പെറ്റ് പേരന്റ്സിന് ആശ്വസിക്കാം, ഉറക്കം ശരിയാവാനും ഈ കൂട്ടുകെട്ട് സഹായിക്കും

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

ഡിജിറ്റൽ സ്വാധീനമുള്ള ഇന്നത്തെ ലോകത്ത് സമ്മർദ്ദം ഇത്തിരി കൂടുതൽ തന്നെയാണ്. സ്ക്രീനിനുമുമ്പിൽ ചെലവഴിക്കുന്ന സമയത്തിന് സ്വയം നിയന്ത്രണം കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ സമ്മർദ്ദത്തെ വരുതിയിലാക്കാൻ ഒരുപക്ഷേ സാധിച്ചേക്കില്ല. ശ്രദ്ധ സ്ക്രീനിൽ നിന്ന് മാറ്റാനാവുന്നില്ലെങ്കിൽ ഒരു വളർത്തുമൃഗത്തെ കൂടെ കൂട്ടുന്നത് മികച്ചൊരു പോംവഴിയായിരിക്കും. മനസ്സിന്റെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും, സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കാനും ലക്ഷ്യബോധമുണ്ടാവാനുമെല്ലാം വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകൽ നമ്മളെ സഹായിക്കും. സ്ട്രസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറച്ച് ലവ് ഹോർമോൺ എന്ന് വിളിക്കപ്പെടുന്ന ഓക്സിടോസിൻ ഇത് വർധിപ്പിക്കുമത്രേ.

പെറ്റ് പേരന്റ്സിന് ആശ്വസിക്കാമെന്നർഥം. വളർത്തുമൃഗങ്ങൾ അവരുടെ ഉടമസ്ഥരുടെ ദിനചര്യകളിലും, മാനസികാരോഗ്യത്തിലും, ഡിജിറ്റൽ ശീലങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് പുതിയ സർവേകൾ പറയുന്നുണ്ട്. ആഗോള പെറ്റ്കെയർ കമ്പനിയായ മാർസിന്റെ ഇന്ത്യയിലെ സർവേയിൽ വളർത്തുമൃഗങ്ങളുള്ളവർ സോഷ്യൽ മീഡിയയിൽ കുറച്ച് സമയം മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

57 ശതമാനം പേരും അങ്ങനെയാണ് അഭിപ്രായപ്പെട്ടത്. റീൽസുകളേക്കാൾ ഇക്കൂട്ടർക്ക് പ്രിയം അവയെ ലാളിക്കുന്നതാണ്. 92 ശതമാനം പേരും വളർത്തുമൃഗങ്ങൾ സ്ക്രീനുകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ സഹായിക്കുന്നുവെന്നും പറഞ്ഞു.

മെച്ചപ്പെട്ട ഉറക്കമാണ് വളർത്തുമൃഗങ്ങളുടെ സാമീപ്യം നിങ്ങൾക്കു തരുന്ന മറ്റൊരു നേട്ടം. 79 ശതമാനം ഇന്ത്യൻ പെറ്റ് പേരന്റ്സും 59 ശതമാനം ആഗോള പെറ്റ് പേരന്റ്സും വളർത്തുമൃഗങ്ങൾ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്ന് പറയുന്നു. അവയുടെ സാന്നിധ്യം ആശ്വാസവും സുരക്ഷിതത്വബോധവും നൽകുന്നു, ഉറങ്ങുന്ന സമയത്ത് പോലും ഉത്കണ്ഠ കുറയ്ക്കാനും മനസ്സിന് വിശ്രമം നൽകാനും ഇത് സഹായിക്കും. വളർത്തുമൃഗങ്ങൾ ജോലിയിൽ നിന്നും മറ്റ് കാര്യങ്ങളിൽ നിന്നും ഇടവേള എടുക്കാനും പ്രേരിപ്പിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. 

അതേസമയം, ഇന്ത്യയിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന പ്രവണതയും വർധിക്കുകയാണ്. 2024-ലെ ഒരു സർവേയിൽ പങ്കെടുത്ത 38 ശതമാനം പേർ തങ്ങളുടെ വളർത്തുനായകളെയും 57 ശതമാനം പേർ പൂച്ചകളെയും ഉപേക്ഷിക്കാൻ ആലോചിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover how pets are improving mental well-being, sleep, and social connections for Indian pet parents. Learn about the benefits and responsibilities of pet ownership.