ഒറ്റശ്വാസകോശവുമായി ലോകം ചുറ്റാനിറങ്ങിയ അറുപത്തെട്ടുകാരി

#അക്ഷര അർജുൻ
വത്സല ഭര്‍ത്താവ് രാജഗോപാലിനൊപ്പം
വത്സല ഭര്‍ത്താവ് രാജഗോപാലിനൊപ്പം

യാത്രകളെ സ്‌നേഹിച്ച അറുപത്തെട്ടുകാരി. അതിജീവനത്തിന്റെയും വെല്ലുവിളിയുടെയും കടമ്പകള്‍ താണ്ടുമ്പോഴും ലോകം ചുറ്റണം എന്ന മോഹമായിരുന്നു മനസ്സുനിറയെ. നാല്പത്തൊന്ന് വര്‍ഷമായി ഒറ്റ ശ്വാസകോശവുമായി ജീവിക്കുന്ന വത്സലയുടെ ഇഷ്ടം യാത്രകളാണ്. മനക്കരുത്തുകൊണ്ട്  എന്തും സാധിക്കാം എന്ന് തന്റെ ജീവിതംകൊണ്ട് അവര്‍ തെളിയിച്ചു കഴിഞ്ഞു. കൂടെ എന്തിനും കൂട്ടായി ഭര്‍ത്താവ് രാജഗോപാലും. ദമ്പതികകള്‍ ഒന്നിച്ചുള്ള യാത്രകള്‍  അത്ര പുതുമയൊന്നുമല്ലാത്ത കാലമാണിത്. പക്ഷേ  പ്രായം ഏറുംതോറും അസുഖം ബാധിച്ച് മനസ്സും ശരീരവും തളര്‍ന്ന് വീട്ടില്‍ മാത്രം ഒതുങ്ങിക്കൂടുന്ന  നിരവധിപ്പേര്‍ക്കൊരു മാതൃകയാണിവര്‍. മുപ്പത്തിരണ്ടു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ തന്റെ ഇഷ്ടങ്ങളെ തേടിയുള്ള യാത്രയിലാണവര്‍. 


ഇടത്തെ ശ്വാസകോശം നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു

1981-ലാണ് മകനെ പ്രസവിക്കുന്നത്. പ്രസവം കഴിഞ്ഞ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഇടത്തെ ശ്വാസകോശം പ്രവര്‍ത്തനരഹിതമാണെന്നറിഞ്ഞത്. ആ ശ്വാസകോശം നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. കാര്‍ഡിയാക് സര്‍ജനായിരുന്ന അച്യൂതന്‍ നായരുടെ നേത്യത്വത്തില്‍ ഇടത്തേ ശ്വാസകോശം പൂര്‍ണ്ണമായും നീക്കം ചെയ്തു. 1982 ലായിരുന്നു സര്‍ജറി. അതിനുശേഷം ഒരുപാട് സ്‌ട്രെയിന്‍ ചെയ്യാന്‍ പറ്റുമായിരുന്നില്ല. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പോലും എന്റെ ശരീരത്തിന് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റില്ല. സര്‍ജറി കഴിഞ്ഞ് നാല്‍പത്തൊന്ന് വര്‍ഷമായി. ഞാന്‍ ഹാപ്പിയാണ്. ഇപ്പോള്‍ യാത്രകളാണെന്റെ പാഷന്‍. നഴ്‌സായിരുന്നതു കൊണ്ടാകാം  ഒരു പക്ഷേ പെട്ടെന്നുതന്നെ ഞാന്‍ അതുമായി പൊരുത്തപ്പെട്ടു.

