അവതാരക, സംരംഭക, ഗായിക, മോഡല്‍: ഇന്ത്യയുടെ അഭിമാനമായി മാറിയ വിധു ഇഷിക

പാട്‌നയില്‍ നിന്ന് മിസിസ് ഇന്ത്യ എര്‍ത്തിന്റെ രാജ്യാന്തരവേദിയില്‍ കാല്‍ ഇടറാതെ അവള്‍ നടന്നു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ യശ്ശസ് വാനോളം ഉയര്‍ത്തിയ വിധു ഇഷിക.
കഠിനാധ്വാനത്തിന്റെയും അഭിനിവേശത്തിന്റെയും യാത്രകളായിരുന്നു വിധുവിന് ഓരോ സൗന്ദര്യമത്സരങ്ങളും. 2025-ലെ മിസിസ് എര്‍ത്ത് ഇന്റര്‍നാഷണല്‍ കിരീടം നേടിയപ്പോഴും വെല്ലുവിളികള്‍ക്കിടയിലും മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ച ഓരോ നിമിഷത്തിന്റെയും ആഘോഷമാണ് ഈ വിജയമെന്ന് വിധു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
അവതാരക. സംരംഭക, ഗായിക, മോഡല്‍ തുടങ്ങി വ്യത്യസ്ത ഭാവങ്ങളാണ് വിധു ഇഷികയ്ക്ക്. ഇന്ത്യന്‍ ടെലിവിഷന്‍ ഷോകളില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച വിധു നിരവധി അന്താരാഷ്ട്ര ഫാഷന്‍ റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ടു.സാമൂഹിക പ്രതിബന്ധതയുള്ള ഒരു മാധ്യമ പ്രവര്‍ത്തക കൂടിയായ വിധു ഫാഷന്‍ പ്ലാറ്റ്ഫോമായ ഗ്ലാംഗ്വാവയുടെ സ്ഥാപകയാണ്. മോഡലിങ്ങിനപ്പുറത്തേക്ക് ഒരു ഗായിക കൂടിയായായ അവരുടെ 'ഖാഫ ഹൂം ബേവഫാ നഹി' എന്ന റൊമാന്റിക് ഗാനവും ഹിറ്റാണ്. സംഗീതവും പാരമ്പര്യവും വ്യക്തിത്വവും ആഘോഷിക്കുന്ന ആഗോള സംരംഭമായ ടിഷാഖിന്റെ സഹസ്ഥാപകയുമാണ് അവര്‍. കേവലമൊരു ഒരു ലേബലില്‍ മാത്രം ചുരുങ്ങാതെ ആഗോളവേദികളിലേക്ക് വിധു തന്റെ പേര് കൂട്ടിച്ചേര്‍ത്തു.വിധുവിന്റെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃകയാണ്.
2024 സെപ്തംബറില്‍ മിസിസ് ഇന്ത്യ എര്‍ത്ത് പദവി നേടിയതോടെയാണ് വിധു ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നത്. അത് 2025ലെ മിസിസ് എര്‍ത്ത് ഇന്റര്‍നാഷണല്‍ വേദിയിലേക്കുള്ള വിധുവിന്റെ ചുവടുറപ്പിച്ചു. സൗന്ദര്യത്തെക്കാളേറെ സ്ത്രീയുടെ വ്യക്തിത്വം ആഘോഷിക്കപ്പെടുന്ന വേദിയാണ് മിസിസ് എര്‍ത്ത് ഇന്റര്‍നാഷണല്‍. ഫാഷനിലും കലയിലുമുള്ള തന്റെ സംഭാവനകളിലൂടെ വിധു നേരത്തെ തന്നെ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.
‘ഈ കിരീടം എന്റേത് മാത്രമല്ല, തങ്ങളുടെ കാലം കഴിഞ്ഞുപോയി എന്ന് കരുതിയ ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണ്.’- വിധു റഞ്ഞു. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കായി അവര്‍ തന്റെ വിജയം സമര്‍പ്പിച്ചു. ധൈര്യത്തോടു കൂടി മുന്നോട്ടുവരാന്‍ ഓരോ സ്ത്രീയോടും ആഹ്വാനം ചെയ്തു.
ഔദ്യോഗിക മിസിസ് ഇന്ത്യ യൂണിവേഴ്‌സ് പേജും മനോഹരമായ ഒരു സന്ദേശത്തിലൂടെ അവരുടെ നേട്ടം ആഘോഷിച്ചു.
‘ഫാഷനിലൂടെയും കലയിലൂടെയും സ്ത്രീ ശാക്തീകരണം, സുസ്ഥിരത എന്നിവയ്ക്കായി നിലകൊള്ളുന്നതാണ് വിധുവിന്റെ പ്രവര്‍ത്തനങ്ങള്‍ . ഇത് അവരുടെ വിജയത്തെ ശാക്തീകരണത്തിന്റെയും സാംസ്‌കാരികതയുടെയും അഭിമാനകരമായ നിമിഷമാക്കി മാറ്റുന്നു’.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi