കുട്ടിത്തം മാറ്റാത്ത ജെമിനി, ശാന്തരൂപിയായ കാപ്രിക്കോണ്‍... സൂര്യരാശി പറയും കുഞ്ഞുങ്ങളുടെ സ്വഭാവം

ഏരീസ്
(മാര്‍ച്ച് 21 - ഏപ്രില്‍20)
ഈ രാശിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ഊര്‍ജ്ജത്തിന്റെ കുഞ്ഞുണ്ടകള്‍ ആണ്. ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ പോപ്‌കോണ്‍ പോലെ പൊട്ടിത്തെറിക്കുന്നവര്‍. ഇടയ്ക്കിടെ തട്ടിയും മുട്ടിയും ദേഹമാകെ മുറിവുകള്‍ സമ്പാദിക്കുന്നവര്‍. 'എന്റമ്മേ, എന്നെക്കൊണ്ട് വയ്യേ...' എന്ന് നിങ്ങളെക്കൊണ്ട് പറയിപ്പിച്ചിട്ടേ ഇവരടങ്ങൂ.
ഏരീസ് രാശിയില്‍പെട്ട കുഞ്ഞുങ്ങളെ മിടുക്കന്‍മാരും മിടുക്കികളുമാക്കി വളര്‍ത്തല്‍ മിനക്കെട്ട പണിതന്നെ. പക്ഷേ, ഒന്നു മനസ്സുവച്ചാല്‍ ഈ തിമിരികളെ നമുക്ക് കൈപ്പിടിയില്‍ ഒതുക്കാം. തീരെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ തന്നെ ഇവരെ മയക്കാന്‍ പറ്റിയ ഒരു ടൂളാണ് പുസ്തകം. കുഞ്ഞിക്കഥകളും രസികന്‍ പാട്ടുകളും നല്ല ഭാവത്തോടെ വായിച്ചുകൊടുക്കാം. അതവര്‍ കീറിപ്പറത്തിയെന്നൊക്കെ വരാം. എങ്കിലും പുസ്തകപ്രിയരായിരിക്കും ഇവര്‍. നീന്തല്‍, ഫുട്‌ബോള്‍ തുടങ്ങിയ ആക്റ്റിവിറ്റികള്‍ക്ക് പറ്റിയവരാണ് ഛോട്ടാ ഏരീസുകാര്‍. ഈ രാശിയില്‍പെട്ട ആണിനും പെണ്ണിനും സാഹസിക സ്വഭാവം കൂടുതലായിരിക്കും.
ടോറസ്
(ഏപ്രില്‍ 21-മെയ് 21)
ടോറസ് രാശിയില്‍ പിറന്ന കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍ നിങ്ങളിനി ജിമ്മില്‍ പോകണമെന്നില്ല. ബൗണ്‍സിങ് ബേബീസ് എന്നറിയപ്പെടുന്ന കുട്ടി ടോറസുകാര്‍ക്ക് ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ വയ്യ. അവരെ ഒന്നു കുളിപ്പിച്ച് കുപ്പായമിടുവിച്ച് ഉറക്കുമ്പോഴേക്കും നിങ്ങള്‍ക്ക് വേണ്ടത്ര വ്യായാമം കിട്ടിയിരിക്കും.
ഈ ഓമനകള്‍ വലുതാവുന്തോറും വീടിനോട് ഒട്ടിച്ചേരുന്നവരാണ്. ശാന്തമായ ഒരു വീട്ടന്തരീക്ഷം മാത്രം മതി അവര്‍ സന്തുഷ്ടരാവാന്‍. തങ്ങള്‍ക്കിഷ്ടപ്പെട്ട ഒന്നിനേയും ഉപേക്ഷിക്കാന്‍ ടോറസിന് വയ്യ. പൊട്ടിത്തകര്‍ന്നുപോയാലും ഇഷ്ടപ്പെട്ട കളിപ്പാട്ടം ഏറെ നാള്‍ സൂക്ഷിക്കുന്ന തരക്കാരാണിത്. സ്‌നേഹമുള്ള വീട്ടന്തരീക്ഷവും രുചികരമായ ഭക്ഷണവും ഉണ്ടെങ്കില്‍ ടോറസിനെ പോലെ ഹാപ്പിയായി മറ്റാരുണ്ട്.
