ഇന്ത്യയുടെ പറക്കുംമാലാഖ ജിമ്മി ജോര്‍ജ് ഇറ്റലിയില്‍വെച്ച് മരിക്കുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു

1980-കളില്‍ ഇറ്റലിയിലെ വോളിബോള്‍ കോര്‍ട്ടുകളെ ഹരംകൊള്ളിച്ചൊരു ഇന്ത്യക്കാരനുണ്ട്, ജിമ്മി ജോര്‍ജ്. വായുവില്‍ ഉയര്‍ന്നുവന്ന്, ജിമ്മി തൊടുക്കുന്ന ഓരോ സ്മാഷുകളും മിന്നൽപോലെ കടന്നുപോയി. ഇറ്റലിക്കാരെല്ലാം ആ ആറടി രണ്ടിഞ്ച് നീളമുള്ള ആ കളിക്കാരനെ ആവേശത്തോടെ ഏറ്റെടുത്തു. സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. യൂറോപ്പില്‍, പ്രത്യേകിച്ച് ഇറ്റാലിയന്‍ ക്ലബുകളില്‍ പ്രൊഫഷണല്‍ വോളിബോള്‍ കളിച്ച ആദ്യ ഇന്ത്യക്കാരനായിരുന്നു ജിമ്മി.
കളിച്ചുവളര്‍ന്നത് പേരാവൂരില്‍...
കണ്ണൂരിലെ പേരാവൂര്‍ കുടക്കച്ചിറ തറവാട്ടിലെ ജോര്‍ജ് ജോസഫ്-മേരി ദമ്പതികള്‍ക്ക് പത്തുമക്കളായിരുന്നു. എട്ടാണും രണ്ട് പെണ്ണും. അതില്‍ രണ്ടാമത്തെയാളായിരുന്നു ജിമ്മി. അപ്പനില്‍നിന്നാണ് എല്ലാ മക്കള്‍ക്കും വോളിബോളിനോടുള്ള ഇഷ്ടം പകര്‍ന്നുകിട്ടുന്നത്. വീടിനടുത്തുള്ള പള്ളിമുറ്റത്തായിരുന്നു അന്ന് വോളിബോള്‍ കളിച്ച് നടന്നിരുന്നത്. നാട്ടുകാരുടെയെല്ലാം വിനോദോപാധി വോളിബോളായിരുന്നു. കുറേക്കഴിഞ്ഞപ്പോഴേക്കും പള്ളിയുടെ ഓട് പൊട്ടുമെന്ന് പറഞ്ഞ് വൈദികന്‍ വടിയെടുത്തു. അതോടെ കുടുംബസ്വത്തില്‍ തന്നെ കുറേ സ്ഥലം വൃത്തിയാക്കി, വോളിബോള്‍ കോര്‍ട്ടുണ്ടാക്കാന്‍ അപ്പന്‍ തീരുമാനിച്ചു. നല്ല കായ്ഫലമുള്ള കുറേ തെങ്ങുകള്‍ അതിനുവേണ്ടി മുറിച്ചുമാറ്റി. ആ കോര്‍ട്ടില്‍ കളിച്ചുപഠിച്ച, ജിമ്മി വൈകാതെ ഉയരങ്ങളിലേക്ക് കുതിക്കാന്‍ തുടങ്ങി.
ആദ്യം നീന്തലിനോടായിരുന്നു താത്പര്യം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ നീന്തല്‍ ചാമ്പ്യനായിരുന്നു. പിന്നീടാണ് വോളിബോളിലേക്ക് തിരിയുന്നത്. അതിനിടയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയെങ്കിലും, മകന്റെ വോളിബോളിനോടുള്ള ഇഷ്ടത്തിനുമുന്നില്‍ അപ്പന്‍ സമ്മതംമൂളുകയായിരുന്നു.
