മറഞ്ഞിരിക്കുന്ന ഷേക്സ്പിയറുടെ കാമുകൻ; കാമുകിമാരും തകർന്ന ദാമ്പത്യവും

വില്യം ഷേക്‌സ്പിയര്‍/Getty Images
വില്യം ഷേക്‌സ്പിയര്‍/Getty Images

വിശ്വസാഹിത്യത്തിലെ ഏറ്റവും വിലപിടിപ്പുള്ള പേരാണ് വില്യം ഷേക്‌സ്പിയര്‍. ഷേക്‌സ്പിയറെക്കുറിച്ച് കൂടുതലറിയാനുള്ള ഗവേഷണങ്ങള്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ ലൈംഗികത വലിയ കൗതുകമായി ചില സാഹിത്യപ്രേമികളും ചരിത്രകുതുകികളും കാണുന്നു. അദ്ദേഹത്തിന് പല സ്ത്രീകളുമായും പുരുഷന്മാരുമായും ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വിവാഹം പരാജയമായിരുന്നു എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. 

ആരാണ് ആ ചെറുപ്പക്കാരന്‍ ?
14 വരി കവിതകളെയാണ് സോണറ്റുകള്‍ എന്ന് പറയുന്നത്. 154 സോണറ്റുകളെഴുതിയ ഷേക്‌സ്പിയറിന്റെ ആദ്യത്തെ 127 സോണറ്റുകളും സമര്‍പ്പിച്ചിരിക്കുന്നത് ഒരു ചെറുപ്പക്കാരനാണ്. ഫെയര്‍ യൂത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അജ്ഞാതന്‍ ആരാണെന്ന് കണ്ടെത്താന്‍ നൂറ്റാണ്ടുകളായി പഠനങ്ങള്‍ നടക്കുന്നു.

Getty Images

മിസ്റ്റര്‍ ഡബ്‌ള്യു.എച്ച്. എന്ന് ചുരുക്കപ്പേരുള്ള ഈ ചെറുപ്പക്കാരന്‍ ഷേക്‌സ്പിയറുടെ കാമുകനായിരുന്നു എന്നാണ് ഒരു നിഗമനം. എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും പ്രഭുവാകാം എന്നും അനുമാനമുണ്ട്. അതിസുന്ദരനെന്നും ആകർഷണശക്തിയുള്ളവനെന്നുമാണ് കവിതയില്‍ ചെറുപ്പക്കാരനെക്കുറിച്ച് പറയുന്നത്. 

പെംബ്രോക്കിലെ ഏള്‍ ആയ വില്യം ഹെര്‍ബര്‍ട്ട് ആണ് ഈ ചെറുപ്പക്കാരന്‍ എന്നാണ് ഒരു നിഗമനം. എന്നാല്‍ ഒരു പ്രഭുവിനെ മിസ്റ്റര്‍ എന്ന് രേഖപ്പെടുത്തില്ലെന്നും പക്ഷമുണ്ട്. വില്യം ഹാര്‍വി, വില്യം ഹാര്‍ട്ട്, വില്യം ഹ്യൂഗ്‌സ്... എന്നിങ്ങനെ അനവധി പേരെ ഗവേഷകര്‍ സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാമുകിമാര്‍ 
ആദ്യത്തെ സോണറ്റുകള്‍ ചെറുപ്പക്കാരനാണ് സമര്‍പ്പിച്ചതെങ്കില്‍ പിന്നീടുള്ള സോണറ്റുകള്‍ സമര്‍പ്പിച്ചിരിക്കുന്നത് ഒരു സ്ത്രീയ്ക്കാണ്. ഡാര്‍ക്ക് ലേഡി എന്നാണ് കവി തരുന്ന സൂചന. ആരാണ് ഇവരെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഊഹങ്ങള്‍ അനവധിയാണ്. അതിലൊന്ന് ഷേക്‌സ്പിയറുടെ പ്രണയിനിയാണ് ഡാര്‍ക്ക് ലേഡി എന്നുള്ളതാണ്.

