'നിങ്ങളുടെ മൊതലാളിക്ക് വട്ടാണല്ലേ'-കരാറുകാരന്‍ ചോദിച്ചു; 'മൂത്ത വട്ടാണെ'ന്ന് ഞാനും പറഞ്ഞു

മൂന്നരപ്പതിറ്റാണ്ടിനിടെ താണ്ടിയ ദേശങ്ങളില്‍നിന്ന് മനസ്സില്‍ പതിഞ്ഞ ഓര്‍മകള്‍ ചേര്‍ത്തുവെച്ച് ഹൃദയസ്പര്‍ശിയായി ഒരുക്കിയെടുത്തൊരു വീട്. ഓരോ കോണിലും ഒതുക്കിവെച്ച കുഞ്ഞുശില്പങ്ങള്‍പോലും ഓരോ അനുഭവങ്ങളുടെ ശകലങ്ങളാണ്. ഓര്‍മകളുടെ മാധുര്യം നുണഞ്ഞ് മലാപ്പറമ്പ് റോയല്‍ മള്‍ബറി ഫ്‌ളാറ്റില്‍ സ്വന്തമായി രൂപകല്പന ചെയ്ത സ്വപ്‌നവീട്ടിലാണ്് സുരേഷ് മേനോന്‍ എന്ന മുന്‍ മാധ്യമപ്രവര്‍ത്തകന്റെ പാര്‍പ്പ്. ആന്റിക്കുകളും പെയിന്റിങ്ങുകളും പല രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും പ്രതിനിധികളാണിവിടെ. അലങ്കാരപ്പണികളുള്ള തടികൊണ്ടുതീര്‍ത്ത മച്ചും രാജസ്ഥാനി സോഫയും പഴയകാല ഇറ്റാലിയന്‍ ചെസ് ബോര്‍ഡും ടെലിവിഷനോട് ചേര്‍ത്ത് പ്രത്യേക സ്ഥാനം കൊടുത്ത് നിരത്തിയ ആന്റിക് ശില്പങ്ങളുമൊക്കെയായി സിറ്റിങ് റൂം സമ്പന്നമാണ്. സിങ്കപ്പൂരില്‍നിന്ന് വാങ്ങിയ ചെസ്സ്‌ബോര്‍ഡ് ചൂണ്ടിക്കാട്ടി സുരേഷ്‌മേനോന്‍ പറഞ്ഞു, ''പാശ്ചാത്യസഞ്ചാരികള്‍ ധാരാളമെത്തുന്ന സിങ്കപ്പൂര്‍ യൂറോപ്യന്‍ ആന്റിക്കുകള്‍ വാങ്ങാന്‍ ഏറ്റവും പറ്റിയ ഇടമാണ്''.
തറയില്‍ സ്പാനിഷ് ടെറാകോട്ട
സ്‌പെയിനില്‍നിന്ന് ഇംപോര്‍ട്ട് ചെയ്ത ടെറാകോട്ട ടൈലുകളാണ് തറയില്‍. നാടന്‍ ടെറാകോട്ട ടൈല്‍പോലെ വെള്ളം കുടിക്കില്ലെന്നതാണ് സ്പാനിഷ് ടൈലുകളുടെ പ്രത്യേകത. ഫുള്‍ കോട്ടിങ് ആയിട്ടാണ് വരുന്നത്. കേരളത്തില്‍ ഇത് വാങ്ങാന്‍ കിട്ടും. ചുമരുകള്‍ മിനുസപ്പെടുത്തിയിട്ടില്ല. ഫ്രഞ്ച് ചര്‍ച്ചുകളും ബ്രിട്ടിഷ് പബ്ബുകളും സന്ദര്‍ശിച്ചപ്പോള്‍ മനസ്സില്‍ കയറിപ്പറ്റിയ ഡിസൈനാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. അടുക്കളയിലെ ചുമരിന് ബ്രിക്സ് നല്‍കിയിരിക്കുന്നു.
പെയിന്റിങ്ങുകള്‍
കോഴിക്കോട്ടെ പ്രാദേശിക ചിത്രകാരന്റെതൊട്ട് കലയുടെ നഗരിയായ പാരീസില്‍നിന്നുവരെ ശേഖരിച്ച പെയിന്റിങ്ങുകള്‍... ''ഓരോ രാജ്യത്തുപോകുമ്പോഴും ഓരോ പെയിന്റിങ് വാങ്ങണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ചും നഗ്നത പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍. ആംസ്റ്റര്‍ഡാമില്‍ നിന്നുവാങ്ങിയ ബാലെ പരിശീലനം കഴിഞ്ഞ് തളര്‍ന്നിരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രമാണ് ബെഡ്റൂമുകളിലൊന്നില്‍ വെച്ചത്. പാരീസിന്റെ നോത്രദാം ചര്‍ച്ചിന്റെ മുന്നില്‍നിന്ന് വാങ്ങിയ പെയിന്റിങ്ങും ഇവിടെയുണ്ട്. ഓരോന്നും മനസ്സിന് സംതൃപ്തി തരുന്ന അനുഭവങ്ങളാണ്. ''-സുരേഷ് പറഞ്ഞു.
മേശയാക്കിയ രാജസ്ഥാനി വാതില്‍
മട്ടാഞ്ചേരി ചെന്നപ്പോള്‍ ഇഷ്ടപ്പെട്ടുവാങ്ങിയ രാജസ്ഥാനി മാതൃകയിലുള്ള വാതില്‍ കൊണ്ടാണ് മേശ പണിഞ്ഞത്. നിറയെ ചിത്രപ്പണികളുള്ള ആ വാതിലിന് ഫ്രേം ഉണ്ടാക്കി, വാതില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടൊരു മേശ. മേശയ്ക്കിണങ്ങുന്ന കസേരകളുടെ ഡിസൈന്‍ വരച്ചുകൊടുത്ത് രാജസ്ഥാനില്‍ തന്നെ പണിയിപ്പിച്ചു. സങ്കല്പത്തിലുണ്ടായിരുന്ന മേശപണിയാന്‍ കിട്ടിയ ആശാരിയെ പിന്നീടൊരു കൊല്ലത്തോളം ഒപ്പംകൂട്ടിയതും വീട്ടിലേക്കുവേണ്ട ഓരോ ഫര്‍ണിച്ചറും പണിതെടുപ്പിച്ചതുമൊക്കെ സുരേഷ് വിശദീകരിച്ചു. പിന്ററസ്റ്റ് വെബ്‌സൈറ്റില്‍ കണ്ടിഷ്ടപ്പെട്ട ഒരു ചിത്രംകാണിച്ച് ഡല്‍ഹിയില്‍നിന്ന് പണിയിച്ചതാണ് ടിഷ്യൂ ബോക്സ്. ഹോളില്‍ കോപ്പര്‍പാത്രങ്ങളില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ നിരത്തിയിട്ടുണ്ട്. കോഴിക്കോട് കോപ്പര്‍ മാര്‍ക്കറ്റില്‍നിന്നാണ് ഈ പാത്രങ്ങള്‍ ശേഖരിച്ചത്.
വാഷ്ബേസിനുമുകളിലായി ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍നിന്നുമുള്ള കണ്ണാടിക്കൂട് വെച്ചിട്ടുണ്ട്. രാജസ്ഥാനി കസേരയോട് ചേര്‍ന്നുനില്‍ക്കുന്ന നിറത്തിലുള്ള കണ്ണാടിക്കൂടിന് രണ്ട് ചെറിയ വാതില്‍പ്പൊളികള്‍കൂടി അധികമായി പണിഞ്ഞു. ഇന്‍ഡൊനീഷ്യയില്‍ ഇത്തരം കണ്ണാടിക്കൂടുകള്‍ വളരെ സാധാരണയാണെന്ന് സുരേഷ്. വാഷ്ബേസിന്‍ ബ്രാസ്‌കൊണ്ട് ഡല്‍ഹിയില്‍നിന്ന് പണികഴിപ്പിച്ചു. നിറയെ പുഴുക്കുത്തുള്ള പഴയ കുറേ തടിക്കഷണങ്ങള്‍ ശേഖരിച്ച് അതിനെ പാനലൈസ് ചെയ്താണ് സീലിങ് അലങ്കരിച്ചത്. തടിയിലെ പുഴുക്കുത്തല്‍ ഡിസൈനാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ.