കേരളാടീമിലേക്ക്
1970-കളിലും എണ്‍പതുകളിലും വോളിബോള്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ചത് ഈ പേരാവൂരുകാരനാണ്. 1971-ല്‍ പതിനാറാമത്തെ വയസ്സിലാണ് ജിമ്മി കേരളാടീമിലേക്കെത്തുന്നത്. പിന്നീട് വര്‍ഷങ്ങളോളം ടീമിലെ പ്രധാനതാരമായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ ടീമിന്റെ ക്യാപ്റ്റനുമായി. 1974-ല്‍ ദേശീയടീമിലുമെത്തി, വെറും പത്തൊമ്പതാമത്തെ വയസ്സില്‍. 1976-ലാണ് കേരളാപോലീസിലെത്തുന്നത്. പിന്നീട് മരണം വരെ പോലീസ് ടീം അംഗമായിരുന്നു. അവിടുന്നാണ് വിദേശക്ലബുകളിലേക്ക് ചേക്കേറുന്നത്. ആ പരിശീലനം കൂടിയായപ്പോള്‍, ലോകത്തിലെ തന്നെ മികച്ച പത്ത് അറ്റാക്കേഴ്‌സില്‍ ഒരാളായി മാറി ജിമ്മി.
അര്‍ജുന അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ വോളിബോള്‍ ഇതിഹാസം. 1976-ല്‍ 21-ാമത്തെ വയസ്സിലാണ് ജിമ്മി ഈ പുരസ്‌കാരം നേടുന്നത്. മൂന്ന് ഏഷ്യന്‍ ഗെയിംസുകളില്‍ പങ്കെടുത്തിട്ടുണ്ട്. ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസ് (1974), ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് (1978), സോള്‍ ഏഷ്യന്‍ ഗെയിംസ് (1986) എന്നിവയാണവ. സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ടീം വെങ്കലമെഡല്‍ നേടി. അതിനുപിന്നിലും പ്രധാനപങ്ക് വഹിച്ചിരുന്നു.
അവസാനമത്സരവും കളിച്ച്
ജിമ്മിക്കൊപ്പം തന്നെ മറ്റ് സഹോദരങ്ങളും മത്സരങ്ങളില്‍ തിളങ്ങി. ജിമ്മിയടക്കം നാലുപേര്‍ ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്നുപേര്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് വോളിബോള്‍ കളിച്ചു. ദേശീയടീമിലും മൂന്നുപേര്‍ ഇടംപിടിച്ചു. രണ്ടുപേര്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി കളിക്കളത്തിലിറങ്ങി.
''1985-ലായിരുന്നു ജിമ്മി അവസാന ദേശീയമത്സരം കളിക്കുന്നത്, കാണ്‍പൂരില്‍. അതില്‍ ഞാനായിരുന്നു കേരളത്തിന്റെ ക്യാപ്റ്റന്‍. 76-ല്‍ ഞങ്ങള്‍ മൂന്ന് പേരുമുണ്ടായിരുന്നു ടീമില്‍. മൂത്തചേട്ടനും ഞങ്ങള്‍ രണ്ടുപേരും. ചേട്ടനുമൊത്ത് ദേവഗിരി കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരളാ ടീം, പോലീസ് എന്നീ ടീമുകളിലെല്ലാം കളിച്ചിട്ടുണ്ട്. 87-ല്‍ ഞങ്ങള്‍ സഹോദരങ്ങള്‍, ജോര്‍ജ് ബ്രദേഴ്‌സ്, ഒരു മത്സരം നടത്തിയിരുന്നു. അതായിരുന്നു ജിമ്മിയുടെ ഇന്ത്യയിലെ അവസാനത്തെ മത്സരം,'' ജിമ്മി ജോര്‍ജിന്റെ സഹോദരനും ജിമ്മി ഫൗണ്ടേഷന്‍ ഭാരവാഹിയുമായ സെബാസ്റ്റിയന്‍ ജോര്‍ജ് ഓര്‍ക്കുന്നു.
1988-ലാണ് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. ഇപ്പോള്‍ പേരാവൂരില്‍ ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയുമുണ്ട്. 'അക്കാദമിയുടെ കീഴില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. 1970-ല്‍ ചാച്ചന്‍ തുടങ്ങിയ കോര്‍ട്ടിനുപുറമെ രണ്ട് കോര്‍ട്ടുകള്‍ കൂടി തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ക്ക് അടിസ്ഥാനപരിശീലനം കൊടുക്കുകയെന്നതാണ് ലക്ഷ്യം. ജിമ്മിയുടെ മോന്‍ ജൂനിയര്‍ വോളിബോള്‍ കളിച്ചിരുന്നു. എന്റെ മോന്‍ ജൂനിയര്‍ ബാസ്‌കറ്റ് ബോളും. അതാണ് ഞങ്ങള്‍ക്കുശേഷം വന്ന തലമുറയിലെ പ്രധാനനേട്ടം'', സെബാസ്റ്റ്യന്‍ ജോര്‍ജ് വിശദീകരിക്കുന്നു.
