
ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റുമരിച്ചവരുടെ പട്ടിക ഞെട്ടിക്കുന്നതാണ്, ഫുട്‌ബോളിന്റെ അത്ര വരില്ലെങ്കിലും. ആ പട്ടികയിലെ ഒടുവിലത്തെ പേരാണ് ഫിലിപ്പ് ഹ്യൂഗ്സ്. ഓസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റര്‍. ഹ്യൂഗ്സിന്റെ ജീവനെടുത്ത ബൗണ്‍സര്‍ പിറന്നത് സീന്‍ അബോട്ടില്‍ നിന്ന്. ഈ ടൂര്‍ണമെന്റില്‍ അബോട്ട് ഓസ്‌ട്രേലിയക്കായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അന്ന് ഹ്യൂഗ്‌സിനൊപ്പം ബാറ്റുചെയ്ത ഡേവിഡ് വാര്‍ണര്‍, ഈ ലോകകപ്പില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ ഓപ്പണര്‍. ഒരുപക്ഷേ, ഹ്യൂഗ്‌സ് ജീവിച്ചിരുന്നെങ്കില്‍ ട്രാവിസ് ഹെഡിന്റെ സ്ഥാനത്ത് കങ്കാരുക്കളെ കിരീടം ചൂടിച്ച കൈകള്‍ അയാളുടേതാകുമായിരുന്നു.

സിഡ്‌നിയില്‍ നടന്ന ആഭ്യന്തര മത്സരത്തില്‍ 63 റണ്‍സുമായി നില്‍ക്കുന്ന ഹ്യൂഗ്‌സിന് നേരെയാണ് ബൗണ്‍സര്‍ പാഞ്ഞെത്തിയത്. പന്ത് കഴുത്തില്‍ ഹെല്‍മെറ്റിന് തൊട്ടുതാഴെയായി കൊണ്ടു. ബോധമറ്റു വീണ ഹ്യൂഗ്‌സിനെ ആശുപത്രിയിലെത്തിച്ചു. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ അടിയന്തര ശാസ്ത്രക്രിയകള്‍ നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല. 2014 ഡിസംബര്‍ 27ന്, പരിക്കേറ്റതിന്റെ രണ്ടാം നാള്‍, ഇരുപത്തിയാറ് വയസ്സ് തികയാന്‍ മൂന്നുനാള്‍ കാത്തുനില്‍ക്കാതെ ഹ്യൂഗ്‌സ് കടന്നുപോയി.

ഓവറിലെ മൂന്നാം പന്ത്. ഒരു പുള്‍ഷോട്ട് മനസ്സില്‍ക്കണ്ട് ആഞ്ഞ ഹ്യൂഗ്‌സിന്റെ കഴുത്തില്‍ ബൗണ്‍സര്‍ തറഞ്ഞു. പരിക്കേറ്റുവീണപ്പോള്‍ ആദ്യം കുതിച്ചെത്തിയത് തൊട്ടടുത്തുണ്ടായിരുന്ന വാര്‍ണറാണ്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ആന്‍ഡ്രൂ വെബ്സ്റ്റര്‍ 'ഇഫ് ദീസ് വാള്‍സ് കുഡ് ടോക്' എന്ന പുസ്തകത്തിനായി വാര്‍ണറുടെ പ്രതികരണം തേടിയിരുന്നു. ''തൊട്ടുമുന്‍പുള്ള ഓവറിലും ഞങ്ങള്‍ സംസാരിച്ചിരുന്നു, ഗാലറിയിലുള്ള എന്റെ മകള്‍ ഐവിയെ നോക്കി. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് അവന്‍ അവളോട് ഹായ് പറയാന്‍ വന്നിരുന്നു. ഇരുപത് മിനിറ്റുകള്‍ക്കിപ്പുറം അവന് തലയ്ക്ക് പരിക്കേറ്റു. ഹൃദയഭേദകം...''
ബ്രാഡ് ഹാഡിനും ഷെയിന്‍ വാട്‌സണും ചേര്‍ന്ന് ഹ്യൂഗ്‌സിനെ സ്ട്രെച്ചറില്‍ കിടത്തി. ആംബുലന്‍സ് ചീറിപ്പാഞ്ഞു. ശസ്ത്രക്രിയകള്‍ ഒട്ടും വൈകാതെ നടന്നു. പക്ഷേ, ഹ്യൂഗ്‌സിന് ബോധം വന്നില്ല. അബോധാവസ്ഥയിലെപ്പോഴോ അവന്‍ ഔട്ടാവാത്ത ലോകത്തേക്ക് നടന്നു. ''എന്റെ ജീവിതത്തില്‍ ഇന്നേവരെ അവന്റെ വീഴ്ചപോലെ ഒന്ന് ഞാന്‍ കണ്ടിട്ടില്ല. വീഴുമ്പോള്‍ കേട്ട അവന്റെ ശബ്ദം, ആ ഞരക്കം... വീഴാതിരിക്കാന്‍ ഒരു ശ്രമം പോലും നടത്താതെ നിശ്ചലനായാണ് അവന്‍ താഴെവീണത്.'' ഹ്യൂഗ്‌സിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ ബ്രാഡ് ഹാഡിന് നടുക്കം മാറിയിട്ടില്ലായിരുന്നു.