ഇവരെ എപ്പോഴും ഇമോഷണലി കംഫര്‍ട്ടബിള്‍ ആക്കാന്‍ രക്ഷിതാക്കള്‍ മറക്കാനിടയുണ്ട്. പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ടോറസിന് വലിയ താല്‍പര്യം കാണില്ല. പക്ഷേ, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ നന്നായി സമയമെടുത്ത് കൂടുതല്‍ ആഴത്തില്‍ ഉള്‍ക്കൊള്ളുന്നവരാണിവര്‍. പാട്ട്, നൃത്തം തുടങ്ങിയവ ഏത് ടോറസിനും താല്‍പര്യമായിരിക്കും.
ജെമിനി
(മെയ് 22 -ജൂണ്‍ 21 )
എത്ര മുതിര്‍ന്നാലും ഇവരുടെ കുട്ടിത്തരം മാറില്ല. എല്ലാ തക്കിട തരികിടകളിലും ചെന്ന് വീഴാനും വീണിടത്ത് നിന്നും ഉരുണ്ടു പിരണ്ടെഴുന്നേറ്റ് അടുത്ത കുസൃതി ഒപ്പിക്കാനും ജെമിനികളെ കഴിഞ്ഞേ ആളുള്ളു. നിഷ്‌കളങ്കമായ മുഖവും മയക്കുന്ന പുഞ്ചിരിയും കാരണം ഇവരുടെ മിക്ക വികൃതിത്തരങ്ങളും കണ്ടില്ലെന്നു നടിച്ചേക്കാം.
ഭാവനാലോകം ആണ് ഇവരുടെ ഇഷ്ട ഭൂമിക. ഇഷ്ടമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുകയും കഥകള്‍ പറഞ്ഞു കൊടുക്കുകയും ചെയ്താല്‍ ഇവര്‍ വെരി ഹാപ്പി.
പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇവര്‍ വലിയ താല്പര്യം കാണിക്കും. കൗതുകങ്ങള്‍ നിറഞ്ഞ ഒരു അത്ഭുത ലോകമാണ് അവര്‍ ചുറ്റിലും കാണുന്നത്. അടങ്ങാത്ത സംശയങ്ങളും ഇവര്‍ പ്രകടിപ്പിക്കും. ഇഷ്ടമുള്ള കാര്യങ്ങളെ പറ്റി വാതോരാതെ സംസാരിക്കുന്ന തരക്കാരാണ് ഈ രാശിക്കാര്‍. സദാ കുട്ടിക്കളികള്‍ ആണെങ്കിലും മുതിര്‍ന്നവരെ പോലെ ഭാവിക്കാന്‍ ഇവര്‍ക്ക് വലിയ ഇഷ്ടമാണ്. ആളുകള്‍ തങ്ങളോട് സീരിയസായ കാര്യങ്ങള്‍ പങ്കു വെക്കണമെന്ന് ജെമിനികള്‍ എപ്പോഴും കൊതിക്കും. കളറിങ് ബുക്കുകളും ക്രാഫ്റ്റ് ബുക്കുകളും ജെമിനികുഞ്ഞിനെ സന്തോഷിപ്പിക്കും. വീട്ടില്‍ നിറയെ ആളുകള്‍ ഉണ്ടെങ്കില്‍ ജെമിനികള്‍ സന്തുഷ്ടരാവും.
