ഭൂമി പട്‌നേക്കർ, കൃതി സേനൻ എന്നിവരുടെ ഇഷ്ടപാനീയം; ഭാരം കുറയ്ക്കാൻ നല്ലതെന്ന് അവർ പറയുന്നു

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌
ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

നല്ല ചൂടുള്ള കട്ടൻകാപ്പിയിൽ അല്പം നെയ്യൊഴിച്ചുനോക്കൂ, അടിപൊളി രുചിയായിരിക്കും. ചെറുപ്പകാലത്ത് പലരും പരീക്ഷിച്ച സംഭവം തന്നെയായിരിക്കുമിത്. ആ 'നെയ്യ് കാപ്പി' ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. ബോളിവുഡ് താരങ്ങളായ കൃതി സേനൻ, അദിതി റാവു ഹൈദരി, രാകുൽ പ്രീത് സിങ്, ജാക്വിലിൻ ഫെർണാണ്ടസ്, ഭൂമി പട്‌നേക്കർ, മലൈക അറോറ തുടങ്ങിയവർ ഇതിനെക്കുറിച്ച് പറഞ്ഞപ്പോഴാണത്.

ചൂടുള്ള ഒരു ഗ്ലാസ് കട്ടൻകാപ്പിയിൽ, ഒരു സ്പൂൺ നെയ്യൊഴിക്കുക. ആവശ്യമെങ്കിൽ വാനില എക്‌സ്ട്രാക്ടും ചേർക്കാം. പഞ്ചസാരയോ ശർക്കരയോ ഇട്ടും മധുരമില്ലാതെയും തയ്യാറാക്കാം. നെയ്യൊഴിച്ചശേഷം ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്താണ് സെലിബ്രിറ്റികൾ ഇത് കുടിക്കുന്നത്. പേര് ബുള്ളറ്റ് പ്രൂഫ് കോഫിയെന്നും. അമേരിക്കൻ എഴുത്തുകാരനായ ഡേവ് ആസ്‌പ്രെയാണിത് ജനകീയമാക്കിയത്. കീറ്റോ ഡയറ്റിന്റെ ഭാഗമായിട്ടുള്ള ഡ്രിങ്കാണിത്. അതുകൊണ്ട് കീറ്റോ കോഫിയെന്നും പേരുണ്ട്.

ഭാരം കുറയ്ക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും ബുള്ളറ്റ് കോഫി സഹായിക്കുമെന്നാണ് ഭൂമി പട്‌നേക്കർ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ ഇത് തന്നെ വളരെയധികം സഹായിച്ചുവെന്നാണ് അവരുടെ പക്ഷം. നെയ്യൊഴിച്ച കാപ്പി കുടിച്ച് ഒരുദിവസം തുടങ്ങിയാൽ, ആ ദിവസം മുഴുവൻ നല്ല ഊർജമായിരിക്കുമെന്നും അവർ പറയുന്നു.

നെയ്യിൽ പ്രോട്ടീനും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. അസ്ഥികളെയും പല്ലുകളെയും ബലപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഉപാപചയപ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനാൽ, ശരീരഭാരം കുറയാനും സഹായിക്കും.

രാകുൽ പ്രീത് സിങ് ഈയടുത്താണ് ബുള്ളറ്റ് കോഫിയുടെ ഗുണങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെന്നും രാവിലെ കുടിച്ചാൽ ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കുമെന്നും പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കുമെന്നുമാണ് രാകുൽ പറയുന്നത്. തന്റെ ഡയറ്റീഷ്യനോട് സംസാരിച്ചാണ് ഈ ഡ്രിങ്ക് ശീലമാക്കിയതെന്നും അവർ വെളിപ്പെടുത്തി.

നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അപ്പോൾ സ്വാഭാവികമായും വിശപ്പ് തോന്നില്ല. അതുകൊണ്ട് ഇടനേരത്ത് സ്‌നാക്‌സോ മറ്റെന്തെങ്കിലുമോ കഴിക്കാൻ തോന്നുകയുമില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: reasons and health benefits to add ghee in black coffee. bhumi pednekar states that it helps in her weight loss journey