‘കാര്യം തുറന്നുപറഞ്ഞപ്പോൾ പത്മരാജൻസാർ എല്ലാവരുടെയും മുന്നിൽവെച്ച് എന്നെ ചീത്തവിളിച്ചു, ഞാൻ കരഞ്ഞു’

#അജ്മല്‍ പഴേരി
ശാരി, കല്യാണി | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബർ
ശാരി, കല്യാണി | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബർ

ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാനും അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്തു പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാനും അവിടെ വെച്ച് പ്രേമം പകരാനും പലതലമുറകളെ കൊതിപ്പിച്ചൊരു സിനിമയുണ്ട്. 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ'. അതിലെ നായികയെ അങ്ങനെയങ്ങ് മറക്കാൻ കഴിയുമോ? അവളെ കണ്ടവരൊക്കെയും ഉത്തമഗീതത്തിൽ നിന്നൊരു വരി മനസ്സിൽ പകർത്തി: എന്റെ പ്രിയേ, നീ സുന്ദരി. നിന്റെ കണ്ണുകൾ പ്രാവിന്റെ കണ്ണുകൾ പോലെ. ശലമോന്റെ തിരശ്ശീലകൾ പോലെയുള്ള വെള്ളാരംകണ്ണുകളുള്ള, ചിരിക്കുമ്പോൾ കവിളിൽ നുണക്കുഴി വിടരുന്ന ശാരി. പ്രേക്ഷകരുടെ മനസ്സിൽ മുന്തിരിവള്ളിയായി പന്തലിച്ചപ്പോഴും ശാരി ദേശാടനക്കിളിയെപ്പോലെയായിരുന്നു. ഇടയ്ക്ക് പറന്നകലും; അതുപോലെ തിരിച്ചെത്തും.

ചെന്നൈ വടപളനിയിലെ വീട്. ശാരി പിച്ചവെച്ചുവളർന്ന ആ വീട്ടിൽ ഇപ്പോൾ മകൾ കല്യാണിയുടെ 'അകിറ സിൽക്‌സ് സാരീ ബൊട്ടീക്ക്' പ്രവർത്തിക്കുന്നു. കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായ കല്യാണിയാണ് ഇപ്പോൾ ശാരിയുടെ വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്യുന്നത്. തിരക്കുകൾക്കിടയിൽ കിട്ടിയ ഇടവേളയിൽ ശാരിക്കൊപ്പം മകൾ കല്യാണിയും ചേർന്നു. ഗൃഹലക്ഷ്മിയുടെ ഈ ഫോട്ടോഷൂട്ടിനും ഡിസൈൻ കല്യാണിയുടെ വക.

ശാരിയെ സിനിമയിലെത്തിച്ചത്?
മുത്തശ്ശി രമാദേവി നടിയായിരുന്നു. കന്നട, തെലുഗു സിനിമകളിലെല്ലാം ക്യാരക്ടർ റോളുകൾ ചെയ്തു. നായികയാവുകയെന്നത് മുത്തശ്ശിയുടെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ, അവർക്കതിന് സാധിച്ചില്ല. എന്നെ നായികയായിക്കാണുകയെന്നത് മുത്തശ്ശിയുടെ വലിയ ആഗ്രഹമായിരുന്നു. അവരുടെ നിർബന്ധത്തിൽ ഞാൻ ഭരതനാട്യവും കുച്ചിപ്പുഡിയുമെല്ലാം പഠിച്ചു. അന്ന് സിനിമയിൽ നൃത്തത്തിന് വലിയ പ്രാധാന്യമായിരുന്നല്ലോ. പഠിച്ചു പഠിച്ച്, നൃത്തത്തിനോട് എനിക്കും ഇഷ്ടമായിത്തുടങ്ങി. പക്ഷേ, സിനിമയോട് അത്ര പാഷൻ തോന്നിയില്ല.

