''ഇനി ലതാ മങ്കേഷ്കര്‍ എനിക്ക് വേണ്ടി പാടില്ല''; ആ വാശി ആശാ ഭോസ്ലെയ്ക്ക് ഗുണമായി

അരനൂറ്റാണ്ടിലധികം നീണ്ട കരിയറില്‍ അരലക്ഷത്തോളം ഗാനങ്ങളാലപിച്ച ഇന്ത്യയുടെ വാനമ്പാടിയാണ് ലതാ മങ്കേഷ്കര്‍. 'മേരി ആവാസ് ഹി പെഹ്ചാന് ഹേ' (എന്റെ ശബ്ദമാണ് എന്റെ സ്വത്വം) എന്ന് ലത പാടിയിട്ടുണ്ട്. അനശ്വരമായ ശബ്ദസൗന്ദര്യമാണ് ലത. പക്ഷേ, ആ ശബ്ദം അങ്ങേയറ്റം നേര്‍ത്തതും തുളച്ചുകയറുന്നതുമാണെന്ന് പറഞ്ഞ ഒരു സംഗീത സംവിധായകനുണ്ട്. ഇന്ത്യയിലെ സംഗീത സംവിധായകര്‍ക്കിടയിലെ ഏറ്റവും വലിയ ഹിറ്റ്മേക്കര്. ലതയെക്കൊണ്ട് അദ്ദേഹം ഒറ്റ പാട്ട് പോലും പാടിച്ചിട്ടില്ല. ഒ.പി നയ്യാര്‍ എന്ന അസാമാന്യ പ്രതിഭയ്ക്ക് തന്റെ ഗാനങ്ങള്‍ മെഗാ ഹിറ്റുകളാക്കാന്‍ ലതയുടെ ശബ്ദം വേണമെന്നില്ലായിരുന്നു.
''ലതയുടെ ശബ്ദമില്ലാതെ ബോളിവുഡില്‍ വിജയിച്ച ഏക സംഗീത സംവിധായകാണ് ഞാന്‍.'' ഒരിക്കല്‍ നയ്യാര്‍ അഭിമാനത്തോടെ പറഞ്ഞു. ''ഉന്മേഷമുള്ള, പുതുമയുള്ള, കനമുള്ള ശബ്ദമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഷംഷാദ് ബീഗം, ഗീത ദത്ത്, ആശ ഭോസ്ലെ എന്നിവരെപ്പോലെ'', നയ്യാര്‍ വിശദമാക്കി.
1952-ലാണ് ലതയെക്കൊണ്ട് താന്‍ പാടിക്കില്ല എന്ന് നയ്യാര്‍ തീരുമാനിക്കുന്നത്. 1949-ല്‍ 'കനീസ്' എന്ന സിനിമയ്ക്ക് നയ്യാര്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരുന്നു. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പക്ഷേ, അദ്ദേഹം സംഗീതസംവിധായകനാകുന്നത് 'ആസ്മാന്' (1952) എന്ന സിനിമയിലാണ്. അപ്പോഴേക്കും ലത അറിയപ്പെടുന്ന ഗായികയായി വളര്‍ന്നുകഴിഞ്ഞിരുന്നു. ഒരു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തും അവര്‍ക്കുണ്ടായിരുന്നു.
എന്നിവര്‍ ഒ.പി നയ്യാര്ക്കൊപ്പം
ആദ്യ സിനിമയില്‍ ഒരു ഗാനം ലതയെക്കൊണ്ട് പാടിക്കണമെന്ന് നയ്യാരും ആഗ്രഹിച്ചു. നായികയുടെ സ്വഭാവത്തിന് ലതയുടെ ശബ്ദം ഇണങ്ങില്ലെന്ന് നയ്യാര്‍ക്ക് തോന്നി. അദ്ദേഹം സഹനായികയ്ക്ക് വേണ്ടി ഒരു ഗാനമൊരുക്കി. അത് പാടാന്‍ ലതയെ ക്ഷണിക്കുകയും ചെയ്തു. നായികയ്ക്ക് വേണ്ടിയല്ലാതെ താന്‍ പാടില്ലെന്ന് പറഞ്ഞ് ലത ക്ഷണം നിരസിച്ചു. ഇത് നയ്യാരുടെ സ്വാഭിമാനത്തിന് താങ്ങാനായില്ല. ഇനി ലത എനിക്ക് വേണ്ടി പാടില്ല എന്നായി നയ്യാര്‍.
ആ തീരുമാനം നയ്യാര്‍ ഒരിക്കലും തിരുത്തിയില്ല. തൊണ്ണൂറുകളുടെ പകുതി വരെ അദ്ദേഹം സിനിമയില്‍ സജീവമായിരുന്നു. അനാരോഗ്യം കാരണം പിന്നീട് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് പിന്‍വാങ്ങി. നിരവധി സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതം നല്കി. റാഫിയും കിഷോറും ആശയും അദ്ദേഹത്തിന്റെ ശബ്ദങ്ങളായി.
നയ്യാരും ലതയും തമ്മിലുള്ള അകല്‍ച്ച ഏറ്റവും ഗുണം ചെയ്തത് ആശാ ഭോസ്ലെയ്ക്കാണ്. നയ്യാര്ക്കായി കൂടുതല്‍ ഗാനങ്ങളാലപിച്ചത് ആശയാണ്. ലതയ്ക്കൊപ്പം നില്ക്കുന്ന ഗായികയായി ആശയെ വളര്‍ത്തി നയ്യാര്‍. മുന്‍കോപക്കാരനായിരുന്നു നയ്യാര്‍. ശാന്തനായ മുഹമ്മദ് റാഫി പോലും ഇടയ്ക്ക് അദ്ദേഹത്തില്‍ നിന്ന് അകന്നുനില്ക്കാന് കാരണമായത് ആ ദേഷ്യം തന്നെ. അപസ്വരം പാടിയെന്ന് കിഷോര്‍ കുമാറിനോട് നയ്യാര്‍ കയര്‍ത്ത സംഭവവും പരസ്യമാണ്.
ഇന്ത്യയിലെ നമ്പര്‍ 1 ഗായിക എന്നാണ് നയ്യാര്‍ ലതയെ വിശേഷിപ്പിച്ചത്. ''ലത മറ്റുള്ളവരെക്കാളൊക്കെ മുന്നിലാണ്. ദൈവം അനുഗ്രഹിച്ച സ്വരമാണ് ലതയുടേത്,'' അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ശബ്ദം നല്കാനായില്ലെങ്കിലും ലതയും നയ്യാരോട് അങ്ങേയറ്റം ബഹുമാനം പുലര്‍ത്തിയിരുന്നു.
Content Highlights: the rift between op nayyar and latha mangeshkar