കാറപകടത്തില്‍ മരണം
1987 നവംബര്‍ 30, ജിമ്മി ജോര്‍ജും സഹകളിക്കാരും സഞ്ചരിച്ച കാറിലേക്ക് ഒരു ട്രാക്ക് ഇടിച്ചുകയറുകയായിരുന്നു. ജിമ്മി അപ്പോള്‍ തന്നെ മരിച്ചു. കൂടെയുണ്ടായിരുന്നവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരിയറില്‍ ഏറ്റവും തിളങ്ങിനില്‍ക്കുമ്പോള്‍, 32 വയസ്സ് മാത്രമുള്ളപ്പോഴാണ് ജിമ്മി മരിക്കുന്നത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ജിമ്മിയുടെ ഭാര്യ ലൗലി ആറുമാസം ഗര്‍ഭിണിയായിരുന്നു.
എല്ലാവരുടെ മനസ്സിലും ഇന്നും നിറഞ്ഞുനില്‍ക്കുന്ന ജിമ്മിയെക്കുറിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ഓര്‍ക്കുന്നു. 'ജിമ്മിച്ചേട്ടന്‍ മരിച്ചദിവസമാണ് ആദ്യമായിട്ട് ആ പേര് കേള്‍ക്കുന്നത്. ഞാനന്ന് തീരെ ചെറുതാണ്. നാലിലോ മറ്റോ പഠിക്കുകയാണ്. റോഡരികില്‍ നില്‍ക്കുമ്പോ കുറച്ച് ആളുകളിങ്ങനെ സംസാരിച്ച് പോവുകയാണ്, ജിമ്മി ജോര്‍ജ് മരിച്ചു, വലിയൊരു കളിക്കാരനായിരുന്നു എന്നൊക്കെ. വീട്ടില്‍ ചെന്ന് പപ്പയോട് ചോദിച്ചു, അപ്പോഴാണ് അറിയുന്നത്, വലിയ വോളിബോള്‍ കളിക്കാരനാണെന്ന്. മുമ്പും ഇപ്പഴും ദിവസവും ഒരു തവണയെങ്കിലും ആരെങ്കിലും ജിമ്മിച്ചേട്ടനെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാറുണ്ട്. അതെനിക്ക് ശരിക്കും അദ്ഭുതമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരാളെ ഇത്ര സ്‌നേഹത്തോടെ ഓര്‍ക്കണമെങ്കില്‍ അത് അദ്ഭുതം തന്നെയല്ലേ. കല്യാണശേഷം തറവാട്ടിലെത്തിയപ്പോഴും കൂടുതല്‍ കേട്ടിരുന്ന പേര് ജിമ്മി തന്നെയായിരുന്നു. അമ്മച്ചി എല്ലാ ദിവസവും ഒരമ്പത് തവണയെങ്കിലും പറയുമായിരുന്നു, എന്റെ ജിമ്മിയെന്ന്. ഒരു ഉദയസൂര്യന്റെ ശോഭയായിരുന്നുവെന്നാണ് അമ്മച്ചി പറയാറുള്ളത്. ചേട്ടന്‍ മരിക്കുന്ന അതേ സമയത്ത് അമ്മച്ചി ജിമ്മീയെന്നും വിളിച്ച് ഉറക്കത്തില്‍നിന്ന് ചാടിയെണീറ്റുവെന്ന് പറയാറുണ്ട്. കുറച്ചുകഴിയുമ്പഴേക്കും മരണവാര്‍ത്തയുമെത്തി. തനിക്കധികം ആയുസ്സില്ലെന്ന് ജിമ്മിച്ചേട്ടന്‍ അമ്മച്ചിയോട് എപ്പോഴും പറയുമായിരുന്നുവെന്നാ കേട്ടിട്ടുണ്ട്. എല്ലാവരുടെയും സംസാരത്തില്‍നിന്ന് മനസ്സിലായത്, ഒരസാധാരണമനുഷ്യനെന്നാണ്. വളരെ കുറച്ച് സമയത്തേക്ക് ലോകത്തുവന്ന് കുറേ കാര്യങ്ങള്‍ ചെയ്ത് തിരിച്ചുപോയ ഒരു മാലാഖയായിരുന്നു ചേട്ടന്‍'', ഒളിംമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ഓര്‍ക്കുന്നു. അത്‌ലറ്റും പരിശീലകനും ദ്രോണാചാര്യ പുരസ്‌കാരജേതാവും ജിമ്മിയുടെ സഹോദരനുമായ റോബര്‍ട്ട് ബോബി ജോര്‍ജിന്റെ ഭാര്യ കൂടിയാണ് അഞ്ജു.