പാഷൻ തോന്നാത്ത ആ മേഖലയിൽ പിന്നെ എങ്ങനെ സജീവമായി?
ഏഴാംക്ലാസിലോ മറ്റോ പഠിക്കുമ്പോൾ സിനിമയിൽനിന്ന് ഒരവസരം വന്നു. 'ഹിറ്റ്‌ലർ ഉമാനാഥ്' എന്നായിരുന്നു സിനിമയുടെ പേര്. ശിവാജി ഗണേശൻസാറിന്റെയും കെ.ജി. വിജയമ്മയുടെയും മകളായി അഭിനയിക്കാനായിരുന്നു ക്ഷണം. മറ്റൊരു ആർട്ടിസ്റ്റിന് പകരക്കാരിയായിട്ടാണ്. ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഞങ്ങളുടെയടുത്താണ് താമസം. അദ്ദേഹം എന്നെ കണ്ടിട്ടുണ്ട്. ഇങ്ങനെ അവസരം വന്നപ്പോൾ അദ്ദേഹം മുത്തശ്ശിയോടു പറഞ്ഞു. തുടക്കം നല്ലതാണല്ലോ എന്നുപറഞ്ഞ് മുത്തശ്ശി എനിക്ക് ധൈര്യം തന്നു.

സെറ്റിലെത്തിയപ്പോൾ നന്നായി ചെയ്യണം; ശിവാജിസാറിന്റെ മകളുടെ വേഷമാണ്; ഫസ്റ്റ് ടേക്കിൽത്തന്നെ ഓക്കെയാകണം എന്നൊക്കെ പറഞ്ഞ് എല്ലാവരും എന്നെ പേടിപ്പിച്ചു. ഞാൻ അതൊന്നും കാര്യമാക്കിയില്ല. അതിന്റെ വില എത്രത്തോളമെന്ന് അന്ന് അറിയില്ലല്ലോ; ചെറിയ പ്രായമല്ലേ. ആദ്യസീൻ കഴിഞ്ഞശേഷം ശിവാജിസാറിനെ പരിചയപ്പെട്ടു. മുത്തശ്ശിയെ അദ്ദേഹത്തിനറിയാമായിരുന്നു.

പത്മരാജന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം 
ആദ്യസിനിമയ്ക്കുശേഷം പഠനം തുടർന്നു. അഭിനയത്തിലും സജീവമായി. അമീർജാൻ എന്ന ഒരു സംവിധായകന്റെ 'നെഞ്ചത്തായി അല്ലിതാ' എന്ന സിനിമയിൽ അഭിനയിച്ചു. പിന്നാലെ തുടരെ അവസരങ്ങൾ വന്നു. അക്കാലത്ത് സിനിമയ്ക്കായി കുറെ ഫോട്ടോഷൂട്ടുകൾ നടത്തും. ഈ ഫോട്ടോകൾ പി.ആർ.ഒ.മാരും പ്രൊഡക്ഷൻ കൺട്രോളർമാരും വഴി എല്ലായിടത്തുമെത്തും.

1985-ലാണ്. പത്മരാജൻസാർ ഏതോവഴി എന്റെ കുറച്ച് ചിത്രങ്ങൾ കണ്ടു. 'ദേശാടനക്കിളി കരയാറില്ല' എന്ന പുതിയ സിനിമയ്ക്ക് ബോൾഡ് ലുക്കുള്ള നായികയെ അന്വേഷിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ നമ്പർ കണ്ടെത്തി വിളിച്ചു. പിന്നീട് ആ സിനിമയുടെ പിന്നണിപ്രവർത്തകരെല്ലാംകൂടി ഒരുദിവസം വീട്ടിലേക്കു വന്നു. മലയാളസിനിമയാണെന്നു പറഞ്ഞപ്പോൾ, മുത്തശ്ശി ആദ്യം, വേണ്ടെന്നു പറഞ്ഞു. അന്ന് മലയാളസിനിമയെന്നാൽ അഡൾട്ട് സിനിമയാണെന്നാണ് ധാരണ.

പത്മരാജൻസാർ എന്നെയും മുത്തശ്ശിയെയും അടുത്തിരുത്തി വിശദമായി കഥപറഞ്ഞു. നിങ്ങൾ വിചാരിക്കുന്നതുപോലെയുള്ള സിനിമ അല്ലെന്നും ലീഡ് റോളാണ് ചെയ്യുന്നതെന്നും സൂചിപ്പിച്ചു. അന്ന് പത്മരാജൻസാർ മലയാളത്തിലെ മുൻനിരസംവിധായകരിലൊരാളാണ്. അങ്ങനെ ഏറെക്കുറെ ഓക്കെയായി.

