'തെറ്റിദ്ധരിക്കപ്പെട്ട ഗായകനാണ് ഞാന്‍, ദാസേട്ടനുമായുള്ള അനാവശ്യതാരതമ്യം ഉണ്ടായിട്ടുണ്ട്'

പ്രേക്ഷകരെ ചിരിപ്പിച്ച് ഹിറ്റടിച്ച 'പ്രേമലു'വിലെ 'ബൊമ്മലു' ഗാനം കേട്ടവരെല്ലാം ആദ്യം മനസ്സില്‍ ചോദിച്ചത്, 'ഇത് മാര്ക്കോസല്ലേ...' എന്നാണ്. പ്രണയത്തിന്റെ 'നിറക്കൂട്ടി'ലെ 'പൂമാനമേ...', വിശുദ്ധിയുടെ ഈണമായി മാറിയ 'ഇസ്രായേലിന് നാഥനായി വാഴും ഏകദൈവം...' തുടങ്ങി ആയിരക്കണക്കിന് പാട്ടുകള്‍ക്ക് ജീവന് പകര്‍ന്ന ശബ്ദം. മലയാളിയുടെ മനസ്സില്‍ പതിഞ്ഞ മനോഹരശബ്ദം. ഡോക്ടര്‍ കുടുംബത്തില്‍ ജനിച്ച്, ഗായകനായി വളര്‍ന്ന ജീവിതം. സംഗീതാസ്വാദകര്‍ക്ക് എന്നും പ്രിയപ്പെട്ട സുവര്‍ണശബ്ദം, ഒരിടവേളയ്ക്കുശേഷം ന്യൂജെന്‍ ടീമിനൊപ്പം വെള്ളിത്തിരയില്‍ വൈറലാകുകയാണ്. 'പ്രേമലു'വിന്റെ വിജയമധുരത്തില്‍, നിറചിരിയോടെ മാര്‍ക്കോസ് പോയകാലത്തിലേക്ക് നടക്കാന്‍ തുടങ്ങി. പറഞ്ഞ കഥകളിലെല്ലാം പാട്ടുമാത്രം പൂത്തുനിന്നു.
സിനിമയില്‍നിന്ന് രണ്ടുപതിറ്റാണ്ടായി മാറിനില്ക്കുന്നു. തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
തിരിച്ചുവരാമെന്ന പ്രതീക്ഷ എപ്പോഴുമുണ്ടായിരുന്നു. നാലരപ്പതിറ്റാണ്ട് നീണ്ട അനുഭവപരിചയവും ശബ്ദത്തിലുള്ള വിശ്വാസവുമാണ് അതിനുകാരണം. നല്ല കാമ്പുള്ള പാട്ടുകള്‍ തേടിവരുമെന്ന് വിശ്വസിച്ചിരുന്നു. 2010-നുശേഷമാണ് മലയാളസിനിമ പൂര്‍ണമായും ന്യൂജെന്‍ വഴിയിലേക്ക് മാറുന്നത്. പുതിയ സംഗീതസംവിധായകര്‍, ഗായകര്‍, സംവിധായകര്‍ തുടങ്ങി പുതുതലമുറ സിനിമയെ ശരിക്കും കീഴടക്കി. അവരെന്നെ പാടാന്‍ വിളിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. പകരം, പഴയ സംഗീതസംവിധായകര്‍ ആരെങ്കിലും ഓര്‍ക്കുമെന്നായിരുന്നു വിചാരിച്ചത്.
