കമന്റ് ബോക്‌സില്‍ വന്ന് ലിങ്ക് ഉണ്ടോ എന്ന് ചോദിക്കുകയാണോ സാക്ഷരകേരളം ചെയ്യേണ്ടത്?

'എടാ, സുന്ദരന്മാരേ...'' എന്ന ഒറ്റവിളി മതിയായിരുന്നു രങ്കണ്ണന്റെ പിള്ളേരുടെ ചേച്ചി സ്വീറ്റിക്ക് തിയേറ്ററില്‍ ആവേശത്തിരയൊഴുക്കാന്‍. 'ആവേശ'ത്തിലെ സ്വീറ്റിയെന്ന കഥാപാത്രത്തിലൂടെ പൂജാ മോഹന്‍രാജ് പ്രേക്ഷകമനസ്സില്‍ ഇടംനേടുകയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പൂജ നാടകമേഖലയിലെത്താന്‍ കാരണം അമ്മയാണ്. അന്തര്‍മുഖയായ മകളെ ഒന്നുഷാറാക്കണമെന്നേ നാടകപരിശീലനത്തിനയക്കുമ്പോള്‍ പൂജയുടെ അമ്മ കരുതിയിരുന്നുള്ളൂ. എന്നാല്‍, നാടകാഭിനയം പൂജയ്ക്കുമുന്നില്‍ വെള്ളിത്തിരയുടെ വാതില്‍ തുറന്നു.
'വണ്‍' സിനിമയിലൂടെ ആദ്യമണിഞ്ഞ പോലീസ്വേഷം ഗംഭീരമായ തുടക്കം നല്‍കി. പിന്നീട് കോള്‍ഡ് കേസ്, ഫ്രീഡം ഫൈറ്റ്, രോമാഞ്ചം, ഇരട്ട, പുരുഷപ്രേതം, നീലവെളിച്ചം, കാതല്‍, ആവേശം, സൂക്ഷ്മദര്‍ശിനി തുടങ്ങിയ സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍. ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തതിന്റെ സന്തോഷത്തിലാണ് പൂജ. തന്റെ സിനിമാപ്രതീക്ഷകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു പൂജാ മോഹന്‍രാജ്.
നാടകവേദികളില്‍നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയതെങ്ങനെ?
ചെറുപ്പത്തില്‍ ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായിരുന്നു ഞാന്‍. അത് മാറ്റിയെടുക്കാനാണ് അമ്മ കൊച്ചിയിലെ ലോകധര്‍മി എന്ന നാടകപരിശീലനകേന്ദ്രത്തില്‍ ചേര്‍ത്തത്. നാടകത്തിന്റെ തുടക്കം അതായിരുന്നു. ഡല്‍ഹിയില്‍വെച്ചാണ് ബിരുദം പൂര്‍ത്തിയാക്കുന്നത്. അവിടെ നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. അങ്ങനെ ഇതൊരു കരിയറാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. തുടര്‍ന്ന് തൃശ്ശൂര്‍ ഡ്രാമ സ്‌കൂളില്‍ ബിരുദാനന്തരബിരുദവും സിങ്കപ്പൂര്‍ ഇന്റര്‍കള്‍ച്ചറല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുവര്‍ഷത്തെ ആക്ടിങ് പ്രോഗ്രാമും ചെയ്തു. നാടകാഭിനയവും വര്‍ക്ഷോപ്പുകളുമായി നാടകമേഖലയില്‍ സജീവമായിരുന്നു. പിന്നീട് ഓഡിഷനിലൂടെയാണ് സിനിമയിലെത്തുന്നത്. ആദ്യസിനിമ 'വണ്‍' ആണ്. ശേഷം 'കോള്‍ഡ് കേസ്'. 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി സിനിമയില്‍ കുഞ്ഞില മാസില്ലാമണിയുടെ 'അസംഘടിതര്‍' എന്ന ഭാഗത്തിലഭിനയിച്ചു. ആ സിനിമയിലെ സജ്ന എന്ന കഥാപാത്രത്തിലൂടെയാണ് ഇരട്ട, രോമാഞ്ചം, നീലവെളിച്ചം തുടങ്ങിയ സിനിമകളിലേക്ക് അവസരം ലഭിക്കുന്നത്.
നാടകപരിശീലനം സിനിമയില്‍ എത്രത്തോളം സ്വാധീനിച്ചു?