കാന്‍സര്‍
(ജൂണ്‍ 22- ജൂലൈ 23)
ഈ രാശിയില്‍ പെട്ട കുഞ്ഞുങ്ങളാണ് ഏറ്റവുമധികം താലോലങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍. ഹാപ്പി ഫാമിലി മാത്രമേ ഇവരെ ഹാപ്പി ആക്കൂ. സ്‌നേഹവും കെയറിങ്ങും വാരിക്കോരി ചൊരിഞ്ഞോളൂ. ഈ കുഞ്ഞുങ്ങള്‍ മിടുമിടുക്കരായി വളരും. ഇതൊക്കെ എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടതല്ലേ എന്ന് നിസ്സാരമാക്കരുത്. സന്തുഷ്ടമായ കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നാലെ ഈ രാശിക്കാര്‍ക്ക് ഭാവിയില്‍ മിടുക്കരാകാന്‍ പറ്റൂ. കൃത്യമായും വീടിന്റെ പ്രൊഡക്റ്റ് ആണ് ഇവര്‍.
അച്ഛനമ്മമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും മോശമായി ബാധിക്കുക ഈ രാശിയിലുള്ള കുഞ്ഞുങ്ങളെ ആണ്. കുഞ്ഞുന്നാളില്‍ അല്പ സ്വല്പം കുസൃതിത്തരങ്ങള്‍ കാണിച്ചാലും വലുതാവും തോറും ഉള്‍വലിഞ്ഞ പ്രകൃതക്കാരായി ഇവര്‍ മാറും. എല്ലാം വൃത്തിയായും ചിട്ടയായും ചെയ്യാന്‍ ഇവര്‍ പെട്ടെന്ന് പഠിക്കും. നല്ല ഉറപ്പില്ലാത്ത കാര്യങ്ങള്‍ക്ക് ഇവര്‍ ചാടിക്കേറി ചെല്ലുകയില്ല. എത്ര ധൈര്യശാലികള്‍ ആയാലും അനാവശ്യമായ സാഹസിക സ്വഭാവം ഇവര്‍ പ്രകടിപ്പിക്കില്ല.
ലിയോ
(ജൂലൈ 24 - ആഗസ്റ്റ് 23 )
പേര് സൂചിപ്പിക്കും പോലെ അസ്സല്‍ സിംഹപ്രകൃതക്കാരാണ് ഇവര്‍. നടത്തം പഠിക്കുമ്പോഴേക്ക് ഓടാന്‍ തുടങ്ങുന്നവര്‍. ആളുകളെ ചിരിപ്പിക്കാനും കോമാളിത്തരങ്ങള്‍ കാണിച്ചു കൂട്ടാനും സെന്റര്‍ ഓഫ് അട്രാക്ഷന്‍ ആവാനും കുട്ടിസിംഹങ്ങള്‍ റെഡി. എല്ലാ വിധത്തിലുള്ള കായികവിനോദങ്ങളും നൃത്തം പോലെ ദേഹാദ്ധ്വാനം ആവശ്യമുള്ള കലകളും ഇവര്‍ക്ക് ഇണങ്ങും.
എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ ലിയോയ്ക്ക് ഇഷ്ടമാണ്. ചെയ്യുന്നതിലെല്ലാം ഒന്നാമതാവാനും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാനും സിംഹക്കുട്ടികള്‍ക്ക് ഇഷ്ടമാണ്. മുതിര്‍ന്നവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അതേ പോലെ അനുസരിക്കാന്‍ ഇവര്‍ക്ക് മടി തോന്നും. സ്‌നേഹത്തോടെ പറഞ്ഞാല്‍ എന്തിനും ഇവര്‍ റെഡി ആവും.
വീട്ടുജോലികളിലെല്ലാം ലിയോകളെ കുഞ്ഞിലേ പങ്കെടുപ്പിക്കാന്‍ മറക്കരുത്. കളികളെല്ലാം കഴിഞ്ഞ് കളിപ്പാട്ടങ്ങള്‍ വാരിവിതറി സ്ഥലം വിടുന്ന ലിയോയെ കയ്യോടെ പിടികൂടാന്‍ മറക്കരുത് എന്നര്‍ത്ഥം. മെനക്കേട് എന്ന് വച്ചാല്‍ എന്താണെന്ന് അറിഞ്ഞു വളര്‍ന്നില്ലെങ്കില്‍ ലിയോ വഷളാവും.