ആദ്യം സിനിമയുടെ കഥയെന്താണെന്ന് എനിക്കു പിടികിട്ടിയില്ല. പക്വത വരാത്ത പ്രായമാണല്ലോ. ഇപ്പോഴല്ലേ നമ്മൾ ഇത്തരം വിഷയങ്ങൾ തുറന്നുസംസാരിക്കാൻ തുടങ്ങിയത്. അദ്ദേഹം 80-കളിലേ അത് ചെയ്തു.

മലയാളമറിയാത്ത കുട്ടി
ഷൂട്ടിങ് തുടങ്ങാറായപ്പോൾ ചെറിയ പ്രശ്നങ്ങൾ തോന്നി. ഒന്നാമത് എനിക്ക് മലയാളമറിയില്ല. അതുപോലെ, അത്യാവശ്യം ബോൾഡായി സംസാരിക്കുന്ന, ടോംബോയിഷ് ലുക്കുള്ള ക്യാരക്ടറായാണ് അഭിനയിക്കേണ്ടത്. ആലോചിച്ചപ്പോൾ ചെയ്യാൻ വെല്ലുവിളിയുള്ളതാണ്. അക്കാര്യം ഞാൻ സാറിനോടു പറഞ്ഞു. വെറുതേ അവിടെ വന്ന് നാണംകെടേണ്ടല്ലോ എന്നുവരെ ആലോചിച്ചു. എന്റെ സ്വഭാവത്തിൽനിന്ന് തീർത്തും ഓപ്പോസിറ്റായ കഥാപാത്രമാണ്. വളരെ കുറച്ചുമാത്രം സംസാരിക്കുന്നയാളാണ് ഞാൻ. പത്മരാജൻസാർ പക്ഷേ, ആത്മവിശ്വാസം തന്നു. 'ലുക്ക് എനിക്കിഷ്ടമായി, അഭിനയിപ്പിക്കുന്ന കാര്യം ഞാൻ നോക്കിക്കോളാം' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഒന്നു ശ്രമിച്ചുനോക്കാം എന്ന പാതിമനസ്സോടെ എറണാകുളത്തെത്തി. അവിടെ ഒരു കോൺവെന്റിലായിരുന്നു ഷൂട്ട്. ഞാനും കാർത്തികയും ആയിരുന്നു ആദ്യസീനുകളിൽ. കുറച്ചുകഴിഞ്ഞാണ് മോഹൻലാലിന്റെ വരവ്.

ആദ്യദിവസത്തെ ഷൂട്ട് രസമായിരുന്നു. യൂണിഫോമെല്ലാമിട്ട് മേക്കപ്പ് ചെയ്യാൻ പോയപ്പോൾ മേക്കപ്പ്മാൻ പറഞ്ഞു, 'മേക്കപ്പൊന്നും ഇല്ല മാം... ആർക്കും അങ്ങനെ മേക്കപ്പില്ല' എന്ന്. മേക്കപ്പില്ലാതെ എങ്ങനെ അഭിനയിക്കുമെന്നായി ഞാൻ. ഉടനേ പത്മരാജൻസാറിന്റെ അസിസ്റ്റന്റിന്റെ അടുത്തുപോയി. 'മേക്കപ്പിടേണ്ടേ സാർ' എന്ന് ചോദിച്ചപ്പോൾ, 'വേണ്ട, ജസ്റ്റ് ഒന്ന് മുഖം കഴുകി, വേണമെങ്കിൽ ഒന്ന് ടച്ചപ്പ് ചെയ്തോളൂ... ഇല്ലെങ്കിലും കുഴപ്പമില്ല' എന്നായിരുന്നു മറുപടി. അപ്പോഴും കൺഫ്യൂഷനായിരുന്നു. മേക്കപ്പില്ലാതെ എങ്ങനെ ചെയ്യും, എന്നെ എങ്ങനെയാണ് കാണുക തുടങ്ങിയ ആലോചനകൾ മനസ്സിൽ വന്നു. വേനൽക്കാലംകൂടിയായിരുന്നു അത്. പുറത്ത് നല്ല വെയിലും.

