'രാജപ്പനെന്ന് വിളിച്ചവരെ രാജുവേട്ടാ എന്നുവിളിപ്പിച്ച ഇല്യുമിനാറ്റി';സ്വപ്‌നയാഥാർഥ്യവുമായി പൃഥ്വിരാജ്

''എമ്പുരാൻ എന്ന വലിയ സ്വപ്‌നം പോലൊരു സിനിമ യാഥാർഥ്യമാക്കിയതിന് നന്ദി പൃഥ്വിരാജ്'', എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ച് ഇവന്റിനിടെ മോഹൻലാൽ പറഞ്ഞ വാചകമാണിത്. തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായി പ്ലെയ്‌സ് ചെയ്ത സിനിമയാണ് എമ്പുരാൻ. തിരക്കഥ മുതൽ മാർക്കറ്റിങ് വരെ...ഒരു മലയാളംസിനിമ ഇതുവരെ കാണാത്തരീതിയിലുള്ള പ്രൊമോഷൻ പരിപാടികളും. അത്ര ഭംഗിയായിട്ടാണ് തന്റെ ചിത്രത്തെ പൃഥ്വിരാജ് അണിയിച്ചൊരുക്കിയത്.
തന്റെ കരിയറിന്റെ തുടക്കത്തിൽ നിരന്തരം അധിക്ഷേപങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നയാളാണ് അദ്ദേഹം. അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതുമുതൽ ഇംഗ്ലീഷ് സംസാരിക്കുന്നത് വരെ പൃഥ്വിക്കെതിരെയുള്ള വിമർശനങ്ങളായി മാറി.
19 വർഷം മുമ്പ്. പൃഥ്വിരാജിന്റെ തുടക്കകാലം കൂടിയാണത്. ഒരഭിമുഖത്തിൽ 20 വർഷങ്ങൾക്കുശേഷമുള്ള പൃഥ്വിയെക്കുറിച്ച് ചോദ്യം വന്നു. അതിന് നൽകിയ മറുപടിയിങ്ങനെ, ''എനിക്ക് മലയാളം സിനിമയുടെ അംബാസഡർ എന്ന പേര് കിട്ടണം. സ്വന്തമായൊരു നിർമാണക്കമ്പനി തുടങ്ങണം, അന്യഭാഷകളിൽ നല്ലൊരു നടൻ എന്ന പേര് ലഭിക്കണം''. ആ കാര്യങ്ങളിൽ പലതും അന്നേറെ പരിഹാസങ്ങൾക്ക് പാത്രമായി. അഹങ്കാരി, താന്തോന്നി എന്നൊക്കെ മുദ്രകുത്തപ്പെട്ടു.
വിമർശനങ്ങളെ ശ്രദ്ധിക്കാതെ
അതുകഴിഞ്ഞ് വിവാഹശേഷം നടത്തിയ ഒരഭിമുഖത്തിൽ പൃഥ്വിരാജിനൊപ്പം ഭാര്യ സുപ്രിയ മേനോനുമുണ്ടായിരുന്നു. ട്രോളുകളും വിമർശനങ്ങളുമൊക്കെ അന്ന് ചോദ്യങ്ങളായി. ഒരു ചോദ്യത്തിനുത്തരമായി സുപ്രിയ പറഞ്ഞതും പൃഥ്വിയെ അടിക്കാനുള്ള വടിയായി വിമർശകർക്ക്. ''ദക്ഷിണേന്ത്യയിലെ അഭിനേതാക്കളിൽ ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ള ഒരാളാണ് പൃഥ്വിരാജ്''. അഭിമുഖം സംപ്രേഷണം ചെയ്തതിനുപിന്നാലെ, സൗത്തിന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏകനടൻ എന്ന പേരിൽ മീമുകളും ട്രോളുകളും സോഷ്യൽമീഡിയയിൽ നിറഞ്ഞു. രാജപ്പനെന്നും പൊട്ടനെന്നും പേരിട്ടുവിളിക്കാൻ പോലും കഴിയുന്നത്ര വെറുപ്പും ദേഷ്യവും പലരും പൃഥ്വിരാജിനോട് പ്രകടമാക്കി.
