'ഐ.ബി.എസ്. വന്നശേഷം നന്നായി മെലിഞ്ഞു, അതെന്നെ വിഷാദത്തിലേക്കെത്തിച്ചു'-ശ്രുതി രജനീകാന്ത്

വീടുകളില്‍ ചിരി പടര്‍ത്തിയ 'ചക്കപ്പഴം' സീരിയല്‍ . അതിനൊപ്പം പറന്നുയര്‍ന്ന പൈങ്കിളി. പിങ്കിയെന്നും പൈങ്കിൡയെന്നും വിളിപ്പേരുള്ള കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ എനര്‍ജി ക്വീനായി മാറിയ താരം. ശ്രുതി രജനീകാന്ത് എന്ന അമ്പലപ്പുഴക്കാരിയെ മലയാളക്കര ഏറ്റെടുത്തത് വളരെ പെട്ടെന്നാണ്. മോഡല്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്്, ആര്‍.ജെ., സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ തുടങ്ങി ബിഗ്സ്‌ക്രീന്‍ വരെ എത്തിനില്‍ക്കുന്ന പൈങ്കിൡയുടെ വിശേഷങ്ങളിലേക്ക്...
തിരിച്ചറിയപ്പെട്ട നിമിഷം
അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു ഞാന്‍ സിനിമയില്‍ വരണമെന്നത്. 'ഉണ്ണിക്കുട്ടന്‍' എന്ന സിറ്റ്കോമില്‍ ബാലതാരമായാണ് തുടക്കം. ബാലതാരമായി വന്നത് സിനിമയിലായിരുന്നെങ്കില്‍ കരിയറില്‍ അത് കൂടുതല്‍ ഗുണം ചെയ്‌തേനെയെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. നാലാം ക്ലാസുവരെ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചു. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തു. ഒടുവില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ 'ചക്കപ്പഴ'ത്തിലേക്കെത്തുന്നത്.
ആളുകള്‍ തിരിച്ചറിയുന്ന നിലയിലേക്ക് എത്തിയതിനു പിന്നില്‍ എന്റെയും അച്ഛന്റെയും കഷ്ടപ്പാടുണ്ട്. അച്ഛന്റെ പേര് രജനീകാന്ത് എന്നായതുകൊണ്ട് ഒരിക്കല്‍ കേട്ടവര്‍ മറക്കില്ല. അതും ഗുണം ചെയ്തു.
പയറ്റിത്തെളിഞ്ഞ തട്ടകങ്ങള്‍
ആക്ടിങ്, ഡാന്‍സിങ്, മോഡലിങ്, ആര്‍.ജെ. എല്ലാത്തിലും കൈവെച്ചിട്ടുണ്ട്. ആര്‍ട്സിനൊപ്പം സ്പോര്‍ട്സിലും ശ്രദ്ധിച്ചു. എന്തും പരീക്ഷിച്ചു നോക്കാന്‍ ഇഷ്ടമാണ്. 'കിങ്ങിണി കളിപ്പാട്ടം' എന്നൊരു നോവലും എഴുതി. പറ്റുമെന്ന് തോന്നുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ ശ്രമിക്കാറുണ്ട്.
ചക്കപ്പഴവും പൈങ്കിളിയും
പൈങ്കിൡ എന്ന കഥാപാത്രം ഇത്രയും പെട്ടെന്ന് വൈറലാകുമെന്നും ആളുകള്‍ ഏറ്റെടുക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. പണ്ട് ഓഡിഷന് പോകുമ്പോള്‍ 'കുറെയായല്ലോ ഇങ്ങനെ നടക്കുന്നു' എന്ന കളിയാക്കലുകള്‍ കുറേ കേട്ടിട്ടുണ്ട്. അത് മാറി, ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത് പൈങ്കിൡഎന്ന കഥാപാത്രത്തിലൂടെയാണ്.
ഞാനും പൈങ്കിൡയും സ്വഭാവത്തില്‍ വളരെ വ്യത്യസ്തരാണ്. 'ചക്കപ്പഴം' ഫാമിലിയിലെ എല്ലാവരുമായും നല്ല അടുപ്പമാണ്. എന്തും പറയാവുന്ന അടുപ്പം. ഒരു വലിയ സൗഹൃദക്കൂട്ടായ്മയാണ് ഇന്ന് 'ചക്കപ്പഴം' ഫാമിലി.
