'ചത്ത എലിയെ വായില്‍ വെച്ചു തന്നു, എന്തെന്നു മനസ്സിലാവാതെ ഞാന്‍ കഴിച്ചു'- ഹാഫിസ് അസദിന്റെ ക്രൂരത

ഹാഫിസ് അല്‍ അസദ്‌ | AFP
ഹാഫിസ് അല്‍ അസദ്‌ | AFP

'മരണവും ഭയവും നിറച്ച ജയിലിനുള്ളില്‍ എന്നാണ് ഞാന്‍ മരിച്ച് സുരക്ഷിതനാവുക, അതിനുവേണ്ടി മാത്രമാണ് ഞാന്‍ കാത്തിരുന്നത്. ഒരിക്കല്‍ ഒരു കാവല്‍ക്കാരന്‍ രാത്രിയില്‍ എന്നെ മൃഗീയമായി പീഡിപ്പിച്ചു. എന്റെ നഗ്നമായ നെഞ്ചിലും പുറകിലും ഇടിച്ചു, അയാള്‍ ചത്ത എലിയെ വായില്‍ വെച്ചുതന്നു. ഭയം കാരണം വായില്‍ എന്താണെന്നുപോലും അറിയാതെ ഞാനത് കഴിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്നാണത്.'- ഹാഫിസ് അല്‍ അസദിന്റെ ഭരണകാലത്ത് 13 വര്‍ഷത്തോളം സിറിയയിലെ തദ്മുര്‍ ജയിലില്‍ കഴിഞ്ഞ, അവിടെനിന്ന് ക്രൂരപീഡനങ്ങളേല്‍ക്കേണ്ടിവന്ന ഇസ്മായില്‍ മുസ്തഫ എന്നയാളുടെ വാക്കുകളാണിത്. ജയില്‍മോചിതനായ ശേഷം തുര്‍ക്കിയിലെ അനദൊലു വാര്‍ത്താ ഏജന്‍സിയോടു അദ്ദേഹം മനസ്സു തുറന്നത് ഇങ്ങനെയാണ്. 

സിറിയ കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്നു ബാഷര്‍ അല്‍ അസദിന്റെ പിതാവും ആധുനികസിറിയയുടെ ശില്പിയുമായ ഹാഫിസ് അല്‍ അസദ്. 

സിറിയയിലെ കുടുംബവാഴ്ച
അഞ്ചു പതിറ്റാണ്ടു മുമ്പാണ് സിറിയയില്‍ കുടുംബവാഴ്ച തുടങ്ങുന്നത്. സിറിയന്‍ എയര്‍ഫോഴ്‌സ് കമാന്‍ഡറും പ്രതിരോധമന്ത്രിയുമായിരുന്നു ഹാഫിസ്. 1970-ല്‍ നടന്ന പട്ടാള അട്ടിമറിയിലൂടെ, ഹാഫിസ് അല്‍ അസദ് ഭരണം പിടിച്ചു. പലതവണ സിറിയയില്‍ അട്ടിമറി നടന്നിട്ടുണ്ടെങ്കിലും നിലവില്‍ വന്ന സര്‍ക്കാരുകള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. പക്ഷേ, കരുണയില്ലാതെ അടിച്ചമര്‍ത്താനും വെല്ലുവിളികളെ നേരിടാനും വലിയ സൈന്യത്തെ ഒപ്പം കൂട്ടാനും ഹാഫിസിന് സാധിച്ചു.

മൂന്നു പതിറ്റാണ്ടോളം രാജ്യത്തെ തന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയ ഹാഫിസ് അറേബ്യയുടെ നേതാവായി തന്നെയും തന്റെ രാഷ്ട്രത്തെയും സ്വപ്‌നം കണ്ടു. അത് നേടിയെടുക്കാന്‍ ക്രൂരതയുടെ അങ്ങേയറ്റം വരെ പോകാന്‍ മടിച്ചില്ല. കമാന്‍ഡറായിരുന്നപ്പോഴും മറ്റും വളരെയധികം ബന്ധങ്ങള്‍ ഹാഫിസ് ഉണ്ടാക്കിയെടുത്തിരുന്നു. പദ്ധതികള്‍ തയ്യാറാക്കാന്‍ അത് മുതല്‍ക്കൂട്ടായി. അധികാരം പൂര്‍ണമായും തന്നിലാണെന്ന് ഉറപ്പുവരുത്താന്‍ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമായിരുന്നു ഹാഫിസ് ഉപയോഗിച്ചിരുന്നത്. രാജ്യത്ത് ഏകാധിപത്യം പുലര്‍ന്നു.

