മാവ് പറഞ്ഞു പ്ലാവിന്റെ വീടറിയാം. അങ്ങനെ 'മാപ്ല' ചങ്ങാതിമാര്‍ കണ്ടുമുട്ടി

പ്ലാവിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ്. കൊടകരയെത്തിയപ്പോള്‍ മാവും വണ്ടിയില്‍ കയറി. 'ഇനി നേരെ മുന്നോട്ടുവിട്ടോ. പ്ലാവിന്റെ വീട് എനിക്കറിയാം', മാവ് ആത്മവിശ്വാസത്തിലാണ്. അവസാനം കൃത്യമായി വണ്ടി അവിട്ടത്തൂരുള്ള പ്ലാവിന്റെ വീട്ടുമുറ്റത്ത് ലാന്‍ഡ് ചെയ്തു. വണ്ടിയില്‍ നിന്നിറങ്ങുമ്പോഴേക്കും പ്ലാവ് വന്ന് മാവിന്റെ കൈയില്‍ പിടിച്ചു, ''കുറേയായല്ലോ കണ്ടിട്ട്?''
ഇതൊരു അപൂര്‍വ കൂടിക്കാഴ്ചയാണ്. ഇനി ഈ മാവിനെയും പ്ലാവിനെയും പരിചയപ്പെടാം.മാവുകള്‍ക്കും പ്ലാവുകള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രണ്ടുപേര്‍, മാവ് മോഹന്‍ദാസും പ്ലാവ് ജയനും. ആറായിരത്തിനടുത്ത് മാവിന്‍തൈകള്‍ ഇതുവരെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നട്ടിട്ടുണ്ട്. പ്ലാവ് ജയന്‍ നട്ടത് 30,000-ലധികം പ്ലാവുകള്‍. പ്ലാവ് ജയന്റെ വീട്ടുമുറ്റത്ത് കുറേ ഗ്രോബാഗുകളില്‍ പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റിലും തറകെട്ടി നിര്‍ത്തിയിരിക്കുന്ന പലതരം പ്ലാവുകളും. ''ആദ്യകാലത്ത് റോഡരികിലൊക്കെയാണ് ഞാന്‍ പ്ലാവ് നട്ടുപിടിപ്പിച്ചിരുന്നത്. അന്ന് പലരും കളിയാക്കുമായിരുന്നു'', പ്ലാവ് ജയന്‍ സംസാരത്തിന് തുടക്കമിട്ടു.
''ഞാനും പൊതുസ്ഥലങ്ങളിലാണ് മാവുകള്‍ വെച്ചുപിടിപ്പിക്കുന്നത്. കാരണം, സ്വകാര്യസ്ഥലങ്ങളില്‍ വീടുവെക്കുമ്പോഴൊക്കെ ഏറ്റവുമാദ്യം വെട്ടിമാറ്റുന്നത് മാവുകളായിരിക്കും. റബ്ബര്‍ വെക്കാന്‍വേണ്ടിയും മാവുകള്‍ വെട്ടിക്കളയും. നാട്ടുമാവുകളിലാണ് കൂടുതലായും ശ്രദ്ധകൊടുക്കുന്നത്'', മോഹന്‍ദാസ് പറഞ്ഞു. കുറേക്കാലം എത്യോപ്യയില്‍ അധ്യാപകനായിരുന്നു മോഹന്‍ദാസ്. നാട്ടില്‍ തിരിച്ചുവന്നപ്പോള്‍ കൊടകരയിലെ ഒരു പാരലല്‍ കോളേജ് ഏറ്റെടുത്തു. അവിടുത്തേക്ക് ഡസ്‌കും ബെഞ്ചും പണിയണം, അതിന് നല്ലത് വട്ടന്‍മാവാണ്. അങ്ങനെ വീട്ടുവളപ്പിലെ നാല് വട്ടന്‍മാവുകള്‍ വെട്ടി. അതുകഴിഞ്ഞ് വീണ്ടും വട്ടന്‍മാവുകള്‍ കിട്ടുമോയെന്ന് അന്വേഷിച്ചപ്പോഴാണ് അവിടെ അടുത്തൊന്നും അതില്ലെന്നറിഞ്ഞത്. ഇങ്ങനെ പോയാല്‍ കുറച്ചുകഴിയുമ്പോള്‍ മാവുകള്‍ പൂര്‍ണമായും ഇല്ലാതാവും, ആ ചിന്ത മനസ്സില്‍ കയറിക്കൂടിയതോടെയാണ് 2001-ല്‍ മോഹന്‍ദാസിന്റെ ആരണ്യക് എന്ന പ്രവര്‍ത്തനത്തിന് തുടക്കമാവുന്നത്.