പദ്മ ടു ക്വീന്‍ എലിസബത്ത്
പദ്മ, നീരജ, കുഞ്ഞെല്‍ദോ, ക്വീന്‍ എലിസബത്ത്... തുടങ്ങിയ സിനിമകള്‍ ചെയ്തു. എങ്കിലും എനിക്കേറ്റവും ഇഷ്ടം പൈങ്കിളിയെയാണ്. ചെയ്ത കഥാപാത്രങ്ങള്‍ പ്രിയപ്പെട്ടതാകുന്നത് പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോഴാണ്. എന്റെ അഭിനയശേഷി പൂര്‍ണമായും പ്രതിഫലിപ്പിക്കാന്‍ തക്ക കഥാപാത്രം ഇതുവരെ കിട്ടിയിട്ടില്ല. 'പദ്മ'യിലെ ജോളി എന്ന കഥാപാത്രത്തിന് നല്ല പ്രതികരണം ലഭിച്ചിരുന്നു. ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ പത്തുപേരെങ്കിലും തിരിച്ചറിയണമെന്നാണ് ആഗ്രഹം.
യൂട്യൂബ് ചാനല്‍
യൂട്യൂബ് ചാനലിന് പിന്നില്‍ അനിയനാണ്. കേരളത്തില്‍ അധികം വ്‌ളോഗേഴ്സ് ഇല്ലാതിരുന്ന കാലത്തേ അവന്‍ ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് പറയുമായിരുന്നു. 'ചക്കപ്പഴത്തി 'ല്‍ എത്തിയ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. അതും അനിയനെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം. ഇപ്പോഴാണ് യൂട്യൂബിന്റെ പാറ്റേണിനെക്കുറിച്ച് എനിക്കും കൂടുതല്‍ മനസ്സിലാകുന്നത്.
നിലപാടുകള്‍
ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളൊക്കെ തുറന്നുപറയാറുണ്ട്. അത് കരിയറിനെ ബാധിക്കുമോ എന്ന് ചിന്തിക്കാറില്ല. അവസരം ലഭിക്കില്ലെന്ന് കരുതി ഒന്നും പറയാതിരുന്നിട്ടില്ല.
ബോഡി ഷെയ്മിങ്
സോഷ്യല്‍ മീഡിയ വഴി ബോഡി ഷെയിമിങ് നേരിടേണ്ടിവന്നിട്ടുണ്ട്. മെലിഞ്ഞ ശരീരമുള്ള ആളാണ് ഞാന്‍. ലോക്ഡൗണ്‍ സമയത്ത് വണ്ണംവെച്ചിരുന്നു. ഐ.ബി.എസ്. (Irritable bowel syndrome) എന്ന അസുഖം വന്നശേഷം നന്നായി മെലിഞ്ഞു. വിശന്നാലും ആഹാരം കഴിക്കാന്‍ പറ്റില്ല. അതെന്നെ വിഷാദത്തിലേക്കെത്തിച്ചു. ആ സമയത്താണ് സോഷ്യല്‍ മീഡിയ വഴിയുള്ള ബോഡി ഷെയിമിങ്. സൈബര്‍ അറ്റാക്കുകള്‍ എന്നെ വളരെ മോശമായി ബാധിച്ചിരുന്നു. വളരെയടുത്ത് അറിയുന്നവര്‍പോലും വേദനിപ്പിച്ചപ്പോള്‍ ഒട്ടും പരിചയമില്ലാത്തവരുടെ സോഷ്യല്‍ മീഡിയ കമന്റുകള്‍ ഞാന്‍ കാര്യമാക്കാതായി. എല്ലാത്തില്‍നിന്നും പുറത്തുകടക്കാന്‍ സഹായിച്ചത് അടുത്ത സുഹൃത്തുക്കളാണ്. പിന്നെ ഞാന്‍ സ്വയം എന്നെ തിരിച്ചുകൊണ്ടുവന്നു.
സന്തോഷങ്ങള്‍
ഏറ്റവും സന്തോഷം തരുന്നത് യാത്രകളാണ്. ഞാന്‍പോലും അറിയാതെ ഞാനൊരു യാത്രാപ്രേമിയായിക്കൊണ്ടിരിക്കുകയാണ്. പതിയെപ്പതിയെ ഞാന്‍ ബക്കറ്റ് ലിസ്റ്റ് തീര്‍ത്തുവരുകയാണ്. ഏറ്റവും ഒടുവിലായി മാലദ്വീപില്‍ പോയി. യാത്ര ഹരമാണ്.
Content Highlights: south indian actress miniscreen actress shruthi rajanikanth interview