വിര്‍ഗോ
(ആഗസ്റ്റ് 24 - സെപ്റ്റംബര്‍ 23)
നടക്കാനും സംസാരിക്കാനുമൊക്കെ ഇവര്‍ മറ്റ് കുഞ്ഞുങ്ങളെക്കാള്‍ മുന്‍പേ പഠിക്കും. ചുരുക്കിപ്പറഞ്ഞാല്‍ മുതിര്‍ന്നവരെ എത്രയും നേരത്തെ അനുകരിക്കാന്‍ കുഞ്ഞു വിര്‍ഗോകള്‍ റെഡി.
മടി പിടിച്ചിരിക്കല്‍ ഇവരുടെ നിഘണ്ടുവില്‍ ഇല്ല. എന്തുകാര്യം ചെയ്യുമ്പോഴും കൂട്ടുകൂട്ടാന്‍ പറ്റിയ തരക്കാരാണ് വിര്‍ഗോകള്‍. ഒരു പാവയെക്കാള്‍ ഇവരെ സന്തോഷിപ്പിക്കുക ആര്‍ട്ടിഫിഷ്യല്‍ അടുക്കള ടോയ് ആയിരിക്കും.
ക്ലാസില്‍ ഒന്നാമന്മാരുടെ കൂട്ടത്തിലാണ് വിര്‍ഗോകള്‍ ഉണ്ടാവുക. ജന്മനാ സഹായ മനസ്‌കരാണ് ഇവര്‍. ഇഷ്ടമുള്ളവര്‍ക്ക് എന്തും വാരിക്കോരി നല്‍കും. ഇവര്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് പിന്തുണ നല്‍കാന്‍ മടിക്കരുത്. അതുപോലെ അവരുടെ സഹായ മനസ്ഥിതിയെയും ഉദാര ഭാവത്തെയും തമാശമട്ടില്‍ കാണുകയും അരുത്. വിര്‍ഗോ കുഞ്ഞുങ്ങളുടെ ആത്മവിശ്വാസത്തെ ഇത് മോശമായി ബാധിക്കും.അവര്‍ ഉള്‍വലിഞ്ഞ പ്രകൃതക്കാരായി മാറുകയും ചെയ്യും.
ലിബ്ര
(സെപ്തംബര്‍ 24- ഒക്‌ടോബര്‍ 23)
മനം മയക്കുന്ന ചിരി, സഹിക്കബിള്‍ ആയ കുഞ്ഞു കുസൃതികള്‍, മാന്യമായ വികൃതികള്‍ ഇതാണ് ഛോട്ടാ ലിബ്ര. മറ്റുള്ളവരോട് നന്നായി പെരുമാറാനും അവരുടെ സ്‌നേഹം പിടിച്ചുപറ്റാനും ലിബ്രയെ ആരും പഠിപ്പിക്കണമെന്നില്ല. ഗുഡ് മാനേഴ്‌സ് അവരുടെ രക്തത്തില്‍ സുലഭമാണ്.
കലാപരമായ എന്തിലെങ്കിലും ഇവരെ കുഞ്ഞുനാളിലേ എന്‍ഗേജ് ചെയ്യിക്കാന്‍ മറക്കല്ലേ. ചിത്രനൃത്ത ക്ലാസുകളോ, വാദ്യോപകരണ പരിശീലനമോ എന്തുമാവാം. അതേപോലെ നാടകങ്ങള്‍, നൃത്തങ്ങള്‍, ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങിയവ കാണാനും ആസ്വദിക്കാനും അവസരം കൊടുക്കുകയും വേണം. സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ ലിബ്രകള്‍ക്ക് പൊതുവെ താല്‍പര്യം കുറവായിരിക്കും.