ആരണ്യകിന് മോഹന്‍ദാസിന് പ്രേരണയായത് യുഗളപ്രസാദന്‍ എന്ന കവിതയും അതെഴുതിയ വിഷ്ണുനാരായണന്‍ നമ്പൂതിരിയുമാണ്. മോഹന്‍ദാസിനൊപ്പം പാരലല്‍ കോളേജിലെ കുട്ടികളും ഉത്സാഹത്തോടെ മാവ് നടാന്‍ കൂടി. പഴയ തറവാടുകളില്‍നിന്നും മനകളില്‍നിന്നുമാണ് മാങ്ങാണ്ടികള്‍ കിട്ടിയത്. ചപ്പിക്കുടിയന്‍, ശര്‍ക്കരമാവ്...അങ്ങനെ പലതും.
എന്നാല്‍, ജയന് കുട്ടിക്കാലം മുതലേ പ്ലാവിനോട് അടുപ്പമുണ്ട്. അന്ന് വീട്ടിലുള്ളവരുടെ വിശപ്പ് മാറ്റിയിരുന്നത് ചക്കയും ചക്കക്കുരുവുമായിരുന്നു. ആടുകള്‍ക്ക് കൊടുത്തിരുന്നത് പ്ലാവിലയും. ആ അടുപ്പമാണ് പ്ലാവ് നടുന്നതിലേക്ക് എത്തിക്കുന്നതും. റോഡരികിലും മറ്റും പ്ലാവിന്‍തൈ നട്ടുതുടങ്ങിയ ആ ഏഴാം ക്ലാസുകാരന് അങ്ങനെ പേരും വീണു, പ്ലാവ് ജയന്‍. ഇടയ്ക്ക് ഗള്‍ഫില്‍ പോയെങ്കിലും, പതിനൊന്ന് കൊല്ലത്തിനുശേഷം തിരിച്ചെത്തി. ജീവിക്കാന്‍വേണ്ടി ഒരു പെട്ടി ഓട്ടോറിക്ഷ വാങ്ങി. കുടുംബശ്രീക്കാര്‍ നിര്‍മിക്കുന്ന സോപ്പും മെഴുകുതിരിയുമൊക്കെ അതില്‍വെച്ച് വില്‍ക്കാന്‍ കൊണ്ടുപോവും. പല ഗ്രാമങ്ങളിലേക്കാണ് യാത്ര. അപ്പോഴും കൃഷിയാണ് മനസ്സില്‍. പോവുന്ന സ്ഥലത്തെ പ്ലാവിനെക്കുറിച്ചാണ് കൂടുതല്‍ അന്വേഷണവും. അവിടുന്നൊക്കെ കിട്ടുന്ന മാതൃവൃക്ഷത്തിന്റെ വിത്ത് കൊണ്ടുവന്ന് പാകി, തൈയാക്കി നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. അതൊക്കെ പരീക്ഷണങ്ങളായിരുന്നു.
പ്ലാവ് ഗ്രാമങ്ങളും മാപ്ല ചങ്ങാതിയും
മോഹന്‍ദാസിനൊപ്പം പല പ്രമുഖരും മാവ് നടുന്നതില്‍ ഭാഗമായി. സുഗതകുമാരി ടീച്ചര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, സുകുമാര്‍ അഴീക്കോട്, മയിലമ്മ എന്നിവര്‍ അതിലുള്‍പ്പെടും. ''കൊടകരയിലാണ് നമ്പൂതിരി സാര്‍ മാവ് നട്ടത്. കുറച്ചുകഴിഞ്ഞപ്പോഴേക്കും അതിനടുത്തുതന്നെ ഒരു പ്ലാവും വളര്‍ന്നുവരാന്‍ തുടങ്ങി. തന്നത്താന്‍ മുളച്ചതാണ്. ഇതുകണ്ടപ്പോള്‍ ഞാന്‍ സാറിനെ വിളിച്ചു, സാര്‍ നട്ട മാവിന്‍തൈയോട് ചേര്‍ന്നൊരു പ്ലാവും വളരുന്നുണ്ട്. അത് നമ്മുടെ മാവിനെ അവഗണിച്ചുകൊണ്ട് മുകളിലേക്ക് പോവുകയാണ് എന്ന്. അപ്പോള്‍ സാര്‍ പറഞ്ഞു, അങ്ങനെയുണ്ടാവട്ടെ, അതല്ലേ വേണ്ടത്. പ്ലാവ് കുറച്ചൊന്ന് മാറ്റി കുഴിച്ചിടാമെന്നാണ് കരുതിയിരുന്നത്. അദ്ദേഹം വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും വേണ്ടെന്നുവെച്ചു. പക്ഷേ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ സാര്‍ മരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ മാവ് നശിച്ചു. പ്ലാവ് ഇപ്പോഴും നല്ല ഉഷാറായി വളരുന്നുണ്ട്. കൊടകരയിലും ഇങ്ങനെയുണ്ട്. മാവും പ്ലാവും കൂടി സഹവര്‍ത്തിത്തത്തോടെ, ചങ്ങാതിമാരായി വളരുന്നു. നമ്മളതിന് മാപ്ല ചങ്ങാതി എന്ന് പേരുമിട്ടു''.
