ലോകത്തിലെ ആദ്യ വെജിറ്റേറിയൻ ബോഡി ബിൽഡർ; 'ഇന്ത്യയിൽനിന്നുള്ള അദ്ഭുതപ്രതിഭ' എന്ന് അർനോൾഡ് വിശേഷിപ്പിച്ചു

വരീന്ദർ സിങ് ഗുമൻ / Instagram
വരീന്ദർ സിങ് ഗുമൻ / Instagram

ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയൻ ബോഡി ബിൽഡർ എന്നാണ് വരീന്ദർ സിങ് ഗുമൻ അറിയപ്പെട്ടിരുന്നത്. ബോഡിബിൽഡിങ് മേഖലയിൽ തന്റെ പേര് വാനോളമുയർത്തിയാണ് അദ്ദേഹം വിടവാങ്ങുന്നത്. ഹൃദയാഘാതത്തെ തുടർന്ന് 42-ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം അമൃത്സറിലെ ആസ്പത്രിയിൽവെച്ചായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. ബൈസപ്പിൽ പരിക്കേറ്റതിനെ തുടർന്ന് ചെറിയ ശസ്ത്രക്രിയയ്ക്കായി ആസ്പത്രിയിലെത്തിയതായിരുന്നു അദ്ദേഹം. ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ടടുത്തദിവസം ആസ്പത്രിയിൽനിന്ന് തിരിച്ചുപോവാനിരിക്കെയാണ്, അവിടെവെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

പഞ്ചാബിലെ ഗുർദാസ്പൂരിലാണ് വരീന്ദർ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ബോഡി ബിൽഡിങ്ങിലേക്ക് ആകർഷിക്കപ്പെട്ടു. 2009-ൽ മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. മിസ്റ്റർ ഏഷ്യ മത്സരത്തിൽ റണ്ണറപ്പുമായി വരീന്ദർ. ഇന്റർനാഷണൽ ഫിറ്റ്‌നസ് ആന്റ് ബോഡി ബിൽഡിങ് ഫെഡറേഷന്റെ പ്രോ കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരനും കൂടിയായിരുന്നു.

2013-ലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ആഗോളതലത്തിലെത്തുന്നത്. അതിനുകാരണമായത് അർനോൾഡ് ഷ്വാർസെനിഗറും. ആരോഗ്യസംബന്ധമായ തന്റെ ഉത്പന്നങ്ങളുടെ ഏഷ്യയിലെ അംബാസഡറായി അദ്ദേഹം തിരഞ്ഞെടുത്തത് വരീന്ദറിനെയാണ്. ''സ്‌പെയിനിൽവെച്ച് അർനോൾഡ് ക്ലാസിക് ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിനിടെയാണ് അർനോൾഡിനെ ആദ്യമായി കാണുന്നത്. ആ മത്സരത്തിൽ എനിക്കായിരുന്നു ഒന്നാം സ്ഥാനം. എന്റെ ശരീരം മോഹിപ്പിച്ചുവെന്നാണ് എന്നോട് പറഞ്ഞത്. ഇന്ത്യയിൽനിന്നുള്ള ഉയരംകൂടിയ ബോഡിബിൽഡർ എന്നതും അദ്ദേഹത്തെ സ്വാധീനിച്ചു. അങ്ങനെയാണ് ആ അവസരം എനിക്ക് കിട്ടുന്നത്'', പിന്നീട് വരീന്ദർ പറഞ്ഞു. പിന്നാലെ അർനോൾഡ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്, 'ഇന്ത്യയിൽനിന്നുള്ള അദ്ഭുതപ്രതിഭ' എന്നാണ്.

അതിനിടെ ബോളിവുഡിലേക്കും കാലെടുത്തുവച്ചു വരീന്ദർ. പഞ്ചാബിസിനിമയായ 'കബഡി വൺസ് എഗെയ്ൻ' എന്ന സിനിമയിലൂടെയാണ് തുടക്കം. അതുകഴിഞ്ഞ് റോർ: ടൈഗേഴ്‌സ് ഓഫ് സുന്ദർബൻസ്, മർജാവാൻ, സൽമാൻ ഖാൻ ചിത്രമായ ടൈഗർ 3 എന്നിവയിലും അഭിനയിച്ചു.

തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ വർക്കൗട്ട് വീഡിയോകളും മോട്ടിവേഷണൽ പോസ്റ്റുകളും സ്ഥിരമായി പങ്കുവെച്ചിരുന്നു വരീന്ദർ. 2027-ൽ പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ സ്വപ്‌നവും ബാക്കിയാക്കിയാണ് വരീന്ദർ മരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Varinder Singh Ghuman, world`s first vegetarian bodybuilder and hailed as a `wonder talent from India` by Arnold Schwarzenegger, has passed away at 42 due to a heart attack