാഞ്ചാടും. സത്യത്തില്‍ ആര്‍ക്കും ഒരു ഉപയോഗവും ഇല്ലാത്ത ഏക ലോഹമാണ് സ്വര്‍ണം. വ്യാവസായികമായോ ഉപഭോഗപരമായോ കാര്യമായ ഒരു ഉപയോഗവും ഇല്ല. ഇരുമ്പും ചെമ്പും വെള്ളിയുമൊന്നും അങ്ങനെയല്ല. അതിന് വലിയ തോതില്‍ വ്യാവസായികമായി ഉപയോഗമുണ്ട്. എന്നിട്ടും സ്വര്‍ണത്തിന് മാത്രം എന്തേ ഇത്ര വലിയ വില. അതിന് കാരണം സ്വര്‍ണത്തോടുള്ള മനുഷ്യരുടെ ചരിത്രപരമായ ഭ്രമമോ അഭിനിവേശമോ ആണ്. ഈ ഫാന്‍സി വാല്യു സ്വര്‍ണത്തിന് എന്ന് നഷ്ടപ്പെടുമോ അന്ന് തീരും സ്വര്‍ണത്തിന്റെ തിളക്കം. എന്നാല്‍ മനുഷ്യരുള്ളിടത്തോളം കാലം ഈ ഭ്രമം അവസാനിക്കില്ലെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.
വില കൂടുന്നതിന് പിന്നില്‍
ഇപ്പോള്‍ സ്വര്‍ണവില കൂടാന്‍ കാരണമെന്ത്? എല്ലാവര്‍ക്കും ഉത്തരം അറിയേണ്ടത് ഈ ചോദ്യത്തിനാണ്. അതിനുത്തരം നല്‍കും മുമ്പ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പൊതുവായ ഘടകങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. സമ്പദ് വ്യവസ്ഥയില്‍ നാണ്യപ്പെരുപ്പനിരക്ക് അഥവാ വിലക്കയറ്റം കൂടുമ്പോള്‍ രൂപയുടെ മൂല്യം ഇടിയും. ആളുകള്‍ പണം സ്വര്‍ണത്തിലേക്ക് മാറ്റും. അപ്പോള്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുകയും സ്വര്‍ണ വില കൂടുകയും ചെയ്യും. പലിശ നിരക്ക് കുറയുമ്പോഴും നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റുകയും വില കൂടുകയും ചെയ്യും. ഡോളറിലുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുമ്പോഴും ഇന്ത്യയില്‍ സ്വര്‍ണ വില കൂടും. കാരണം സ്വര്‍ണം ഇറക്കുമതിക്ക് ഡോളറിലാണ് പേയ്‌മെന്റ് നല്‍കേണ്ടത്. യുദ്ധം പോലുള്ള സംഭവവികാസങ്ങളോ ദുരന്തങ്ങളോ സംഭവിക്കുമ്പോഴും സ്വര്‍ണവില കൂടും.
ഇതില്‍ ഏതാണ് ഇപ്പോള്‍ സംഭവിച്ചത്. ഏറെക്കുറെ എല്ലാ സംഭവങ്ങളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടക്കുകയാണ്. റഷ്യയും ഉക്രയിനും തമ്മില്‍ യുദ്ധം. ഇസ്രയേലും ഹമാസും തമ്മില്‍ യുദ്ധം. നാണ്യപ്പെരുപ്പ നിരക്ക് കൂടുന്നു. രൂപയുടെ മൂല്യം ഇടിയുന്നു. ഇതിനെല്ലാം പുറമേ അമേരിക്കയില്‍ പലിശനിരക്ക് കുറയ്ക്കുന്നു. അതോടെ നിക്ഷേപമെല്ലാം ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് മാറ്റിത്തുടങ്ങി. സ്വര്‍ണവില ഇപ്പോഴത്തെ റെക്കോര്‍ഡ് നിലയിലെത്താന്‍ ഇതാണ് പ്രധാനകാരണം. അപ്പോള്‍ വില ഇടിയും. മുകളില്‍ സൂചിപ്പിച്ച കാരണങ്ങള്‍ വിപരീതമാകണം. അതായത് യുദ്ധം അവസാനിക്കണം. വിലക്കയറ്റം കുറയണം. പലിശ നിരക്ക് കൂടണം. അതിനെല്ലാമുള്ള സാധ്യത സമീപഭാവിയില്‍ കുറവാണ്. ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് സ്വര്‍ണത്തിന്റെ രാജ്യാന്തരവില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് .