ക്രിക്കറ്റ് ലോകം മാത്രമല്ല. ഹ്യൂഗ്‌സിന്റെ വിയോഗത്തില്‍ കായികലോകമാകെ ഇളകിമറിഞ്ഞു. സംസ്‌കാരച്ചടങ്ങിലേക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് പലരുമെത്തി. ഇന്ത്യയില്‍ നിന്നും വിരാട് കോലി, രോഹിത് ശര്‍മ്മ, രവി ശാസ്ത്രി എന്നീ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. അറിയാതെ സംഭവിച്ച പിഴവിൽ ചങ്ങാതിയുടെ ജീവൻ പോയതിന്റെ വേദനയിൽ അബോട്ടും ചടങ്ങിനെത്തി. കുറ്റപ്പെടുത്തലും പഴിയും അയാളെ പൊതിയുമെന്ന് മനസ്സിലാക്കിയ ക്രിക്കറ്റ് മേധാവികൾ അബോട്ടിന്റെ ഫോട്ടോകൾ പുറത്താകാതെ കാത്തു.
രാജ്യത്തിന്റെ കായികചരിത്രത്തിൽ മുന്നേറ്റങ്ങളുടെ ഏടുകൾ ചേർക്കാൻ കഴിവുള്ള പ്രതിഭ പൊലിഞ്ഞത് അധികൃതരുടെ കണ്ണ് തുറപ്പിച്ചു. നെറ്റിലും മത്സരങ്ങളിലും ബ്രിട്ടീഷ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹെല്‍മെറ്റുകളെ ഉപയോഗിക്കാവൂ എന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചട്ടം കെട്ടി. ഇനി പിന്‍കഴുത്തിലേക്ക് ഇറങ്ങിനില്‍ക്കുന്ന ഹെല്‍മറ്റുകള്‍ മതിയെന്നായി.

ആകെ കളിച്ച 26 ടെസ്റ്റുകളില്‍ മൂന്ന് സെഞ്ചുറിയടക്കം 1535 റണ്‍സ്. 25 ഏകദിനങ്ങളില്‍നിന്ന് 75.09 എന്ന സ്‌ട്രൈക്ക് റേറ്റ്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 26 സെഞ്ചുറികള്‍ ചേര്‍ത്ത് 9023 റണ്‍സ്. റെക്കോഡ് റണ്‍വേട്ടക്കാരനാകാന്‍ എല്ലാ സാധ്യതകളും കല്പിക്കപ്പെട്ടിരുന്ന താരം. പക്ഷേ, പ്രതീക്ഷകളുടെ പാലം തകര്‍ന്ന് മരണത്തിലേക്ക് വീഴാനായിരുന്നു വിധി.
Content Highlights: tribute to philip hughes
Published: 27 Nov 2024, 04:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented