അമിതാശ്രിതത്വം, അമിതലാളന, അറിയാം ഉടമ-അരുമബന്ധത്തിലെ വൈകാരികപ്രശ്‌നങ്ങള്‍

ജീവിതത്തിന്റെ ഏകാന്ത തുരുത്തുകളില്‍ അകപ്പെടുന്ന പലര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ വളര്‍ത്തുമൃഗങ്ങളാണ്. ഒറ്റപ്പെടലില്‍ കൂട്ടുകാരനായോ കുഞ്ഞുങ്ങളായോ ഒക്കെ അരുമകളെ കരുതുന്നവരുമുണ്ട്. അരുമകളുടെ മേല്‍ ഉടമസ്ഥനുണ്ടാകുന്ന ഇത്തരം അമിതാശ്രിതത്വം (Dependency) ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങള്‍ക്ക് വഴി തുറന്നേക്കാം.
മനുഷ്യര്‍ ഇത്തരം മാനസിക പ്രശ്നങ്ങളെ വളരെ വേഗം അതിജീവിക്കുമെങ്കിലും ഉടമ പ്രകടിപ്പിക്കുന്ന അമിത ലാളനയും ആശ്രിതത്വവും നായകള്‍ക്ക് ശാരീരിക-വൈകാരിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഇത് മനുഷ്യക്കുഞ്ഞിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സമാനമാണ്. അതിനാല്‍ മാനസികരോഗ വിദഗ്ദരുടെ ചികിത്സാരീതികള്‍ക്ക് സമാനമായ 'ബിഹേവിയര്‍ തെറാപ്പി' വെറ്ററിനറി ഡോക്ടര്‍മാരും പ്രയോഗിക്കേണ്ടിവരും.
മനുഷ്യര്‍ക്കുള്ളതിന് സമാനമായ വികാരങ്ങളും വിചാരങ്ങളും നായകള്‍ക്കും ഉണ്ടാകുമെന്നു പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല. എങ്കിലും ചില സാഹചര്യങ്ങളില്‍ പട്ടിയും, കുട്ടിയും ഒരേതരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങള്‍ പ്രകടിപ്പിച്ചേക്കാം. അപസ്മാരം, ആസ്മ, ഭക്ഷണം കഴിക്കാതിരിക്കുക, വിശപ്പില്ലായ്മ, അമിതമായി ഭക്ഷണം കഴിക്കുക, സഹതാപം പിടിച്ചുപറ്റാനുള്ള മുടന്ത്, അസൂയ, അക്രമസ്വഭാവം, വിഷാദരോഗം എന്നിവ ഇതിനുദാഹരണമാണ്.
ഉടമയും, അരുമയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും, ശൈലിയുമനുസരിച്ചാണ് പ്രശ്നങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത. അതില്‍ സാധാരണകാണപ്പെടുന്നതാണ് ആവശ്യാധിഷ്ഠിത സൗഹൃദം (Dependent Companionship). കൂട്ടുകൂടാനും ഒറ്റപ്പെടലകറ്റാനും സഹായിക്കുന്ന ബന്ധമാണ് ഇത്.
വീട്ടുകാവലിനോ, അന്ധനെ വഴികാട്ടാനോ, ശ്വാനപ്രദര്‍ശനത്തിനോ, പെറ്റ് തെറപ്പിക്കോ, ആഢ്യത്വം കാട്ടാനോ എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന ബന്ധത്തില്‍ വൈകാരികതയേക്കാള്‍ ആവശ്യവും ഉപയോഗവുമാണ് പ്രധാനം. ഇതിനെ ആവശ്യാധിഷ്ഠിത സൗഹൃദമെന്ന് (Utilitarian Working Relationship) പറയുന്നു.
ഉടമയും അരുമയും തമ്മിലുള്ള അതിതീവ്ര ബന്ധമാണ് നായകളില്‍ പലപ്പോഴും പെരുമാറ്റ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. ഉദാഹരണത്തിന്, ഒരു കുഞ്ഞിനെപ്പോലെ, അല്ലെങ്കില്‍ സ്വന്തം കുഞ്ഞിന് പകരക്കാരനായി, ഉടമ വളര്‍ത്തുന്ന നായ പലവിധ സ്വഭാവ വൈകല്യങ്ങള്‍ കാണിച്ചേക്കാം. ഉടമയുമായുള്ള ബന്ധത്തിനു ഭീഷണിയുണ്ടെന്ന് നായ കരുതുന്ന സാഹചര്യമാണ് ഇവയില്‍ പ്രധാനം. വീട്ടില്‍ ഒരു കുഞ്ഞ് ജനിക്കുമ്പോള്‍, മറ്റൊരു മൃഗം വീട്ടിലെത്തുമ്പോള്‍, അതിഥികള്‍ വരുമ്പോള്‍ തന്നോടുള്ള ശ്രദ്ധയും സ്‌നേഹവും നഷ്ടമാകുമെന്ന് നായകള്‍ക്ക് തോന്നാം.
ഉടമ അസുഖം മൂലം ആശുപത്രിയിലാകുക, ഉടമ അവധിക്കാലത്തും മറ്റും നായയെ ഒഴിവാക്കി യാത്ര പോകുക തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ നായ കഠിനമായ വിരഹദു:ഖവും, ഉത്കണ്ഠയും അനുവഭിക്കുന്നു. ഈ സന്ദര്‍ഭങ്ങളില്‍ നായകള്‍ ആക്രമണസ്വഭാവം കാണിച്ചെന്നുവരാം. വിഷാദം, വിശപ്പില്ലായ്മ, അമിത ഭക്ഷണം, മുടന്ത്, ആസ്മ, ഛര്‍ദ്ദി, ആമാശയ പ്രശ്നങ്ങള്‍ എന്നിവയുമുണ്ടാകാം.
ഇത്തരം നായകളെ ഉടമയുടെ അസാന്നിധ്യത്തില്‍ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരികയെന്നതു വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു വെല്ലുവിളിയാണ്. രോഗനിര്‍ണയം നടത്തുന്നതിന് മുമ്പ് വെറ്ററിനറി ഡോക്ടര്‍ ഉടമയുടെ കുടുംബ പശ്ചാത്തലം, കുടുംബത്തിലെ പതിവു സന്ദര്‍ശകര്‍, നായയും ഉടമയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കും. പലപ്പോഴും വീട്ടിലെ സാഹചര്യങ്ങളില്‍ നിന്നു മാറി ആശുപത്രിയിലെത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍ പെട്ടെന്നു മാറുന്നതായും കാണാം.
(കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ലേഖകന്‍)
Content Highlights: how to take good care of pets