ഹാഫിസ് അല്‍ അസദിന്റെ പ്രതിമ നശിപ്പിക്കുന്നു

ഹമ നഗരത്തിലെ കൂട്ടക്കൊല
ചെറിയ നീക്കം പോലും തനിക്കെതിരേ ഉയരുന്നുവെന്നു കണ്ടാല്‍ അതിനെ അടിച്ചമര്‍ത്തി മുളയിലേ നുള്ളാന്‍ ഹാഫിസ് ശ്രദ്ധിച്ചു. വിമതര്‍ പല കോണുകളില്‍ നിന്നും തലപൊക്കിയെങ്കിലും ഹാഫിസിന്റെ ക്രൂരപീഡനങ്ങള്‍ക്കുമുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. 1982-ല്‍ ഹമ നഗരത്തില്‍ അസദിന്റെ സുരക്ഷാസേന ഒരു കൂട്ടക്കൊല നടത്തി. 20000 മുതല്‍ 40000 സാധാരണക്കാര്‍ വരെ മരിച്ചുവെന്നാണ് കണക്ക്. പ്രതിപക്ഷത്ത് വളര്‍ന്നുവന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന സംശയമാണ് ഇത്രയും പേരെ ഒന്നിച്ച് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ആഗോളതലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട സംഭവമാണിത്. പക്ഷേ, തന്റെ ഭരണകൂടത്തിനെതിരേ ചെറുവിരലെങ്കിലും ഉയര്‍ത്തുന്നവര്‍ക്ക് ചോരയുടെ ഭാഷയില്‍ അസദ് മുന്നറിയിപ്പുനല്‍കിക്കൊണ്ടേയിരുന്നു. 

അയല്‍രാജ്യമായ ലെബനന്‍ പിടിച്ചെടുത്ത് സിറിയക്കൊപ്പം ചേര്‍ക്കാന്‍ ഹാഫിസ് ശ്രമം നടത്തി. തിരിച്ചടികള്‍ നേരിടുമ്പോഴെല്ലാം രാജ്യത്തെ തടവുപുള്ളികളെ പീഡിപ്പിച്ചുകൊണ്ടാണ് ഹാഫിസ് ദേഷ്യം തീര്‍ത്തിരുന്നതത്രേ. ലെബനനില്‍ അസദിന്റെ സൈന്യവും മൈക്കല്‍ ഓണിന്റെ സൈന്യവും തമ്മില്‍ പോരാട്ടം നടന്ന 1989-ല്‍ ഹാഫിസ് സമ്മര്‍ദ്ദത്തിലായിരുന്നു. തിരിച്ചടികളില്‍ ദേഷ്യമൊടുങ്ങുന്നതുവരെ തടവുപുള്ളികളെ പീഡിപ്പിക്കുന്നത് സ്ഥിരം സംഭവമായിയെന്ന് മുസ്തഫ ഓര്‍ക്കുന്നു. 

