ബോർഡർ 2 സിനിമ തീർച്ചയായും കാണുമെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ റാഷിദ് ഖാൻ

റാഷിദ് ഖാൻ
റാഷിദ് ഖാൻ

റീലീസിനൊരുങ്ങുന്ന യുദ്ധചിത്രമായ 'ബോർഡർ 2' വിനോടുള്ള തന്റെ ആവേശം പങ്കുവെയ്ക്കുകയാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ റാഷിദ് ഖാൻ. അഫ്ഗാനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്കായി നിലവിൽ ദുബായിലുള്ള റാഷിദ്, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച രസകരമായ ഒരു വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.

ദുബായിലെ ഒരു വഴിയോരത്ത് നിന്ന് കൽക്കരിയിൽ ചോളം ചുട്ടെടുക്കുന്നതാണ് വീഡിയോയിലുള്ളത്. 'ബോർഡർ 2'-ലെ ഒരു ഗാനം ഇതിന്റെ പശ്ചാത്തലത്തിൽ കേൾക്കാം. ഇതിന് അദ്ദേഹം നൽകിയ അടിക്കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്: "ബോർഡർ 2 ഞാൻ തീർച്ചയായും കാണും, പക്ഷേ ഈ വീഡിയോ പങ്കുവെച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം."

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ചിത്രത്തിലെ താരങ്ങളും പ്രതികരണവുമായി എത്തി. സിനിമയിൽ ഹോഷിയാർ സിംഗ് ദഹിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരുൺ ധവാൻ, "അതെ സഹോദരാ" എന്ന് കമന്റ് ചെയ്തു. ചിത്രത്തിലെ മറ്റൊരു താരം അഹാൻ ഷെട്ടി, "ഒരുപാട് സ്നേഹം ഭായ്" എന്ന് കുറിച്ചിരുന്നു. അഹാന്റെ അച്ഛൻ സുനിൽ ഷെട്ടിയും കമൻറുമായെത്തി.

1997-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'ബോർഡർ'-ന്റെ തുടർച്ചയായാണ് ഈ സിനിമ വരുന്നത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജനുവരി 23-ന് ചിത്രം തിയേറ്ററുകളിൽ എത്തും. സണ്ണി ഡിയോൾ നായകനാകുന്ന ചിത്രത്തിൽ വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

റാഷിദ് ഖാനെ കൂടാതെ ഇന്ത്യൻ താരം കെ.എൽ. രാഹുലും സമാനമായ രീതിയിൽ വീഡിയോ പങ്കുവെച്ച് ചിത്രത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അഹാൻ ഷെട്ടിയുടെ അളിയനാണ് രാഹുൽ.

സണ്ണി ഡിയോൾ, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന എന്നിവർ തകർത്തഭിനയിച്ച 1997-ലെ 'ബോർഡർ', ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച യുദ്ധചിത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Afghanistan captain Rashid Khan shares excitement for the upcoming war film `Border 2` in a viral video. Stars like Varun Dhawan and Sunil Shetty respond. Get ready for Border 2!