ബേക്കിങ് സോഡകൊണ്ട് വീട് വൃത്തിയാക്കാം, അറിയാം പത്ത് ഉപയോഗങ്ങൾ

ബേക്കിങ്ങിന് മാത്രമല്ല, വീട്ടിലെ ദൈനംദിന വൃത്തിയാക്കലുകൾക്കും ബേക്കിങ് സോഡ മികച്ച ഉത്പന്നമാണ്. എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്നു നോക്കാം.
- കാർപ്പറ്റുകൾ വൃത്തിയാക്കാം- കാർപ്പറ്റുകളിലും റഗ്ഗുകളിലും ബേക്കിഗ് സോഡ നന്നായി വിതറുക, 15-20 മിനിറ്റ് വെച്ചശേഷം വാക്വം ചെയ്യുക. ഇത് ദുർഗന്ധം വലിച്ചെടുക്കും.
- ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാം- ഫ്രിഡ്ജിൽ ഒരു ചെറിയ പാത്രത്തിൽ ബേക്കിങ് സോഡ തുറന്നുവെച്ചാൽ ഭക്ഷണത്തിന്റെ മോശം ഗന്ധം ഇല്ലാതാക്കാനാവും. മാസത്തിലൊരിക്കൽ ബേക്കിങ് സോഡ മാറ്റിക്കൊടുക്കാം.
- കരിഞ്ഞ പാത്രങ്ങൾ വൃത്തിയാക്കാം-പാത്രങ്ങൾ അടിയിൽ പിടിക്കുമ്പോൾ അതിൽ ചൂടുവെള്ളവും ഏതാനും ടേബിൾസ്പൂൺ ബേക്കിങ് സോഡയും നിറയ്ക്കുക. കുറച്ചുനേരം കുതിരാൻ വെച്ചശേഷം ഉരച്ച് കഴുകാം. പോറലുകൾ വീഴ്ത്താതെ അഴുക്ക് ഇളക്കി മാറ്റാം.
- സിങ്ക് ക്ലിയർ ചെയ്യാം-സിങ്ക് അടഞ്ഞുപോയാൽ ബേക്കിങ് സോഡ മികച്ച പോംവഴിയാണ്. അരക്കപ്പ് ബേക്കിങ് സോഡ സിങ്കിന്റെ ദ്വാരത്തിലേക്ക് ഒഴിക്കുക, പിന്നാലെ അരക്കപ്പ് വിനാഗിരിയും ഒഴിക്കുക. 10 മിനിറ്റ് പതയാൻ അനുവദിച്ച ശേഷം, തിളച്ച വെള്ളം ഒഴിച്ച് വൃത്തിയാക്കുക.
- വെള്ളിപ്പാത്രങ്ങൾ മിനുക്കാം-ബേക്കിങ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി, മൃദുവായ തുണി ഉപയോഗിച്ച് വെള്ളിപ്പാത്രങ്ങളിൽ പതുക്കെ ഉരസുക. ശേഷം കഴുകിത്തുടച്ച് തിളക്കമുള്ളതാക്കം.
- ടൈലുകൾ വൃത്തിയാക്കാം- ടൈലുകളുടെ ഇടയിലുള്ള ഗ്രൗട്ടിൽ ബേക്കിങ് സോഡ പേസ്റ്റ് പുരട്ടി കുറച്ച് മിനിറ്റ് വെക്കുക, ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക. കഠിനമായ രാസവസ്തുക്കൾ ഇല്ലാതെതന്നെ ടൈലിന് തിളക്കം കിട്ടും
- ഷൂസിലെ ദുർഗന്ധം മാറ്റാം-ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡ ഷൂസിനുള്ളിൽ വിതറി ഒരു രാത്രി മുഴുവൻ വെക്കുക. അടുത്ത ദിവസം ഇത് തട്ടിക്കളയുക. ദുർഗന്ധം മാറിയിട്ടുണ്ടാകും.
- കട്ടിങ് ബോർഡുകൾ വൃത്തിയാക്കാം-കട്ടിങ് ബോർഡ് തടിയുടേതാണെങ്കിലും പ്ലാസ്റ്റിക്കിന്റേതാണെങ്കിലും ഭക്ഷണക്കറകളും മണവും മാറ്റാൻ ബേക്കിങ് സോഡ പേസ്റ്റ് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.
- അലക്കാനുപയോഗിക്കാം-വെള്ള വസ്ത്രങ്ങൾക്ക് തിളക്കം നൽകാനും ദുർഗന്ധമകറ്റാനും അലക്കുമ്പോൾ അരക്കപ്പ് ബേക്കിങ് സോഡ ചേർക്കാം.
- ക്ലാവ് നീക്കാം- ഏതെങ്കിലും വീട്ടുപകരണങ്ങളിൽ ക്ലാവ് പിടിച്ചിട്ടുണ്ടെങ്കിൽ, ബേക്കിങ് സോഡയും വെള്ളവും ചേർന്ന മിശ്രിതത്തിൽ മുക്കിയ കോട്ടൺ ഉപയോഗിച്ച് വൃത്തിയാക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover 10 amazing uses for baking soda around the house. Clean, deodorize, and more with this cheap, non-toxic wonder