പുളിച്ച തെെരും മിഠായിയാക്കാം; തെെര് കേടുകൂടാതെ സൂക്ഷിക്കാൻ ചില നുറുങ്ങുകൾ

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

ഒരുകാലത്ത് വീടുകളിലെ സൈഡ് ഡിഷായിരുന്നു തൈര്. എന്നാലിന്ന് അങ്ങനെയല്ല. വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന സ്വഭാവിക തൈരിന്‌ രുചിയേറും. എപ്പോഴും ആവശ്യമായി വരുന്നതിനാൽ തെെര് മിക്കവാറും ഫ്രിഡ്ജിൽ കരുതി വെക്കാറുണ്ട്. എന്നാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തെെര് അമിതമായി പുളിക്കുകയും രുചിയില്ലാതാകുകയും ചെയ്യുന്നു. തെെര് കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുവിദ്യകളും അമിതമായി പുളിച്ച തെെരിനെ എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം...

1.തൈര് സൂക്ഷിക്കുമ്പോൾ ഈർപ്പവും വായു‌വും കടക്കാത്ത രീതിയിൽ വേണം സൂക്ഷിക്കാൻ. വായു കടക്കാത്ത പാത്രങ്ങൾ തെെര് കഴിയുന്നത്ര കാലം ഫ്രഷ് ആയി നിലനിർത്തുന്നു. പാത്രത്തിൽ നിന്ന് തൈര് പുറത്തെടുക്കുമ്പോഴെല്ലാം അതിൻ്റെ അടപ്പ് നന്നായി ഇറുക്കി അടയ്ക്കാൻ ശ്രദ്ധിക്കുക.

2. ഫ്രീസ് ചെയ്യുന്നത് തൈര് കേടാകുന്നത് തടയുകയും സൂക്ഷ്മാണുക്കളുടെ വളർച്ചയെ പ്രതിരോധിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. തൈര് വായു കടക്കാത്ത പാത്രത്തിൽ 1.6 ഡിഗ്രി സെൽഷ്യസ് മുതൽ 4.4ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെയിരിക്കും.

3. ക്രോസ്-കണ്ടാമിനേഷൻ (ഭക്ഷണസാധനങ്ങൾ തമ്മിൽ കലരുന്നത്) ഹാനികരമായ ബാക്ടീരിയകൾ പടരാൻ കാരണമാവുകയും, അത് ഭക്ഷണം വേഗത്തിൽ കേടാകാൻ ഇടയാക്കുകയും ചെയ്യും. മിക്ക ആളുകളും തൈര് ഉറയൊഴിച്ച പാത്രത്തിൽ നിന്നോ പുറത്തുനിന്ന് വാങ്ങുന്ന പാക്കറ്റിൽ നിന്നോ നേരിട്ട് കഴിക്കാറ് പതിവ്. എന്നാലിത് ശരിയായ രീതിയല്ല. ആവശ്യത്തിനുള്ള തൈര് ഒരു പാത്രത്തിലേക്ക് കോരിയെടുത്ത ശേഷം ബാക്കിയുള്ളത് അടച്ച് ഫ്രിഡ്ജിലേക്ക് തിരികെ വെക്കുക. കൂടാതെ, ഉപയോഗിക്കുന്ന സ്പൂൺ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക.

4. ഫ്രിഡ്ജിനുള്ളിലെ ഏറ്റവും ചൂട് കൂടിയ ഭാഗം അതിൻ്റെ ഡോർ ആയിരിക്കും. ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം, ഡോറാണ് ആദ്യം പുറത്തെ ചൂടുമായി സമ്പർക്കത്തിൽ വരുന്നത്. അതിനാൽ കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ തെെര് ഫ്രിഡ്ജിൻ്റെ ഏറ്റവും താഴത്തെ തട്ടിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

മധുരമുള്ള തൈര് ഉണ്ടാക്കാനുള്ള നുറുങ്ങുകൾ
 പാൽ ഇളം ചൂടിൽ ചൂടാക്കി ആ ചൂടു പാലിൽ പഞ്ചസാര ചേർത്ത് അലിയുന്നതുവരെ ഇളക്കുക. ഈ പാല് തണുപ്പിച്ച ശേഷം അല്പം തൈര് ചേർത്തിളക്കുക. ഈ മിശ്രിതം വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റി, അടച്ചുവെച്ച്, 6 മുതൽ 8 മണിക്കൂർ വയ്ക്കുക. മധുരമുള്ള തെെര് ലഭിക്കും. വിളമ്പുന്നതിന് മുമ്പ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കാം.

ഓവനിലും തയ്യാറാക്കാം
ഓവനിൽ തൈര് ഉറയ്ക്കുന്നതിനായി, ആദ്യം ഓവൻ 38 മുതൽ 43 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്യുക. ശേഷം, പാത്രത്തിൽ പാൽ ഒഴിച്ച്, ഓരോ കപ്പ് പാലിനും ഒരു ടേബിൾസ്പൂൺ തൈര് എന്ന കണക്കിൽ ചേർത്ത് പതുക്കെ ഇളക്കുക. പാത്രം ഒരു അടപ്പുകൊണ്ടോ ഫോയിൽ കൊണ്ടോ മൂടി ഓവനിൽ വെക്കുക. നാല് മുതൽ ആറ് മണിക്കൂർ വരെ അനക്കാതെ വെക്കുക. പാത്രം ഓവനിൽ നിന്ന് പുറത്തെടുത്ത് തണുക്കാൻ അനുവദിക്കുക. 

പുളിച്ച തൈരിന്റെ ഉപയോഗങ്ങൾ

  • മാംസം മാരിനേറ്റ് ചെയ്യുമ്പോൾ പുളിച്ച തൈര് സോഫ്റ്റാകാനും രുചികൂട്ടാനും ഉപയോഗിക്കാം.
  • തെെരിന്റെ അസിഡിറ്റി ബേക്ക് ചെയ്യുന്ന സമയത്ത് ബട്ടർമിൽക്കിനോ വിനാഗിരിക്കോ പകരമായും ഉപയോഗിക്കാം. ഇത് ബേക്ക് ചെയ്ത ഭക്ഷണം നന്നായി പൊങ്ങിവരാൻ സഹായിക്കുന്നു. 

പുളിച്ച തൈര് കൊണ്ടുള്ള മിഠായി
പുളിച്ച തൈരും പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ല മയമുള്ളതാകുന്നതുവരെ യോജിപ്പിക്കുക. ഈ മിശ്രിതം ഒരു പാനിൽ കുറഞ്ഞ തീയിൽ, കട്ടിയാകുന്നതുവരെ തുടർച്ചയായി ഇളക്കിവേവിക്കുക. ഏലക്കാപ്പൊടിയും നട്‌സും ചേർക്കാം. എണ്ണ പുരട്ടിയ ഒരു ട്രേയിലേക്ക് ഒഴിച്ച് കുറച്ച് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ചതുരാകൃതിയിലോ ഡയമണ്ട് ആകൃതിയിലോ മുറിച്ച് സ്വാദിഷ്ടമായ മധുരപലഹാരമായി വിളമ്പാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: how to store curd properly and prevent spoilage with these easy tricks.