എലിസബത്ത് രാജ്ഞി /Getty Images

ഷേക്‌സ്പിയര്‍ ലണ്ടനില്‍ കഴിഞ്ഞ കാലത്ത് പല സ്ത്രീകളുമായി അടുപ്പം സൂക്ഷിച്ചതായി സഹപ്രവര്‍ത്തകരുടെ ഡയറിക്കുറിപ്പുകളില്‍ പറയുന്നുണ്ട്. ഹെന്റി വില്ലോബിയുടെ ഒരു കവിതയില്‍ ഡബ്ല്യൂ.എസ്. എന്നൊരു സുഹൃത്തിനെക്കുറിച്ച് പറയുന്നുണ്ട്. ഷേക്സ്പിയറുടെ റേപ് ഓഫ് ലുക്രീസില്‍ നിന്നുള്ള ഭാഗം ഉദ്ധരിച്ചിരിക്കുന്നതിനാല്‍ ഷേക്‌സ്പിയറിനെത്തന്നെയാണ് ചുരുക്കപ്പേര് കൊണ്ട് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം. സ്ത്രീകളെ എങ്ങനെ പാട്ടിലാക്കാമെന്നും അവരുമായി ബന്ധം നിലനിര്‍ത്തുന്നത് എങ്ങനെയെന്നും വിവരിക്കുന്ന സുഹൃത്തായിട്ടാണ് ഡബ്ല്യൂ. എസിനെ അവതരിപ്പിക്കുന്നത്. ഷേക്‌സ്പിയറുടെ അനവധി പ്രണയബന്ധങ്ങള്‍ക്കുള്ള സൂചനയായിട്ടാണ് ഈ കവിതയെ കാണുന്നത്.

വിവാഹജീവിതം
പതിനെട്ടാം വയസ്സിലായിരുന്നു ഷേക്‌സ്പിയറുടെ വിവാഹം. അതും തന്നെക്കാള്‍ 8 വയസ്സിന് മുതിര്‍ന്ന ആന്‍ ഹാത്വേ എന്ന സ്ത്രീയുമായി. തിരക്കുപിടിച്ച കല്യാണമായിരുന്നു അത്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ ആദ്യ കുഞ്ഞ്. വിവാഹത്തിന് മുന്‍പേ വധു ഗര്‍ഭിണിയാകുന്നത് ഘോരപാപമായിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് വിവാഹം പെട്ടെന്ന് നടത്തേണ്ടി വന്നത്. മൂന്ന് മക്കളായിരുന്നു ദമ്പതികള്‍ക്ക്.

ഷേക്സ്പിയറുടെ ജന്മഗൃഹം /Getty Images

അധികം വൈകാതെ ഷേക്‌സ്പിയര്‍ ലണ്ടനിലേക്ക് പോയി. കുടുംബത്തെ കൂടെ കൊണ്ടുപോയിരുന്നില്ല. എലിസബത്ത് രാജ്ഞിയുടെ വാത്സല്യവും അസാമാന്യപ്രതിഭയും ഒത്തുചേര്‍ന്നതോടെ ഷേക്‌സ്പിയര്‍ വളര്‍ന്നു. വലിയ തിരക്കുള്ള സമ്പന്നനായി. വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴുമായി. ഏക മകന്‍ മരിച്ചപ്പോള്‍ ഷേക്‌സ്പിയര്‍ അടുത്തുണ്ടായിരുന്നോ എന്നുപോലും വ്യക്തമല്ല.

അവസാനകാലത്ത് ലണ്ടനില്‍ നിന്ന് ഷേക്‌സ്പിയര്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. മരണശേഷം പുറത്തുവിട്ട അദ്ദേഹത്തിന്റെ വില്‍പത്രത്തില്‍ ഒരിടത്ത് മാത്രമാണ് ആനിന്റെ പേര് പരാമര്‍ശിക്കുന്നത്. ഇതെല്ലാം
കൂട്ടിവായിച്ചിട്ടാണ് ഷേക്‌സ്പിയറുടെ ദാമ്പത്യം സന്തുഷ്ടമായിരുന്നില്ല എന്ന് ചിലര്‍ അനുമാനിക്കുന്നത്. 


 

Content Highlights: shakespeare mysterious lover and affairs