വീട്ടില്‍ തയ്യാറാക്കാം പക്ഷികള്‍ക്ക് എഗ്ഫുഡ് വിരുന്ന്

വളര്‍ത്തുപക്ഷികള്‍ക്ക് നല്‍കാവുന്ന ഏറെ രുചികരവും പോഷകസമ്പന്നവുമായ ആഹാരമാണ് എഗ്ഫുഡ് അഥവാ മൃദു തീറ്റ. എഗ്ഫുഡിന് ഇന്ന് കേരളത്തില്‍ പ്രചാരമേറിവരുകയാണ്. പ്രജനനകാലത്തും മഴക്കാലംപോലെ സമ്മര്‍ദ്ദവും രോഗസാധ്യതയും ഏറുന്ന കാലത്തും പറന്നു തുടങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ക്കുമൊക്കെ ഇത് പ്രയോജനപ്പെടുന്നു. സ്വയം ഉണ്ടാക്കിയും ഷോപ്പില്‍ നിന്ന് വാങ്ങിയും എഗ്ഫുഡ് തങ്ങളുടെ പക്ഷികളുടെ മെനുവിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. മൃഗജന്യവും സസ്യജന്യവുമായ പ്രോട്ടീന്‍ പക്ഷികളുടെ ശരീരത്തിലെത്തിക്കാനുള്ള ഉത്തമ സ്രോതസ്സാണിത്. പലപ്പോഴും ജന്തുജന്യമായ പ്രോട്ടീന്‍ ഇല്ലാത്ത പക്ഷിതീറ്റകളില്‍ അവശ്യ അമിനോ അമ്ലങ്ങളായ ലൈസിന്‍, മെതിയോണിന്‍ എന്നിവയുടെ അപര്യാപ്തതയുണ്ടാവും. പുഴുങ്ങിയ മുട്ട, റസ്‌ക്ക്, ബ്രഡ് പൊടി, തേന്‍ എന്നീ പ്രകൃതിദത്ത ചേരുവകളാണ് എഗ് ഫുഡില്‍ പ്രധാനം. ഒപ്പം വിറ്റമിനുകളും മിനറലുകളും ചേര്‍ക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനായി വിറ്റമിന്‍ Aയും കോശ വളര്‍ച്ചയ്ക്ക് വിറ്റമിന്‍ B12, E എന്നിവയും എല്ലിന്റെയും മാംസപേശികളുടേയും വളര്‍ച്ചയ്ക്ക് വിറ്റമിന്‍ Dയും തൂവല്‍ വളര്‍ച്ചയ്ക്ക് ബയോട്ടിനും ചേര്‍ത്തവയാണ് മിക്ക റെഡിമെയ്ഡ് എഗ് ഫുഡുകളും. മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിനായി സസ്യജന്യ, സമീകൃത DHA, ഒമേഗ-3,6 ഫാറ്റി ആസിഡുകളും ഇത്തരം തീറ്റയിലുണ്ടാകും.
മൃദു തീറ്റ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതിന് പല രീതികളുണ്ട്
1. ആവശ്യമായ സാധനങ്ങള്‍
പുഴുങ്ങിയ കോഴിമുട്ട- 1
റൊട്ടിപ്പൊടി (Bread crumbs)-30 ഗ്രാം
മള്‍ട്ടി വിറ്റമിന്‍ ഡ്രോപ്സ്- 5 തുള്ളി
പ്രോബയോട്ടിക് (Bifilac)- 1 Capsule
(റൊട്ടിപ്പൊടി ബേക്കറികളില്‍ വാങ്ങാന്‍ കിട്ടും. ഇല്ലെങ്കില്‍ റസ്‌ക്കോ, മൊരിച്ച റൊട്ടിയോ മിക്സിയില്‍ അടിച്ച് പൊടിയുണ്ടാക്കാം. പുഴുങ്ങിയ മുട്ടയുടെ തോട് മിക്സിയില്‍ നന്നായി പൊടിച്ചശേഷം മുട്ടയും റൊട്ടിപ്പൊടിയും ചേര്‍ത്ത് അടിക്കുക. മിനറല്‍ മിശ്രിതവും ഒരു നുള്ള് പ്രോബയോട്ടിക്കും ചേര്‍ത്ത് നന്നായി ഇളക്കാം. നനവുണ്ടെങ്കിലും കുഴഞ്ഞുപോകാത്ത രീതിയില്‍ തയ്യാറാക്കാം.)
