ഇറച്ചിയും മീനും ഒന്നിച്ച് സൂക്ഷിക്കാറുണ്ടോ? അടുക്കള വൃത്തിയാക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

ആഹാരത്തിന്റെ കാര്യത്തില്‍ യാതൊരു അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാകാത്തവരാണ് മലയാളികള്‍. തിരിച്ചുകടിക്കാത്തതെന്തിനെയും അകത്താക്കുന്നതാണ് ശീലം. ചൈനീസും കോണ്ടിനെന്റലും അറേബ്യന്‍ വിഭവങ്ങളുമെല്ലാം ആദ്യമെത്തുന്നത് നമ്മുടെ തീന്‍മേശയിലാണ്. അതുകൊണ്ടുതന്നെ വൃത്തിയും വെടിപ്പും ആദ്യം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നാണ്. രോഗം വരാതിരിക്കാന്‍ പാചകം മുതല്‍ ക്ലീനിങ് വരെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വിഷബാധ വരുന്ന വഴി
പലകാരണങ്ങള്‍കൊണ്ടും വിഷബാധയുണ്ടാകാം. ഭക്ഷണത്തില്‍ കലരുന്ന വൈറസും (നോവോ വൈറസുകള്‍) ബാക്ടീരിയയും (ഇകോളി, ഷിഗെല) മലിനജലവുമെല്ലാം വിഷബാധയ്ക്ക് ഇടയാക്കാം. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വിഷബാധയിലേക്ക് നയിക്കാം.
ലക്ഷണങ്ങള്‍
ആഹാരം കഴിച്ചയുടനേ ഛര്‍ദി, വയറിളക്കം എന്നിവ കണ്ടാല്‍ ഭക്ഷ്യവിഷബാധ സംശയിക്കാം. ഇടവിട്ട് വയറുവേദനയും ഉണ്ടാകാം. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാകുന്നതോടെ ക്ഷീണം, തലകറക്കം, മൂത്രത്തിന്റെ അളവ് കുറയുക എന്നീ പ്രശ്‌നങ്ങളുമുണ്ടാകും.
ഗൃഹചികിത്സ
വയറിളക്കം പോലുള്ള ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടില്‍തന്നെ ചികിത്സിക്കാം. പഞ്ചസാരയും ഉപ്പും ശുദ്ധജലത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒ.ആര്‍.എസ്. ലായനി അല്പാല്പമായി കുടിക്കാന്‍ നല്‍കാം. ബാക്ടീരിയ മൂലമുള്ള വിഷബാധ ആന്റിബയോട്ടിക്‌സിലൂടെ പരിഹരിക്കാവുന്നതാണ്. എന്നാല്‍ മാരകമായ നിര്‍ജലീകരണം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.
അടുക്കളയില്‍ തുടങ്ങാം
അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. ഭക്ഷണം അധികനേരം തുറന്നുവയ്ക്കരുത്. കാലാവധി കഴിഞ്ഞ ആഹാരപദാര്‍ഥങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കരുത്. സ്പൂണുകളും കത്തികളും ഉപയോഗം കഴിഞ്ഞാല്‍ ചുടുവെള്ളത്തില്‍ കഴുകിമാറ്റിവയ്ക്കണം. ആഹാരപദാര്‍ഥങ്ങള്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ഇതിന് ഗ്ലാസ് ജാറുകള്‍ ഉപയോഗിക്കാം.
- ആഹാരം കഴിച്ചുകഴിഞ്ഞാല്‍ കിച്ചന്‍ കൗണ്ടറും സ്റ്റൗവുമെല്ലാം വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് വൃത്തിയാക്കണം. പിന്നെയാകാം എന്ന് കരുതരുത്.
- ഡിഷ് ടവ്വലുകള്‍ ഇടയ്ക്കിടെ മാറ്റണം. നനഞ്ഞ് മുഷിഞ്ഞവ ഉപയോഗിക്കരുത്.
- സിങ്ക് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് ചൂടുവെള്ളത്തില്‍ കഴുകണം.
- പാത്രം കഴുകുന്ന സ്‌പോഞ്ചോ സ്‌ക്രബ്ബറോ ഉപയോഗിച്ച് സിങ്ക് കഴുകരുത്.
പാലും പച്ചക്കറികളും
പുറത്തുനിന്ന് വാങ്ങുന്ന പാല്‍ അതേപോലെ ഫ്രിഡ്ജില്‍ വയ്ക്കരുത്. മറ്റ് പാത്രത്തില്‍ ഒഴിച്ചോ പായ്ക്കറ്റ് നന്നായി കഴുകിയശേഷമോ വയ്ക്കാം. ഉപയോഗിക്കുന്നതിന് മുന്‍പ് പാല്‍ നന്നായി തിളച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. പച്ചക്കറികള്‍ ബേക്കിങ് സോഡ/വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ നന്നായി കഴുകണം. പച്ചക്കറി കേടായ ഭാഗം മുറിച്ചുമാറ്റി ഉപയോഗിക്കുന്ന ശീലം നിര്‍ത്താം. പച്ചക്കറി വൃത്തിയാക്കിയശേഷം ചെറിയ ബോക്‌സുകളായിവേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍.
- വാങ്ങിയ അതേ കവറില്‍ പച്ചക്കറികള്‍ സൂക്ഷിക്കരുത്.
- തൊലിയോടെ കഴിക്കാവുന്ന പഴങ്ങളും പച്ചക്കറികളും ഒരു സ്‌ക്രബ്ബര്‍ ഉപയോഗിച്ച് നന്നായി കഴുകണം.
- അരിഞ്ഞ പച്ചക്കറികള്‍ രണ്ടുമണിക്കൂറിനകം തന്നെ പാചകം ചെയ്യണം.
റഫ്രിജറേറ്റിന്റെ കാര്യം
ഫ്രിഡ്ജില്‍ നിന്ന് ആവശ്യമുള്ള അളവില്‍ മാത്രം ഭക്ഷണം പാചകം ചെയ്യാനെടുക്കാം. ചൂടാക്കി ഉപയോഗിച്ചശേഷം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്.
ഫ്രിഡ്ജിലെ തണുപ്പ് 40°F-ല്‍ താഴെയും ഫ്രീസറിലേത് 0°F അല്ലെങ്കില്‍ താഴെയും ആയിരിക്കണം. ഫ്രിജ്ഡ് ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കണം. ഫ്രിഡ്ജും അതിന്റെ പുറംഭാഗവും ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കണം.
ഇറച്ചിയും മീനും
കേടില്ലാത്ത ഇറച്ചിക്ക് നല്ല പിങ്ക് നിറമായിരിക്കും. പായ്ക്ക് ചെയ്ത ചിക്കനാണെങ്കില്‍ നന്നായി ഫ്രീസ് ചെയ്തതാണെന്ന് ഉറപ്പാക്കണം. ഇറച്ചിയും മീനും കഴുകി വൃത്തിയാക്കി പ്രത്യേക കവറിലിട്ടുവേണം ഫ്രീസറില്‍ സൂക്ഷിക്കാന്‍. ഇവ പച്ചക്കറികളുമായി ഇടകലരുന്നില്ലെന്ന് ഉറപ്പാക്കണം. മീന്‍, ഇറച്ചി മറ്റ് അസംസ്‌കൃത ഭക്ഷണങ്ങള്‍ എന്നിവ സാലഡുകള്‍, ബ്രെഡ്, സാന്‍ഡ്‌വിച്ച് തുടങ്ങിയ റെഡിടു ഈറ്റ് ഭക്ഷണങ്ങളുമായി ഇടകലര്‍ത്തരുത്.