ശുദ്ധമായ ശർക്കര തിരിച്ചറിയാം; മായം കണ്ടെത്താനുള്ള എളുപ്പവഴികൾ

ആരോഗ്യത്തിന് നല്ലതാണ് ശർക്കര. കാത്സ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് ശർക്കരയിൽ. എങ്കിലും ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് ദോഷം തന്നെ. ശ്രദ്ധയോടെ കഴിച്ചാൽ കുഴപ്പമില്ലാത്തതാണ് ശർക്കര. എന്നാൽ, ഇതിലുമുണ്ട് മായം. നല്ല ശർക്കര തിരഞ്ഞെടുക്കുന്നതെങ്ങനെ എന്ന് നോക്കാം.
നിറം നോക്കി വാങ്ങാം
ശർക്കരയുടെ നിറം നോക്കി വാങ്ങുന്നതാണ് ഏറ്റവും നല്ലത്. സാധാരണയായി ഇരുണ്ട, മണ്ണിന്റെ നിറമായിരിക്കും ശർക്കരയ്ക്ക്. മായം അടങ്ങിയിട്ടുണ്ടെങ്കിൽ വെള്ളയോ മഞ്ഞയോ ഇളംനിറമോ ഒക്കെയായിരിക്കും ശർക്കരയ്ക്കുണ്ടാവുക. അങ്ങനെയാണെങ്കിൽ ശുദ്ധമായ ശർക്കരയല്ലെന്ന് മനസ്സിലാക്കാം. ശർക്കരയുടെ ഉപരിതലം വല്ലാതെ തിളങ്ങുന്നുണ്ടെങ്കിലും, മായം കലർന്നതാണെന്ന് ഉറപ്പിക്കാം.
എങ്ങനെ അറിയാം
ഒരു ഗ്ലാസിൽ വെള്ളമൊഴിച്ച് അതിൽ ചെറിയൊരു കഷണം ശർക്കരയിടുക. കുറച്ചുനേരം അനക്കാതെ വെക്കാം. കുറച്ചുകഴിഞ്ഞ് നോക്കുമ്പോൾ, വെള്ളത്തിന്റെ നിറം വല്ലാതെ മാറിയിട്ടുണ്ടെങ്കിൽ ശർക്കരയിൽ നിറം (artificial dyes) ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ശുദ്ധമായ ശർക്കര അലിയുമ്പോൾ, വെള്ളത്തിന്റെ നിറം ഒരുപാട് മാറില്ല.
ശർക്കര പൊടിച്ചുനോക്കുക. അതിൽ പഞ്ചസാരത്തരി പോലെയുണ്ടെങ്കിൽ, മായം കലർന്നതെന്ന് തിരിച്ചറിയാം.
പാനിൽ ഒരു ശർക്കരയിട്ട് ചൂടാക്കുക. നല്ല ശർക്കരയാണെങ്കിൽ, ഒരുപോലെ ഉരുകി കട്ടിയുള്ള ദ്രാവകമായി മാറും. മായം കലർന്നതാണെങ്കിൽ, വെള്ളംപോലെയായിരിക്കും ഉരുകി കഴിയുമ്പോൾ.
ശർക്കര കൈയിൽവെച്ച് ചെറുതായി ഉരസിനോക്കുക. കൈയിൽ എണ്ണമയം തോന്നുന്നുവെങ്കിൽ, മിനുസത്തിനും തിളക്കത്തിനുമായി എന്തെങ്കിലും ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ചിലർ എണ്ണയാണ് മിനുസത്തിനായി ചേർക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jaggery is a healthy alternative to sugar, rich in calcium, iron, and potassium. Learn to identify pure jaggery by its dark, earthy color, as light or yellow shades often indicate adulteration