ചിലന്തികളെ അകറ്റാൻ വഴിയുണ്ട്; ഇങ്ങനെ ചെയ്തുനോക്കൂ...

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

വീടുകളിലെ വലിയൊരു പ്രശ്‌നമാണ് ചിലന്തി വലകെട്ടുന്നത്. എത്ര വൃത്തിയാക്കിയാലും പിന്നെയും പിന്നെയും വന്നുകൊണ്ടേയിരിക്കും. അതെങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.

നല്ല വൃത്തിയായി സൂക്ഷിക്കുകയെന്നത് തന്നെയാണ് ഏറ്റവും പ്രധാനം. വീടിന്റെ മൂലകളും ജനാലകളും അലമാരകളും വീടിന്റെ മച്ചുമൊക്കെയാണ് ചിലന്തികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം. അവിടെല്ലാം വൃത്തിയായിട്ടാണോ ഉള്ളതെന്ന് എപ്പോഴും നോക്കണം.

ചിലന്തികൾ വീട്ടിനുള്ളിലേക്ക് കടക്കാതിരിക്കാനും ചില വഴികളുണ്ട്. പെപ്പർമിന്റ് ഓയിൽ അതിനേറ്റവും ഫലപ്രദമാണ്. ഒരു ചെറിയ ബൗളിൽ അല്പം പെപ്പർമിന്റ് ഓയിലൊഴിച്ച് തുറന്നുവെക്കുക. അല്ലെങ്കിൽ പെപ്പർമിന്റ് ഓയിലിൽ അല്പം വെള്ളമൊഴിച്ച് യോജിപ്പിച്ച് ഒരു സ്‌പ്രേ ബോട്ടിലിലാക്കുക. ഇത് ചിലന്തികൾ സാധാരണയായി ഉണ്ടാവുന്ന സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കാം. പെപ്പർമിന്റിന്റെ രൂക്ഷമായ ഗന്ധം, ചിലന്തികളെ അകറ്റും. ഇതിനുപകരം ടീ ട്രീ ഓയിൽ, ലാവെൻഡർ ഓയിൽ എന്നിവയും ഉപയോഗിക്കാം.

വിനാഗിരിയാണ് മറ്റൊരു മാർഗം. അരക്കപ്പ് വിനാഗിരിയിൽ അത്രതന്നെ വെള്ളവും ചേർത്ത് ചിലന്തികളുണ്ടാവുന്ന സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്യാം. വീടിനുള്ളിലെ മൂലകളിൽ ഒരു ബൗളിലായി വിനാഗിരിയൊഴിച്ച് വെക്കുന്നതും ഗുണംചെയ്യും. യൂക്കാലി തൈലവും ചിലന്തികളെ ഓടിക്കാനുപയോഗിക്കാം. ചെറുനാരങ്ങയുടെ ഗന്ധവും ചിലന്തികളെ അകറ്റും. ലെമൺ ഫ്‌ളേവറിലുള്ള റൂം ഫ്രഷ്‌നർ ഉപയോഗിക്കുന്നത് നല്ലതാണ്. അതല്ലെങ്കിൽ ചെറുനാരങ്ങ രണ്ടായി മുറിച്ച്, വീടിന്റെ മൂലകളിൽ വെക്കാം. വീട് വൃത്തിയാക്കാൻ ലെമൺ ഫ്‌ളേവറിലുള്ള ക്ലീനർ ഉപയോഗിക്കുന്നതും ഗുണംചെയ്യും. ലെമൺ സെന്റഡ് മെഴുകുതിരികൾ വീട്ടിനുള്ളിൽ ഇടയ്ക്ക് കത്തിച്ചുവെക്കുന്നതും നല്ലതാണ്. 

വെളുത്തുള്ളി ചതച്ചെടുക്കുക. ഇത് കുറേ ബൗളുകളിലാക്കി, പല സ്ഥലങ്ങളിൽവെക്കാം. ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് പലയിടങ്ങളിലായി സ്‌പ്രേ ചെയ്യുന്നതും ഫലപ്രദമാണ്.

ചുമരുകളിൽ വിള്ളലോ മറ്റോ ഉണ്ടോയെന്ന് ഇടയ്ക്കിടെ നോക്കണം. വിള്ളലുണ്ടെങ്കിൽ അത് പെട്ടെന്ന് അടച്ചുകൊടുക്കാം. ജനാലകളിലെ മെഷ്, കവറുകൾ എന്നിവ ഇടയ്ക്കിടെ മാറ്റിക്കൊടുക്കണം. കർട്ടനുകൾ സമയാസമയങ്ങളിൽ കഴുകി ഉണക്കിയെടുക്കുകയും വേണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: learn how to prevent and repel spiders with peppermint oil, vinegar and citrus