മൂത്ത മകന്‍ ബാസല്‍ അല്‍ അസദിനെയാണ് തന്റെ പിന്‍ഗാമിയായി ഹാഫിസ് വളര്‍ത്തിക്കൊണ്ടുവന്നത്. 1994-ലെ ഒരു കാറപകടത്തില്‍ ബാസല്‍ മരിച്ചു. ആ വര്‍ഷം ക്രൂരപീഡനത്തിന്റെ മറ്റൊരു വര്‍ഷമായിരുന്നു, മകന്റെ കൊലപാതകികളെന്നപോലെയാണ് ജയിലില്‍ തങ്ങളെ പീഡിപ്പിച്ചതെന്ന് മുസ്തഫ പറയുന്നു. 2000 ജൂണില്‍ പീഡനം പെട്ടെന്ന് നിലച്ചതായി അദ്ദേഹം ഓര്‍ത്തു. 'എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല, രാജ്യത്ത് എന്തോ വലുത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. ഹാഫിസിന്റെ രണ്ടാമത്തെ മകനായ ബാഷര്‍ അല്‍ അസദ് നിങ്ങളോട് പൊറുത്തുവെന്ന് അധികൃതര്‍ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കി, പ്രസിഡന്റ് മരിച്ചുവെന്ന്'. 2007-ലാണ് മുസ്തഫ ജയില്‍ മോചിതനാവുന്നത്. ഹൃദയാഘാതമായിരുന്നു ഹാഫിസിന്റെ മരണകാരണം. 

ന്യൂനപക്ഷക്കാരായ അലവികള്‍
സിറിയന്‍ ജനസംഖ്യയുടെ പത്തുശതമാനമാണ് അലവി ന്യൂനപക്ഷമുള്ളത്. ഷിയാ വിഭാഗത്തില്‍ പെടുന്ന അലവികളാണ് അസദ് കുടുംബം. ഈ ന്യൂനപക്ഷമാണ് പില്‍ക്കാലത്ത് രാജ്യത്തെ അധികാരകേന്ദ്രങ്ങളില്‍ പ്രധാനമായും നിലയുറപ്പിച്ചത്. സൈന്യം, രഹസ്യാന്വേഷണം, ബ്യൂറോക്രസി, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയടക്കമുള്ള നിര്‍ണായകസ്ഥാനങ്ങളില്‍ അലവികളുണ്ടെന്ന് ഹാഫിസ് ഉറപ്പാക്കി.

ഹാഫിസ് അല്‍ അസദ്
1930-ല്‍ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ഹാഫിസ് അല്‍ അസദിന്റെ ജനനം. കുടുംബത്തില്‍ ആദ്യമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നത് ഹാഫിസാണ്. പഠനത്തില്‍ മിടുക്കനായ ഹാഫിസിന് 14-ാം വയസ്സിനു മുമ്പേ ഒട്ടേറെ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അതേസമയം, സുന്നികളില്‍ നിന്ന് വര്‍ഗീയവിവേചനവും നേരിട്ടു. 1946-ല്‍ വിദ്യാര്‍ഥി പ്രവര്‍ത്തകനായി സിറിയയിലെ ബാത്ത് പാര്‍ട്ടിയില്‍ ചേര്‍ന്നു.

തുടക്കത്തില്‍ തന്നെ സംഘാടനമികവു കാട്ടിയ അസദിന് പാര്‍ട്ടി വലിയ ചുമതലകള്‍ നല്‍കി. 1952-ല്‍ ഹോംസ് മിലിട്ടറി അക്കാദമിയിലേക്ക്. മൂന്ന് വര്‍ഷത്തിന് ശേഷം എയര്‍ഫോഴ്‌സ് പൈലറ്റായി ബിരുദം നേടി. 1963-ല്‍ ബാത്തിസ്റ്റുകള്‍ അട്ടിമറിയിലൂടെ സിറിയയുടെ അധികാരമേറ്റു. അസദ് വ്യോമസേനയുടെ കമാന്‍ഡറായി. 1966-ല്‍, പാര്‍ട്ടിയുടെ സിവിലിയന്‍ നേതൃത്വത്തെ അട്ടിമറിക്കുകയും അതിന്റെ സ്ഥാപകരെ നാടുകടത്തുകയും ചെയ്തശേഷം പ്രതിരോധ മന്ത്രിയായി. 1970-ലെ അട്ടിമറിയില്‍ അധികാരം പൂര്‍ണമായും ഹാഫിസിന്റെ കൈകളിലേക്കെത്തി. പിന്നീട്‌ സിറിയയുടെ 18-ാമത് പ്രസിഡന്റാവുകയും ചെയ്തു.

Content Highlights: syrian dictator hafez al-assad's cruelty