പാറ്റകളെപോലെ, ഭീകരവാദികളെപോലെ, ഒരു വിലയുമില്ലാത്തവരായി അവർ ഞങ്ങളെ കണ്ടു

ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിന്റെ ചൂട് ഇപ്പോഴും അടങ്ങിയിട്ടില്ല. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടി സിജ റോസും ജന്തർ മന്തറിലെത്തിയിരുന്നു. അവിടെ അവർ കണ്ടത് ഒരു സമരവേദി മാത്രമായിരുന്നില്ല; കടുത്ത ചൂടിനെയും പൊലീസ് നിയന്ത്രണങ്ങളെയും വകവയ്ക്കാതെ നീതിക്കായി ശബ്ദമുയർത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യവും പോരാട്ടവീര്യവുമായിരുന്നു. യാത്രയ്ക്കിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ നിമിഷങ്ങളിലൂടെ, ജന്തർ മന്തറിലെ സമരവേദിയുടെ യഥാർഥ ചിത്രം സിജ റോസ് പങ്കുവയ്ക്കുന്നു.
“അപ്പോൾ എന്റെ കഥ എവിടെ നിന്നാണ് തുടങ്ങുന്നത്? അതെ, എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും ആശയങ്ങളെയും കുറിച്ച് വളരെ തുറന്നു സംസാരിക്കുന്ന ഒരാളാണ് ഞാൻ. വളരെ കാലമായി സോഷ്യൽ മീഡിയയിലൂടെ ഞാനത് പങ്കുവെക്കാറുമുണ്ട്. മതപരമായ നാടകങ്ങളും, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഓരോ മേഖലയിലുമുള്ള പരാജയങ്ങളും കാണുമ്പോൾ നമുക്ക് ശരിക്കും നിരാശയും ദേഷ്യവും തോന്നും. അതിനേക്കാളും ഉപരിയായി ഒരുതരം നിസ്സഹായതയാണ് തോന്നുക.
അങ്ങനെയുള്ള ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ഈ നീറ്റ് (NEET paper leak) ചോദ്യപേപ്പർ ചോർച്ചയുടെ വാർത്തകളും കാര്യങ്ങളുമൊക്കെ അറിയുന്നത്. ഈ വിഷയത്തെക്കുറിച്ച് ഞാൻ കൃത്യമായി അപ്‌ഡേറ്റഡ് ആയിരുന്നു. സിജെപി(CJP) പോലൊരു പാർട്ടിയോ സംഘടനയോ രൂപീകരിച്ചുവെന്ന് അറിഞ്ഞപ്പോൾ, ആദ്യം ഞാനതൊരു തമാശയായിട്ടാണ് എടുത്തത്. ഒരു മോക്കിംഗ് രീതിയിൽ, 'കോക്ക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു മീം ആയിട്ട് തന്നെയാണ് ഞാനും അതിനെ കണ്ടത്. പക്ഷേ പിന്നീട്, ഈ പോരാട്ടം ആളുകൾക്കിടയിൽ ശ്രദ്ധ നേടാനും അതൊരു യാഥാർത്ഥ്യമായി മാറാനും തുടങ്ങിയപ്പോൾ, ഞാൻ അതിനെ ഗൗരവമായി കാണാൻ തുടങ്ങി. ഞാൻ അവരെ ഫോളോ ചെയ്തു. ഈ പ്രതിഷേധത്തിന്റെ കാര്യം വന്നപ്പോൾ, വളരെ ഗൗരവമായിതന്നെ ആളുകൾ ഇതിന്റെ ഭാഗമാകാൻ മുന്നോട്ട് വരുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. യുവാക്കൾ തുടങ്ങിവെച്ച ഒരു കാര്യം, അത് യുവാക്കൾക്കുവേണ്ടി തന്നെയാണല്ലോ എന്നോർത്ത് അഭിമാനമായിരുന്നു.
