അന്ന് ദിവസക്കൂലി 50 രൂപ, ഇപ്പോൾ പ്രതിഫലം 50 കോടി; 1000 കോടി കടന്ന ഏക കന്നഡപടത്തിലെ നായകൻ

യഷ്
യഷ്

ഇന്ന് ഇന്ത്യൻസിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് കന്നഡനടനായ യഷ്. 'കെ.ജി.എഫ് ചാപ്റ്റർ 1' റിലീസായതോടെ യഷിന്റെ ജനപ്രീതി കുതിച്ചുയർന്നു. റിപ്പോർട്ടുകൾ പ്രകാരം 'കെ.ജി.എഫി'നുമുമ്പ് രണ്ടുകോടി വരെയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാൽ അതുകഴിഞ്ഞ് സ്ഥിതിയെല്ലാം മാറി.

'കെ.ജി.എഫ് ചാപ്റ്റർ 1'ൽ അഭിനയിച്ചപ്പോൾ ഏഴുകോടി വരെയാണത്രെ അദ്ദേഹത്തിന് ലഭിച്ചത്. 80 കോടിക്ക് നിർമിച്ച സിനിമ 250 കോടി രൂപയാണ് തിരിച്ചുപിടിച്ചത്. ഏറ്റവും കൂടുതൽ കളക്ട് ചെയ്യുന്ന കന്നഡസിനിമയുമായി മാറി. സിനിമ വിജയിച്ചതോടെ യഷിന്റെ വരുമാനത്തിലും വലിയ വർധനവുണ്ടായി. നാലുവർഷങ്ങൾക്കുശേഷമാണ് 'കെ.ജി.എഫ് ചാപ്റ്റർ 2' റിലീസാവുന്നത്. 100 കോടി ബജറ്റിലാണ് സിനിമ നിർമിച്ചത്. അങ്ങനെ അതുവരെ നിർമിച്ചതിൽ ഏറ്റവും ചെലവേറിയ കന്നഡസിനിമയായി. റിലീസായപ്പോൾ ആദ്യത്തേതിനെ കടത്തിവെട്ടി രണ്ടാം ഭാഗം. 1200 കോടിയാണ് സിനിമ ബോക്‌സോഫീസിൽനിന്ന് കളക്ട് ചെയ്തത്. ഏറ്റവും കൂടുതൽ പണംവാരിയ കന്നഡസിനിമയെന്ന ക്രെഡിറ്റും സ്വന്തമാക്കി.

2022-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിജയിച്ച ഇന്ത്യൻസിനിമകളിൽ രണ്ടാം സ്ഥാനം, 2022-ലെ ഏറ്റവും കൂടുതൽ വിജയിച്ച ഇന്ത്യൻപടം തുടങ്ങിയ നേട്ടങ്ങളും സിനിമ സ്വന്തമാക്കി. രണ്ടാം ഭാഗത്തിൽ 30 കോടിയായിരുന്നുവത്രെ യഷിന്റെ പ്രതിഫലം. അതിനൊപ്പം സിനിമയുടെ ലാഭവിഹിതവും അദ്ദേഹത്തിന് ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അതുപ്രകാരം 200 കോടി വരെയാണ് രണ്ടാം ഭാഗത്തിൽ അഭിനയിച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയത്. ഇനി റിലീസാവാനിരിക്കുന്ന 'ടോക്‌സിക്' എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹം വാങ്ങിയത് 50 കോടിയാണെന്നും അഭ്യൂഹങ്ങളുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന 'രാമായണ'യുടെ രണ്ട് ഭാഗങ്ങളിലുമായി അഭിനയിക്കുന്നതിന് 100 കോടിയാണ് അദ്ദേഹത്തിന്റെ പോക്കറ്റിലെത്തുക. കൂടാതെ പടത്തിന്റെ ലാഭവിഹിതം ലഭിക്കുന്ന രീതിയിലാണ് യഷ് കരാറൊപ്പിട്ടതെന്നും പറയപ്പെടുന്നു. സിനിമയുടെ സഹനിർമാതാവ് കൂടിയാണ് യഷ്.

തികച്ചും സാധാരണമായൊരു കുടുംബത്തിൽനിന്നാണ് യഷിന്റെ വരവ്. ചെറുപ്പത്തിൽ തന്നെ അഭിനയത്തോടായിരുന്നു താത്പര്യമെങ്കിലും, മാതാപിതാക്കൾ ആദ്യം അംഗീകരിച്ചില്ല. ഒടുവിൽ സിനിമയെന്ന സ്വപ്‌നവുമായി 16-ാം വയസ്സിൽ ബംഗളൂരുവിലെത്തി. ''അവിടെത്തിയാൽ തന്നെ ഞാൻ വലിയ താരമാകുമെന്നായിരുന്നു ഞാൻ കരുതിയത്. വീട്ടിൽനിന്ന് ഓടിപ്പോരുകയായിരുന്നു. വരുമ്പോൾ എന്റെ കൈയിൽ 300 രൂപ മാത്രമേയുള്ളൂ. തിരിച്ചുപോവാൻ തോന്നിയില്ല''.

സിനിമ അത്ര എളുപ്പമല്ലെന്ന് മനസ്സിലായി ആദ്യം തന്നെ. ഇനി എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ചിന്തയായി. ''ഒരാൾ എന്നെ പിടിച്ചുകൊണ്ടുപോയി ഒരു നാടകട്രൂപ്പിൽ ചേർത്തു. പക്ഷേ എനിക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. പക്ഷേ അവിടുന്ന് പോയാൽ പണമുണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് ആ ട്രൂപ്പിൽ തന്നെ തുടർന്നു. നാടകം കാണാൻ വരുന്നവർക്ക് ചായകൊടുക്കുന്നതുമുതലുള്ള സകലജോലികളും ചെയ്തു. അന്ന് ഒരുദിവസം പ്രതിഫലം 50 രൂപയായിരുന്നു''.

പിന്നീട് ടെലിവിഷനിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. ചെറിയ വേഷങ്ങളിലായിരുന്നു ആദ്യം അഭിനയിച്ചത്. 'റോക്കി' എന്ന സിനിമയിലൂടെ നായകനായി. അവിടുന്നങ്ങോട്ട് യഷിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: From a daily wage of 50 rupees to a 50 crore fee and KGF`s massive success. Discover Yash`s incredible rise in Indian cinema