‘CR7’ന്റെ വീട്; ആഡംബരവും കുടുംബത്തിന്റെ ഐക്യവും ഇഴചേർന്ന ഇടം, പകർത്താം ഈ ഇന്റീരിയർ ആശയങ്ങൾ

ഫുട്‌ബോൾ ലോകത്തെ ഇതിഹാസമാണ് 'CR7'. വർഷങ്ങളുടെ കഠിനാധ്വാനം, അച്ചടക്കം, വിജയങ്ങൾ, കോടിക്കണക്കിന് ആരാധകരുടെ സ്‌നേഹം...അതെല്ലാം ചേർന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന വ്യക്തിത്വം രൂപപ്പെട്ടത്. മൈതാനത്ത് റെക്കോർഡുകൾ തീർക്കുന്ന അതേ കൃത്യതയും സൗന്ദര്യബോധവും അദ്ദേഹത്തിന്റെ വീട്ടിലും കാണാം. ആഡംബരമുണ്ടെങ്കിലും അത് വെറും പ്രദർശനത്തിനല്ല. കുടുംബത്തിന്റെ സാന്നിധ്യവും വ്യക്തിപരമായ ഓർമകളും നിറഞ്ഞ ഒരു 'ഹോം' എന്ന അനുഭവമാണ് റൊണാൾഡോയുടെ വീട് നൽകുന്നത്.
പൂൾസൈഡിലെ വിശ്രമ ഇടങ്ങൾ, നേട്ടങ്ങളുടെ കഥ പറയുന്ന ട്രോഫി കാബിനറ്റ്, വലിയ ഡൈനിങ് സ്‌പേസ്, കുടുംബ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ചുമരുകൾ...ഇവയെല്ലാം ആ വീടിന് വേറിട്ടൊരു ഭംഗിയാണ് നൽകുന്നത്. വീട് പണിയാനാഗ്രഹിക്കുന്നവർക്ക് പകർത്താവുന്ന മനോഹരമായ ചില ഇന്റീരിയർ ആശയങ്ങൾ റൊണാൾഡോയുടെ വീടിനകത്തുണ്ട്. അവയെല്ലാം അതേപടി പകർത്താതെതന്നെ നമ്മുടെ വീടിന്റെ ശൈലിക്കനുസരിച്ച് ചില ആശയങ്ങൾ ഉൾക്കൊള്ളാൻ റൊണാൾഡോയുടെ വീട് പ്രചോദനമാകും.
പൂൾസൈഡിലെ കസേരകൾ: റൊണാൾഡോയുടെ സോഷ്യൽ മീഡിയ ചിത്രങ്ങളിൽ പലപ്പോഴും കാണുന്ന ഒന്നാണ് പൂൾസൈഡിൽ വച്ചിരിക്കുന്ന നെയ്‌തെടുത്ത (woven) കസേരകൾ. മൃദുവായ കുഷ്യനുകളോടുകൂടിയ ഈ കസേരകൾ റിസോർട്ട് ഫീലിങ് വീട്ടിലേക്ക് കൊണ്ടുവരുന്നു. ബാൽക്കണിയിലോ ടെറസിലോ ഗാർഡനിലോ ഇത്തരം കസേരകൾ ഉപയോഗിച്ചാൽ അധിക ചെലവില്ലാതെ തന്നെ ആഡംബരലുക്കും വിശ്രമയിടവും ഒരുപോലെ ഒരുക്കാം.
ട്രോഫി കോർണർ: വീട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്നാണ് റൊണാൾഡോയുടെ ട്രോഫി കാബിനറ്റ്. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമായ ഗോൾഡൻ ബൂട്ട് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്ന ഈ ഇടം വീടിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു.
എല്ലാവർക്കും ട്രോഫികൾ ഉണ്ടാകണമെന്നില്ല. എങ്കിലും മെഡലുകൾ, സർട്ടിഫിക്കറ്റുകൾ, യാത്രകളിൽ നിന്ന് ശേഖരിച്ച ഓർമച്ചിഹ്നങ്ങൾ, കുടുംബ നേട്ടങ്ങൾ എന്നിവയ്ക്കായി ഒരു പ്രത്യേക ഡിസ്‌പ്ലേ കോർണർ ഒരുക്കുന്നത് വീടിന് നല്ലഭംഗി നൽകും.
വട്ടത്തിലുള്ള ഡൈനിങ് ടേബിൾ: റൊണാൾഡോയുടെ വീട്ടിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഇടമാണ് വലിയ കറുത്ത നിറത്തിലുള്ള വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ. കുടുംബാംഗങ്ങൾ എല്ലാവരും ഒരേ അകലത്തിൽ ഇരിക്കുന്നതിനാൽ ഇത്തരം ടേബിളുകൾ കൂടുതൽ സംഭാഷണങ്ങൾക്കും ഒരുമയ്ക്കും വഴിയൊരുക്കുന്നു.
അതിന് മുകളിലായി തൂങ്ങിയിരിക്കുന്ന വലിയ ചാൻഡിലിയർ ആ ഭാഗത്തിന് രാജകീയ ഭംഗി നൽകുന്നു. ശരിയായ ലൈറ്റിങ്ങിനൊപ്പം ഒരു സ്റ്റേറ്റ്‌മെന്റ് ലൈറ്റ് ചേർത്താൽ സാധാരണ ഡൈനിങ് ഏരിയ പോലും പ്രീമിയം ലുക്ക് സ്വന്തമാക്കും.
ബ്ലാക്ക് ആന്റ് വൈറ്റ് ഓർമചിത്രങ്ങൾ: റൊണാൾഡോയുടെ വീട്ടിലെ ചുമരുകളിൽ ഫ്രെയിം ചെയ്തിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബ ചിത്രങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റും. പ്രത്യേകിച്ച് മക്കളോടൊപ്പമുള്ള നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ.
വിലയേറിയ ആർട്ട് പീസുകൾ വാങ്ങുന്നതിന് പകരം, കുടുംബത്തിന്റെ മനോഹരമായ ചിത്രങ്ങൾ ഒരേ സ്‌റ്റൈലിലുള്ള ഫ്രെയിമുകളിൽ ഒരുക്കി ഒരു 'മെമ്മറി വാൾ' സൃഷ്ടിക്കാം. റൊണാൾഡോയുടെ വീട്ടിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം വിലപിടിപ്പുള്ള ഫർണിച്ചറുകളോ അലങ്കാരങ്ങളോ മാത്രമല്ല. ഓരോ കോണിലും അദ്ദേഹത്തിന്റെ ജീവിതയാത്രയും കുടുംബനിമിഷങ്ങളും വിജയങ്ങളും പ്രതിഫലിക്കുന്നതായി കാണാം.
വീട് മനോഹരമാക്കാൻ വലിയ ബജറ്റ് മാത്രം പോരാ. സ്വന്തം കഥ പറയുന്ന ചെറിയ ഇടങ്ങളാണ് ഏതൊരു വീടിനെയും യഥാർഥ വീടാക്കി മാറ്റുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: cristiano-ronaldo-home-interior-design-ideas