വിരമിച്ച ശേഷം എപ്പോഴും യാത്രകള്‍

''പാലക്കാട് സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലാണ് പഠിച്ചത്. മൂപ്പത്തിരണ്ട് വര്‍ഷത്തെ ആതുരസേവനത്തിനൊടുവില്‍ 2010-ല്‍ പാലക്കാട് ജില്ലാ ഹോസ്പിറ്റലില്‍ നിന്ന് നഴ്‌സിങ് സൂപ്രണ്ടായി വിരമിച്ചു. അതിനിടയില്‍ തിരുവനന്തപുരത്തും തിരുവല്ലയിലും ജോലി ചെയ്തിട്ടുണ്ട്. ജോലിക്കിടയില്‍ ലീവിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് പരമാവധി യാത്രകള്‍ പോയി.സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലില്‍ പത്തു കൊല്ലം നഴ്‌സിങ് സൂപ്രണ്ടായി വര്‍ക്ക് ചെയ്തു. റിട്ടയര്‍മെന്റിന് ശേഷമാണ് മുഴുവന്‍ സമയവും യാത്രകള്‍ക്കായി മാറ്റിവെച്ചത്. 

ഭര്‍ത്താവ് രാജഗോപാല്‍ മലബാര്‍ സിമന്റ്‌സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വിരമിച്ചു. മകന്‍ അജിത്ത് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലാണ്. അവിടെ ഒരുഹോസ്പിറ്റലില്‍ മാനേജരായി ജോലി ചെയ്യുന്നു. ഇതിനോടകം  പത്തു തവണ ഓസ്‌ട്രേലിയയില്‍ പോയി. അവിടുത്തെ കാഴ്ചകള്‍ എല്ലാം കണ്ടു. ആദ്യ യാത്ര നേപ്പാളിലേക്കായിരുന്നു. കണ്ണൂരുള്ള സ്വപ്‌നതീരം എന്ന  യാത്രാഗ്രൂപ്പിന്റെ കൂടെയാണ് പോയത്. മിക്ക യാത്രകളും ഏതെങ്കിലും യാത്രാഗ്രൂപ്പുകളോടൊപ്പമായിരിക്കും.  സിംഗപ്പൂര്‍, മലേഷ്യ, ആന്തമാൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഭൂട്ടാന്‍,ഫ്രാന്‍സ്‌, ജര്‍മ്മനി, ലണ്ടന്‍, തായ്ലാൻഡ്, റഷ്യ, ചൈന.... അങ്ങനെ നിരവധി സ്ഥലങ്ങളില്‍ പോയി. സൗത്ത് ആഫ്രിക്കയിലേക്കുള്ള സ്വപ്‌നയാത്രയാണ് ഇനി മനസ്സില്‍. ഹൈ ആള്‍റ്റിറ്റിയൂടിലേക്ക് കയറുമ്പോള്‍ കിതപ്പ് തോന്നാറുണ്ട്. ആല്‍പ്‌സ്,ലേ, ലഡാക്ക് എല്ലാം പോയിട്ടുണ്ട്. സ്‌റ്റെപ്പ് കയറുപ്പോള്‍ കിതപ്പ് അനുഭവപ്പെടും. അപ്പോള്‍ കുറച്ചു നേരം വിശ്രമിക്കും.  വീണ്ടും കയറും. 

എന്റെ വേഷം കണ്ട് അവര്‍ ദേശീയ ഗാനം പാടി

എല്ലാ യാത്രകളിലും എന്റെ വേഷം സാരിയാണ്. അത് ഇനി എത്ര ദൂരത്തിലായാലും ഉയരത്തിലായാലും സാരിയല്ലാതെ വേറൊരു ഓപ്ഷന്‍ എനിക്കില്ല. ഏറ്റവും കംഫര്‍ട്ടബിളും അതു തന്നെ. സാരി കാരണം പല രാജ്യങ്ങളിലും തിരിച്ചറിയപ്പെട്ടിട്ടുണ്ടെന്ന രസകരമായ അനുഭവങ്ങളും വത്സല പങ്കുവെച്ചു. റഷ്യയിലെ തെരുവോരങ്ങളിലെ ഗായകര്‍ എന്റെ സാരി കണ്ട് ഇന്ത്യക്കാരിയാണെന്ന് മനസ്സിലായിട്ടാകും നമ്മുടെ ദേശീയ ഗാനം പാടാന്‍ തുടങ്ങി. ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു അന്ന്. റഷ്യയില്‍ വെച്ചു തന്നെ മറ്റൊരനുഭവം എനിക്കുണ്ടായി. റഷ്യയിലേക്ക്‌ കുടിയേറിപാര്‍ത്ത  ഗുജറാത്തി സഹോദരന്‍ എന്റെ വേഷം കണ്ട് ഇന്ത്യക്കാരിയെന്ന് തിരിച്ചറിഞ്ഞു. സഹയാത്രികരില്‍ ഒരാളുടെ ചെരുപ്പ് പൊട്ടിയിരുന്നു. അദ്ദേഹം വീട്ടില്‍ പോയി പുതിയ ചെരുപ്പ് കൊണ്ടുവന്നു. വേണ്ട സഹായങ്ങളെല്ലാം ചെയ്തു തന്നു. കൂടാതെ  ടൈഗേര്‍സ് നെസ്റ്റിലേക്കുള്ള യാത്രയില്‍ എന്റെ വേഷം കണ്ട് പലരും ഫോട്ടോ എടുക്കാന്‍ കൂടെ കൂടി.