എന്നാല്‍, 'പ്രേമലു'വിലേക്ക് പുതുസംഗീതസംവിധായകരില് ഏറ്റവും വലിയ ട്രെന്‍ഡ് സെറ്ററായ വിഷ്ണു വിജയ് എന്നെ വിളിച്ചു. മനസ്സുകൊണ്ട് അവര്‍ നമ്മളെയും അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണത്. പുതിയ സ്റ്റൈലിലുള്ള പാട്ട് പാടാനാകുമോ എന്നൊരു സംശയം ഞാനവരോട് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ശ്യാം പുഷ്കരനും വിഷ്ണു വിജയുമൊക്കെ, എനിക്കുവേണ്ടിയാണ് ഈ പാട്ട് രൂപപ്പെടുത്തിയതെന്നു പറഞ്ഞപ്പോള്‍, സന്തോഷപൂര്‍വം ആലപിച്ചു. യൂട്യൂബില്‍ 15 ലക്ഷത്തിലധികം പേര് പാട്ടുകേട്ടു. ആള്‍ക്കാരുടെ സ്നേഹത്തിന് നന്ദി.
പോയവര്ഷങ്ങളിലൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ചേട്ടാ ഇപ്പോള്‍ പുതിയ പാട്ടുകളൊന്നുമില്ലേ എന്ന്. എന്നാല്‍, ഒരുദിവസംപോലും ഞാന്‍ പാടാതിരുന്നില്ല. ഭക്തിഗാനങ്ങളും സ്റ്റേജ് ഷോകളും മറ്റുമായി നിത്യേന പാടുന്നുണ്ട്. സിനിമയില്‍ പാടുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിനാലാണ് കുറേക്കാലമായി പാടാതിരുന്നതുപോലെ ആളുകള്‍ക്ക് തോന്നുന്നത്.
അപ്പനും അപ്പാപ്പനുമെല്ലാം ഡോക്ടര്‍മാരായിരുന്നു. ആ അന്തരീക്ഷത്തില്‍ നിന്ന് സംഗീതത്തിലേക്കുള്ള നടത്തം എളുപ്പമായിരുന്നോ?
കുടുംബത്തില്‍ എല്ലാവര്ക്കും പാട്ട് ഇഷ്ടമായിരുന്നു. പക്ഷേ, അതൊരു തൊഴിലാക്കിയെടുത്തവര് ഉണ്ടായിരുന്നില്ല. അപ്പനും സഹോദരിയും അപ്പാപ്പനുമെല്ലാം ഡോക്ടര്‍മാര്‍. അപ്പന്റെ അമ്മ നല്ല പാട്ടുകാരിയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പള്ളി ക്വയറിലെ ഗായികമാരില്‍ ഒരാളായിരുന്നു അവര്‍.
എന്റെ ജന്മദേശം തിരുവല്ലയ്ക്കടുത്ത നിരണത്താണെങ്കിലും തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടാണ് കുട്ടിക്കാലവും കൗമാരവും യൗവനവുമൊക്കെ ചെലവഴിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്ഥാപിതമായ കാലത്ത് അപ്പന് അവിടത്തെ ഡോക്ടറാണ്. കേശവദാസപുരത്ത് ഞങ്ങളുടെ വീടിനടുത്തായിരുന്നു സലീം തിയേറ്റര്‍. അവിടെ എല്ലാ ദിവസവും എല്ലാ ഷോയ്ക്കും കോളാമ്പിയിലൂടെ പാട്ടുവെയ്ക്കും. അതുകേട്ടാണ് ഞാന്‍ വളര്‍ന്നത്. ആ പാട്ടുകള്‍ക്കൊപ്പം പാടിപ്പാടി ഞാന്‍ ഗായകനായി. അല്ലാതെ, ശാസ്ത്രീയമായി അന്ന് സംഗീതം പഠിച്ചിട്ടില്ല.