ജന്മനാ കുറച്ചു പേടിക്കുട്ടികള്‍ ആയിരിക്കും മിക്ക ലിബ്രകളും. ഇരുട്ടുമുറികളും ഹൊറര്‍ സിനിമകളും ഒന്നും ലിബ്രയുടെ മേഖല അല്ല. ഇതിനെ ഒരു ദുശീലമായി വിലയിരുത്താതിരിക്കണം. ഫഌവര്‍വേസുകള്‍, ചുവരിനിണങ്ങിയ കര്‍ട്ടനുകള്‍ തുടങ്ങിയ കുഞ്ഞുകാര്യങ്ങള്‍ മതി, ലിബ്ര ഹാപ്പി. ലിബ്ര ഗേള്‍സ് അണിഞ്ഞൊരുങ്ങലിന്റെ ആശാത്തികളായിരിക്കും. ലിബ്രക്ക് എന്തും സുന്ദരമായതേ വേണ്ടൂ. സ്‌നേഹവാല്‍സല്യങ്ങളുമതെ. എത്ര കിട്ടുന്നോ, അത്രയും മിടുക്കരാവും ലിബ്രക്കുഞ്ഞുങ്ങള്‍.
സ്‌കോര്‍പിയോ
(ഒക്‌ടോബര്‍ 24 - നവംബര്‍ 22)
അധികമാരോടും സംസാരിക്കാതെ, തന്റെ ഫീലിങ്ങുകളൊന്നും കാര്യമായി പ്രകടിപ്പിക്കാതെ നില്‍ക്കുന്ന ഗൗരവക്കുഞ്ഞികളാണ് സ്‌കോര്‍പിയോ രാശിക്കാര്‍. സംഗതികളെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനും പക്വതയോടെ ഇടപെടാനും ഈ സൈലന്റ് പ്രകൃതക്കാര്‍ക്ക് കുഞ്ഞിലേ സാധിക്കും. തനിക്ക് കിട്ടുന്ന സ്‌നേഹം പകുത്തു പോവുന്നു. എന്ന് വന്നാല്‍ സഹിക്കാനാവാത്തവരാണ് ഇവര്‍.
തന്റെ അവസ്ഥയെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് വിലയിരുത്താനുള്ള പ്രവണത ഇവര്‍ കാണിക്കും. കൂടുതല്‍ നല്ല കളിപ്പാട്ടവും കൂടുതല്‍ നല്ല ജീവിത സാഹചര്യങ്ങളും ഉള്ള മറ്റ് കുഞ്ഞുങ്ങളോട് ഇവര്‍ക്ക് അസൂയ വന്നെന്ന് വരാം. ഇത്തരം പ്രവണതകള്‍ ക്ഷമയോടെ ഇടപെട്ട് കുഞ്ഞിലേ നുള്ളിക്കളയേണ്ടതുണ്ട്.
അടിമുടി ഇമോഷണലും സെന്‍സിറ്റീവുമായ പ്രത്യേക ഇടപെടല്‍ ആവശ്യമുള്ള സ്‌കോര്‍പിയോ രാശിക്കാര്‍ സ്‌നേഹവും കരുതലും നിറഞ്ഞ അന്തരീക്ഷത്തില്‍ മിടുക്കരായി വളരും. കലാപരമായും ഭാഷാപരമായും ആണ് ഇവര്‍ അങ്ങേയറ്റം കഴിവുകള്‍ പ്രകടിപ്പിക്കുക. ഇതിനാവശ്യമായ ട്രെയിനിങ്ങുകള്‍ കുഞ്ഞിലേ നല്‍കണം.
സാജിറ്റേറിയസ്
(നവംബര്‍ 23 - ഡിസംബര്‍ 21 )
ദ ഫസ്റ്റ് ക്ലാസ് വികൃതി. അതാണ് ഛോട്ടാ സാജിറ്റേറിയസ്. അടങ്ങിയിരിക്കുക എന്നൊരു വാക്ക് ഇവരുടെ നിഘണ്ടുവില്‍ ഇല്ല. എവിടെ പോയാലും ആളുകള്‍ നോട്ട് ചെയ്യുന്നത്ര പിരുപിരിപ്പ്. അടുത്ത നിമിഷം എന്ത് ചെയ്യും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്തത്ര കാടന്‍ ഐഡിയകള്‍ ആണ് ആ കുഞ്ഞിത്തല നിറയെ. സംശയമാണെങ്കില്‍ ചാക്ക് കണക്കിന്. പക്ഷെ കളിയും ചിരിയും ഹ്യുമര്‍സെന്‍സും ചേര്‍ന്ന ഈ തിമിരികള്‍ പോസിറ്റിവ് എനര്‍ജിയുടെ പൂത്തിരികള്‍ ആണ്.