ഉർവശിയും കാർത്തികയും ഞാനും കൂടിയുള്ള സീനാണ് ആദ്യം. വലിയ ഡയലോഗാണ്. എത്ര പഠിച്ചിട്ടും ശരിയാകുന്നില്ല. ഒന്നും രണ്ടും ടേക്കുകൾ കഴിഞ്ഞു. എന്റെ കോൺഫിഡൻസെല്ലാം പോയി. സ്‌കൂൾകുട്ടികളടക്കം എല്ലാവരും ഷൂട്ട് കാണുകയാണ്; അതിന്റെ പ്രശ്നവും എനിക്കുണ്ട്. 'ഇതെനിക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ, ഞാൻ തിരിച്ചുപൊയ്ക്കോട്ടേ' എന്ന് പറഞ്ഞപ്പോൾ ക്യാമറാമാൻ വേണുസാറടക്കമുള്ളവർ വന്ന് പിന്തിരിപ്പിച്ചു. അതിനുമുൻപ് മൂന്നുനാലുപേർ ഈ റോൾ ചെയ്യാൻ വന്നിരുന്നു. ഓക്കെയാകാതെ അവരെ പറഞ്ഞുവിട്ടതാണ്. പറ്റും എന്നുപറഞ്ഞ് കാർത്തിക എന്റെ കൂടെനിന്നു. അങ്ങനെ ഒരുപാടുപേർ സഹായിച്ചു. അവരെല്ലാം പറഞ്ഞുതന്നത് അതുപോലെ ചെയ്യുകയായിരുന്നു ഞാൻ.

സിനിമയുടെ തുടക്കത്തിൽ വെള്ളാരംകണ്ണ് മറച്ചുവെച്ചാണ് അഭിനയിച്ചതെന്ന് കേട്ടിട്ടുണ്ട് ?

എന്റെ കണ്ണുകൾ നെഗറ്റീവ് റോളിനാണ് കൂടുതൽ ചേരുക എന്നാണ് തമിഴിലെ പല സംവിധായകരും പറഞ്ഞത്. അതുകൊണ്ട് കോൺടാക്ട് ലെൻസ് വെച്ചായിരുന്നു തമിഴിലെ അഭിനയം. മലയാളത്തിൽനിന്ന് അവസരം വന്ന സമയത്ത് ഞാൻ ആലോചിച്ചതും കണ്ണിനെപ്പറ്റിയാണ്. ഇവരും ഇങ്ങനെ പറയുമല്ലോ എന്നായിരുന്നു പേടി. ആ പേടിയിൽ ആദ്യത്തെ രണ്ടുദിവസം കോൺടാക്ട് ലെൻസ് വെച്ച് അഭിനയിച്ചു. മൂന്നാമത്തെ ദിവസം ക്യാമറാമാൻ വേണുസാർ ലെൻസ് കണ്ടെത്തി. ഒരു ട്രോളി ഷോട്ടിൽ ക്യാമറ സൂംചെയ്ത് വേണുസാർ തിരിച്ചറിഞ്ഞു. ഉടനേ വേണുസാർ ചോദിച്ചു: 'കോൺടാക്ട് ലെൻസ് വല്ലതും ഉപയോഗിക്കുന്നുണ്ടോ?,' 'ഇല്ല ബ്ലാക്ക് ലെൻസാണ്' എന്നായിരുന്നു മറുപടി. തൊട്ടപ്പുറത്ത് പത്മരാജൻസാർ ഉണ്ടായിരുന്നു. 'ബ്ലാക്ക് ലെൻസോ? എന്തിന്?', അദ്ദേഹം ചോദിച്ചു.

ഞാൻ കാര്യം തുറന്നുപറഞ്ഞപ്പോൾ അദ്ദേഹം എന്നെ എല്ലാവരുടെയും മുന്നിൽവെച്ച് ചീത്തവിളിച്ചു. ഞാൻ കരഞ്ഞു. സിനിമ നിർത്തി പോകുന്ന അവസ്ഥയിലെത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു, 'ഈ കണ്ണിനുവേണ്ടിയാണ് നിന്നെ ഞാൻ സെലക്ട് ചെയ്തത്' എന്ന്. ആദ്യം വീട്ടിൽ വന്ന സമയത്ത് എന്റെ കണ്ണുകൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അക്കാര്യം എനിക്കറിയില്ലായിരുന്നു. സിനിമയിലെ ഒന്നുരണ്ട് സീനുകളിൽ ഇപ്പോഴും ആ കോൺടാക്ട് ലെൻസ് ഉണ്ട്. സൂക്ഷിച്ചുനോക്കിയാൽ കാണാം.