1972-ല്‍ ഞങ്ങള്‍ കൊല്ലത്തേക്ക് താമസം മാറ്റി. തൊട്ടടുത്ത വീട്ടില്‍ ആ കാലത്ത് യേശുദാസ് വന്നു. ആദ്യമായി അന്നാണ് അദ്ദേഹത്തെ ഞാന്‍ നേരില്‍ കണ്ടത്. പരിചയപ്പെടാനും അദ്ദേഹത്തിനു മുന്നില്‍ പാടാനുമൊക്കെ ഭാഗ്യം ലഭിച്ചു. ''നിന്റെ ശബ്ദം നല്ലതാണ്, സംഗീതം പഠിച്ചിട്ടുണ്ടോ?'' എന്നദ്ദേഹം ചോദിച്ചു. ഇല്ലെന്നുപറഞ്ഞപ്പോള്‍, ഇതൊരു കരിയറായി തിരഞ്ഞെടുക്കുന്നുവെങ്കില്‍ തീര്‍ച്ചയായും പഠിക്കണമെന്ന് ഉപദേശിച്ചു. അങ്ങനെയാണ് ശാസ്ത്രീയ സംഗീതം പഠിക്കുന്നത്.
മുഴുവന്‍ സമയം സംഗീതത്തിലേക്കിറങ്ങിയത് എപ്പോഴാണ്?
ബിരുദത്തിനുശേഷം. വീട്ടില്‍നിന്ന് എതിര്‍പ്പില്ലായിരുന്നു. ആ കാലത്ത് 30 രൂപയാണ് പ്രതിഫലം. ഇത്ര തുച്ഛമായ കാശുകൊണ്ട് ഞാന്‍ എങ്ങനെ ജീവിക്കും എന്നൊരാധി മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. ദൈവകൃപയാല്‍ നല്ല അവസരങ്ങള്‍ പിന്നീട് വന്നുചേര്‍ന്നു. അപ്പന്റെ 75-ാം ജന്മദിനാഘോഷത്തിന് എല്ലാവരും ഒത്തുകൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''മാര്‍ക്കോസ് മിടുക്കനായി. അത്യാവശ്യം പൈസയും പ്രശസ്തിയുമൊക്കെയായി. ഇനി അത് നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി.'' അതുകേട്ടപ്പോള്‍ സന്തോഷമായി.
ആകാശവാണിക്കാലം ജീവിതത്തിലെ സുവര്‍ണഘട്ടമായിരുന്നു അല്ലേ?
ആകാശവാണിയിലായിരുന്നു തുടക്കം. 1979-ലാണ് ആകാശവാണിയുടെ ഓഡിഷന് പാസാകുന്നത്. അക്കാലത്ത് ഇതിഹാസതുല്യരായ സംഗീതജ്ഞരാണ് ആകാശവാണിയിലുണ്ടായിരുന്നത്. ഉദയഭാനുച്ചേട്ടന്, കമുകറച്ചേട്ടന്, എം.ജി. രാധാകൃഷ്ണന്, കമല കൈലാസ്നാഥ്, നെയ്യാറ്റിന്‍കര വാസുദേവന്‍സാര്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്... ഇവരുടെയൊക്കെ ശിക്ഷണത്തിലാണ് ആകാശവാണി ജീവിതം ആരംഭിച്ചത്. അവരുടെ പാട്ടുകള്‍ പാടാനും ഉപദേശങ്ങള്‍ സ്വീകരിക്കാനും അവസരം കിട്ടി. വലിയ പബ്ലിസിറ്റി ലഭിച്ചു. പൂവച്ചല്‍ ഖാദറും ബിച്ചു തിരുമലയുമൊക്കെ എഴുതിയ പാട്ടുകള്‍ പാടാനും സാധിച്ചു.
ഗാനമേളകളിലും സജീവമായി. കെ.ജി. മാര്‍ക്കോസ് ആന്‍ഡ് പാര്‍ട്ടി എന്ന ലേബലില്‍ പാടിത്തുടങ്ങി. അപ്പന് ഞാന്‍ മറ്റ് ട്രൂപ്പുകളില്‍ പാടുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. സ്വന്തമായി ട്രൂപ്പ് തുടങ്ങാനാണ് പറഞ്ഞത്. ട്രൂപ്പ് വളര്‍ന്നു. മാസത്തില്‍ എല്ലാദിവസവും പരിപാടികള്‍. ഇത്രയും വര്‍ഷംകൊണ്ട് 4000-ത്തിലധികം വേദികളില്‍ പാടാന്പറ്റി.
