വില്ലനായ മദ്യാസക്തി, സെറ്റിൽ വഴക്ക്; ഒരു എപ്പിസോഡിന് 5 കോടി രൂപ വാങ്ങുന്ന കപിൽ

കപില്‍ ശര്‍മ / instagram
കപില്‍ ശര്‍മ / instagram

ഇന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്ന പരിപാടികളിലൊന്നാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'. കൊമേഡിയനും ഗായകനും നിര്‍മാതാവും അഭിനേതാവുമായ കപില്‍ ശര്‍മയാണ് ഈ പരിപാടിയുടെ ആതിഥേയന്‍. സിനിമാതാരങ്ങളും എഴുത്തുകാരും ബിസിനസുകാരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം പരിപാടിയില്‍ അതിഥിയായെത്താറുണ്ട്. അര്‍ച്ചന പൂരണ്‍സിങ്, കൃഷ്ണ അഭിഷേക്, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരും പരിപാടിയുടെ ഭാഗമാണ്. 

2024 മാര്‍ച്ച് 30 മുതലാണ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. 2016-ല്‍ 'ദ കപില്‍ ഷോ'യിലൂടെയാണ് കപില്‍ ശര്‍മ ഒരു പരിപാടിയുടെ ആതിഥേയനാവുന്നത്. കപില്‍ ശര്‍മ എന്ന ബ്രാന്‍ഡിന്റെ തുടക്കവും അവിടുന്നുതന്നെ. അതിനിടയില്‍ പലപ്പോഴും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായി. മദ്യപാനവും ആരോഗ്യപ്രശ്‌നങ്ങളും പലപ്പോഴും തളര്‍ത്തി. അവിടുന്നൊക്കെ ശക്തമായൊരു തിരിച്ചുവരവ് നടത്തുകയായിരുന്നു കപില്‍.

അമൃത്സറിലാണ് കപിലിന്റെ ജനനം. ശമ്പളം കിട്ടിയാല്‍ നന്നായി ഭക്ഷണം കഴിച്ചും മദ്യപിച്ചും ആ പണം തീര്‍ക്കുന്ന ശീലമായിരുന്നു കപിലിന്റെ അച്ഛന്റേത്. പിന്നെ ഒരുമാസത്തെ ചെലവിന് പലപ്പോഴും ബുദ്ധിമുട്ടും. അതുകൊണ്ടുതന്നെ സമ്പാദ്യവുമില്ല. അതിനിടയിലാണ് അദ്ദേഹത്തിന് കാന്‍സര്‍ ബാധിക്കുന്നത്. കപിലിന്റെ 15-ാം വയസ്സില്‍ അച്ഛന്‍ മരിക്കുകയും ചെയ്തു. കുടുംബം സാമ്പത്തികമായി ആകെ തകര്‍ന്നു. 

അമ്മയ്ക്കും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം കപില്‍ ശര്‍മ

താനും കൂടി ജോലിക്ക് പോവേണ്ടിവരുമെന്ന് കപിലിന് മനസ്സിലായി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനത്തോടൊപ്പം തന്നെ പബ്ലിക് ടെലിഫോണ്‍ ബൂത്ത് ഓപ്പറേറ്ററായും ജോലി ചെയ്തു. കുറച്ച് പോക്കറ്റ് മണി കിട്ടുമല്ലോ എന്നതാണ് കപിലിനെ അതിലേക്ക് ആകര്‍ഷിച്ചത്. കോളേജിലെത്തിയപ്പോള്‍ വീടിനടുത്തുള്ള കുട്ടികളെ നാടകം പഠിപ്പിച്ചു. അങ്ങനെയൊക്കെയായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. 

അപ്പോഴെല്ലാം കപിലിന്റെ മനസ്സില്‍ ഒരു സ്വപ്‌നമുണ്ടായിരുന്നു, ലോകമറിയപ്പെടുന്ന ഒരു ഗായകനാവണം. അതേ ആഗ്രഹത്തോടെയാണ് മുംബൈയിലേക്ക് വണ്ടികയറുന്നത്. പക്ഷേ എത്തിയതോ, 'ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്ടര്‍ ചാലഞ്ച്' എന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി സീരീസിലും. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി കപില്‍ തകര്‍ത്തുമുന്നേറി. കപില്‍ ആയിരുന്നു ആ പരിപാടിയില്‍ ജേതാവായത്. ഒപ്പം 10 ലക്ഷം രൂപ സമ്മാനവും കിട്ടി. എങ്കിലും സംഗീതം മനസ്സില്‍നിന്ന് വിട്ടുപോയിരുന്നില്ല. തൊട്ടുപുറകെ സീ ടിവിയുടെ സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. അതില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. എങ്കിലും തന്റെ മേഖല കോമഡിയാണെന്ന് അപ്പോഴേക്കും അദ്ദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. 

സ്‌റ്റേജ് ഷോകളിലും അവാര്‍ഡ് നിശകളിലും കപില്‍ അവതാരകനായി. കുറച്ചുവര്‍ഷങ്ങള്‍ അങ്ങനെ പോയി. അതിനിടയിലാണ് സ്വന്തം പേരിലുള്ള ഷോ അവതരിപ്പിക്കാനുള്ള അവസരം കിട്ടുന്നത്. പരിപാടി വമ്പന്‍ഹിറ്റായി. ഒരു സീസണ്‍ പൂര്‍ത്തിയായി. എല്ലാമൊന്ന് കരയ്ക്കടുത്തുവെന്ന് തോന്നിയ സമയത്താണ് അടുത്ത പ്രശ്‌നമുണ്ടായത്. അമിതമായ മദ്യപാനമായിരുന്നു കപിലിനെ വീഴ്ത്തിയത്. അതിനൊപ്പം കടുത്തവിഷാദവും. 2017-ല്‍ കപിലിനെക്കുറിച്ചുള്ള മോശം വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടേയിരുന്നു. അവിടുന്ന് അദ്ദേഹത്തിന്റെ കരിയര്‍ കുത്തനെ താഴാന്‍ തുടങ്ങി. 