വില ഇനിയും കൂടുമോ?
ലോകം പ്രതിസന്ധിയിലൂടെയും ആശങ്കയിലൂടെയും കടന്നുപോകുമ്പോഴാണ് സ്വര്‍ണവില ഉയരുക എന്നാണ് അനുമാനം. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഈ പത്ത് വര്‍ഷക്കാലവും സ്വര്‍ണവിലയും കൂടിക്കൊണ്ടേയിരിക്കുകയായിരുന്നു. സാമ്പത്തികമാന്ദ്യവും കോവിഡും പല സമ്പദ് വ്യവസ്ഥകളെയും കടപുഴക്കി. അതിന്റെ പ്രതിഫലനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങിയിരിക്കുകയാണ്. ഒരു ആഗോളമാന്ദ്യത്തിന്റെ സൂചനകളെക്കുറിച്ച് പലകോണുകളില്‍ നിന്നും മുന്നറിയിപ്പുകള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇനിയുള്ള കാറേക്കാലവും സ്വര്‍ണവിലയില്‍ ഒരു തിരിച്ചടി ആരും പ്രതീക്ഷിക്കുന്നില്ല.
നിക്ഷേപം എത്രമാത്രം ആകാം
സ്വര്‍ണത്തെ നിക്ഷേപമായി കരുതുന്നതില്‍ തെറ്റില്ല. പക്ഷേ എല്ലാ സമ്പാദ്യവും സ്വര്‍ണത്തില്‍ മാത്രമായി നിക്ഷേപിക്കരുത്. ഒരാളുടെ മൊത്തം നിക്ഷേപത്തിന്റെ 10 മുതല്‍ 15 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം സ്വര്‍ണത്തില്‍ ആകുന്നത് ആപത്താണ്. കാരണം വിലയില്‍ ഏതു സമയത്തും ഇടിവോ തകര്‍ച്ചതന്നെയോ ഉണ്ടാകാം.
സ്വര്‍ണത്തെ നിക്ഷേപമായി കരുതിക്കൊണ്ട് ആഭരണങ്ങള്‍ വാങ്ങുന്നതിലും തെറ്റില്ല. പണിക്കൂലി, പണിക്കുറവ്, ടാക്‌സ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ആഭരണങ്ങള്‍ വാങ്ങുന്നത് നഷ്ടമാണ് എന്ന പലരും പറയാറുണ്ടെങ്കിലും അത് വസ്തുതാപരമായി ശരിയല്ല. ആഭരണങ്ങള്‍ അണിയാനുള്ളതുകൂടിയാണ്. അത് അണിയുമ്പോള്‍ കിട്ടുന്ന വ്യക്തികളുടെ ആത്മസംതൃപ്തിക്കും ആത്മവിശ്വാസത്തിനും വില മതിക്കാനാകില്ലല്ലോ. മാത്രമല്ല സ്വര്‍ണക്കട്ടിയും നാണയവും വാങ്ങി പെട്ടിയില്‍വെച്ചാല്‍ ഈ പ്രൗഢി കിട്ടുകയുമില്ലല്ലോ. അതുകൊണ്ട് ആഭരണങ്ങള്‍ വാങ്ങുന്നത് തുടരാം. എന്നാല്‍ ആഭരണങ്ങള്‍ വാങ്ങി വില്‍ക്കുന്ന
തിലെ നഷ്ടവും അത് സൂക്ഷിക്കുന്നതിലെ റിസ്‌കും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ണ ബോണ്ട് വാങ്ങാം.
എന്താണ് ഗോള്‍ഡ് ബോണ്ട്
സ്വര്‍ണത്തെ നിക്ഷേപമായി മാത്രം കാണുന്നവര്‍ക്കുള്ള ഏറ്റവും ആകര്‍ഷകമായ പദ്ധതിയാണിത്. നിക്ഷേപകര്‍ക്ക് കിട്ടുന്നത് കടലാസ് സ്വര്‍ണമാണ്. ഇത് ലോഹരൂപത്തിലേക്ക് മാറ്റാന്‍ കഴിയില്ല. പക്ഷേ ലോഹരൂപത്തിലുള്ള സ്വര്‍ണത്തിന്റെ വിലകിട്ടും. പണിക്കൂലിയും പണക്കുറവും കുറയില്ല. തേയ്മാനമില്ല. ലോക്കറില്‍ വയ്‌ക്കേണ്ട. കള്ളന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോകില്ല. പണത്തിന് ആവശ്യം വന്നാല്‍ ഈ കടലാസ് സ്വര്‍ണവും പണയം വയ്ക്കാം. വായ്പ നേടാം. എട്ടുവര്‍ഷക്കാലാവധി തീരും വരെ വില്‍ക്കാന്‍ കാത്തിരിക്കേണ്ട. ഓഹരി വിപണി വഴി എപ്പോള്‍ വേണമെങ്കിലും വിറ്റ് കാശാക്കാം. അല്ലെങ്കില്‍ നിക്ഷേപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പദ്ധതിയില്‍നിന്ന് പിന്മാറുകയും ചെയ്യാം.
