ജീവിതത്തിലും കാതല്‍ മന്നന്; മൂന്ന് വിവാഹങ്ങള്‍, അതിനിടയിലും കാമുകിമാര്‍

തമിഴ് സിനിമയ്ക്ക് ത്രിമൂര്ത്തികളുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എം.ജി.ആറും ശിവാജി ഗണേശനും ജെമിനി ഗണേശനുമാണ് തമിഴ് സിനിമയുടെ അഭിമാനമായിരുന്ന മൂന്ന് ശക്തി ദുര്‍ഗങ്ങള്‍. അതില്‍ സിനിമാലോകത്ത് മാത്രം ചുവടുറപ്പിച്ചുനിന്ന, നാടകത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അരങ്ങിലിറങ്ങാത്തത് ജെമിനി ഗണേശന് മാത്രം. തമിഴരുടെ സ്വന്തം കാതല്‍ മന്നന്.
ഒരു റൊമാന്റിക് ഹീറോയുടെ സിംഹാസനം ഒഴിഞ്ഞുകിടക്കുകയായിരുന്നു തമിഴ് സിനിമയില്‍. എം.ജി.ആര് ആക്ഷനും ശിവാജി ഗണേശന് അതിവൈകാരികതയും ഡ്രാമയും സ്വന്തം തട്ടകമാക്കിയപ്പോള്‍ രാമസ്വാമി ഗണേശന് എന്ന ജെമിനി ഗണേശന് റൊമാന്‍സിന്റെ കനകക്കിരീടം സ്വന്തമാക്കി. എന്നാല്‍ സിനിമയേക്കാള്‍ വലിയ റൊമാന്‍സ് കഥകള്‍ കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തിന്റെ വ്യക്തിജീവിതം.
സിനിമയിലെത്തും മുന്നേ പത്തൊന്‍പതാം വയസില്‍ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. അലമേലു ആയിരുന്നു ആദ്യ ഭാര്യ. സിനിമാലോകത്തെ തിരക്കുകള്‍ക്കിടെ അദ്ദേഹം അലമേലുവിനെ മറന്നു. മറ്റ് സ്ത്രീകളുമായി അടുപ്പം ആരംഭിച്ചു. രേവതി, കമല, ജയലക്ഷ്മി, നാരായണി എന്നിങ്ങനെ നാല് പെണ്മക്കളായിരുന്നു ഈ വിവാഹത്തില്‍.
പുഷ്പവല്ലി എന്ന തെലുഗ്, തമിഴ് നടിയുമായി ജെമിനി ഗണേശന് അടുക്കുന്നത് അലമേലുവുമായി ബന്ധം തുടരുമ്പോള്‍ തന്നെയാണ്. ആദ്യ ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുകയായിരുന്ന പുഷ്പവല്ലിയുമായി ഗണേശന് പ്രണയത്തിലായി. അവര്‍ ഒരുമിച്ചായി. ആയിടെയാണ് നടി സാവിത്രിയുമായി ഗണേശന് അടുക്കുന്നത്. അതോടെ പുഷ്പവല്ലിയെ കാണാന്‍ അദ്ദേഹം വരാതെയായി.
ഗണേശനുമായുള്ള ബന്ധത്തില്‍ പുഷ്പവല്ലിക്ക് രണ്ടു മക്കള്‍ പിറന്നിരുന്നു. ഭാനുരേഖയും രാധയും. ഈ കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഗണേശന് വിസമ്മതിച്ചു. അതോടെ രണ്ട് കുട്ടികളുടെ ജീവിതച്ചെലവുമായി പുഷ്പവല്ലി പ്രയാസപ്പെട്ടു. ചെറുകിട റോളുകള്‍ ചെയ്തും അധികസമയം ജോലി ചെയ്തും മുന്നോട്ടുപോകേണ്ട ഗതികേടിലായി അവര്‍. പുഷ്പവല്ലിയുടെ മകളായ ഭാനുരേഖയാണ് പിന്നീട് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ഉജ്വല സൗന്ദര്യപ്രതീകമായ നടി രേഖയായി മാറിയത്.
മഹാനടി എന്ന് തെലുങ്കര്‍ ആരാധനയോടെ വിളിക്കുന്ന സാവിത്രിയുമായുള്ള ഗണേശന്റെ പ്രണയവും വിവാഹവും കലുഷിതമായിരുന്നു. അന്നത്തെ നിയമപ്രകാരം ഹിന്ദു പുരുഷന് ഒന്നിലധികം ഭാര്യമാര്‍ ആകാമായിരുന്നു. തന്റെ കുടുംബത്തിനെതിരെ പോയാണ് സാവിത്രി, ഗണേശനെ വിവാഹം ചെയ്തത്. വിജയ ചാമുണ്ഡേശ്വരി എന്നൊരു മകളാണ് ഇവര്‍ക്ക് ആദ്യം പിറന്നത്. പിന്നെ സതീഷ് കുമാര്‍ എന്നൊരു മകനും. ജെമിനി ഗണേശന്റെ എട്ടു മക്കളില്‍ ഏക ആണ്‍തരിയായിരുന്നു സതീഷ് കുമാര്‍.
1981-ല്‍ സാവിത്രിയുമായി പിരിഞ്ഞ ജെമിനി ഗണേശന് 1997-ല്‍ ശേഷം ജൂലിയാന ആന്‍ഡ്രുവിനെ വിവാഹം കഴിച്ചു. 2005-ല്‍ മരിക്കും വരെ അദ്ദേഹം ജൂലിയാനയ്ക്കൊപ്പമായിരുന്നു. ഗണേശന്റെ സംസ്കാരചടങ്ങുകള്‍ക്ക് മകള്‍ രേഖ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു. അച്ഛനോട് ഒരിക്കല്‍പോലും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം സങ്കല്പലോകത്ത് മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും രേഖ പ്രതികരിച്ചു.
Content Highlights: the marriages and affairs of tamil actor gemini ganesan