ജോണ്സണ് മാഷാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. ആ ഓര്മ...
ഏതൊരു പാട്ടുകാരനെ സംബന്ധിച്ചും ലക്ഷ്യം സിനിമാഗായകനാകുക എന്നതാണ്. അന്നത്തെക്കാലത്ത് പെട്ടെന്ന് സിനിമയില്‍ പാടുക അത്ര എളുപ്പമായിരുന്നില്ല. ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, അര്ജുനന് മാസ്റ്റര്‍... തുടങ്ങി പ്രഗല്ഭസംഗീതജ്ഞരുടെ കാലഘട്ടമാണത്. പ്രതിഭയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ അവസരം നല്‍കുകയുള്ളൂ. ജോണ്സണ് മാസ്റ്ററുടെ അടുത്ത് ഓഡിഷനായി പോകുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. ദാസേട്ടന്റെ ശബ്ദമായിരുന്നു അന്നത്തെ അളവുകോല്‍. അതിനോട് അടുത്തെങ്കിലുമെത്തിയാല് മാത്രമേ പരിഗണിക്കൂ. വോയ്സ് ബൂത്തിലെത്തി പാടി. നോക്കിയിട്ടു വിളിക്കാം എന്നുപറഞ്ഞു. മടക്കയാത്രയ്ക്കിടെ, പാട്ട് ഇഷ്ടപ്പെട്ടെന്നും തിരഞ്ഞെടുക്കപ്പെട്ടെന്നുമുള്ള വിവരമെത്തി. അങ്ങനെയാണ്, 'കേള്‍ക്കാത്ത ശബ്ദം' എന്ന സിനിമയിലെ, 'കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍...' എന്ന ഗാനം പാടി, സിനിമയില്‍ അരങ്ങേറുന്നത്.
'പൂമാനമേ...' എന്ന പാട്ട് ഹിറ്റായ സമയത്താണ് അപകടത്തില്‍പ്പെടുന്നത്, അല്ലേ?
ആദ്യസിനിമയ്ക്കു പിന്നാലെ നല്ല അവസരങ്ങള്‍ തേടിയെത്തി. രതിലയം, കൂലി, സ്രാവ്, ഭൂകമ്പം... തുടങ്ങിയ സിനിമകളില്‍ പാടാന്‍ അവസരമെത്തി. 1985-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം 'നിറക്കൂട്ടി'ല്‍ ശ്യാംസാറിന്റെ സംഗീതത്തില്‍ പാടിയ പൂമാനമേ... എന്ന ഗാനം വലിയ തരംഗമായി. ഒരുപാട് സിനിമകളിലേക്ക് വിളിവന്നു. ആ സമയത്താണ് എന്റെ ട്രൂപ്പിനെത്തേടി ആദ്യ ഗള്‍ഫ് ടൂര്‍ എത്തിയത്. അഞ്ച് പ്രോഗ്രാമുകള്‍. ആ യാത്രയ്ക്കിടെ യു.എ.ഇ.യില്‍ ഞങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മൂന്നുപേര്‍ മരിച്ചു. ഗുരുതര പരിക്കുകളോടെ ഞാന്‍ രക്ഷപ്പെട്ടു. ഒരുവര്‍ഷം കിടപ്പിലായി.