2. ആവശ്യമായ സാധനങ്ങള്‍
റൊട്ടിപ്പൊടി- 30 ഗ്രാം
കോഴിമുട്ട പുഴുങ്ങിയത് തോടോടെ- ഒന്ന്
സോയ ഫ്‌ളേക്‌സ്- 15 ഗ്രാം
വെളുത്തുള്ളി അരച്ചത്- ഒരു ടീസ്പൂണ്‍
എള്ളെണ്ണ- 2 ml
കോഡ് ലിവര്‍ ഓയില്‍- 2 ml
ധാതുലവണ മിശ്രിതം- ഒരു ഗ്രാം
പ്രോബയോട്ടിക്- ഒരു കാപ്സ്യൂള്‍
പുഴുങ്ങിയ മുട്ടയുടെ തോട് മിക്സിയില്‍ നല്ലവണ്ണം പൊടിച്ചശേഷം അതിലേക്ക് മുട്ടയും റൊട്ടിപ്പൊടിയും ചേര്‍ത്ത് അടിക്കുക. അതിലേക്ക് സോയ ഫ്ളേക്‌സ് ചേര്‍ത്തരച്ച് മിശ്രിതമാക്കി കളിമണ്‍പാത്രത്തില്‍ വയ്ക്കാം. വെളുത്തുള്ളി അരച്ചത്, ധാതുലവണ മിശ്രിതം, പ്രോബയോട്ടിക് ഗുളിക എന്നിവ മിക്സിയിലിട്ട് നന്നായി അരയ്ക്കണം. പിന്നെ എള്ളെണ്ണയും കോഡ്ലിവര്‍ ഓയിലും ചേര്‍ത്ത് വീണ്ടും അരയ്ക്കുക. കളിമണ്‍ പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒന്നാമത്തെ മിശ്രിതം കൂടി ചേര്‍ത്ത് മൃദു തീറ്റയാക്കാം
3. ആവശ്യമായ സാധനങ്ങള്‍
കോഴിമുട്ട (പുഴുങ്ങി ചുരണ്ടിയത്)- 1
റൊട്ടി/റെസ്‌ക് പൊടി- 2 ടേബിള്‍ സ്പൂണ്‍
മള്‍ട്ടി വിറ്റമിന്‍- 10 തുള്ളി
പ്രോബയോട്ടിക്- അല്‍പ്പം
മിനറല്‍ മിശ്രിതം- അര ടീസ്പൂണ്‍
ഒപ്പം പുഴുങ്ങിയ കാരറ്റ്, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട് ചിരണ്ടിയത്, ഓട്ട്സ്, മുളപ്പിച്ച ധാന്യങ്ങള്‍, അരിഞ്ഞ ഇലവര്‍ഗ്ഗങ്ങളും ചേര്‍ക്കാവുന്നതാണ്. പുഴുങ്ങിയ മുട്ട തോട് മാറ്റി ചെറുതായി ചിരണ്ടിയശേഷം രണ്ട് ടേബിള്‍സ്പൂണ്‍ റൊട്ടി/റെസ്‌ക് പൊടിയും 10 തുള്ളി മള്‍ട്ടി വിറ്റമിനും അര സ്പൂണ്‍ മിനറല്‍ മിശ്രിതവും ഒരു നുള്ള് പ്രോബയോട്ടിക്കും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. നനവുണ്ടെങ്കിലും കുഴഞ്ഞുപോകാത്ത രീതിയില്‍ തയ്യാറാക്കുക. ഒപ്പം കാരറ്റോ, മധുരക്കിഴങ്ങ് പുഴുങ്ങിയതോ, ബീറ്റ്റൂട്ട് ചിരണ്ടിയോ ചേര്‍ക്കാം. ഓട്സ് ചേര്‍ക്കുന്നത് കൂടുതല്‍ സ്വാദ് നല്‍കും.
(കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ലേഖകന്‍)
Content Highlights: how to make egg food for birds