കമല്‍ഹാസനും ദീപിക പദുകോണിനുമൊപ്പം കപില്‍ ശര്‍മ / ANI, instagram

പലപ്പോഴും ഷോയുടെ ഷൂട്ടിങ്ങിനുപോലും കപില്‍ എത്തിയില്ല. ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ ഉള്‍പ്പെടെയുള്ള പല അതിഥികള്‍ക്കും ഷൂട്ടിങ് നടക്കാത്തതിനാല്‍ മടങ്ങിപ്പോവേണ്ടിവന്നു. ഷൂട്ടിങ് തുടങ്ങിയാലും, അത് പകുതിയില്‍വെച്ച് നിര്‍ത്തിപ്പോവുന്നതും കപില്‍ ശീലമാക്കി. ഷോയിലെ പലരോടും അപമര്യാദയായി പെരുമാറി. ഓസ്‌ട്രേലിയയില്‍നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ അദ്ദേഹം സഹതാരമായ സുനില്‍ ഗ്രോവറിനെ പരസ്യമായി അപമാനിച്ചു, ചീത്തവിളിച്ചു. 'കപില്‍ ഷോ'യില്‍ സഹതാരമായിരുന്നു ഗ്രോവര്‍. ഈ പ്രശ്‌നത്തിന്റെ പേരില്‍ ഗ്രോവര്‍ ഷോയില്‍നിന്ന് പുറത്തുപോയി. അതോടെ പരിപാടിയുടെ ജനപ്രീതിയും കൂപ്പുകുത്തി. 2018-ല്‍ ഷോയുടെ രണ്ടാം സീസണ്‍ തുടങ്ങിയെങ്കിലും, മൂന്ന് എപ്പിസോഡ് ആയപ്പോഴേക്കും അതും നിര്‍ത്തി. അതിനൊപ്പം കപില്‍ നിര്‍മിച്ച 'ഫിരംഗി' എന്ന സിനിമ ബോക്‌സോഫീസില്‍ മൂക്കുകുത്തി വീണു. 25 കോടിയില്‍ നിര്‍മിച്ച പടത്തിന് 10 കോടി തിരിച്ചുപിടിക്കാനേ കഴിഞ്ഞുള്ളൂ.

പ്രശ്‌നങ്ങളെല്ലാം നടക്കുമ്പോഴും മദ്യപാനം ഒരുവശത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു. കപിലിന്റെ മാര്‍ക്കറ്റ് വാല്യു കുത്തനെ ഇടിയുകയായിരുന്നു. കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പക്ഷേ 15 ദിവസം കഴിഞ്ഞപ്പോഴേക്കും അവിടുന്ന് ആരുമറിയാതെ പുറത്തുകടന്നു. വീണ്ടും മദ്യപാനം തുടങ്ങി. അതിനൊപ്പം ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളും. ഭര്‍ത്താവിന്റെ മദ്യപാനം കണ്ട് ജീവിച്ച കപിലിന്റെ അമ്മയ്ക്ക്, മകനും അതേ പാതയില്‍ പോവുന്നത് സഹിച്ചില്ല. അമ്മയുടെ കരച്ചിലും സങ്കടങ്ങളും കണ്ട് വീണ്ടും ഡീ അഡിക്ഷന്‍ സെന്ററിലേക്ക്. ഇക്കുറി ചികിത്സ പൂര്‍ത്തിയാക്കിയിട്ടാണ് ഇറങ്ങിയത്. അതേ വര്‍ഷം തന്നെ പ്രണയിനിയായ ഗിന്നിയുമായുള്ള വിവാഹവും. തൊട്ടുപുറകെ 'കപില്‍ ഷോ' വീണ്ടും തുടങ്ങുകയും ചെയ്തു. 

കരീന കപൂറും അക്ഷയ് കുമാറും അതിഥികളായെത്തിയപ്പോള്‍

2022-ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ 'കപില്‍ ശര്‍മ: അയാം നോട്ട് ഡണ്‍ യെറ്റ്' എന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടി അവതരിപ്പിച്ചു. സ്വന്തം അനുഭവങ്ങളും തിരിച്ചടികളും മദ്യപാനം തകര്‍ത്ത ജീവിതവുമെല്ലാമാണ് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചത്. തൊട്ടുപുറകെ നെറ്റ്ഫ്‌ള്ക്‌സില്‍ തന്നെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യും. ഇന്ന് ബോളിവുഡിലെ പ്രമുഖര്‍ക്ക് പോലും ലഭിക്കാത്തത്ര പ്രതിഫലമാണ് കപില്‍ ഒരു എപ്പിസോഡിന് വാങ്ങുന്നത്, 5 കോടി രൂപ. അമിതാഭ് ബച്ചന്‍, കരണ്‍ ജോഹര്‍, രോഹിത് ഷെട്ടി തുടങ്ങിയവരുടെ പ്രതിഫലത്തേക്കാള്‍ വളരെ കൂടുതല്‍. 

Content Highlights: story of kapil sharma, host, comedian, actor and producer