പങ്കെടുക്കാനുള്ള തീരുമാനം
ഈ പ്രതിഷേധത്തിന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ അവർ പോസ്റ്റ് ചെയ്തപ്പോൾ, സത്യം പറയാമല്ലോ, എനിക്കതിൽ പങ്കെടുക്കണം എന്നൊരു തോന്നലുണ്ടായി. ആദ്യം അതൊരു തോന്നൽ മാത്രമായിരുന്നു. പക്ഷേ, പ്രതിഷേധത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. അതിന് പ്രധാന കാരണം, നേരത്തെ പറഞ്ഞ ആ നിസ്സഹായത തന്നെയാണ്. എനിക്ക് മാത്രമല്ല, ഞാൻ സംസാരിച്ച ഒരുപാട് പേരുടെ വായിൽ നിന്നും എപ്പോഴും വരുന്ന കുറച്ചു വാക്കുകളാണിത്: ദേഷ്യം, നിരാശ, നിസ്സഹായത, സമൂഹത്തിന്റെ തകർച്ച, വിദ്വേഷം…
ഇതൊക്കെ നമ്മൾ നേരിടുന്നുണ്ടെങ്കിലും ആരും ഇതിനെപ്പറ്റി മിണ്ടുന്നില്ല. അതുകൊണ്ട് ഈ പ്രതിഷേധത്തിൽ പങ്കെടുക്കാനും, ഈ രാജ്യത്ത് ജീവിക്കുന്ന എന്നെപ്പോലെയുള്ള നിരാശരായ യുവാക്കളെ പ്രതിനിധീകരിക്കാനും എനിക്ക് കിട്ടിയ ഒരു അവസരമായിരുന്നു ഇത്.
ഞാനൊരു ആർട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ പോകണോ വേണ്ടയോ എന്നതിൽ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നു. സ്വാഭാവികമായും നമ്മൾ സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമായതുകൊണ്ട് അതിന്റേതായ ആശങ്കകൾ പലരും പങ്കുവെച്ചിരുന്നു. എങ്കിലും എന്റെ സ്വന്തം ശബ്ദത്തിന് ഞാൻ കാതോർത്തു. പ്രതിഷേധത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ എന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്തു.
തുടക്കത്തിൽ ഞാൻ തനിച്ചായിരുന്നു യാത്ര ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. അതൊരു സോളോ ട്രിപ്പ് ആയിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ ഒരു ദിവസം മുമ്പ് ഞാൻ രഞ്ജിനിയുടെ (അവതാരക രഞ്ജിനി ഹരിദാസ്) പോസ്റ്റ് കാണുകയും അവരെ കോൺടാക്ട് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ബന്ധപ്പെടുന്നത്. ഇതിനിടയിൽ, മുംബൈയിൽ നിന്നുള്ള എന്റെ ചില സുഹൃത്തുക്കളും ഈ പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ടായിരുന്നു. അവർ വളരെ മികച്ച രീതിയിൽ ചില കാര്യങ്ങൾ സെറ്റ് ചെയ്തു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തനിച്ചു യാത്ര ചെയ്യുന്ന പെൺകുട്ടികൾക്കായി അവർ ഒരു വാട്‌സ്ആപ്പ് പേജ്/ലിങ്ക് ഉണ്ടാക്കി. സ്ഥലമോ സാഹചര്യങ്ങളോ അറിയാത്ത, എന്നാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അവർ അതിൽ ചേർത്തു. എവിടെ വെച്ചു കാണണം, എങ്ങനെ സുരക്ഷിതരായിരിക്കണം, പ്രതിഷേധത്തിന് പോകുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം എന്നതിനെക്കുറിച്ചെല്ലാം ആ ഗ്രൂപ്പിൽ ചർച്ചകളും പ്ലാനിങ്ങും നടന്നു.
നമ്മുടെ തലമുറയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പ്രതിഷേധമായിരുന്നു. എല്ലാവരും ഇതിനെ വളരെ വ്യക്തിപരമായാണ് എടുത്തത്. കാരണം ഈ വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകളും ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകളും കണ്ടും കേട്ടും മടുത്തിരിക്കുകയായിരുന്നു. ആ പെൺകുട്ടികളുടെ ഗ്രൂപ്പിൽ നിന്ന് എനിക്ക് ഒരുപാട് വിവരങ്ങൾ ലഭിച്ചു. പരസ്പരം ഉള്ള ആ കരുതലാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
യുദ്ധസമാനമായ അന്തരീക്ഷം
ജൂലൈ 20-ാം തീയതി ഉച്ചകഴിഞ്ഞാണ് ഞാൻ അവിടെയെത്തുന്നത്. ട്രാഫിക് കാരണം മൂന്ന് മണിക്കാണ് ലൊക്കേഷനിൽ എത്താൻ സാധിച്ചത്. ജന്തർ മന്തറിൽ എത്തിയപ്പോൾ ഭയപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു. അതൊരു യുദ്ധമേഖല പോലെയാണ് എനിക്ക് തോന്നിയത്.