അതോടെ സിനിമയില്‍ നിന്ന് അകന്നു. ശാരീരികബുദ്ധിമുട്ടുകള്‍ മാറി വീണ്ടും പാടാന്‍ തുടങ്ങിയപ്പോള്‍ ഓഡിയോ കാസറ്റ് രംഗത്തുനിന്നാണ് അവസരങ്ങള്‍ വന്നത്. ജോലിസൗകര്യാര്‍ഥം ഞാന്‍ കൊല്ലത്തുനിന്ന് താമസം എറണാകുളത്തേക്ക് മാറ്റി. സിനിമയില്‍ വീണ്ടുമൊരു ബ്രേക്ക് നല്കുന്ന പാട്ടിനായുള്ള കാത്തിരിപ്പായിരുന്നു അപ്പോഴും. 1991-ല്‍ 'ഗോഡ്ഫാദര്' പുറത്തിറങ്ങിയതോടെ ആ കാത്തിരിപ്പ് അവസാനിച്ചു. അതിലെ 'മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ...' എന്ന ഗാനം വലിയ ഹിറ്റായി.
കടലേഴും താണ്ടുന്ന കാറ്റേ (കടലോരക്കാറ്റ്), താലോലം പൂംപൈതലേ (നാടോടി), മഞ്ഞുരുക്കി പിന്നെ കാണാം (മാനത്തെ കൊട്ടാരം), അനാദിഗായകന്‍ പാടുന്നു (ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍), പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം (കാബൂളിവാല), എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു (ജൂനിയര്‍ മാന്‍ഡ്രേക്ക്)... തുടങ്ങി ഒരുപിടി നല്ല പാട്ടുകള്‍ പിന്നീട് പാടാനായി. പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. 2003-ല്‍, തമ്പി കണ്ണന്താനം സംവിധാനംചെയ്ത 'ഫ്രീഡം' എന്ന ചിത്രത്തിലെ, 'രാവിന്റെ പാതിയില്‍ സൂര്യനുദിച്ചാല്‍...' എന്ന ഗാനം വ്യത്യസ്തമായ പരീക്ഷണമായിരുന്നു. അതിനുശേഷം 'പ്രേമലു'വിലാണ് നല്ലൊരവസരം കിട്ടിയത്.
ഭക്തിഗാനരംഗത്ത് ഒരുപിടി ജനപ്രിയഗാനങ്ങള്‍ താങ്കള്‍ പാടിയിട്ടുണ്ട്...
എല്ലാത്തരം പാട്ടുകളും പാടണമെന്ന് കൊതിച്ച വ്യക്തിയാണ് ഞാന്‍. അതിനാല്‍ പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കാറുണ്ട്. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, ഹിന്ദു ഭക്തിഗാനങ്ങള്‍ എന്നിവയൊക്കെ 1982 കാലഘട്ടം മുതല്‍ സജീവമായി ആലപിക്കുന്നു. കൂട്ടത്തില്‍ ജനപ്രിയമായ ഗാനങ്ങളും പാടാന്‍ സാധിച്ചു.
ഇന്നും പള്ളികളില്‍ പാടുന്ന, കൊര്ണോലിയസ് പിതാവിന്റെ, 'ഈ യാത്രയില്‍ വഴികാട്ടുവാന്‍ തെളിയൂ...' എന്ന ഗാനം ഞാന്‍ പാടിയതാണ്. അതുപോലെ മാപ്പിളപ്പാട്ടുകളില്‍ ആദ്യം പാടിയ 'മൊഞ്ചുള്ള ബീവി...' ഏറെ ശ്രദ്ധിക്കപ്പെട്ടു. 'മകരസംക്രമപ്പുലരി പാടി...' എന്നുതുടങ്ങുന്ന ആദ്യ അയ്യപ്പഗാനവും വലിയ ഹിറ്റായിരുന്നു. 2000 വര്ഷപ്പിറവിക്കുവേണ്ടി പാടിയ 'ഇസ്രായേലിന് നാഥനായ് വാഴും ഏക ദൈവം...' വലിയ ഹിറ്റാവുമെന്ന് അന്ന് വിചാരിച്ചിരുന്നില്ല. അത് തരംഗമായി. ആ ഗാനമാണ് ജനങ്ങള്‍ക്കിടയില്‍ എന്നെ കൂടുതല്‍ പ്രശസ്തനാക്കിയത്.
യേശുദാസുമായുള്ള താരതമ്യം കരിയറിനെ ബാധിച്ചോ?
ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഗായകനാണ് ഞാന്‍. പലപ്പോഴും ദാസേട്ടനുമായുള്ള അനാവശ്യതാരതമ്യം ഉണ്ടായിട്ടുണ്ട്. ഞാന്‍ യേശുദാസിന്റെ വലിയ ആരാധകനാണ്. എന്നാല്‍, ഒരിക്കലും അദ്ദേഹമാകാന്‍ ശ്രമിച്ചിട്ടില്ല. എനിക്ക് ഇഷ്ടമുള്ള രീതിയിലാണ് ഞാന്‍ വസ്ത്രം ധരിക്കുന്നതും പാടുന്നതുമെല്ലാം. എന്റേതായ ശൈലിയാണ് പിന്തുടരുന്നത്. പലരും എന്റെ കഴിവിനെ പരിഗണിച്ചില്ല. അടിച്ചുതാഴ്ത്താനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞത്. താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടും ഇവിടെ എത്താനായതില്‍ സന്തോഷമുണ്ട്. പാടിയ പാട്ടുകളില്‍ ഒരുപാട് ഹിറ്റുകള്‍. അധികം നല്ല അവസരങ്ങള്‍ തേടിവന്നില്ല എന്ന നിരാശ ഒഴിവാക്കാനാവില്ല. സിനിമാരംഗത്തുനിന്ന് മാറ്റിനിര്ത്തുന്നതുപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്.
ഈസ്റ്റര്‍ എന്ന ആഘോഷം ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ഈസ്റ്ററിലൂടെ യേശുദേവന് നല്‍കുന്നത്. ക്രൂശിക്കാന്‍ പറയുമ്പോഴും ദൈവപുത്രനായ അദ്ദേഹം ആരെയും ശപിക്കാനോ തിരിച്ച് ആക്രമിക്കാനോ ശ്രമിച്ചില്ല. സമാധാനമാണ് അദ്ദേഹം ആഗ്രഹിച്ചത്. സമാധാനവും സന്തോഷവും ജീവിതത്തില്‍ സൂക്ഷിച്ചാല്‍ ആരോടും വൈരാഗ്യമില്ലാതെ നമുക്ക് ജീവിക്കാനാകും. ആ ഒരു മാര്‍ഗമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.
ഏറ്റവും വലിയ സന്തോഷം... സങ്കടം...
സൗഭാഗ്യങ്ങളെല്ലാം സംഗീതമാണ് നല്‍കിയത്. അതുകൊണ്ട് സംഗീതംതന്നെയാണ് എന്റെ സന്തോഷം. അര്‍ഹിച്ചത് ലഭിച്ചിട്ടില്ല എന്ന വേദനയുണ്ട്. അതുപോലെ ഹൃദയത്തോടുചേര്‍ത്ത് സ്നേഹിച്ചവരില്നിന്ന് ലഭിച്ച മോശം അനുഭവങ്ങള്‍ സങ്കടമുണ്ടാക്കിയിട്ടുണ്ട്.
കുടുംബം...
ഭാര്യ മഞ്ജു. മൂന്നു മക്കള്‍. മൂത്തമോന് നിതിന്‍ മാര്‍ക്കോസ് ഡോക്ടറാണ്. രണ്ടാമത്തെ മകന് നിഖില്‍ മാര്‍ക്കോസ് ആര്‍ക്കിടെക്ട്. മൂന്നാമത്തെത് മകള്‍, നമിത മാര്‍ക്കോസ് അവസാനവര്‍ഷ നിയമവിദ്യാര്‍ഥിനി.
Content Highlights: singer k.g.markose talking about his best songs and career