എന്തുകൊണ്ട് വിദേശമാതൃകകള്‍
''കേരളത്തില്‍ കേരളാ സ്‌റ്റൈലിലുള്ള വീടെന്നുപറയുമ്പോള്‍ അതില്‍ പുതുമയില്ലല്ലോ... അതുകൊണ്ട് അത് വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷേ, ജനാലകളുടെ ഡിസൈന്‍ കേരളീയമാതൃകയിലാണ്. പല സംസ്‌കാരങ്ങളും സമന്വയിപ്പിച്ചാണിവിടെയോരോന്നും.'' നോര്‍ത്ത് ഇന്ത്യന്‍ ചപ്പാത്തി ബോക്സും കല്ലുകൊണ്ടുള്ള അപ്പച്ചട്ടിയുമൊക്കെ ഡൈനിങ് ടേബിളില്‍ വെച്ചിട്ടുണ്ട്. ''ഉത്തരേന്ത്യക്കാര്‍ ഈ ബോക്സില്‍ ഒരു തുണിയിട്ടാണ് ചപ്പാത്തിവെക്കുക, ചപ്പാത്തി ഈര്‍പ്പം വലിച്ചെടുത്ത് ഫ്രഷായിരിക്കും. ഇത് അലങ്കാരത്തിനുവേണ്ടി മാത്രമുള്ളതല്ല.'' -അദ്ദേഹം പറഞ്ഞു.
ഇറ്റലിയില്‍നിന്ന് കൊണ്ടുവന്ന കാന്‍ഡില്‍ ലൈറ്റ് സ്റ്റാന്റ്, ലണ്ടനില്‍നിന്നുള്ള സ്വിച്ചുകള്‍, ബ്രാസ്‌കൊണ്ടുള്ള ഇന്ത്യന്‍ പ്ലഗ്സ്, ഡല്‍ഹിയില്‍നിന്നുള്ള കോപ്പര്‍ ലൈറ്റുകള്‍, നോര്‍ത്ത് ഇന്ത്യന്‍സിന്റെ കൈയില്‍നിന്ന് വാങ്ങിയ വുഡ് ഡൈ ബ്ലോക്ക്...കാഴ്ചകള്‍ നീളുകയാണ്. ഒപ്പം അമ്മ കൊടുത്ത 250-ഓളം വര്‍ഷം പഴക്കമുള്ള താളിയോലകള്‍, പഴയ റാന്തല്‍വിളക്ക്, തറവാട്ടില്‍നിന്ന് കൊണ്ടുവന്ന പഴയ സാധനങ്ങള്‍ തുടങ്ങിയവയും വീട്ടിലിടം പിടിച്ചിരിക്കുന്നു.
ഉലകം ചുറ്റിയ കഥ
കോഴിക്കോട് ഫാറൂഖ് കോളേജിനടുത്താണ് തറവാടുവീട്. പി.ജി. പഠനത്തിനുശേഷം ബോംബെയില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ മാധ്യമപ്രവര്‍ത്തകനായി. പിന്നെ ദുബായില്‍ ഖലീജ് ടൈംസില്‍ സിറ്റി എഡിറ്റര്‍, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ഫെലോഷിപ്പ്, സിങ്കപ്പൂര്‍ ബിസിനസ് ടൈംസില്‍ ഫോറിന്‍ എഡിറ്റര്‍. 35 വര്‍ഷത്തോളം നീണ്ട പ്രൊഫഷണല്‍ ജീവിതം. അതില്‍ 25-ഉം ഫിനാന്‍ഷ്യല്‍ ജേണലിസത്തില്‍. ജോലിയുടെ ഭാഗമായും അല്ലാതെയും കുറേ രാജ്യങ്ങളില്‍ പോയി. ''പണ്ടുമുതലേ നല്ല ചിത്രങ്ങളൊക്കെ കിട്ടുമ്പോള്‍ എടുത്തുവയ്ക്കുമായിരുന്നു, എന്നെങ്കിലും വീടുവയ്ക്കുമ്പോള്‍ ഉപകാരപ്പെടുമെന്ന് കരുതി. ആന്റിക് ആണ് എന്റെ മെയിന്‍. യൂറോപ്പില്‍ പോയാല്‍ ഫ്ളീ മാര്‍ക്കറ്റില്‍ കിട്ടുന്ന സാധനങ്ങള്‍ വാങ്ങും. പെയിന്റിങ്ങുകള്‍, മഗ്ഗുകള്‍, ശില്പങ്ങള്‍, കാര്‍പ്പെറ്റുകള്‍... അങ്ങനെ... ചൈനീസ് ആര്‍ട്ടിലുള്ള മണ്‍കുടങ്ങളും അലങ്കാരപ്പെട്ടികളുമെല്ലാം ധാരാളമുണ്ടിവിടെ. മക്കളെല്ലാം വിദേശത്താണ്. ഇടയ്ക്ക് വന്നുപോവും.''-സുരേഷ് പറഞ്ഞു.