'ബോബിയേക്കാളും ഒത്തിരി മൂത്തതാണ് ജിമ്മിച്ചേട്ടന്‍. ബോബി എപ്പോഴും ചേട്ടനെ കുറിച്ച് പറയാറുണ്ട്. ചേട്ടന്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കില്ല നമ്മുടെ വീടെന്ന്. ബോബിയൊക്കെ കുഞ്ഞായിരുന്നപ്പോ ചേട്ടന്‍മാര് കോളേജില്‍ പഠിക്കുകയാണ്. മൂത്തചേട്ടനെ കാണുമ്പോള്‍ പേടിയാണിവര്‍ക്ക്. മീശയൊക്കെ പിരിച്ച് എന്താടാ എന്ന് ചോദിക്കുമ്പഴേക്കും ഇവര് പേടിച്ചോടും. ജിമ്മിച്ചേട്ടനാണിവരെ കളിപ്പിക്കുന്നതൊക്കെ. ഒരിക്കല്‍ ചേട്ടന്‍ ബോബിയെ കാണാന്‍വന്നു. അന്ന് സായ് ക്യാമ്പിലായിരുന്നു ബോബി. ഒരു ജേഴ്‌സിയെടുത്ത് കൈയില്‍ കൊടുത്തു. ചേട്ടന്‍ വണ്ടിയില്‍ കയറുന്നതിനുമുമ്പ് അവസാനമായിട്ടൊന്ന് കൂടി തിരിഞ്ഞുനോക്കി. ബോബി എപ്പഴും പറയും, ആ കാഴ്ചയാണ് മനസ്സിലെന്ന്'', അഞ്ജു പറയുന്നു.
ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം ഇറ്റലിയിലെ മോണ്‍ടിച്യാരിയില്‍ ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയമുണ്ട്, പലാസോ ജിമ്മി ജോര്‍ജ്. അവിടെ എല്ലാ വര്‍ഷവും ജൂനിയര്‍ ടൂര്‍ണമെന്റ് നടത്താറുമുണ്ട്. 'ഇന്ത്യയില്‍ ഒരു സ്‌പോര്‍ട്‌സ് താരത്തിനും ഇന്ത്യയ്ക്ക് പുറത്ത് ഇത്ര വലിയ സ്മാരകമൊന്നുമില്ല. ഇത് പലര്‍ക്കും അറിയില്ല. ഇപ്പോഴും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ചേട്ടന്റെ പേരില്‍ ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്'', അഞ്ജു പറഞ്ഞുനിര്‍ത്തുന്നു.
ഓര്‍മകളില്‍ ഇന്നും ജിമ്മി
'ഇത്ര കാലം കഴിഞ്ഞിട്ടും ആളുകള്‍ ഓര്‍ക്കുന്നത് ജിമ്മിയുടെ ആ സ്വഭാവം കൊണ്ടാണ്. പിന്നെ കളിയുടെ പ്രത്യേകതയും,'' സെബാസ്റ്റിയന്‍ ജോര്‍ജ് പറയുന്നു. ജിമ്മിയോടുള്ള ബഹുമാനാര്‍ഥമാണ് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള സ്റ്റേഡിയത്തിന് സര്‍ക്കാര്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്ന് പേര് നല്‍കിയത്. പിന്നീടത് ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബായി മാറി. വര്‍ഷങ്ങള്‍ക്കിപ്പുറവും, തലമുറകളിലൂടെ ജിമ്മി ജോര്‍ജിനോടുള്ള സ്‌നേഹവും ബഹുമാനവും അവസാനിക്കുന്നില്ല. വോളിബോള്‍ എന്നാല്‍ ആദ്യം വരുന്ന പേര് ജിമ്മി ജോര്‍ജ് എന്ന് തന്നെയായിരിക്കും.
(പുനപ്രസിദ്ധീകരണം)
Content Highlights: remembering legendary volleyball player jimmy george