ലഡാക്കിലെ ജനങ്ങൾക്കു മാത്രം പരിചിതനായിരുന്ന സോനം വാങ്ചുക്ക് ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായതെങ്ങനെ?

യാഥാർഥ ജീവിതം കൊണ്ട് ആളുകൾക്ക് പ്രചോദനമായ വ്യക്തിയാണ് സോനം വാങ്ചുക്ക്. ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിലെ ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുഖ് വാങ്ഡുവ് എന്ന കഥാപാത്രം വരച്ചുകാട്ടുന്നത്, സോനം വാങ്ചുക്കെന്ന മനുഷ്യന്റെ ജീവിതമാണ്. ലഡാക്കിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സോനം വാങ്ചുക്ക് വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ്. പ്രക്ഷോഭത്തിൽ നാല് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് സോനം വാങ്ചുക്ക് അറസ്റ്റുചെയ്യപ്പെട്ടു. ആളുകളെ ആക്രമണങ്ങൾക്ക് പ്രേരിച്ചെന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്.
ആരാണ് സോനം വാങ്ചുക്ക്?
പതിനാറ് വർഷം മുമ്പ് ഇന്ത്യയ്ക്കാർക്ക് പ്രചോദനമായിരുന്ന വ്യക്തിത്വമായിരുന്നു സോനം വാങ്ചുക്ക്. 2009-ൽ ബോളിവുഡിലെ സൂപ്പർ ഹിറ്റ് കഥയുടെ ഇതിവൃത്തം തന്നെ സോനം വാങ്ചുക്കായിരുന്നു. ലേയ്ക്ക് അടുത്തുള്ള ഉലെയ്‌ടോക്‌പോയിൽ ജനിച്ച വാങ്ചുക്കിന് തന്‍റെ ഗ്രാമത്തിൽ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. ഒൻപത് വയസ്സുവരെ വീട്ടിലിരുന്ന് പഠിച്ച അദ്ദേഹം, അച്ഛന്റെ സ്ഥലം മാറ്റത്തെത്തുടർന്ന് ശ്രീനഗറിലെത്തി. ഭാഷ പഠിക്കാനായി ഏറെ ബുദ്ധിമുട്ടിയ സോനം, ഒടുവിൽ തന്റെ 12-ാം വയസ്സിൽ ഡൽഹിയിലേക്ക് തിരികെപോയി, ഒരു കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നേടി. പിന്നീട്, ശ്രീനഗറിലെ റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി ലഡാക്കിലേക്ക് തിരിച്ചുപോയി.
1988-ൽ വാങ്ചുക് സഹോദരങ്ങൾക്കും സഹപ്രവർത്തകർക്കുമൊപ്പം സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (SECMOL) സ്ഥാപിച്ചു. ക്ലാസ് മുറികളെ കൂടുതൽ മെച്ചപ്പെടുത്താനും ലഡാക്കിന്റെ സംസ്കാരവുമായി ബന്ധിപ്പിക്കാനും വേണ്ടി അദ്ദേഹത്തിന്റെ ഈ കൂട്ടായ്മ പ്രവർത്തിച്ചു. അധ്യാപക പരിശീലനം, പാഠ്യപദ്ധതി പരിഷ്കാരങ്ങൾ, ഓപ്പറേഷൻ ന്യൂ ഹോപ്പ് എന്ന പദ്ധതിയും കൊണ്ടുവന്നു. .
ലഡാക്കിൽ വേനൽക്കാലത്ത് അധികം വെള്ളമില്ലാത്തതിനാൽ, ജലക്ഷാമം പരിഹരിക്കാൻ കൃത്രിമ ഹിമാനി നിർമിച്ചു. വിദ്യാഭ്യാസത്തിലും നൂതനാശയങ്ങളിലും സോനം വാങ്ചുക് സ്വീകരിച്ച സമീപനത്തിന് 2018-ൽ അദ്ദേഹത്തിന് രമൺ മഗ്സസെ പുരസ്കാരം നേടിക്കൊടുത്തു.
പ്രതിഷേധങ്ങളുമായുള്ള ബന്ധം
2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമായി മാറി. ഈ നീക്കത്തെ തുടക്കത്തിൽ ജനങ്ങൾ സ്വാഗതം ചെയ്തിരുന്നെങ്കിലും, സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളിന് കീഴിലുള്ള സംരക്ഷണത്തിനുമുള്ള ആവശ്യങ്ങൾ പിന്നീട് ശക്തിപ്പെട്ടു. തൊഴിലില്ലായ്മ, പാരിസ്ഥിതിക ഭീഷണികൾ, സാംസ്കാരിക സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി വാങ്ചുക്ക് ഇതിനെതിരെ ആഞ്ഞടിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി, ഈ ആവശ്യങ്ങൾക്കായി അദ്ദേഹം നിരാഹാര സമരങ്ങളും മാർച്ചുകളും നയിച്ചു. ഈ സെപ്തംബറിൽ അദ്ദേഹം നടത്തിയ 35 ദിവസത്തെ നിരാഹാരസമരം, ലേയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അവസാനിപ്പിക്കേണ്ടി വന്നു.
VERY SAD EVENTS IN LEH
My message of peaceful path failed today. I appeal to youth to please stop this nonsense. This only damages our cause.#LadakhAnshan pic.twitter.com/CzTNHoUkoC— Sonam Wangchuk (@Wangchuk66) September 24, 2025
‘സമാധാനപരമായ പാതയെന്ന തന്റെ സന്ദേശം പരാജയപ്പെട്ടു’ എന്ന് പറഞ്ഞുകൊണ്ട് വാങ്ചുക്ക് സമരം അവസാനിപ്പിച്ചു. അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്ന് അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. ഇതോടെ പ്രേരണാക്കുറ്റം ചുമത്തി വാങ്ചുക്കിനെ കെെയാമം വച്ചു.
ലഡാക്കിലെ ജനങ്ങൾക്കു മാത്രം പരിചിതനായിരുന്ന വാങ്ചുക്ക് ആഗോളതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയത് ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു. 2013 വരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയും ഇതുതന്നെയായിരുന്നു. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the inspiring life of Sonam Wangchuk, the real-life `Phunsukh Wangdu` of `3 Idiots and Ladakh`s recent protests.