പുറംകാഴ്ചകൾ കാണാൻ ഔട്ട്ഡോർ ബാത്ത്റൂം,സെൽഫ് കെയറിന് ജാക്കുസി വേര്‍പൂള്‍ സിസ്റ്റം; ബാത്ത്റൂം ഡിസൈനിങ്ങിലെ ട്രെൻഡുകൾ

ലേയൗട്ട്, കളര്‍തീം, ടൈലുകള്‍, സാനിറ്ററി ഉപകരണങ്ങള്‍ എന്നുതുടങ്ങി ഓരോ കാര്യങ്ങളിലും ഇഷ്ടങ്ങളും ലേറ്റസ്റ്റ് ഫാഷനുകളും നോക്കിയാണ് ബാത്ത്‌റൂം പണിയാറുള്ളത്. എന്നാൽ അതിനുപരിയായി മനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന രീതി ഇപ്പോൾ കടന്നുവരുന്നു. ബാത്ത്‌റൂം ഡിസൈനിങ്ങിലെ ഏറ്റവും പുതിയ ട്രെൻഡുകൾ അറിയാം.
ആവശ്യങ്ങള്‍ പ്രധാനം
ബെഡ്‌റൂമിനോട് ചേര്‍ന്ന ചെറിയ അറ്റാച്ച്ഡ് ബാത്ത്‌റൂം എന്ന സങ്കല്പം ലക്ഷ്വറി ബാത്ത്‌റൂമിലേക്ക് വഴിമാറി. ബെഡ്‌റൂമിന്റെ അത്രതന്നെ വലിപ്പത്തിലുള്ള ബാത്ത്‌റൂമുകളും നിര്‍മിക്കുന്നവരുണ്ട്. ബാത്ത്റൂമിന്റെ വലിപ്പം, ഉപയോഗം, താത്പര്യങ്ങള്‍, ജീവിതശൈലി എന്നിവ കണക്കിലെടുത്തുവേണം ഡിസൈന്‍ ചെയ്യാന്‍. ബെഡ് റൂമിന്റെ നിറവും ഡിസൈനും അനുസരിച്ചും ബാത്ത്‌റൂം നിര്‍മിക്കാം.
ലീനിയര്‍, ക്യുബിക്കിള്‍, സ്പ്ലിറ്റ്, സിംഗിള്‍ എന്നിങ്ങനെ വ്യത്യസ്ത ലേ ഔട്ടുകളുണ്ട്. പാര്‍ട്ടീഷന്‍ ചെയ്ത ബാത്ത്റൂമുകള്‍ ട്രെന്‍ഡാണ്. ബാത്ത്‌റൂമിനെ വെറ്റ് ഏരിയ, ഡ്രൈ ഏരിയ എന്നിങ്ങനെ ഓരോ ഭാഗങ്ങളായി തിരിക്കാം. ക്ലോസറ്റ്, വാഷ്‌ബേസിന്‍, മിറര്‍, വാര്‍ഡ്രോബ്, ജാക്കുസി വേര്‍പൂള്‍ സിസ്റ്റം എന്നിവയെല്ലാം ബാത്ത്‌റൂമിന്റെ ഡ്രൈ ഏരിയയിലും ഷവറിങ് സിസ്റ്റം, ഫോസറ്റ് പോലുള്ളവ വെറ്റ് ഏരിയയിലുമാണ് വേണ്ടത്. ബാത്ത്‌റൂമിന് പാര്‍ട്ടീഷന്‍ നല്‍കുന്നതോടെ വെറ്റ് ഏരിയ മാത്രം നനയുകയും മറ്റു സ്ഥലം വൃത്തിയായിരിക്കുകയും ചെയ്യും.
സെല്‍ഫ് കെയര്‍
സെല്‍ഫ് കെയറിനായി ബാത്ത്‌റൂമില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന വര്‍ ഇന്ന് ഏറെയുണ്ട്. അതിനനുസരിച്ചുള്ള സാനിറ്ററി വെയറുകള്‍ ഇവിടെ ഉള്‍പ്പെടുത്താം.
ജാക്കുസി വേര്‍പൂള്‍ സിസ്റ്റം ഇതിലൊന്നാണ്. വേര്‍പൂള്‍ സിസ്റ്റത്തില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം ദേഹത്തേക്ക് പതിച്ച് മസാജിങ് ഫീല്‍ നല്‍കുന്നു. വേര്‍പൂള്‍ ഹൈഡ്രോമസാജ് എന്നാണ് ഇത് അറിയപ്പെടുന്നത്. പേശികളില്‍ വേദന, ക്ഷീണം, പേശിവലിവ് പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും ഈ ജാക്കുസി മസാജ് തെറാപികള്‍ സഹായിക്കും.
കുട്ടികള്‍ക്കായി ബാത്ത്‌റൂം പണിയുമ്പോള്‍ കൂടുതല്‍ കളര്‍ഫുള്‍ ആയി കാര്‍ട്ടൂണ്‍ തീമില്‍ ഡിസൈന്‍ ചെയ്യുന്നത് ശരിയായ പ്രവണതയല്ല. കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് അതിനോടുള്ള താത്പര്യം നഷ്ടപ്പെടുന്നതോടെ അഞ്ചോ ആറോ വര്‍ഷംകൊണ്ട് ബാത്ത്‌റൂം വീണ്ടും പുതുക്കി പണിയേണ്ടിവന്നേക്കാം. അതിനാല്‍ എക്കാലത്തും നിലനില്‍ക്കുന്ന മിനിമലിസ്റ്റിക് രീതികള്‍ പിന്തുടരാം.
ഔട്ട്‌ഡോര്‍, കബാന ബാത്ത്‌റൂമുകള്‍
പ്രകൃതിഭംഗിയും കാഴ്ചകളും ആസ്വദിച്ച് കുളിക്കുന്ന അനുഭവം പകരുന്ന ഔട്ട്‌ഡോര്‍, കബാന ബാത്ത്‌റൂമുകള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും ട്രെന്‍ഡാണ്.
ബാത്ത്‌റൂമിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തി വീട്ടിനുള്ളില്‍തന്നെ പുറത്തു കുളിക്കുന്ന അന്തരീക്ഷം ഒരുക്കുന്നതാണ് ഔട്ട്‌ഡോര്‍ ബാത്ത്‌റൂം സിസ്റ്റം.
ബാത്ത്‌റൂമിനകത്ത് കോര്‍ട്ട് യാഡ്, സ്വിമ്മിങ് പൂള്‍, വാട്ടര്‍ഫാള്‍സ്, ചുമരില്‍ റോക്ക് വാള്‍ ഡിസൈനുകള്‍, ചെറിയ കുളങ്ങള്‍, മരങ്ങള്‍, ചെടികള്‍, റെയ്‌നി എഫക്ട് നല്‍കുന്ന റെയിന്‍ ഷവര്‍ സിസ്റ്റം തുടങ്ങിയ ബയോഫിലിക് ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയ ബാത്ത്‌റൂമുകള്‍ക്ക് സ്വീകാര്യത ഏറുകയാണ്.
കടപ്പാട്- മുഹമ്മദ് മുനീര്‍ ( എം.എം. ആര്‍ക്കിടെക്ട്‌സ്, കാലിക്കറ്റ്)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore latest bathroom design trends, layouts, fixtures, & lighting. Create a luxurious & functional space. Get inspired!