പക്ഷേ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. സിനിമ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ആരെയും ഒന്നും ബോധിപ്പിക്കാനില്ലെന്നുള്ള മട്ടായിരുന്നു. മറുപടി പോലും നൽകാതെ അതെല്ലാം തള്ളിക്കളഞ്ഞു. ഇപ്പോൾ എമ്പുരാന്റെ പ്രൊമോഷനിടയിലും അന്നത്തെ വിമർശകരെക്കുറിച്ചുള്ള ചോദ്യങ്ങളുയർന്നു. അതിന് പൃഥ്വി നൽകിയ മറുപടിയിങ്ങനെ, ''ഇന്നും വിമർശകർക്ക് കുറവൊന്നുമില്ല. എന്റെ ഇംഗ്ലീഷിനെക്കുറിച്ച് അന്നും ഇന്നും ആളുകൾ കളിയാക്കാറുണ്ട്''. ഒന്ന് ചിരിച്ചുകൊണ്ട് പൃഥ്വി കൂട്ടിച്ചേർത്തു, ''അഭിനേതാക്കൾ എന്നതുപോട്ടെ. എന്റെ തലമുറയിൽനിന്നുള്ള എത്ര പേർക്ക് എന്നെപ്പോലെ നന്നായി മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും സാധിക്കും? അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്''.
വിമർശനങ്ങൾക്കിടയിലും പൃഥ്വിരാജ് സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു. അതിനായി കഠിനാധ്വാനവും ചെയ്തു. എമ്പുരാന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ മോഹൻലാൽ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞൊരു കാര്യമുണ്ട്, ''പൃഥ്വി ഉറങ്ങുന്നതും തിന്നുന്നതുമെല്ലാം സിനിമയാണ്''. അതുതന്നെയാണ് പൃഥ്വി ചെയ്തതും. വിവിധഭാഷകളിലായി എല്ലാ ജോണറിലുള്ള ചിത്രങ്ങളിലും അഭിനയിച്ചു. റാണി മുഖർജിയുടെ നായകനായി 'അയ്യാ', പോലീസ് വേഷത്തിലുള്ള 'ഔറംഗസേബ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളവും കടന്ന് ബോളിവുഡിലെത്തി. അതിനുശേഷം 'ആടുജീവിതം' എന്ന സിനിമയിലൂടെ ഗ്ലോബൽ ലെവലിൽ സിനിമയെ കൊണ്ടെത്തിക്കാനും കഴിഞ്ഞു. 2008-ലാണ് കഥയുമായി ബ്ലെസി, പൃഥ്വിരാജിനെ സമീപിക്കുന്നത്. സിനിമയുടെ വൻസാധ്യത തിരിച്ചറിഞ്ഞ്, ഓപ്പൺ ഡേറ്റ് നൽകുകയായിരുന്നു പൃഥ്വി.
ആ കഥാപാത്രത്തിനായി ഒരുപാട് കഷ്ടപ്പെടുകയും ചെയ്തു അദ്ദേഹം. സിനിമയുടെ തുടക്കത്തിൽ നജീബ് എന്ന കഥാപാത്രത്തിന് 98 കിലോ ആയിരുന്നു ശരീരഭാരം. അവസാനഭാഗമെത്തുമ്പോഴേക്കും 67 കിലോയും. 31 കിലോയാണ് കുറച്ചത്. ഷൂട്ടിങ്ങിനിടയിൽ പലപ്പോഴും പൃഥ്വി തളർന്നുവീണു. അതുകൊണ്ടുതന്നെ സെറ്റിലെപ്പോഴും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരുന്നു. തികച്ചും അനാരോഗ്യകരമായ ഡയറ്റിലൂടെയാണ് താൻ ഭാരം കുറച്ചതെന്നും, അതാരും പിന്തുടരുതെന്നുമാണ് അതിനുശേഷം പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ് സിനിമ കേരളത്തിൽ വിതരണം ചെയ്തതും.
നിർമാണമേഖലയിലേക്ക്...
2015-ലാണ് നിർമാണമേഖലയിലേക്ക് പൃഥ്വിരാജും സുപ്രിയയും കടക്കുന്നത്. ആ വിശേഷം പങ്കുവെച്ചുകൊണ്ടുള്ള അവരുടെ കുറിപ്പ് ഇങ്ങനെ പറയുന്നു, ''എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്റെ ഏറ്റവും ഉചിതമായ സമർപ്പണം, മലയാളംസിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരുപറ്റം സിനിമകൾക്ക് വഴിയൊരുക്കുക എന്നത് തന്നെ ആണെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു''.
