രാഷ്ട്രപതിയുടെ എഡിസി 'നാഷണൽ ക്രഷ്' എന്ന് സോഷ്യൽമീഡിയ; ഫാൻപേജുകളിൽ വീഡിയോകൾ നിറയുന്നു

സോഷ്യൽമീഡിയ കുറച്ചുനാളായി ഒരാളുടെ പുറകെയാണ്, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസിയായ (എയ്ഡ്-ദി-ക്യാമ്പ്) മേജർ ഋഷഭ് സിങ് സംബ്യാൽ ആണത്. നാഷണൽ ക്രഷ് എന്നൊരു ഓമനപ്പേരും മേജറിന് ഇട്ടുകഴിഞ്ഞു സോഷ്യൽമീഡിയ.
അദ്ദേഹത്തിന്റെ വ്യക്തിത്വവും രാഷ്ട്രപതിയുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ഇത്ര പെട്ടെന്ന് സോഷ്യൽ മീഡിയ മേജർ ഋഷഭിലേക്ക് ആകർഷിക്കപ്പെടാൻ കാരണം. രാഷ്ട്രപതിയോടുള്ള അദ്ദേഹത്തിന്റെ ഇടപെടലും അതിനൊരു കാരണം തന്നെ.
അദ്ദേഹത്തിന്റെ പേരിൽ എണ്ണിയാൽ തീരാത്ത ഫാൻ പേജുകൾ വരെ നിലവിലുണ്ട്. രാഷ്ട്രപതിയുടെ കൂടെയുള്ള ഒട്ടേറെ വീഡിയോകളാണ് ഫാൻ പേജുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. അവ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്യുന്നു. ഒരു വൈകാരികനിമിഷത്തിൽ കണ്ണീരടക്കാൻ കഴിയാതെ രാഷ്ട്രപതി പാടുപെടുമ്പോൾ, മേജർ ഒരു തൂവാലയെടുത്തുകൊടുക്കുന്ന വീഡിയോയാണ് അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ടത്. രാഷ്ട്രപതി-എഡിസി എന്ന ബന്ധത്തിനപ്പുറം അമ്മ-മകൻ ബന്ധമാണ് അവർക്കിടയിലുള്ളതെന്നൊണ് ചിലരുടെ നിരീക്ഷണം. തന്റെ ജോലി അങ്ങേയറ്റം ആത്മാർഥതയോടെയും ജാഗ്രതയോടെയും ചെയ്യുന്ന മേജറിനെ പ്രശംസിച്ചുകൊണ്ടാണ് വീഡിയോകളെല്ലാം പ്രചരിക്കുന്നത്.
'മേജറിന് തന്റെ ഫാൻ ഫോളോയിങ്ങിനെ കുറിച്ച് ധാരണയുണ്ടോ?', 'രാജ്യംമുഴുവൻ അദ്ദേഹത്തെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാമോ?', 'ഇദ്ദേഹം ശരിക്കുമൊരു ഗ്രീൻ ഫ്ളാഗ് തന്നെ', 'ജെന്റിൽമാൻ'...വീഡിയോകൾക്കുതാഴെ കമന്റുകൾ നിറയുകയാണ്.
ജമ്മുവിലെ ദോഗ്ര രജപുത് സമൂഹത്തിൽനിന്നുള്ളയാളാണ് ഋഷഭ് സിങ്. ഈ സമൂഹത്തിൽനിന്നുള്ള ഒട്ടേറെ പേരാണ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നത്. ധീരതയുടെ കഥകൾ കേട്ടാണ് അദ്ദേഹം വളർന്നതും. അങ്ങനെയാണ് സൈന്യത്തിലേക്ക് ആകർഷിക്കപ്പെടുന്നതും.
2021-ലാണ് ഋഷഭ് സിങ് എന്ന പേര് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് റിപ്പബ്ലിക് ദിന പരേഡിൽ ജാട്ട് റെജിമെന്റിനെ ക്യാപ്റ്റൻ എന്ന നിലയിൽ നയിച്ചത് അദ്ദേഹമാണ്. മന്ത്രി രാജ്നാഥ് സിങ്ങിൽനിന്ന് 'ബെസ്റ്റ് മാർച്ചിങ് കണ്ടിഞ്ചന്റ് ട്രോഫി' റെജിമെന്റ് ഏറ്റുവാങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വപാടവം അന്ന് പ്രശംസിക്കപ്പെട്ടു.
എന്താണ് എഡിസി?
പ്രസിഡന്റ്, ഗവർണർമാർ തുടങ്ങിയവരുടെ പേഴ്സണൽ അസിസ്റ്റന്റായി ഒരു എഡിസി അല്ലെങ്കിൽ എയ്ഡ്-ഡി-ക്യാമ്പ് ഉണ്ടാവും. രാഷ്ട്രപതിയുടെയും ഗവർണറുടെയും സുരക്ഷാ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ഇവരുടെ ചുമതലയാണ്. അതിനൊപ്പം അവരുടെ ഔദ്യോഗികയാത്രകളും മറ്റും ഏകോപിപ്പിക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും എഡിസിയുടെ ചുമതലയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Social media is buzzing about President Droupadi Murmu`s ADC, Major Rishabh Singh Sambyal, affectionately called `National Crush`