തമിഴ്നാട്ടിലും പാലക്കാടുമൊക്കെ പുരാവസ്തുക്കള്‍ കിട്ടുന്ന കടകളും ഗ്രൂപ്പുകളുമുണ്ട്
ജര്‍മനിയില്‍നിന്നുള്ള വിളക്കുകള്‍, ടര്‍ക്കി കാര്‍പ്പെറ്റുകള്‍, ആന്റിക് പീരങ്കി മിനിയേച്ചര്‍, യൂറോപ്പില്‍നിന്ന് ശേഖരിച്ച 1939-ലെ ലാന്‍ഡ് ഫോണ്‍ (ജര്‍മനി), പഴയകാല ഇന്ത്യന്‍ സംസ്‌കാരം നിലനിന്നിരുന്ന കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച ബുദ്ധപ്രതിമ, ശില്പങ്ങള്‍, തഞ്ചാവൂര്‍ പെയിന്റിങ്, 1920-കളിലുണ്ടായിരുന്ന യൂറോപ്യന്‍ ഫാന്‍, രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഷെല്ലുകളുടെ കേസിങ് ആയി ഉപയോഗിച്ചിരുന്ന പിച്ചളയിലുള്ള പാത്രം (പാല്‍പാത്രമായും ഇത്തരം പാത്രങ്ങള്‍ ഉപയോഗിച്ചിരുന്നു)... അപൂര്‍വവസ്തുക്കളുടെ നീണ്ടനിരതന്നെയുണ്ട്.
''തമിഴ്നാട്ടിലും പാലക്കാടുമൊക്കെ പുരാവസ്തുക്കള്‍ കിട്ടുന്ന കടകളും ഗ്രൂപ്പുകളുമുണ്ട്. ഞാന്‍ കൂടുതലും സിങ്കപ്പൂരില്‍നിന്നാണ് വാങ്ങിയത്. രണ്ട് ബെഡ്‌റൂമുള്ള അപ്പാര്‍ട്ട്‌മെന്റാണ്. ഒന്നരവര്‍ഷത്തോളമെടുത്തു ഡിസൈനുകളെല്ലാം ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍. ബെഡ്റൂമും ടോയ്ലറ്റും ബാല്‍ക്കണിയുമെല്ലാം കസ്റ്റമൈസ് ചെയ്‌തെടുത്തതാണ്. പണിനടക്കുമ്പോള്‍ ജോലിക്കാരുമായി കൂടി അവരിലൊരാളായി ജോലിചെയ്യുകയാണ് എന്റെ ശീലം. ഒരിക്കല്‍ ഒരു കോണ്‍ട്രാക്ടര്‍ ഇവിടെവന്നു. എന്നെ കണ്ടിട്ട് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല, ഞാനുമൊരു ജോലിക്കാരനാണെന്ന് കരുതി അദ്ദേഹം എന്നോട് ചോദിച്ചു, 'നിങ്ങളുടെ മൊതലാളിക്ക് വട്ടാണല്ലേ...' 'മൂത്ത വട്ടാണെ'ന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഇപ്പോഴും അയാള്‍ക്കറിയില്ല, ഞാന്‍തന്നെയാണ് ഇതിന്റെ ഉടമസ്ഥനെന്ന്.'' പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം വിശേഷങ്ങള്‍ പറഞ്ഞുനിര്‍ത്തി.
Content Highlights: home interior with antiques and paintings