കരുവാളിപ്പ് അകറ്റാന്‍ ഉരുളക്കിഴങ്ങും തക്കാളിയും പപ്പായയും

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

വെയിലേല്‍ക്കുമ്പോഴുള്ള ചര്‍മത്തിലെ കരുവാളിപ്പ് പലരുടെയും പ്രശ്‌നമാണ്. അതെങ്ങനെ മാറ്റുമെന്നതാണ് ഏറ്റവും വലിയ ചിന്ത. വീട്ടിലുള്ള ചില പച്ചക്കറികള്‍ കൊണ്ട് ഇത് എളുപ്പത്തില്‍ പരിഹരിക്കാം. 

ഒരു ചെറിയ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് നീരെടുക്കുക. അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് യോജിപ്പിച്ച്, മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയാം. 

ഒരു കഷണം പഴുത്ത പപ്പായ നന്നായി ഉടച്ചെടുക്കണം. അതിലേക്ക് അല്പം തേന്‍ ചേര്‍ത്ത് നന്നായിളക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിനുശേഷം ഉണങ്ങിക്കഴിയുമ്പോള്‍, ചെറുചൂടുവെള്ളത്തില്‍ കഴുകാം. 

ഒരു കഷണം കുക്കുംബര്‍ ഗ്രേറ്റ് ചെയ്ത് നീരെടുക്കുക. അതില്‍ അല്പം അലോവേരയുടെ പള്‍പ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടി അരമണിക്കൂര്‍ വെക്കുക. ശേഷം കഴുകിക്കളയാം. ഒരു തക്കാളി ഉടച്ചതില്‍ അലോവേരയുടെ പള്‍പ്പ് ചേര്‍ത്തുള്ള ഫേസ്പാക്കും കരുവാളിപ്പിന് നല്ലതാണ്. 

നന്നായി ഉടച്ച ഒരു തക്കാളിയില്‍ രണ്ട് സ്പൂണ്‍ തൈര് ചേര്‍ക്കണം. അത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടി അരമണിക്കൂര്‍ വെക്കണം. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം.

ഒരു ഓറഞ്ചിന്റെ അല്ലിയെടുത്ത് ജ്യൂസാക്കുക. അതില്‍ ഒരു ടേബിള്‍സ്പൂണ്‍ തൈരും സമം തേനും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം.

ഒരു ടേബിള്‍സ്പൂണ്‍ വീതം ചെറുനാരങ്ങാനീരും തേനും എടുത്ത്, അതില്‍ അല്പം മഞ്ഞള്‍പൊടി ചേര്‍ത്തിളക്കുക. എന്നിട്ട് മുഖത്ത് പുരട്ടി 15 മിനിറ്റ് വെക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. 


 

Content Highlights: tomato and potato helps to remove tan from face