ഡ്രൈവർ മുന്നറിയിപ്പ് നൽകി, ഇത് കഴിഞ്ഞാൽ ചിലപ്പോൾ ജാമറുകൾ ഉണ്ടാകാം, ഡിജിറ്റൽ പേയ്മെന്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് കരുതി കാഷ് കയ്യിൽ കരുതാൻ പറഞ്ഞു. ഒരുപാട് പോലീസുകാരെയും ബാരിക്കേഡുകളും എനിക്ക് കാണാമായിരുന്നു. ഞാൻ നേരിട്ട് ജന്തർ മന്തറിലേക്കാണ് പോയത്. വഴിയിലാണ് രഞ്ജിനിയുടെ താമസസ്ഥലം. ലൊക്കേഷനടുത്തായതുകൊണ്ട് എന്റെ ബാഗുകൾ അവിടെ വെച്ചു.
ഹോട്ടലിൽ നിന്ന് ഞാൻ പുറത്തിറങ്ങിയപ്പോൾ ഒരുപാട് വിദ്യാർത്ഥികളെ കണ്ടു. അപ്പോഴേക്കും അവിടെ നടന്ന ലാത്തിച്ചാർജിന്റെ ബാക്കിപത്രങ്ങൾ കാണാമായിരുന്നു. റോഡിലെല്ലാം വെള്ളം, ചെരിപ്പുകൾ ചിതറിക്കിടക്കുന്നു. ആകെ അലങ്കോലപ്പെട്ട ഒരു അവസ്ഥ! നീലയും കാക്കി യൂണിഫോമും ധരിച്ച പോലീസുകാരെക്കൊണ്ട് അവിടം നിറഞ്ഞിരുന്നു. ചിലരുടെ കയ്യിൽ തോക്കും മറ്റു ചിലരുടെ കയ്യിൽ ലാത്തിയും ഉണ്ടായിരുന്നു.
കണ്ണീർ വാതകവും പോലീസിന്റെ ക്രൂരതയും
ഒരു കൂട്ടം കുട്ടികൾ ഒരു ഭാഗത്തേക്ക് നടന്നു പോകുന്നത് ഞാൻ കണ്ടു. പോലീസ് അവരെ വഴിതിരിച്ചു വിടുകയായിരുന്നു. ഞാൻ അവിടെ കാലെടുത്തുവെച്ചതും, എന്റെ ഇടതുവശത്ത് നിന്ന് അവർ ഒരു ടിയർ ഗ്യാസ് (കണ്ണീർ വാതകം) പൊട്ടിച്ചു. അതെന്നെ ശരിക്കും ഭയപ്പെടുത്തി! എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയൊരു സംഭവം നേരിട്ട് കാണുന്നത്.
ഏകദേശം 200-300 മീറ്റർ അകലെ നിന്നാണ് ടിയർ ഗ്യാസ് പൊട്ടിച്ചത്, എന്നിട്ടും എന്റെ കണ്ണ് വല്ലാതെ നീറുന്നുണ്ടായിരുന്നു. കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങിയപ്പോൾ, ഇനി ഇവിടെ നിൽക്കുന്നത് ശരിയല്ല എന്ന് തോന്നി. ആൾക്കൂട്ടം പോയതിന്റെ എതിർദിശയിലേക്ക് ഞാൻ നടന്നു. വല്ലാത്തൊരു ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു സ്ഥലമായിരുന്നു അത്. ബാരിക്കേഡുകൾ വെച്ച് ആ പ്രദേശം മുഴുവൻ അടച്ചിരുന്നു.
ഞാൻ പോലീസുകാരോട് കാര്യം ചോദിക്കാൻ ശ്രമിച്ചു. അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരൻ എന്നോട് വളരെ മോശമായാണ് സംസാരിച്ചത്. ഞാൻ വളരെ ശാന്തമായാണ് സംസാരിച്ചത്. എന്നിട്ടും അയാൾ വീണ്ടുംവീണ്ടും ഒച്ചയിട്ടു, 'നിങ്ങൾക്ക് ചെവി കേൾക്കില്ലേ, അവിടെയെല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്, അവിടേക്ക് പോകാനാവില്ല' എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. പെട്ടെന്ന് മറ്റൊരു പോലീസുകാരൻ വന്ന് എന്നെ പോകാൻ അനുവദിക്കാൻ പറഞ്ഞു.