അഭിനയത്തില്‍ കൃത്യമായ പരിശീലനം ലഭിച്ചയാളാണ് ഞാന്‍. നാടകപരിചയംതന്നെയാണ് സിനിമയിലെ അഭിനയത്തിനും എന്നെ എപ്പോഴും സഹായിക്കുന്നത്. അഭിനയംമാത്രമല്ല, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, സമൂഹവുമായുള്ള ഇടപഴകല്‍ എന്നിവയിലെല്ലാം നാടകത്തിന്റെ സ്വാധീനമുണ്ട്. കഥാപാത്രങ്ങളെ മനസ്സിലാക്കാനും വേറിട്ട രീതിയിലവതരിപ്പിക്കാനും നാടകപരിശീലനം സഹായിച്ചു. എനിക്ക് ലഭിച്ച ഓരോ കഥാപാത്രവും വ്യത്യസ്തമായിരുന്നു. എന്റെ സ്വഭാവവുമായിപ്പോലും ആ കഥാപാത്രങ്ങള്‍ക്ക് സാമ്യമില്ല. ഇതിനെല്ലാം നാടകപരിശീലനം സഹായിച്ചിട്ടുണ്ട്.
നാടകമാണോ സിനിമയാണോ കൂടുതലിഷ്ടം?
നാടകവും സിനിമയും എനിക്കൊരുപോലെ പ്രിയപ്പെട്ടതാണ്. കൂടെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കനുസരിച്ച് ഓരോ നാടകത്തോടും സിനിമയോടുമുള്ള ഇഷ്ടം കൂടും. ഒരു വിഷയം വലിയൊരു സമൂഹത്തിലേക്കെത്തിക്കാന്‍ സിനിമയിലൂടെ സാധിക്കും. നാടകങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. വളരെ കുറച്ച് കാണികളെമാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് വലിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന നാടകങ്ങളുണ്ട്. വിനോദത്തിനുമാത്രമുള്ളവയുമുണ്ട്. ഭാവത്തിലും ശരീരത്തിലും കഥാപാത്രത്തെ ഉള്‍ക്കൊണ്ടിട്ടാണ് അവ ചെയ്യുന്നത്. സിനിമയും നാടകവും കൂട്ടായ പ്രവര്‍ത്തനമാണ്. ഒരുപാടുപേര്‍ ഒന്നിച്ച് സൃഷ്ടിക്കുന്നത്.
'വണ്‍' സിനിമയിലെ പോലീസുദ്യോഗസ്ഥ, 'നീലവെളിച്ച'ത്തിലെ ലത, 'അസംഘടിതരി'ലെ സജ്ന, 'ആവേശ'ത്തിലെ സ്വീറ്റി, 'സൂക്ഷ്മദര്‍ശിനി'യിലെ സുലു... എന്നിങ്ങനെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാണ്. ഏതുതരം കഥാപാത്രമാണ് കൂടുതലിഷ്ടം?
എനിക്ക് എല്ലാ കഥാപാത്രങ്ങളും ചെയ്യാനിഷ്ടമാണ്. സ്‌ക്രീന്‍ ടൈമിനെക്കാളും ലഭിക്കുന്ന കഥാപാത്രത്തിന് സിനിമയിലുള്ള പ്രാധാന്യമാണ് നോക്കാറുള്ളത്. കഥയ്ക്കാവശ്യമില്ലാത്ത മുഴുനീള കഥാപാത്രത്തെക്കാളും സംതൃപ്തിയുണ്ട് വെറും രണ്ടുമിനിറ്റുമാത്രമുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍. ചുറ്റുമുള്ളവരെയാണ് കഥാപാത്രങ്ങള്‍ക്കുള്ള റെഫറന്‍സായെടുക്കാറുള്ളത്. 'സൂക്ഷ്മദര്‍ശിനി'യിലെ എന്റെ കഥാപാത്രം കാണുമ്പോള്‍ വല്യുമ്മാനെപ്പോലെ തോന്നുന്നുണ്ടെന്ന് ആ സിനിമയുടെ കോസ്റ്റ്യൂമര്‍ പറഞ്ഞിരുന്നു. അതുപോലെ, പ്രേക്ഷകര്‍ക്ക് പരിചയമുള്ളതോ അവരുടെ അയല്‍വീട്ടിലുള്ളതോ ആയ സ്ത്രീയുമായി അസ്മയ്ക്ക് സാമ്യമുണ്ടെന്ന് ആളുകള്‍ സന്ദേശങ്ങളയച്ചിരുന്നു.
