ഇനി കർട്ടൻ വൃത്തിയാക്കുന്നതോർത്ത് ആശങ്ക വേണ്ട, ചില എളുപ്പവഴികൾ പരിചയപ്പെടാം

വീടിനുള്ളിലെ ഭംഗി കൂട്ടുന്നതിൽ കർട്ടനുകൾക്ക് വലിയ പങ്കുണ്ട്. കർട്ടന്റെ നിറവും ഡിസെെനും മുറിയെ കൂടുതൽ ഭംഗിയുള്ളതാക്കിത്തീർക്കുന്നു. ഇളം നിറത്തിലും കടുംനിറത്തിലും മുത്തുകൾ കോർത്തതും… തുടങ്ങി നിരവധി വ്യത്യസ്ത പാറ്റേണുകളിലുള്ള കർട്ടനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഒരിക്കൽ തൂക്കിയ കർട്ടൻ, ആരും പിന്നെ തിരിഞ്ഞുനോക്കാറില്ലെന്നതാണ് വാസ്തവം. ജനലുകളും വാതിലുകളും വഴി അകത്തേക്കു കടക്കുന്ന പൊടിപടലങ്ങൾ പറ്റിപ്പിടിച്ച് വൃത്തിഹീനമായ ഇടമായി കര്‍ട്ടനുകൾ മാറിയേക്കാം.
വിവിധ തുണിത്തരങ്ങളിൽ നിർമ്മിച്ചെടുക്കുന്ന കർട്ടനുകൾ വൃത്തിയാക്കാൻ പ്രയാസമാണ്. ശരിയായി വൃത്തിയാക്കി ഉണക്കിയില്ലെങ്കിൽ, കർട്ടനുകൾ വേഗം ചീത്തയാകാനും നിറം മങ്ങാനും സാധ്യതയുണ്ട്. കർട്ടനുകൾ എളുപ്പത്തിൽ വൃത്തിയാക്കാനും പുതിയതുപോലെ തിളങ്ങാനും ചില എളുപ്പവഴികൾപരിശോധിക്കാം.
- കർട്ടനുകൾ കഴുകുന്നതിനുമുമ്പ് വീടിനുപുറത്തേക്ക് കൊണ്ടുപോയി നന്നായി പൊടി തട്ടിക്കളയുക.
- കർട്ടനുകളിലെ പൊടി നീക്കം ചെയ്യാൻ പ്രയാസമാണെങ്കിൽ ഇതിനായി ഒരു വാക്വം ക്ലീനറും ഉപയോഗിക്കാം. മൃദുവായ ബ്രഷ് അറ്റാച്ച്മെന്റ് ഘടിപ്പിച്ച ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് കർട്ടനുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പൊടിയും അഴുക്കും നീക്കം ചെയ്യുക.
- കർട്ടനുകൾ കഴുകുന്നതിനുമുമ്പ്, രാത്രി മുഴുവൻ സോപ്പ് വെള്ളത്തിൽ മുക്കിവയ്ക്കുക. ഇത് അഴുക്ക് പെട്ടെന്ന് ഇളക്കി, വൃത്തിയാക്കൽ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു. നിറം മാറുന്നത് ഒഴിവാക്കാൻ നേരിയ ഡിറ്റർജന്റ് ഉപയോഗിക്കുക.
- കർട്ടനുകൾ സിൽക്ക് അല്ലെങ്കിൽ മറ്റ് മൃദുവായ തുണിത്തരങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെങ്കിൽ, ഒരിക്കലും വാഷിങ് മെഷീനിൽ കഴുകരുത്. വെള്ളത്തിൽ നേരിയ ഡിറ്റർജന്റ് ഉപയോഗിച്ച് മുക്കിവയ്ക്കുക, ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പതുക്കെ ഉരച്ച് വൃത്തിയാക്കുക.
- കഠിനമായ വെയിലത്ത് കർട്ടനുകൾ ഉണക്കരുത്, എന്നാൽ സൂര്യപ്രകാശം അത്യവശ്യവുമാണ്. ശക്തമായ സൂര്യപ്രകാശം കർട്ടന്റെ നിറം മങ്ങാൻ കാരണമാകും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Learn simple tricks to easily clean your curtains, remove dust, and keep them looking fresh and vibrant.