പരീക്ഷണ നിരീക്ഷണങ്ങള്‍ ആണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മേഖല. ബക്കറ്റില്‍ പെയിന്റ് കലക്കി ചെടിക്ക് ഒഴിച്ച് കൊടുത്താല്‍ പല നിറത്തിലുള്ള പൂക്കള്‍ ഉണ്ടാവുമോ എന്ന് വരെ ഇവര്‍ പരീക്ഷിക്കും. ഇതൊന്നും കണ്ടു തല പെരുപ്പിച്ചിട്ട് ഒരു കാര്യവുമില്ല. കുറച്ചു മണ്ണും ചെളിയും പെയിന്റുമൊക്കെ ഇവര്‍ക്ക് കളിക്കാന്‍ കൊടുക്കുന്നത് തന്നെയാണ് ബുദ്ധി.
കൂടിയ എനര്‍ജി ലെവല്‍ ഉള്ള ഇവരെ മാര്‍ഷ്യല്‍ ആര്‍ട്‌സോ സ്‌പോര്‍ട്‌സോ പോലെ എന്തിലെങ്കിലും ചെറുപ്പത്തിലേ എന്‍ഗേജ് ചെയ്യിക്കണം. എന്തും പെട്ടെന്ന് മടുക്കുന്ന പ്രകൃതമായത് കൊണ്ട് ചിട്ടയും നല്ല ശീലങ്ങളും മെനക്കെട്ടു തന്നെ ഇവരില്‍ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. സമപ്രായക്കാരുമൊത്ത് നന്നായി കളിച്ചു വളരുന്നതാണ് വീട്ടിലെ അന്തരീക്ഷത്തേക്കാള്‍ ഇവര്‍ക്ക് ഗുണം നല്‍കുക. ധാരാളം കഥകള്‍ പറഞ്ഞു കൊടുക്കാനും പുസ്തകങ്ങള്‍ ചെറുപ്പത്തിലേ നല്‍കാനും മറക്കരുത്. മറ്റുള്ളവര്‍ പറയുന്നതെന്തും അതേ പോലെ അനുസരിക്കാനോ പകര്‍ത്താനോ കുട്ടി സാജികള്‍ക്ക് പറ്റിയെന്നു വരില്ല.
കാപ്രിക്കോണ്‍
( ഡിസംബര്‍ - 22 ജനുവരി 20)
ഓമനയായ ഒരു ചെറിയ മനുഷ്യന്‍. കുഞ്ഞിലേ തന്നെ മുതിര്‍ച്ചയുടെയും പക്വതയുടെയും ലക്ഷണങ്ങള്‍ കാണിക്കുന്ന ശാന്ത സ്വരൂപി. കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്. കുഞ്ഞു കാപ്രിക്കോണ്‍ നമ്മളെ മയക്കുന്നത് ഇങ്ങനെയൊക്കെയാണ്.
ഇവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും അത് കൃത്യമായി നടപ്പില്‍ വരുത്താനും വലിയ ഇഷ്ടമാണ്. കുഞ്ഞിലേ തന്നെ ഗൗരവമുള്ള കുഞ്ഞു ജോലികള്‍ ഇവര്‍ക്ക് ഏല്പിച്ചുകൊടുക്കേണ്ടതുണ്ട്. പുസ്തകങ്ങള്‍ അടുക്കി വെക്കാനും പൂച്ചെടിക്ക് വെള്ളമൊഴിക്കാനും കാറിന്റെ കീ, താക്കോലുകള്‍ തുടങ്ങിയവ അതാതിന്റെ സ്ഥാനത്ത് എടുത്തു വെക്കാനും ഇവരെ ഏല്പിച്ചു നോക്കൂ. കാപ്രിക്കോണിനെ സംബന്ധിച്ച് മറ്റുള്ളവര്‍ തന്നെ അംഗീകരിക്കുന്നതിന്റെ ചിഹ്നമാണ് അവയെല്ലാം . ഇത്തരം പരിഗണനകള്‍ ഈ കുട്ടികളുടെ സ്വഭാവത്തെ കൂടുതല്‍ പോസിറ്റീവ് ആക്കും.
സ്‌കൂളില്‍ പോയി തുടങ്ങിയാല്‍ എല്ലാവരോടും കൂട്ട് കൂടാനോ കളിക്കാനോ ഇവര്‍ താല്പര്യപ്പെടില്ല. ഒന്നോ രണ്ടോ ബെസ്റ്റ് ഫ്രണ്ട്‌സ്, അവരോടൊപ്പമുള്ള കളികള്‍. ഇതാണ് കുഞ്ഞു കാപ്രിക്ക് ഇഷ്ടം. തന്നെക്കാള്‍ മുതിര്‍ന്ന ചങ്ങാതിമാരുമൊത്ത് കൂട്ടുകൂടാന്‍ ഇവര്‍ക്ക് വലിയ ഇഷ്ടമാണ്. മറ്റ് കുഞ്ഞുങ്ങളെ പോലെ സദാ സമയവും കളിക്കാന്‍ വലിയ താല്പര്യം കാണിച്ചെന്നു വരില്ല. പകരം ഏറെ നേരം ഇരുന്നു ഒരു കഥാപുസ്തകം വായിക്കാനോ, പ്രകൃതി ഭംഗി ആസ്വദിച്ചു പുറത്തുകൂടെ ഒന്ന് നടക്കാനോ ഒക്കെയാവും താല്പര്യം. അപാരമായ ഹ്യുമര്‍ സെന്‍സ് ഉണ്ടാവും ഈ രാശിക്കാര്‍ക്ക്.
അക്വേറിയസ്
(ജനുവരി 21 -ഫെബ്രുവരി 19)
ഇതാ കുഞ്ഞിലേ മുതിര്‍ന്ന മറ്റൊരു ചെറു മനുഷ്യന്‍. തന്നെക്കാള്‍ വളരെ മുതിര്‍ന്ന ആളുകളുടെ ചങ്ങാത്തം ഇഷ്ടപ്പെടുന്ന കുഞ്ഞു ചിന്തകന്മാര്‍. വളരെ വൈബ്രന്റ്ആയ തലച്ചോറിന് ഉടമകളാണിവര്‍. അതിനാല്‍ തന്നെ അടങ്ങിയിരിക്കാതെ കുസൃതി കാട്ടി നടത്തമാണ് പ്രധാന ജോലി.
ഈ കുഞ്ഞുങ്ങളെ അവരുടെ വഴിക്ക് വിടുന്നതാണ് നിയമാവലികള്‍ പഠിപ്പിക്കുന്നതിലും ഗുണം ചെയ്യുക. കാരണം ഈ കുഞ്ഞുങ്ങള്‍ സാധാരണക്കാരല്ല. നമ്മളുടെ കാഴ്ചകളും വിലയിരുത്തലുകളും ഇവര്‍ക്ക് യോജിച്ചെന്നു വരില്ല. ഒന്നുകില്‍ ഇവര്‍ സൈലന്റ് ജീനിയസുകള്‍ ആയിരിക്കും, അല്ലെങ്കില്‍ കടും പോക്കിരി മട്ടുകാരും. ഇതിനിടയ്ക്കുള്ള അവസ്ഥ കണ്ടെന്നു വരില്ല. ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏറെ നേരം മുഴുകി ഇരിക്കാന്‍ ഇവരെ അനുവദിക്കണം.
