ക്രിസ്മസ് ആഘോഷത്തിന് കുറച്ച് ലൈറ്റുകൾ മാത്രം പോരാ!

ക്രിസ്മസ് രാവുകൾ എത്തിക്കഴിഞ്ഞു. കടന്നുപോയ വർഷത്തോട് വിടപറഞ്ഞും വരാനിരിക്കുന്ന വർഷത്തേക്കുള്ള പുതിയ പ്രതീക്ഷകളോടും കൂടിയാണ് നാം ക്രിസ്മസിനെ വരവേൽക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കുടുംബസംഗമങ്ങളും സുഹൃത്തുക്കളോടൊപ്പമുള്ള ഒത്തുചേരലുകളും വീട്ടിലൊരുക്കുന്ന മറ്റ് ആഘോഷങ്ങളും നിറഞ്ഞ കലണ്ടറാണ് ഈ മാസത്തേത്. സ്വാഭാവികമായും, ഈ സമയത്ത് എല്ലാ ആഘോഷങ്ങളുടെയും കേന്ദ്രമായി മാറുന്നത് വീട് തന്നെയായിരിക്കും. അതിനാൽ ക്രിസ്മസ് അലങ്കാരങ്ങൾ സന്തോഷം പകരുന്നതും ആഘോഷങ്ങളുടെ ആവേശം പ്രതിഫലിപ്പിക്കുന്നതുമാകണം. ആഘോഷവും ഊഷ്മളതയും നിറഞ്ഞ ഇടങ്ങളായി വീടിനെ മാറ്റാൻ അവസാന നിമിഷത്തെ അലങ്കാരങ്ങളാണ് നിങ്ങൾ തേടുന്നതെങ്കിൽ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ഫെയറി ലൈറ്റുകൾ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, വീടിന് ഒരു ആഘോഷത്തിന്റെ പ്രതീതി നൽകാൻ, കുറച്ച് ലൈറ്റുകൾ തൂക്കുന്നതിലുപരിയായി പലതും ചെയ്യാനുണ്ട്.
ഒരു പ്ലെയിൻ ലുക്ക് ഒഴിവാക്കാൻ വെൽവെറ്റ് പോലുള്ള മൃദുവായ തുണിത്തരങ്ങളും ചാക്കുനൂൽ പോലുള്ള റസ്റ്റിക് ശൈലിയിലുള്ള തുണിത്തരങ്ങളും ഉപയോഗിക്കുക. സോഫയും കസേരകളും, മാറ്റുകളും റഗ്ഗുകളുമൊക്കെ കടും ചുവപ്പ് നിറത്തിലുള്ളതാക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. സോഫകൾക്കും കസേരകൾക്കും ചുവപ്പ് നിറത്തിലുള്ള പ്രിന്റഡ് കവർ ഇടുന്നതും ക്രിസ്മസ് വൈബ് നൽകും.
ചെറിയ കുഷ്യനുകൾ, കട്ടിയുള്ള പുതപ്പുകൾ എന്നിവ സമാനമായ നിറങ്ങളിലുള്ളവ തന്നെ ഉപയോഗിച്ചാൽ, നിങ്ങളുടെ സ്വീകരണമുറികൾ വളരെ മനോഹരമാകും.
പ്രധാന ക്രിസ്മസ് ട്രീക്ക് പുറമെ യൂക്കാലിപ്റ്റസ്, പൈൻ അല്ലെങ്കിൽ ഹോളി പോലുള്ള ഇലകളും ചെടികളും അലങ്കാരത്തിനായി ഉപയോഗിക്കുന്നത് നല്ലതാണ്. അലമാരകളിലോ ഷെൽഫുകളിലോ പൂമാലകൾ തൂക്കി പ്രധാന ഭാഗങ്ങൾ മനോഹരമാക്കാം. വാതിലുകളിലോ ഭിത്തികളിലോ പൂക്കളോ ചെറിയ ബൊക്കെകളോ വെച്ച് അലങ്കരിക്കാം. വീടിന്റെ പ്രവേശനക്കവാടത്തിനടുത്തും ഇങ്ങനെ അലങ്കരിക്കുകയും, ക്രിസ്മസ് രൂപങ്ങളും മറ്റും തൂക്കുന്നതും നന്നാവും.
പരമ്പരാഗതമായ ചുവപ്പ്-പച്ച നിറങ്ങളിൽ നിന്ന് മാറി ഡീപ് നേവി ബ്ലൂവും തിളങ്ങുന്ന സ്വർണ്ണനിറവുമുള്ള കോമ്പിനേഷൻ വീടിനകത്തെ അലങ്കാരങ്ങളിൽ പരീക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ ബ്ലഷ് പിങ്കും സിൽവർ നിറവും. തെളിച്ചം നൽകാൻ മെറ്റാലിക് നിറങ്ങളിലുള്ള അലങ്കാര വസ്തുക്കൾ ഉപയോഗിക്കുക. വലിയ ജിംഗിൾ ബെല്ലുകൾ, മെഴുകുതിരി ഹോൾഡറുകൾ, ഡിന്നർ ടേബിൾ ഇനങ്ങൾ മുതലായവ ഇതിൽ ഉൾപ്പെടുന്നു.
അതിഥികൾക്കായി മികച്ച വിരുന്നൊരുക്കാൻ തീൻമേശ ക്രമീകരിക്കണം. പൈൻ കോണുകൾ, ബർലാപ്പ് ടേബിൾ റണ്ണർ എന്നിവയും മെഴുകുതിരികൾ, ചുവന്ന നാപ്കിനുകൾ, വെളുത്ത പ്ലേറ്റുകൾ എന്നിവയും ഉപയോഗിച്ച് നിങ്ങൾക്ക് മേശ അലങ്കരിക്കാൻ കഴിയും. ചെറിയ ഒരു സാന്റയും മറ്റ് രൂപങ്ങളും ആവശ്യമെങ്കിൽ ക്രമീകരിക്കാം.
വീടിന്റെ മധ്യഭാഗത്തായി ആകർഷകമായ ഒരു വലിയ ക്രിസ്മസ് മരം വെക്കുക. ഇത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രധാനയിടമാണ്. ചുറ്റുമുള്ള മറ്റ് അലങ്കാരങ്ങൾ ലളിതമാക്കാൻ ശ്രദ്ധിക്കുക, ഇത് കാഴ്ചയിലെ മനോഹാരിത വർധിപ്പിക്കും.
മിഠായി കോലുകൾ (candy canes), കടലാസ് കൊണ്ട് നിർമ്മിച്ച സ്നോഫ്ളേക്കുകൾ, മനോഹരമായ ചെറിയ പ്രതിമകൾ തുടങ്ങിയവ അലങ്കാരത്തിൽ ഉൾപ്പെടുത്തുക. സോഫ്റ്റ് കുഷ്യനുകൾ, പുതപ്പുകൾ, ഫെയറി ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് വീടിന്റെ ഒരു ഭാഗം വിശ്രമിക്കാനുള്ള ഒരിടമാക്കി മാറ്റുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover enchanting Christmas decor ideas to transform your home into a festive haven. Embrace the holiday spirit with cozy textures, stunning color palettes, and creative touches. Make this Christmas unforgettable!