കുറേ ബിഗ് ബജറ്റ് സിനിമകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തു പൃഥ്വിരാജ് പ്രൊഡക്ഷൻസ്. 9, ഡ്രൈവിങ് ലൈസൻസ്, കുരുതി, ജന ഗണ മന, കടുവ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ സിനിമകൾ നിർമിച്ചു. അക്ഷയ് കുമാർ ചിത്രമായ 'സെൽഫി'യിലൂടെ ബോളിവുഡ് സിനിമയുടെ നിർമാണരംഗത്തേക്കും പൃഥ്വിരാജ് പ്രൊഡക്ഷൻസ് കടന്നു. രജനീകാന്തിന്റെ 'പേട്ട', വിജയ് ചിത്രം 'ബിഗിൽ' തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്തതും അവരുടെ കമ്പനി തന്നെ. വിപണനസാധ്യതകൾ തിരിച്ചറിഞ്ഞ് കെ.ജി.എഫ്:2, കാന്താര, സലാർ: 1 തുടങ്ങിയ പാൻ ഇന്ത്യൻ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യാനും പൃഥ്വിരാജ് പ്രൊഡക്ഷൻസ് തയ്യാറായി.
ഒടുവിൽ സംവിധാനവും...
യാദൃശ്ചികമായിട്ടാണ് സംവിധാനരംഗത്തേക്ക് പൃഥ്വിരാജ് കടക്കുന്നത്. ''ലാലേട്ടനെ വെച്ച് ഒരു കഥയെഴുതുന്ന കാര്യം മുരളി ഗോപി എന്നോട് പറഞ്ഞു. ആരാ സംവിധായകൻ എന്ന് ഞാൻ ചോദിച്ചു. ആ ചോദ്യത്തിൽനിന്നാണ് ലൂസിഫറിന്റെ സംവിധാനത്തിലേക്ക് ഞാൻ കടക്കുന്നത്''. ചിത്രീകരണസമയത്ത് തന്നെ മൂന്നുഭാഗങ്ങളായുള്ള സിനിമയായിരിക്കും ലൂസിഫർ എന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.
റിലീസ് ചെയ്തപ്പോൾ എല്ലാ റെക്കോഡുകളും തകർത്തു മുന്നേറി സിനിമ. 200 കോടി എന്ന മാർക്ക് തൊടുന്ന ആദ്യ മലയാളംസിനിമ കൂടിയായി ലൂസിഫർ. അടുത്തതായി സംവിധാനം ചെയ്തത് 'ബ്രോ ഡാഡി' എന്ന സിനിമയാണ്. മൂന്നാമത്തെ സിനിമയായി എമ്പുരാനും.
റിലീസിനുമുമ്പ് തന്നെ എമ്പുരാൻ ചർച്ചയായിരുന്നു എങ്ങും. മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള പ്രൊമോഷണൽ പരിപാടികൾ. മോഹൻലാലും പൃഥ്വിരാജും മഞ്ജു വാര്യരും അടക്കമുള്ള താരങ്ങൾ മുംബൈയിലും ഹൈദരാബാദിലും ബംഗളൂരുവിലും ചെന്നൈയിലുമെത്തി.
ചിത്രത്തിന്റെ ടീസർ പുറത്തുവന്നതുമുതൽ പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്താൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. റെഡ് ഡ്രാഗണിന്റെ ഷർട്ട് ധരിച്ച് പുറംതിരിഞ്ഞ് നിൽക്കുന്ന ഒരു ചിത്രമാണ് അതിലേറ്റവും ശ്രദ്ധേയമായത്. സോഷ്യൽമീഡിയയിലെങ്ങും അതിനെക്കുറിച്ചുള്ള ചർച്ചകൾ നിറഞ്ഞു. വലിയ ഏതെങ്കിലും താരമായിരിക്കും അതെന്ന പ്രത്യാശ നിലനിർത്താൻ അതിനു കഴിഞ്ഞു.
എമ്പുരാൻ റിലീസിനോടനുബന്ധിച്ച് പൃഥ്വിയെക്കുറിച്ചുള്ള പോസ്റ്റുകളിലെല്ലാം കമന്റുകൾ നിറയുകയാണ്. 'രാജപ്പാ എന്ന് വിളിച്ചിരുന്നവരെക്കൊണ്ട് രാജുവേട്ടാ എന്ന് വിളിപ്പിച്ച നിങ്ങൾ മാസാണ്, ഇതയാൾ തന്നെ ഇല്യുമിനാറ്റി, മലയാളംസിനിമയുടെ മുഖം...' കമന്റുകൾ നീളുന്നു. എന്തായാലും താൻ കണ്ട സ്വപ്‌നങ്ങളിലേക്ക് ഒരുപടി കൂടി അടുത്തുകഴിഞ്ഞു പൃഥ്വിരാജ്.
Content Highlights: prithvirajs journey from an actor to a successful director