അടിമുടി ടെക്‌നോളജി ആണ് ഇവരുടെ തല നിറയെ. മുതിരും തോറും ഇവര്‍ സൈലന്റ് ആയി മാറും. കലപില സംസാരിക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ രാശിയില്‍ അപൂര്‍വമാണ്. കടും പിടുത്തക്കാരായ മാതാപിതാക്കള്‍ ഈ കുഞ്ഞുങ്ങളെ മോശമായി കൈകാര്യം ചെയ്യുമെന്നുറപ്പ്. ഇഷ്ടമുള്ള വിഷയങ്ങളില്‍ സമപ്രായക്കാര്‍ക്ക് ഉള്ളതിന്റെ ഇരട്ടി അറിവ് ഇവര്‍ക്ക് ഉണ്ടായിരിക്കും. മിക്ക കാര്യങ്ങളിലും വ്യത്യസ്തമായ അഭിപ്രായം ആയതിനാല്‍ ക്ലാസില്‍ റിബല്‍ ഇമേജ് വീഴാന്‍ എളുപ്പമാണ്. ചെറുപ്പത്തില്‍ തന്നെ തന്നില്‍ സ്വാധീനം ചെലുത്തുന്ന ഒരു ഗുരുവോ വഴികാട്ടിയോ ഉണ്ടാവുന്നത് ഇവരുടെ വ്യക്തിത്വ വികാസത്തെ ഏറെ സഹായിക്കും.
പിസസ്
(ഫെബ്രുവരി 20 -മാര്‍ച്ച് 20 )
സുന്ദരമായ പുഞ്ചിരി, സൗമ്യമായ പെരുമാറ്റം, ഇത്ര സല്‍സ്വഭാവികള്‍ ആവുമോ കുട്ടികള്‍ എന്ന് നമുക്ക് സംശയം തോന്നും. ഒട്ടും സംശയിക്കേണ്ട, അതാണ് പിസസ് . സദാ ദിവാസ്വപ്‌നങ്ങളില്‍ മുഴുകി നടക്കുന്ന കുഞ്ഞുങ്ങള്‍.
മനസ്സിന് വിഷമം ഉണ്ടാകുന്ന ഒരു പരിപാടിക്കും ഇവരെ കിട്ടില്ല. കാരണം ഇവരുടെ ഉള്ള് അത്രയും സോഫ്റ്റും ദുര്‍ബലവും ആണ് എന്നത് തന്നെ. ചെറുപ്രായത്തില്‍ തന്നെ റിയാലിറ്റികളെ അഭിമുഖീകരിക്കാന്‍ അവരെ പരിശീലിപ്പിക്കണം. എല്ലാത്തിനും ഒരു കൈ സഹായം എന്ന രീതി അവരെ പരാദ ജീവികളാക്കി മാറ്റും. ഉത്തരവാദിത്വ പൂര്‍ണമായ ആത്മവിശ്വാസം അവരില്‍ ചെറുപ്പത്തിലേ നട്ടുപിടിപ്പിച്ചാല്‍ പിസസിനെ പോലെ മനോഹരമായ ഒരു മനുഷ്യജീവി വേറെ കാണില്ല. മറ്റുള്ളവരെ കരുതുന്നതിലും സഹായിക്കുന്നതിലും അത്ര മുന്‍പന്തിയില്‍ ആണ് പിസസ്.
ജന്മനാ കലാകാരന്മാര്‍ ആണ് പിസസ്. സംഗീതം, ഇന്‍സ്ട്രുമെന്റല്‍ മ്യുസിക് , നാടകം, സാഹിത്യം എന്നിവയില്‍ അഭിരുചി കാണിക്കും. പല കുഞ്ഞുങ്ങളും കാണിക്കുന്ന ക്ഷണികമായ താല്പര്യങ്ങള്‍ അല്ല ഇത്. നല്ല പരിശീലനം കൊടുത്തു നോക്കൂ. ഇവര്‍ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചേരും.
Content Highlights: Kids and zodiac signs