ഫ്രിഡ്ജിലെ ദുര്‍ഗന്ധമകറ്റാന്‍ കാപ്പിപ്പൊടിയും ചെറുനാരങ്ങയും

ആഴ്ചയിലൊരിക്കലെങ്കിലും ഉളളിലുള്ള എല്ലാ സാധനങ്ങളും പുറത്തെടുത്തുവെച്ച് ഫ്രിഡ്ജ് വൃത്തിയാക്കാം.
ഫ്രിഡ്ജിലെ വെജിറ്റബിള്‍ ബാസ്‌കറ്റ്, എഗ്ഗ് ട്രേ ഉള്‍പ്പെടെയുള്ളവ പുറത്തെടുത്ത് നന്നായി കഴുകുകയും വേണം. അതിന് ചെറുചൂടുവെള്ളമാണ് നല്ലത്. എന്നിട്ട് ചെറുചൂടുള്ള സോപ്പുവെള്ളം കൊണ്ട് ഫ്രിഡ്ജിന്റെ ഉള്‍വശം നന്നായി വൃത്തിയാക്കാം. അതിനുശേഷം ഉണങ്ങിയ തുണികൊണ്ട് നന്നായി തുടയ്ക്കണം. എങ്കിലേ, സോപ്പിന്റെ അംശം പോവൂ. സോപ്പിന് പകരം ചെറുനാരങ്ങാനീരില്‍ തുണിമുക്കിയും ഫ്രിഡ്ജിനുള്‍വശം തുടയ്ക്കാം. നല്ല സുഗന്ധമുണ്ടാവുകയും ചെയ്യും.
ബാസ്‌കറ്റിലും ഷെല്‍ഫിലും കറിയോ മറ്റോ ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടെങ്കില്‍, അത് വല്ലാതെ ബലംകൊടുത്ത് ഉരച്ചുകഴുകാന്‍ ശ്രമിക്കരുത്. അല്പം വെള്ളത്തില്‍ മുക്കിവെച്ചശേഷം കഴുകുന്നതാണ് നല്ലത്. അതല്ലെങ്കില്‍ സോപ്പുവെള്ളത്തില്‍ മുക്കിയ തുണി, അതിനുമുകളില്‍ കുറച്ചുനേരം ഇട്ടുവെക്കുക. കറ താനേ ഇളകും.
ഫ്രിഡ്ജിലെ ഗാസ്‌കറ്റ് (ഡോറിനോട് ചേര്‍ന്നുള്ള റബ്ബര്‍ സീല്‍) വൃത്തിയാക്കാന്‍ ഒരു തുണികൊണ്ട് നന്നായി തുടച്ചാല്‍ മതി.
വിനാഗിരിയില്‍ അതേ അളവില്‍ വെള്ളം ചേര്‍ത്ത മിശ്രിതത്തില്‍ തുണിമുക്കിയും ഫ്രിഡ്ജിനുള്‍വശം തുടയ്ക്കാം. ദുര്‍ഗന്ധമെല്ലാം അകലും. അതിനുശേഷം ഒരു ചെറുനാരങ്ങ മുറിച്ച്, ഉള്ളില്‍ വെക്കുന്നത് നല്ലതാണ്. ഒരു ബൗളില്‍ കാപ്പിപ്പൊടി നിറച്ച് ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍വെക്കുക. പിറ്റേദിവസം പുറത്തെടുക്കുമ്പോഴേക്കും ദുര്‍ഗന്ധമെല്ലാം അകന്നിട്ടുണ്ടാവും. കാപ്പിയുടെ നേര്‍ത്ത സുഗന്ധം മാത്രം അവശേഷിക്കും.
Content Highlights: fridge cleaning tips