സാധന എന്ന പേര്
സാധനയെന്നായിരുന്നു എന്റെ പേര്. സിനിമയുടെ സെറ്റിലെത്തി മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ പത്മരാജൻസാർ പറഞ്ഞു സാധന എന്ന പേര് ശരിയല്ല, ഞങ്ങൾ പേര് മാറ്റാൻ പോകുകയാണെന്ന്. ഇത് നല്ലതല്ലേ സാർ, മാറ്റണോ എന്നെല്ലാം ഞാൻ ചോദിച്ചു. വേറൊരു നല്ല പേര് തരാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിറ്റേന്ന് അദ്ദേഹം എനിക്ക് പേരിട്ടു ശാരി. എനിക്കിഷ്ടമായില്ല. ഉച്ചരിക്കുമ്പോൾ 'സാരി' എന്നാണ് വരിക! ഈ പേര് വേണ്ട, സാധന തന്നെ മതി എന്ന് വാശിപിടിച്ചു. കൂട്ടുകുടുംബമായിരുന്നു എന്റെത്. ഈ പേരുവിളിച്ച് എല്ലാവരും എന്നെ കളിയാക്കുമെന്നു പറഞ്ഞു. അദ്ദേഹം എനിക്ക് പേര് ഉച്ചരിക്കാനെല്ലാം പഠിപ്പിച്ചുതന്നു. കുറേക്കാലമെടുത്താണ് പേര് കറക്ടായി ഉച്ചരിച്ചത്.

ആ സിനിമയിലെ മറ്റംഗങ്ങളുമായി ഇപ്പോഴും സൗഹൃദമുണ്ടോ?പത്മരാജൻസാറിന്റെ മകൻ അനന്തു(അനന്തപത്മനാഭൻ)വുമായി നല്ല സൗഹൃദമുണ്ട്. ഈയിടെ 'ദേശാടനക്കിളി കരയാറില്ല'യുടെ തിരക്കഥ പുസ്തകമാക്കിയിരുന്നു. അതിന്റെ കവർ പ്രകാശനസമയത്ത് എല്ലാവരെയും വിളിച്ചു. അന്ന് എല്ലാവരും ഒരുമിച്ചു. കാർത്തികയും വന്നു. കാർത്തികയുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ഷീ ഈസ് വെരി സ്വീറ്റ്. ഞങ്ങൾ ഒരുമിച്ചിരുന്ന് കുറേ ഫോട്ടോസെടുത്തു. ഇപ്പോൾ കാർത്തിക എല്ലാത്തിൽനിന്നും മാറിൽക്കുകയാണ്. എന്നാലും ഇടയ്ക്ക് ഞങ്ങൾ സംസാരിക്കും; വാട്സാപ്പിൽ ചാറ്റ് ചെയ്യും.

ഇപ്പോഴാണെങ്കിൽ ദേശാടനക്കിളിയുടെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്നാണ് കരുതുന്നത്?

അവർ ആത്മഹത്യചെയ്യില്ലായിരിക്കാം. അവരുടെ ജീവിതം, സ്വാതന്ത്ര്യം എന്നിവ തിരിച്ചറിയാനുള്ള പാകത്തിലേക്ക് ആളുകൾ മാറി. എന്നാൽ, അന്ന് ആ കഥയെപ്പറ്റി വലിയ ധാരണ ഞങ്ങൾക്കില്ലായിരുന്നു. സാർ പറഞ്ഞുതന്നതുപോലെ ചെയ്തു.

മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ, കാർത്തികയെ ഇങ്ങനെ നോക്കണം, എന്നുപറയും. ച്യൂയിങ് ഗം ചവച്ചുകൊണ്ടാണ് നോക്കേണ്ടത്. പൊസസീവായ ഭാവം വരണം. കണ്ണടയ്ക്കാതെ നോക്ക്, അവിടെ നോക്ക്, താഴേ നോക്ക്, എന്നെല്ലാമുള്ള നിർദേശങ്ങളാണ് തരിക. സ്‌ക്രീനിലെത്തിയപ്പോൾ സീനുകളെല്ലാം മായാജാലംപോലെ തോന്നി.