ചുരുങ്ങിയത് ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായ സ്വര്‍ണ ബോണ്ടെങ്കിലും വാങ്ങണം. ഒരു ഗ്രാം സ്വര്‍ണ ബോണ്ടിന്റെ വില 6263 രൂപയാണ്. ഓണ്‍ലൈനായാണ് വാങ്ങുന്നതെങ്കില്‍ 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അതായത് 6213 രൂപ നല്‍കിയാല്‍മതി. പരമാവധി ഒരാള്‍ക്ക് 4 കിലോ സ്വര്‍ണം വരെ ഇങ്ങനെ വാങ്ങാം. ബോണ്ട് വാങ്ങാന്‍ മുടക്കുന്ന തുകയ്ക്ക് വര്‍ഷാവര്‍ഷം 2.5 ശതമാനം വീതം പലിശ കാലാവധിയെത്തുന്നതുവരെ ലഭിച്ചുകൊണ്ടിരിക്കും. എട്ട് വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ സ്വര്‍ണ വില എത്രയാണോ അതും ലഭിക്കും. അതായത് എട്ട് വര്‍ഷം കഴിയുമ്പോള്‍ പലിശയും വാങ്ങിയ സ്വര്‍ണത്തിന്റ അന്നത്തെ വിലയും ലഭിക്കും.
എട്ടുവര്‍ഷം കഴിഞ്ഞ് സ്വര്‍ണ ബോണ്ട് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി നല്‍കേണ്ട. ലോഹരൂപത്തിലുള്ള സ്വര്‍ണമാണ് ഇതുപോലെ വാങ്ങി വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടത്തിന് നല്ലൊരു തുക ആദായനികുതി നല്‍കേണ്ടിവരും. ഗോള്‍ഡ് ബോണ്ടുകള്‍ ബാങ്കുകളില്‍ നിന്നും പോസ്റ്റോഫീസുകളില്‍ നിന്നും നേരിട്ടും ഓണ്‍ലൈനായും വാങ്ങാം.
ഗോള്‍ഡ് മണിറ്റൈസേഷന്‍ സ്‌കീം
കയ്യില്‍ അണിയാന്‍ ഭംഗിയില്ലാത്ത സ്വര്‍ണാഭരണങ്ങളുണ്ടോ. ഇത് വീട്ടില്‍ സൂക്ഷിക്കുക എന്നത് റിസ്‌കാണ്. ബാങ്കില്‍ ലോക്കറില്‍ വയ്ക്കാം എന്നുവെച്ചാല്‍ വാര്‍ഷിക ഫീസ് നല്‍കണം. എന്നാല്‍ ഇത് സൂക്ഷിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. ഗോള്‍ഡ് മണിറ്റൈസേഷന്‍ സ്‌കീം എന്നാണ് ഇതിന്റെ പേര്. കയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ ഈ സ്‌കീം പ്രകാരം ബാങ്കുകളെ ഏല്‍പ്പിക്കുക. അവരത് പ്യൂരിറ്റിയും തൂക്കവും പരിശോധിച്ച് രേഖപ്പെടുത്തി ഉരുക്കി ബാറുകളോ നാണയങ്ങളോ ആക്കി മാറ്റി സൂക്ഷിക്കും. പരമാവധി പ്രതിവര്‍ഷം 2.5 ശതമാനം പലിശയും തരും. കാലാവധി എത്തുമ്പോള്‍ തൂക്കത്തിന് തുല്യമായ സ്വര്‍ണനാണയമോ ബാറോ നല്‍കും. ഈ സ്‌കീം പ്രകാരം പല കാലാവധിയില്‍ ബാങ്കുകള്‍ സ്വര്‍ണം സൂക്ഷിക്കും.13, 12, 15 വര്‍ഷങ്ങളായാണ് വിവിധ കാലാവധികള്‍.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: pros and cons of investment in gold?