35 വര്‍ഷത്തോളമായി ജയന്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളിലൊക്കെ പ്ലാവുകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം പ്ലാവ് ഗ്രാമങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെയോ സ്വകാര്യവ്യക്തികളുടെയോ സ്ഥലം ഏറ്റെടുത്ത്, അതില്‍ പ്ലാവുകള്‍ നട്ടുപിടിപ്പിച്ച് തിരിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരത്താണ് ആദ്യമായി പ്ലാവ് ഗ്രാമം നിര്‍മിച്ചത്. അവിടെയിപ്പോള്‍ പലതരം ചക്കകളുണ്ട്. ജയന്റെ വീടിനടുത്തും ഒരു പ്ലാവ് ഗ്രാമമുണ്ട്. തരിശായി കിടന്ന മൂന്നര ഏക്കര്‍ സ്ഥലം ഒരു പ്രവാസിയില്‍നിന്ന് ഏറ്റെടുത്തു. അവിടെ പതിനെട്ട് തരം പ്ലാവുകള്‍ വെച്ചു. അതിനൊപ്പം മാവും വേറെ മരങ്ങളുമുണ്ട്.
''രണ്ടുവര്‍ഷം കൊണ്ടാണ് ആ തരിശുഭൂമി മാറ്റിയെടുത്തത്. ഇപ്പോള്‍ ഇഷ്ടംപോലെ തണല്‍ കിട്ടും അവിടെ. മാത്രമല്ല സമീപത്തുള്ള വീടുകളിലെ കിണറുകളില്‍ വെള്ളവും കൂടി,'' ജയന്‍ പറയുന്നു. ജയന്റെ ഈ പ്ലാവ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗാന്ധിജിയുടെ വാര്‍ധാ ആശ്രമത്തില്‍ അറിഞ്ഞപ്പോള്‍, ജയനെ അങ്ങോട്ട് ക്ഷണിച്ചു. 65 തരം പ്ലാവിന്‍തൈകളുമായി ജയനും ഭാര്യയും അങ്ങോട്ടുപോയി, മൂന്ന് ദിവസം താമസിച്ചു. അവിടെ തൈകള്‍ നട്ടിട്ടാണ് തിരിച്ചുവന്നത്. ചക്കയുടെ അറിവുകളെല്ലാം വെച്ച് ജയന്റെ പേരിലൊരു പുസ്തകവുമുണ്ട്, പ്ലാവ്. മാതൃഭൂമി ബുക്‌സാണ് അത് പുറത്തിറക്കിയത്. ''പുസ്തകം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതോടെയാണ് ചക്കയെ ഔദ്യോഗികഫലമായി പ്രഖ്യാപിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നത്. ഒടുവില്‍ ഔദ്യോഗികഫലമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സര്‍ക്കാരിന്റെ ആഘോഷപരിപാടികളുണ്ടായിരുന്നു. അതിലെന്നെ ആദരിക്കുകയും ചെയ്തു''. ഒടുവില്‍ 2016-17ല്‍ മികച്ച കര്‍ഷകനുള്ള ദേശീയപുരസ്‌കാരം, സംസ്ഥാനസര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് എന്നിവയും ജയനെ തേടിയെത്തി.
കൊടകരയിലെ അമ്പലത്തിന്റെ ചുറ്റുവളപ്പിലും റോഡരികുകളിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും സിവില്‍ സ്റ്റേഷന്‍, കൊടകര എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നട്ട മരങ്ങള്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്നത് കാണാം. പലതിലും നല്ല മധുരമുള്ള നാടന്‍മാങ്ങകളുണ്ട്. മാവ് നടുന്നതിനൊപ്പം തന്നെ പല സമരങ്ങളിലും ചേര്‍ത്തുവെക്കേണ്ട പേരാണ് മോഹന്‍ദാസിന്റേത്. അതിരപ്പിള്ളി സമരത്തിലും മോഹന്‍ദാസ് പങ്കെടുത്തിട്ടുണ്ട്.
പരിസ്ഥിതിസമരങ്ങളിലൊന്നും ഭാഗമായിട്ടില്ലെങ്കിലും ആളുകള്‍ തന്നെ പരിസ്ഥിതിക്കാരന്‍ എന്നാണ് വിളിക്കുന്നതെന്ന് ജയന്‍. ''ഞാന്‍ മോഹന്‍ദാസിനെപ്പോലെ പരിസ്ഥിതി സമരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല, അറസ്റ്റ് വരിച്ചിട്ടുമില്ല. ഞാന്‍ നട്ടുപിടിപ്പിക്കുന്ന പ്ലാവുകളുടെ ഭാഗമായി മാത്രമാണെനിക്ക് ആ പേര് വീണത്. എന്റെ പ്രതിഷേധവും കാര്യങ്ങളുമെല്ലാം പ്ലാവ് നട്ടുപിടിപ്പിക്കുന്നതിലുണ്ട്'', ജയന്‍ പറഞ്ഞുനിര്‍ത്തുന്നു.
Content Highlights: plavujayan and maavumohandas interview