അടുത്ത ബാരിക്കേഡിന് അടുത്തെത്തിയപ്പോൾ അവിടെ പ്രതിഷേധക്കാർ ഇരുന്ന സ്റ്റേജ് പൊളിച്ചു മാറ്റുകയായിരുന്നു. അവിടെയുള്ള പോലീസുകാരനും എന്നോട് തിരിച്ചു പോകാൻ പറഞ്ഞു. ഞാൻ ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാൽ അവർ വളരെ മോശമായാണ് എന്നോട് പെരുമാറിയത്. ആ രണ്ട് വനിതാ പോലീസുകാരെ വിളിച്ച് 'ഇവളെ ഇവിടുന്ന് കൊണ്ടുപോ' എന്ന് അയാൾ പറഞ്ഞു. എനിക്ക് വല്ലാത്ത ഭയം തോന്നി. അവർ എന്നെ തൊടുന്നതോ കൊണ്ടുപോകുന്നതോ എനിക്ക് ഇഷ്ടമായിരുന്നില്ല. 'കുഴപ്പമില്ല, തനിയെ പൊയ്‌ക്കോളാം' എന്ന് ഞാൻ പറഞ്ഞു.
നിസ്സഹായതയുടെ നേർക്കാഴ്ച
അങ്ങനെ അവിടെ കാത്തുനിൽക്കുമ്പോഴാണ് കുറച്ചു കുട്ടികൾ ഒരു പെൺകുട്ടിക്ക് ചുറ്റും നിൽക്കുന്നത് കണ്ടത്. അവൾക്ക് ലാത്തിച്ചാർജിൽ മർദ്ദനമേറ്റിരുന്നു. അവൾക്ക് അപസ്മാരം (seizure) വന്നിട്ട് താഴെ കിടക്കുകയായിരുന്നു. കുട്ടികൾ അവളെ സഹായിക്കാൻ ശ്രമിക്കുകയാണ്, കുറച്ചു വെള്ളം കൊടുക്കാൻ. പക്ഷെ ആരുടെ കയ്യിലും വെള്ളം ഉണ്ടായിരുന്നില്ല. അവിടെ എങ്ങും വെള്ളം കിട്ടാൻ ഒരു വഴിയുമില്ലായിരുന്നു. വാസ്തവത്തിൽ അതൊരു ദയനീയമായ കാഴ്ചയായിരുന്നു. വിദ്യാർത്ഥികൾ പോലീസുകാരോടും ഉദ്യോഗസ്ഥരോടും സഹായത്തിനായി അപേക്ഷിച്ചു. അവിടെ ഒരുപാട് പോലീസുകാരുണ്ട്. എന്നാൽ അവരാരും ആ പെൺകുട്ടിയെ തിരിഞ്ഞു നോക്കാനോ ശ്രദ്ധിക്കാനോ തയ്യാറായില്ല. കുട്ടികളെല്ലാവരും ചേർന്ന് പോലീസുകാരോട് അപേക്ഷിച്ചു: “ദയവായി ഒരു ആംബുലൻസ് വിളിക്കൂ, എന്തെങ്കിലും ചെയ്യൂ, കുടിക്കാൻ കുറച്ച് വെള്ളമെങ്കിലും എത്തിച്ചു തരൂ...” പക്ഷേ, പോലീസുകാരുടെ ഭാഗത്തുനിന്ന് യാതൊരു അനക്കവും ഉണ്ടായില്ല. വിണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നിട്ടും... ഏകദേശം 10-15 മിനിറ്റോളം ഞാൻ അവിടെ നിൽക്കുമ്പോഴും ഒരാൾ പോലും സഹായത്തിനെത്തിയില്ല.
പിന്നീട് ഒരു മുതിർന്ന പോലീസ് ഓഫീസർ അദ്ദേഹത്തിന്റെ കീഴിലുള്ള ജീവനക്കാരുമായി അങ്ങോട്ട് വന്നു. അവർക്ക് ഒന്നുമറിയില്ല എന്ന മട്ടിലാണ് പെരുമാറിയത്. വിദ്യാർത്ഥികൾ വീണ്ടും പറഞ്ഞു: 'ദയവായി ആംബുലൻസ് വിളിക്കൂ.' എന്നാൽ ആ ഓഫീസർ പറഞ്ഞത് 'എവിടെയാണ് ആംബുലൻസ് ഉള്ളതെന്ന് എനിക്കറിയില്ല. നിങ്ങൾ തന്നെ വിളിക്കൂ, നിങ്ങൾക്കല്ലേ ആംബുലൻസ് വേണ്ടത്?' എന്നായിരുന്നു.