മോഹൻലാലിന്റെ കൂടെ വേറെയൊരു സീനുണ്ട്; അദ്ദേഹം ബാങ്കിലെ ജോലി നഷ്ടമായ കഥയൊക്കെ പറയുന്ന സീൻ. അതു കഴിഞ്ഞ് മടങ്ങുമ്പോൾ ഞാൻ കാർത്തികയുടെ തോളിൽ കൈവെക്കണം, എന്നിട്ട് പതുക്കെ ആ കൈ അരയിലേക്ക് കൊണ്ടുവരണം. എന്തിനാണ് ഞാൻ അവിടെ കൈ വെക്കുന്നത് എന്നായിരുന്നു എന്റെ മനസ്സിൽ. ഭയങ്കര മടിതോന്നി. പറ്റില്ല എന്ന് പറഞ്ഞു. ആ സീൻ മൂന്നുതവണ റീടേക്ക് എടുത്തു. എന്നിട്ടും ഞാൻ കൈ അരയിലേക്ക് കൊണ്ടുവന്നില്ല. എന്തിനാണ് അവിടെ കൈവെക്കുന്നതെന്ന് ഞാൻ പത്മരാജൻസാറിനോട് ചോദിച്ചു. നീ ഞാൻ പറയുന്നതുപോലെ ചെയ്യ്, എന്നായിരുന്നു മറുപടി. അതിന്റെയൊക്കെ അർഥം പിന്നീടാണ് മനസ്സിലായത്.

'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' ആയിരുന്നല്ലോ അടുത്ത സിനിമ?

ദേശാടനക്കിളി കഴിഞ്ഞ് പടങ്ങളൊന്നും വന്നില്ല. അതിനിടയിൽ പഠനം തുടർന്നു. ഇടയ്ക്ക് ഒരു തമിഴ് സിനിമ ചെയ്തു. അപ്പോൾ അടുത്ത സിനിമയുടെ നായികയെ തേടി പത്മരാജൻസാറിന്റെ ടീം വീണ്ടും ചെന്നൈയിലെത്തി. അവർ എന്നെ വിളിച്ചു. പുതിയ സിനിമയിലെ നായികയെപ്പറ്റി അവർ പറഞ്ഞു. വളരെ പാവപ്പെട്ട ഒരു പെൺകുട്ടിയുടെ ക്യാരക്ടറാണ്; ഏതെങ്കിലും ആർട്ടിസ്റ്റിനെ പരിചയമുണ്ടോ എന്ന് ചോദിച്ചു. നോക്കാമെന്ന് അവരോടു പറഞ്ഞു. അഞ്ചാറുദിവസം കഴിഞ്ഞ് പത്മരാജൻസാറിന്റെ കോൾ വന്നു. ഒരുമാസത്തെ ഡേറ്റ് വേണം. ഈ സിനിമയിൽ ശാരിയാണ് നടിയെന്ന് പറഞ്ഞു. കുറെനാൾ നോക്കിയിട്ടും അവർക്ക് പറ്റിയ ആർട്ടിസ്റ്റിനെ കിട്ടിയില്ല. അവസാനം സാറിന്റെ ഭാര്യ രാധച്ചേച്ചിയാണ് പറഞ്ഞത്, ശാരി നന്നായി അഭിനയിക്കുന്നുണ്ടല്ലോ, അവളെത്തന്നെ നോക്കിക്കൂടേ എന്ന്.

മൈസൂരിലാണ് ഷൂട്ട് എന്നുപറഞ്ഞപ്പോൾ ഞാൻ ഹാപ്പിയായി. പിന്നെ കഥാപാത്രത്തെക്കുറിച്ചോ കഥയെക്കുറിച്ചോ ഒന്നും ചോദിച്ചില്ല. പിന്നീട് സാർ വന്ന് കഥയെയും കഥാപാത്രത്തെയും പറ്റി സംസാരിച്ചു. ഷൂട്ടിന്റെ ആദ്യദിവസം സാർ പറഞ്ഞു, ശാരിക്ക് ഈ സിനിമയിലൂടെ ഒരവാർഡുണ്ടാകും എന്ന്. ഒന്ന് ധൈര്യം തരാൻ വേണ്ടി പറഞ്ഞതാകുമെന്നാണ് കരുതിയത്. 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ സോഫിയ എന്ന ആ കഥാപാത്രം ഒരുപാട് ശ്രദ്ധനേടി. ഇപ്പോഴും ചിലർ സോഫിയ എന്നാണ് വിളിക്കുക. അതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 1986-ലെ സംസ്ഥാന അവാർഡ് ലഭിച്ചു.

ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മറ്റു കഥാപാത്രങ്ങളുണ്ടോ?
'ഒരു മെയ്മാസ പുലരിയിൽ' എന്ന സിനിമ. പിന്നെയും നല്ല സിനിമകൾ മലയാളത്തിൽനിന്ന് വന്നു.

നടിയിൽനിന്ന് പെട്ടെന്ന് സഹനടിയിലേക്ക് 
മലയാളസിനിമയുടെ രീതി അങ്ങനെയാണ്. 'ദേശാടനക്കിളി'യിൽ ഉർവശി ഹീറോയിനല്ലെന്ന കാര്യമോർക്കണം. ലഭിക്കുന്ന റോൾ നമ്മൾ എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം. 'പൊന്മുട്ടയിടുന്ന താറാവി'ൽ ഞാനല്ല നായിക, ഉർവശിയാണ്. പക്ഷേ, സിനിമയിൽ എന്റെ റോൾ വളരെ പ്രധാനപ്പെട്ടതായിരുന്നു.

ബ്രേക്കുകൾക്ക് എന്തായിരുന്നു കാരണം?
അങ്ങനെ വലിയ ബ്രേക്കൊന്നും വന്നിട്ടില്ല. നല്ല സിനിമകൾ വന്നാൽ ചെയ്യാമെന്ന തീരുമാനമെടുത്തു. പിന്നെ വിവാഹത്തിലേക്കു കടന്നു, കുട്ടിയായി. മകൾ കല്യാണിക്കൊപ്പമുള്ള ജീവിതം ഒരുപാടാസ്വദിച്ചു. അതുകഴിഞ്ഞ് പിന്നെ ഷാഫിസാറിന്റെ 'ചോക്ലേറ്റ്' വന്നു. ആ സിനിമ ഞാൻ ആസ്വദിച്ച് ചെയ്തു. ഈയിടെ 'ജനഗണമന' സിനിമയിലെ റോളും മികച്ചതായി. ഇപ്പോൾ ഉർവശിയുടെ 'ആശ' എന്ന സിനിമയിൽ ഗസ്റ്റ് റോൾ ചെയ്തിട്ടുണ്ട്.

സിനിമയിലുണ്ടായ മാറ്റത്തെ എങ്ങനെയാണ് കാണുന്നത്?
പുതിയ തലമുറയിലുള്ളവർ മൾട്ടി ടാസ്‌കിങ്ങിൽ കഴിവുള്ളവരാണ്. എനിക്ക് അഭിനയമാണെങ്കിൽ അതുമാത്രമേയുള്ളൂ, മറ്റൊന്നിലും കൈവെക്കാൻ തോന്നില്ല. ഇന്നത്തെ കുട്ടികൾ നല്ല പാഷനോടെയാണ് സിനിമയെ കാണുന്നതും അവരുടെ മേഖലകളിൽ പ്രവർത്തിക്കുന്നതും.

കുടുംബം
ഭർത്താവ് പ്രേംകുമാറിനൊപ്പമാണ് താമസം. ഈ വീട് എനിക്ക് മുത്തശ്ശി തന്നതാണ്. ഇതിന് പിറകിലുള്ള വീട്ടിലാണ് ഞങ്ങളുടെ താമസം. കുറച്ചകലെയായി

മറ്റൊരു ഫ്ളാറ്റിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. വൈകാതെ അങ്ങോട്ട് മാറും. ഇവിടെ മകൾ കല്യാണി അവളുടെ സാരീ സംരംഭം നടത്തുന്നു. രണ്ട് വർഷം മുമ്പ് കല്യാണിയുടെ വിവാഹം കഴിഞ്ഞു. ഭർത്താവ് ആദിത്യൻ. ആദി ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the journey of actress Shari, from her iconic role in `Deshadanakili` to her latest projects and family life. Discover her evolution in Malayalam cinema.