നതാലിയല്ല, 'ഇതാണ് എന്റെ സെമിത്തേരി ഗേൾ' എന്ന് സംവിധായിക; ശ്രദ്ധാകേന്ദ്രമായി ബിയാട്രിസ്

ബിയാട്രിസ് ടൗഫെൻബാച്ച്, യഷ് / Instagram
ബിയാട്രിസ് ടൗഫെൻബാച്ച്, യഷ് / Instagram

ചർച്ചകളിൽ നിറയുകയാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്'. കന്നഡനടൻ യഷിനെ നായകനാക്കി നിർമിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സിനിമയിലെ വയലൻസിന്റെയും ചൂടൻരംഗങ്ങളുടെയും പേരിൽ ഇപ്പോൾ തന്നെ വിവാദങ്ങളിൽ നിറയുകയാണ് സിനിമ. സ്ത്രീകളെ വിൽപ്പനച്ചരക്കാക്കുന്നുവെന്ന വിമർശനങ്ങളും ഗീതുവിനെതിരെ ഉയരുന്നുണ്ട്. അത്തരം സിനിമകൾക്കെതിരെ ഗീതു നേരത്തെയെടുത്ത നിലപാടാണ് വിമർശനങ്ങൾക്ക് കാരണമാവുന്നത്.

അതിനിടെ ടീസറിലെ ഒരു ഇന്റിമേറ്റ് രംഗത്തെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും കഴിഞ്ഞിട്ടില്ല. ശാന്തമായ ഒരു സെമിത്തേരിയിൽ നടക്കുന്ന ശവസംസ്‌കാരത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. പിന്നീട് യഷും ഒരു സ്ത്രീ കഥാപാത്രവും ചേർന്നുള്ള ഇന്റിമേറ്റ് രംഗത്തിലേക്കാണ് ക്യാമറ കടന്നുചെല്ലുന്നത്.

യഷിനൊപ്പം ആ സീനിൽ അഭിനയിച്ച താരമാരാണെന്നുള്ള ചർച്ചയിലായിരുന്നു ടീസർ പുറത്തുവന്നപ്പോൾ മുതൽ പ്രേക്ഷകർ. ഒടുവിൽ നതാലി ബേൺ എന്ന യുക്രെയ്ൻകാരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. മോഡലും നടിയും നിർമാതാവുമായ നതാലിയുടെ പുറകെയായി അതിനുശേഷം ആരാധകർ. ഒറ്റദിവസം കൊണ്ട് നതാലിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ കൂടുകയും ചെയ്തു.

എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഗീതു മോഹൻദാസ്. നതാലിയല്ല ടീസറിലെ ആ താരമെന്ന് അവർ തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വ്യക്തമാക്കി. ഒരു സ്ത്രീയുടെ ചിത്രത്തിനൊപ്പം ബിയാട്രിസ് ടൗഫെൻബാച്ച് എന്ന് ടാഗ് ചെയ്ത് 'ഇതാണ് എന്റെ സെമിത്തേരി ഗേൾ' എന്ന് ഗീതു കുറിച്ചു.

ബ്രസീലിയൻ നടിയും മോഡലുമാണ് ബിയാട്രിസ്. 2014-ലാണ് മോഡലിങ്ങിലൂടെ അവർ കരിയർ തുടങ്ങുന്നത്. പിന്നീട് നിരവധി ദേശീയ-അന്തർദേശീയ പരസ്യങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. വർഷങ്ങളായി, അവർ ഒരു പെർഫോമറായി പരിശീലനം നേടുകയും മോഡലിംഗിനൊപ്പം അഭിനയം പര്യവേക്ഷണം ചെയ്യുകയും ചെയ്തു. അഭിനയത്തിനു പുറമേ, സംഗീതത്തിലും പാട്ടിലും അവർക്ക് താത്പര്യമുണ്ട്. 'ടോക്‌സിക്' സിനിമയിൽ വളരെ കുറച്ചുസമയമേ അവർ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും, അവർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

മാർച്ചിലാണ് സിനിമ റിലീസാവുക. കിയാര അദ്വാനി, രുക്മിണി വസന്ത്, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങൾ. സിനിമ നിർമിക്കുന്നത് യഷും വെങ്കട് കെ.നാരായണയും ചേർന്നാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the mystery actress from Yash`s upcoming movie `Toxic` teaser! Initially thought to be Natalie Bern, director Geetu Mohandas reveals the true star is beatriz taufenbach