മുംബൈയിലെ ചേരിയിലാണ് ഈ താരം പിന്നീട് ജീവിച്ചത്; മരുന്നിനുപോലും പണമില്ലാതായി

ടുൻ ടുൻ
ടുൻ ടുൻ

ഇന്ത്യൻസിനിമയിലെ തന്നെ ആദ്യത്തെ ലേഡി കൊമേഡിയൻ എന്നറിയപ്പെടുന്ന ഉമാദേവി ഖത്രി. എന്നാൽ, സ്‌ക്രീനിൽ അവർ മറ്റൊരു പേരിലാണ് അറിയപ്പെട്ടത്, ടുൻ ടുൻ. ആളുകളെ കുടുകുടെ ചിരിപ്പിച്ച അവരുടെ ആ ചിരിക്കുപിന്നിൽ കണ്ണീരിന്റെയും ദുരന്തത്തിന്റെയും കുറേ കഥകളുണ്ട്.

ഉത്തർപ്രദേശിലാണ് അവരുടെ ജനനം. അവരുടെ ചെറുപ്രായത്തിൽ തന്നെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ടു ഉമയ്ക്ക്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് ചിലയാളുകൾ അവളുടെ മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്തുന്നത്. ഒരഭിമുഖത്തിൽ അവർ തന്റെ കുടുംബത്തെ ഓർത്തെടുത്തതിങ്ങനെ,

''എന്റെ മാതാപിതാക്കൾ ആരാണെന്നും അവർ എങ്ങനെയാണെന്നും എനിക്ക് ഓർമ്മയില്ല. അവർ മരിക്കുമ്പോൾ എനിക്ക് രണ്ടോ മൂന്നോ വയസ്സ് പ്രായമുണ്ടാകും. എന്നേക്കാൾ അഞ്ച് വയസ്സ് കൂടുതലുള്ള സഹോദരനും. എനിക്ക് അഞ്ചുവയസ്സുള്ളപ്പോൾ സഹോദരനും കൊല്ലപ്പെട്ടു. അതോടെ രണ്ടുനേരത്തെ ഭക്ഷണത്തിനുപകരമായി ബന്ധുക്കളുടെ വീട്ടുജോലികൾ ചെയ്യേണ്ടിവന്നു എനിക്ക്. പഠിക്കാൻ പോലും കഴിഞ്ഞില്ല. ഹിന്ദി വായിക്കാനും എഴുതാനും സ്വയം പഠിച്ചു.''

റേഡിയോയിൽനിന്നുള്ള പാട്ടുകൾ കേട്ടാണ് അവർക്ക് സംഗീതത്തോട് താത്പര്യമുണ്ടായത്. ദാരിദ്ര്യവും കഷ്ടപ്പാടും പട്ടിണിയും നിറഞ്ഞുനിന്ന ചെറുപ്പകാലം. അപ്പോഴും കൂടെയുണ്ടായിരുന്നത് സംഗീതം മാത്രമായിരുന്നു. പാട്ടുകൾ പാടുകയായിരുന്നു അവളുടെ ഏകസന്തോഷം. സിനിമകളിൽ പാടണമെന്ന ആഗ്രഹവുമായി ബോംബെയിലെത്തി ഉമാദേവി. അക്ഷരാർഥത്തിൽ വീട്ടിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

ഒടുവിൽ സംഗീതസംവിധായകൻ നൗഷാദ് അലിയുടെ വീട്ടുവാതിൽക്കലെത്തി. പാടാൻ അവസരം തരണമെന്നും ഇല്ലെങ്കിൽ കടലിൽ ചാടിമരിക്കുമെന്നും ഉമാദേവി അദ്ദേഹത്തോട് പറഞ്ഞു. ഓഡിഷൻ നടത്തി ഉമാദേവിയെ തന്റെ സിനിമയിലേക്ക് നൗഷാദ് അലി തിരഞ്ഞെടുക്കുകയും ചെയ്തു. നാലഞ്ച് പാട്ടുകളിൽ പാടാനുള്ള അവസരം ലഭിച്ചു. പക്ഷേ ഗായികയെന്നതിനേക്കാൾ, നടിയായ ഉമാദേവിയെയാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. 1950 മുതൽ ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു.

എന്നാൽ സിനിമയിൽനിന്ന് വിരമിച്ചതോടെ വീണ്ടും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തന്നെ അവർ വീണുപോയെന്ന് ഒരു മാധ്യമപ്രവർത്തകൻ പിന്നീട് പറഞ്ഞു. മുംബൈയിലെ ഒരു ചേരിയിലായിരുന്നു അവസാനകാലത്ത് താമസം. ''രോഗക്കിടക്കയിലായിരുന്നു അവൾ. വളരെ മോശമായ സാഹചര്യം. ഭക്ഷണം പോലും പണമില്ലാത്ത അവസ്ഥ. മരുന്നുകൾക്കുപോലും ചെലവഴിക്കാനുള്ള പണമില്ല. ആ കിടപ്പിലും അവർ തന്റെ ദാരിദ്ര്യത്തെ ഓർത്ത് ചിരിച്ചു. ലോകം തന്നോട് പെരുമാറുന്ന രീതിയോർത്ത് ചിരിച്ചു''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the inspiring yet tragic life of Tun Tun (Uma Devi Khatri), India`s first comedian. From childhood loss to Bollywood fame and final struggles