അംബിക്കുട്ടിയുടെ പിറന്നാളിന് ആശംസകള്‍ ഇപ്പോഴും പ്രവഹിക്കുന്നു

അംബിക
അംബിക

നവംബര്‍ 22-ന് ഒരു ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്‌തൊരു വീഡിയോ...ഇപ്പോഴും അതിനുതാഴെ സിനിമാതാരങ്ങളുൾപ്പെടെയുള്ളവരുടെ കമന്റുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. സ്വയം പിറന്നാളാശംസിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.  

''ഞാനാദ്യം എന്നെത്തന്നെയൊന്ന് വിഷ് ചെയ്യട്ടെ. പിറന്നാളാശംസകള്‍ അംബിക്കുട്ടി, ഗോഡ് ബ്ലസ് യു...നിങ്ങള്‍ക്കറിയാമോ ഇന്നെന്റെ പിറന്നാളാണെന്ന്. നിങ്ങളെങ്ങനെ അറിയാനാ? എന്റെ വീട്ടിലുള്ളവര്‍ക്ക് പോലും അറിയത്തില്ല. തൊണ്ണൂറാം വയസ്സിലാണോ അമ്മച്ചി, കിളവി ബെര്‍ത്ത്‌ഡേ ആഘോഷിക്കുന്നേ എന്നൊക്കെ നിങ്ങക്ക് തോന്നിയേക്കാം...'' ഇങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനമെത്തുമ്പോഴേക്കും അവരുടെ കണ്ണുകള്‍ നിറയുന്നുണ്ട്, ശബ്ദം ഇടറുന്നുണ്ട്. ''ഇതുകണ്ടിട്ട് നിങ്ങളെല്ലാരും എന്നെ വിഷ് ചെയ്യണമെന്ന് എനിക്ക് ഭയങ്കര ഒരു ആഗ്രഹമുണ്ട്‌ട്ടോ...''

ആദ്യമൊന്നും ആരുമത്ര ശ്രദ്ധിച്ചില്ല വീഡിയോ. പതുക്കെപ്പതുക്കെ പലരും വിഷ് ചെയ്യാന്‍ തുടങ്ങി. മെസേജുകള്‍ തുരുതുരാ വന്നു. ഐശ്വര്യ ലക്ഷ്മി, നവ്യ നായര്‍, സരയു മോഹന്‍, നിഖില വിമല്‍, അപര്‍ണ ദാസ്, അനന്യ...ഹാപ്പി ബര്‍ത്ത്‌ഡേ അംബിക്കുട്ടി, ഹാപ്പി ബര്‍ത്ത്‌ഡേ അംബിയമ്മ...ആശംസകള്‍ പ്രവഹിച്ചു. ഒരുലക്ഷം പേരാണ് ഇതുവരെ ആ പോസ്റ്റിന് ലൈക്കടിച്ചത്. 24,000-ത്തിലധികം കമന്റുകളും.
 

Content Highlights: viral video post