ഒച്ചുകളെ തുരത്താൻ വിനാഗിരിയും വെളുത്തുള്ളിയും മുട്ടത്തോടും

വീട്ടിൽ നനവ് കൂടുതലുള്ള സ്ഥലങ്ങളിലെല്ലാം ഒച്ചിനെ കാണാം, പ്രത്യേകിച്ച് സിങ്ക്, ബാത്ത്‌റൂം എന്നിവിടങ്ങളിൽ. വീട്ടിനുള്ളിൽ കടന്നുകൂടുന്ന ഒച്ചിനെ എങ്ങനെ ഒഴിവാക്കുമെന്ന് നോക്കാം.
- വെളുത്തുള്ളിയുടെയും വിനാഗിരിയുടെയും മണം ഒച്ചുകളെ അകറ്റും. വെള്ളത്തിൽ മൂന്നു സ്പൂൺ വിനാഗിരി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതൊരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി, ഒച്ചുണ്ടാവുന്ന സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്യുക. പൂന്തോട്ടത്തിലെ ഒച്ച് ശല്യം ഒഴിവാക്കാനും ഈ മിശ്രിതം നല്ലതാണ്. എ്‌നാൽ, ചെടിയുടെ മുകളിലേക്ക് ഇത് നേരിട്ട് ഒഴിക്കരുത്. വിനാഗിരിയുള്ളതിനാൽ ചെടികൾ ചിലപ്പോൾ നശിക്കാനിടയുണ്ട്.
- ആറോ ഏഴോ അല്ലി വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിലിൽ ഇട്ടുവെക്കുക. ഒരു രാത്രി മുഴുവൻ അങ്ങനെവെക്കണം. അടുത്ത ദിവസം ഇത് അരിച്ച് വെള്ളത്തിലേക്കൊഴിക്കുക. ഇതൊരു ബോട്ടിലിൽ നിറച്ച് സ്‌പ്രേ ചെയ്താൽ ഒച്ചിന്റെ ശല്യമുണ്ടാവില്ല. ഈ മിശ്രിതത്തിലേക്ക് അല്പം സോപ്പും ചേർത്ത് നന്നായി കുലുക്കിയെടുത്തും ഉപയോഗിക്കാം.
- കാപ്പിപ്പൊടിയും നല്ലൊരു പരിഹാരമാണ്. തരുതരുപ്പായി പൊടിച്ച കാപ്പി, സ്ഥിരമായി ഒച്ചുണ്ടാവുന്ന സ്ഥലങ്ങളിൽ വിതറിക്കൊടുക്കുക. ഒച്ച് വരില്ല. പഞ്ചസാര, യീസ്റ്റ്, വെള്ളം എന്നിവയുടെ മിശ്രിതവും ഉപയോഗപ്രദമാണ്. ഒരുകപ്പ് വെള്ളത്തിൽ അല്പം പഞ്ചസാരയും അതേ അളവിൽ യീസ്റ്റും ചേർത്ത് യോജിപ്പിക്കുക. അത് സ്‌പ്രേ ചെയ്തുകൊടുക്കാം.
- പൂന്തോട്ടത്തിലെ ചെടികൾക്ക് ചുറ്റും മുട്ടത്തോട് ഇട്ടാൽ, ഒച്ച് അതിനടുത്തേക്ക് വരില്ല. മുട്ടത്തോട് ഒന്ന് നുറുക്കിയിട്ടാണ് ഇട്ടുകൊടുക്കേണ്ടത്. അടുപ്പിൽനിന്നുള്ള ചാരവും പൂന്തോട്ടത്തിൽ ഇട്ടുകൊടുക്കാം. ഒച്ചിന്റെ ശല്യമുണ്ടാവില്ല. സിങ്കിൽ അല്പം ഉപ്പ് വിതറിയാൽ ഒച്ച് അങ്ങോട്ടേക്ക് കടക്കില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: remedies to remove snails and slugs from your home and garden with simple natural tricks