വടിയും വാങ്ങി ഞങ്ങള്‍ മല കയറി

 ഭൂട്ടാനിലെ ടൈഗേഴ്‌സ് നെസ്റ്റിലേക്കുള്ള യാത്രയാണ് എനിക്കേറ്റവും സാഹസികമായി തോന്നിയത്. വഴിയൊന്നും തെളിഞ്ഞുകാണാന്‍ കഴിയില്ല.  അന്‍പത് രൂപ കൊടുത്ത് ഒരു വടി മാത്രം വാങ്ങി. ദുര്‍ഘടം പിടിച്ച മലനിരകളാണ്. വേണമെങ്കില്‍ മൂന്നിലൊന്നു ഭാഗം വരെ പോണിയില്‍ യാത്ര ചെയ്യാം. പക്ഷേ ഞങ്ങള്‍ മുഴുവന്‍ ഭാഗവും നടന്നു കയറി. വേരുകളും കൂറ്റന്‍ പാറകളും നിറഞ്ഞ ഇടുക്കിലൂടെ വേണം മുകളിലെത്താന്‍. അത് മറക്കാനാവാത്ത യാത്രയായിരുന്നു.

''കെ. എസ്. ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം യാത്രകളും നടത്താറുണ്ട്. അവരോടൊപ്പം വയനാട്ടിലെ 900-കണ്ടിയിലെ ക്ലിഫില്‍ പോയി. ഓരോ യാത്ര കഴിയുമ്പോഴും ഫ്രഷായ പോലെ തോന്നും. പറ്റുന്നവര്‍ യാത്രകള്‍ പോകണം. സാധിക്കില്ല എന്ന് വിചാരിച്ചാല്‍ അതിന് കഴിയില്ല. യാത്രകള്‍ എന്നും മനോഹരമാണ്. ഇന്ത്യയില്‍ വടക്ക്- കിഴക്കന്‍ മേഖലകളാണ് എനിക്കേറ്റവും ഇഷ്ടം. കിലോമീറ്ററോളം മഞ്ഞുമൂടിയ പ്രദേശങ്ങളും, പാറകളും, കുത്തിയൊഴുകുന്ന പുഴകളും, കണ്ണിന് കുളിര്‍മയേകുന്ന അനവധി കാഴ്ചകള്‍. ചരിത്ര നിര്‍മിതികളുടെ ഭംഗി പറഞ്ഞറിയിക്കാന്‍ കഴിയില്ല. ടെമ്പിള്‍ ട്രിപ്പിന് കൊണ്ടുപോകുന്ന ഒരു റിട്ടയഡ് ഓഫീസറുണ്ട് ഗോപാലകൃഷ്ണന്‍. അദ്ദേഹം ഒന്നോ രണ്ടോ ദിവസത്തേക്ക് അധികം കേട്ടിട്ടില്ലാത്ത തീര്‍ത്ഥാടന സ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോകും. ദശാവതാര ക്ഷേത്രങ്ങള്‍, നവവിഷ്ണു ക്ഷേത്രം, നാലമ്പലം...  യാത്രകളെ നെഞ്ചിലേറ്റി ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനൊരുങ്ങുകയാണിവര്‍. 

Content Highlights: story of a one lung woman who explore world