ഭാര്യ കമലയോ സോഷ്യലിസമോ, നെഹ്രുവിന്റെ ചുകന്ന റോസാപ്പൂവ്

ഇന്ന് ശിശുദിനമാണ്. കുട്ടികളെ ഒരുപാട് സ്‌നേഹിച്ച ഇന്ത്യയുടെ ഭാവി അവരിലാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ച ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം. ലോകം ഒന്നടങ്കം ബഹുമാനിച്ചു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ. കോട്ടിന്മേല്‍ ഒരു ചുകന്ന റോസാപ്പൂവ് ധരിച്ച നെഹ്രുവിന്റെ ചത്രം എല്ലാവര്‍ക്കും പരിചിതമാണ്.
2019ലെ റോസ് ദിനത്തില്‍ (ഫെബ്രുവരി 7) കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ റോസാപ്പൂവ് ധരിച്ച നെഹ്രുവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ദീര്‍ഘനാളത്തെ അസുഖത്തെത്തുടര്‍ന്ന് 1938-ല്‍ അന്തരിച്ച ഭാര്യ കമലാ നെഹ്രുവിനൊപ്പമുള്ള നാളുകളുടെ ഓര്‍മ്മപ്പെടുത്തലായി ജവഹര്‍ലാല്‍ നെഹ്രു തന്റെ കോട്ടില്‍ ദിവസവും ഒരു ചുവന്ന റോസാപ്പൂവ് ധരിച്ചു, എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു പോസ്റ്റ്. ഏറെക്കാലം രോഗങ്ങളുടെ പിടിയിലായിരുന്ന കമല 1938-ലാണ് മരണമടയുന്നത്. ഇരുപത്തിയൊന്നുകാരിയായ മകള്‍ ഇന്ദിര മാത്രമായി പിന്നീട് നെഹ്രുവിന്റെ കുടുംബം. 1964-ല്‍ മരണം തനിക്കരികില്‍ എത്തുന്നത് വരെ ഇരുപത്തിയാറു വര്‍ഷം നെഹ്രു കമലയുടെ ഓര്‍മകള്‍ക്കൊപ്പം കഴിഞ്ഞു. സഹോദരി വിജയലക്ഷ്മിയുടെ എഴുത്തിലും കമലയുടെ മരണത്തിനു മുന്‍പ് റോസാപ്പൂവ് നെഹ്രുവിന്റെ വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്നില്ല എന്ന സൂചനയുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനി സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കെതിരെ പടവെട്ടിയപ്പോള്‍ ജര്‍മന്‍ സോഷ്യലിസ്റ്റുകള്‍ക്ക് യൂറോപ്പിലേക്കും അമേരിക്കയിലേക്കും നാടുവിടേണ്ടി വന്നു. അവരില്‍ പലരും സ്വന്തം രാഷ്ട്രീയസ്വത്വത്തിന്റെ പ്രതീകമായി ചുകന്ന റോസാപ്പൂവ് കോട്ടിനുമേല്‍ ധരിക്കാന്‍ തുടങ്ങി. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലം മുതല്‍ക്കേ ഇടത് ആശയങ്ങളുടെ ചിഹ്നമായിരുന്നു ഫ്രഞ്ചുകാര്‍ക്ക് ചുവന്ന റോസാപ്പൂവ്. കറ കളഞ്ഞ സോഷ്യലിസ്റ്റ് കൂടിയായിരുന്ന നെഹ്രു ചുവന്ന റോസാപ്പൂവ് ധരിച്ചിരുന്നത് തന്റെ ആശയങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണെന്നും കരുതിപ്പോരുന്നു.
കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന നെഹ്രുവിനെ കുട്ടികള്‍ക്കും വലിയ ഇഷ്ടമായിരുന്നു. ചാച്ചാ നെഹ്രു എന്നാണ് കുട്ടികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിക്കൂട്ടുകാരുടെ ചാച്ചാജി അവരെ പലപ്പോഴും പനിനീര്‍പ്പൂക്കളുമായി താരതമ്യം ചെയ്യുമായിരുന്നു. പനിനീര്‍പ്പൂക്കളുടെ സുഗന്ധവും സൗന്ദര്യവും വിശുദ്ധിയും കുട്ടികളുടെ നിര്‍മലമായ മനസ്സ് പോലെയാണ് എന്നായിരുന്നു നെഹ്രുവിന്റെ കാഴ്ചപ്പാട്. ഒരിക്കല്‍ അദ്ദേഹത്തെ കാണാനെത്തിയ ഏതോ കുട്ടി സ്‌നേഹസമ്മാനമായി ഒരു റോസാപ്പൂവ് നല്‍കിയെന്നും അതിന്റെ ഓര്‍മയ്ക്ക് അദ്ദേഹം പൂവ് ധരിക്കുന്നത് പതിവാക്കിയതാണെന്നും കഥയുണ്ട്
Content Highlights: the red rose worn by nehru