'അസംഘടിതരി'ലെ സജ്നയും 'സൂക്ഷ്മദര്‍ശിനി'യിലെ അസ്മയും ഏകദേശം ഒരുപോലെ തോന്നിക്കുന്ന കഥാപാത്രങ്ങളാണ്. അസ്മ, സജ്നയെക്കാളും പ്രിവിലേജ്ഡായ സ്ഥാനത്താണുള്ളതെങ്കിലും. അവരെ രണ്ടുപേരെയും വ്യത്യസ്തമായി ചെയ്യാന്‍ സാധിക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം. ഓരോ കഥാപാത്രവും വ്യത്യസ്തമാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അഭിനയം കണ്ട് ആര്‍ക്കും മടുപ്പ് തോന്നരുതെന്ന് ആഗ്രഹിക്കുന്നു. ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ സന്തോഷം.
ഏറ്റവും കൂടുതല്‍ വെല്ലുവിളി തോന്നുന്ന കഥാപാത്രം?
ആദ്യത്തെ രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ വെല്ലുവിളികള്‍ കുറവാണ്. കാരണം നമ്മളപ്പോള്‍ അഭിനയിച്ചുതുടങ്ങുന്നതേയുള്ളൂ, ആളുകള്‍ക്ക് പരിചയമുള്ള മുഖമല്ല. കഥാപാത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ കഥാപാത്രങ്ങളെ മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമാക്കാനും രസകരമാക്കാനുമുള്ള ശ്രമങ്ങളും കൂടുതല്‍ വേണം. ആളുകളുടെ മനസ്സില്‍ നമ്മുടെ മുഖം പതിയുമ്പോള്‍ അഭിനയവും ഓരോ കഥാപാത്രവും പൂര്‍ണതയിലെത്തിക്കുക എന്നത് വെല്ലുവിളിയായിത്തീരും.
സിനിമയിലെ ടേണിങ് പോയിന്റ്?
കമേഴ്‌സ്യല്‍ ഹിറ്റ് എന്ന നിലയില്‍ ടേണിങ് പോയിന്റ് ആയി കരുതാവുന്നത് 'രോമാഞ്ച'മാണ്. ആ സിനിമയോടെ കുറച്ചുകൂടി ശ്രദ്ധ ലഭിച്ചു. എന്നാല്‍ 'രോമാഞ്ച'ത്തിലേക്ക് എത്തിയത് 'അസംഘടിതരി'ലൂടെയായിരുന്നു. സാമ്പത്തിക വിജയം നേടുന്ന സിനിമകള്‍ എത്രത്തോളം നമ്മുടെ കരിയറിനെ സ്വാധീനിക്കും എന്ന് മനസ്സിലായത് 'ആവേശ'ത്തിലൂടെയായിരുന്നു. 'ആവേശ'ത്തിലെ സ്വീറ്റിയെ ആളുകള്‍ ശ്രദ്ധിച്ചു. പ്രേക്ഷകരാല്‍ തിരിച്ചറിയപ്പെടാന്‍ കമേഴ്‌സ്യല്‍ സിനിമകള്‍ സഹായിക്കുന്നതായി തോന്നിയിട്ടുണ്ട്.
സിനിമയിലഭിനയിക്കാന്‍ കുടുംബവും ആഗ്രഹിച്ചിരുന്നോ?
ഞാന്‍ നന്നായി പഠിക്കുമായിരുന്നു. സിവിൽ സർവീസ് പരീക്ഷ എഴുതണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഇക്കണോമിക്‌സില്‍ ബിരുദം നേടിയത്. അഭിനയത്തിലേക്ക് തിരിയുമ്പോള്‍ വീട്ടിലും ആശങ്കകളുണ്ടായിരുന്നു. പക്ഷേ, എന്റെ ഇഷ്ടങ്ങള്‍ക്കെതിരേ നിന്നിട്ടില്ല. അച്ഛന് വിദേശത്തായിരുന്നു ജോലി. ലീവിന് വരുമ്പോഴായിരിക്കില്ല എന്റെ നാടകങ്ങള്‍ നടക്കുന്നത്. എന്റെ അഭിനയം നേരില്‍ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ടി.വി.യിലോ സിനിമയിലോ അഭിനയിക്കുകയാണെങ്കില്‍ എപ്പോഴും എന്റെ അഭിനയം കാണാമല്ലോ എന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു. അച്ഛന് നാടകം കാണാന്‍ സാധിച്ചില്ല, മരണപ്പെട്ടു. അച്ഛന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ഒരുപാട് സന്തോഷമായേനെ.
സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ സെന്‍സറിങ് വേണോ വേണ്ടയോ എന്ന വിഷയത്തെക്കുറിച്ച്?
ഒരാള്‍ക്ക് മറ്റൊരാള്‍ ധരിച്ച വസ്ത്രം കൊള്ളില്ല, ചേരുന്നില്ല എന്നുപറഞ്ഞ് വിമര്‍ശിക്കാം. അതിനപ്പുറം ധരിച്ച വസ്ത്രം അവരുടെ സ്വഭാവസര്‍ട്ടിഫിക്കറ്റായിക്കണ്ട് അവരുടെ വിവരം, വിദ്യാഭ്യാസം എന്നിവയെ വിലയിരുത്താനും അവരുടെ വീട്ടുകാരെക്കുറിച്ച് അധിക്ഷേപം നടത്താനുമുള്ള ലൈസന്‍സല്ല. ഇതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല, ചെയ്യുന്നത് തെറ്റാണ്. അതുപോലുള്ള അസഭ്യവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നേരിടേണ്ടിവന്ന ആളാണ് ഞാന്‍. സിനിമയിലൂടെ മാത്രമാണ് ആളുകള്‍ക്ക് നമ്മെ അറിയുന്നത്. സിനിമയ്ക്കുപുറത്ത് മറ്റൊരു ജീവിതമുണ്ട്. നമ്മുടെ ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. ഞാനും കുടുംബവുമൊത്ത് പുറത്തുപോവുമ്പോള്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും അടുത്തെത്തി ഏതെങ്കിലുമൊരു കോണില്‍നിന്ന് വീഡിയോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കും. അതിനുതാഴെ ആളുകള്‍ വളര്‍ത്തുദോഷമാണെന്നും പൈസയുണ്ടാക്കാന്‍ സിനിമയിലഭിനയിക്കാന്‍ വിടുകയാണെന്നുമൊക്കെ പറഞ്ഞ് വീട്ടുകാരെ അധിക്ഷേപിക്കുന്നു. ധരിക്കുന്ന വസ്ത്രംകൊണ്ടുണ്ടാവുന്ന അനന്തരഫലങ്ങളെ നേരിടാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. വസ്ത്രത്തെക്കുറിച്ച് വിമര്‍ശിക്കാം. വായില്‍ തോന്നിയത് എന്തും പറയുന്നത് ഒരിക്കലും വിമര്‍ശനമല്ല. വിമര്‍ശിക്കുന്നതിനും ഒരു ആരോഗ്യപരമായ വഴിയില്ലേ...
ഈ വിഷയം എന്നില്ല, ഏതൊരു വിഷയത്തിനും തോന്നിയതെല്ലാം പറയാന്‍ പറ്റില്ല. കാന്‍ ഫെസ്റ്റിവലില്‍ വിജയിച്ച 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമയിലഭിനയിച്ച രണ്ട് മലയാളി നടിമാര്‍ക്ക് നമ്മുടെ നാട്ടില്‍ നേരിടേണ്ടിവന്ന കാര്യങ്ങള്‍ എന്തെല്ലാമായിരുന്നു. സിനിമയിലെ ചിലഭാഗങ്ങള്‍ കാണാനായി കമന്റ് ബോക്‌സുകളില്‍ ലിങ്ക് ഉണ്ടോ എന്ന് ചോദിക്കുകയാണോ ഇത്രയും സാക്ഷരതയുള്ള കേരളം ചെയ്യേണ്ടിയിരുന്നത്?
വരാനിരിക്കുന്ന സിനിമകള്‍?
ഹിന്ദിയില്‍ 'അക്ക' എന്ന സീരീസ് ചെയ്യുന്നു. മരണമാസ്, പടക്കളം, പാതിരാത്രി തുടങ്ങിയ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ദുരൂഹസാഹചര്യത്തില്‍' എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
Content Highlights: story of aavesham fame actress pooja mohanraj