കണ്ണാടിയിലെ കറ കളയാന്‍ എളുപ്പമാണ്; ആകെ വേണ്ടത് ചില പൊടിക്കൈകള്‍ മാത്രം

മങ്ങിയ കണ്ണാടികള്‍ ഏറ്റവും തിളക്കമുള്ള മുറിയെ പോലും മങ്ങിയതാക്കും. ടൂത്ത് പേസ്റ്റ് തെറിച്ചും എണ്ണമയമുള്ള വിരലടയാളങ്ങള്‍ പതിഞ്ഞും ലിപ്സ്റ്റിക്ക് പറ്റിപ്പിടിച്ചും കണ്ണാടിയുടെ ചന്തം പോയേക്കാം. പക്ഷേ ആ തിളക്കം വീണ്ടെടുക്കല്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ചില്ലറ പൊടിക്കൈകള്‍ മതി, നിങ്ങളുടെ കണ്ണാടികള്‍ മാജിക്ക് പോലെ തിളങ്ങും!
- കണ്ണാടിയുടെ ഫ്രെയിം ആദ്യം വൃത്തിയാക്കുന്നതാകും നല്ലത്. കണ്ണാടി തുടച്ചു മിനുക്കി പിന്നീട് ഫ്രെയിം വൃത്തിയാക്കാന്‍ പോയാല്‍ കണ്ണാടിയില്‍ വീണ്ടും കറ പറ്റിയേക്കും.
- മാര്‍ക്കറ്റില്‍ ധാരാളം ഗ്ലാസ് ക്ലീനിങ് സൊല്യൂഷന്‍സ് ലഭ്യമാണ്. കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ അത്തരം ഉത്പന്നങ്ങള്‍ വേണ്ടിവന്നേക്കാം. എന്നാല്‍ ചെറിയ മങ്ങലുകള്‍ക്കും അടയാളങ്ങള്‍ക്കും പോംവഴി വീട്ടില്‍ തന്നെ കാണാം.
- കടലാസുകൊണ്ട് കണ്ണാടി തുടയ്ക്കരുത്. ഇത് ചെറിയ കടലാസ് കഷണങ്ങള്‍ പറ്റിപ്പിടിക്കാനും മഷിയുടെ അടയാളം പറ്റി കണ്ണാടിയുടെ തിളക്കം കുറയ്ക്കാനും ഇടയാക്കും.
- മൈക്രോഫൈബര്‍ തുണികളാണ് കണ്ണാടി തുടയ്ക്കാന്‍ ഏറ്റവും അനുയോജ്യം. പോറല്‍ വീഴാതെ കണ്ണാടി മിനുക്കാന്‍ ഇവ സഹായിക്കും.
- ബാത്‌റൂമിലെ കണ്ണാടി ഈര്‍പ്പം കൊണ്ട് മങ്ങുന്നത് സ്ഥിരമാണ്. അല്പം വിനാഗിരിയും വെള്ളവും കലര്‍ന്ന മിശ്രിതം കണ്ണാടിയിലേക്ക് നേരിട്ട് സ്‌പ്രേ ചെയ്തുകൊടുക്കുക. അല്പനേരത്തിനുശേഷം തുടച്ചുമാറ്റാം. ഇത് കണ്ണാടിയുടെ മങ്ങല്‍ മാറ്റും.
- ഗ്രീസും വിരലടയാളങ്ങളും വൃത്തിയാക്കാന്‍ ഡിറ്റര്‍ജന്റും ചെറു ചൂടുവെള്ളവും കലര്‍ത്തിയ ലായനി ഉപയോഗിക്കാം. ഈ മിശ്രിതത്തില്‍ മുക്കിയ തുണി കറയുള്ള ഭാഗത്ത് വട്ടത്തില്‍ തുടച്ചെടുക്കാം.
- കണ്ണാടി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത് ഹാര്‍ഡ് വാട്ടര്‍ ആകരുത്. ഇത് കറ പിടിപ്പിക്കും. ഇനി കണ്ണാടിയില്‍ ഹാര്‍ഡ് വാട്ടര്‍ വീണ കറയുണ്ടെങ്കില്‍ ബേക്കിങ് സോഡ അല്പം വെള്ളത്തില്‍ ചാലിച്ച് പേസ്റ്റ് പോലെയാക്കി കറ പിടിച്ച ഭാഗത്ത് തേച്ചുപിടിപ്പിക്കുക. അല്പസമയത്തിനുശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചുമാറ്റാം.
- തുരുമ്പ് വീണ പാടുകളും മറ്റും നീക്കം ചെയ്യാനും ബേക്കിങ് സോഡ ലായനിയാണ് ഏറ്റവും അനുയോജ്യം.
- ബ്ലീച്ച്, അമോണിയ എന്നിവ പൊതുവേ ക്ലീനിങ്ങിന് ഉപയോഗിച്ച് കാണാറുണ്ട്. എന്നാല്‍ ഇത്തരം കാഠിന്യമേറിയ കെമിക്കലുകള്‍ കണ്ണാടി വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. കണ്ണാടികള്‍ നിറം മങ്ങി പുക പിടിച്ചതുപോലെയാകും.
- സ്റ്റീം ക്ലീനറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുകയാണെങ്കില്‍ യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കേണ്ടി വരില്ല. പക്ഷേ ഇതല്പം ചിലവേറിയ മാര്‍ഗമാണെന്ന് മാത്രം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shine your mirrors effortlessly! Learn easy home remedies and tips to remove stains, smudges, and hard water marks. Get sparkling clean mirrors.