അന്ന് കണ്ണീരോടെ ടോക്കിയോയില്‍; ഇന്ന് നിറചിരിയോടെ പാരീസില്‍

#അക്ഷര അർജുൻ
മനു ഭാകര്‍ ഒളിമ്പിക്‌സ് മെഡലുമായി / ഫോട്ടോ: PTI
മനു ഭാകര്‍ ഒളിമ്പിക്‌സ് മെഡലുമായി / ഫോട്ടോ: PTI

ഇന്ത്യന്‍ പതാക ഉയര്‍ത്തിപ്പിടിച്ച് നിറചിരിയോടെ അവള്‍ പാരീസിലെ ജനാവലിക്ക് മുന്നില്‍ അഭിമാനത്തോടെ നിന്നു. മനു ഭാകര്‍ എന്ന ഹരിയാനക്കാരിക്ക് ഇത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം. 22-ാം വയസ്സില്‍ സ്വന്തം രാജ്യത്തിനായി രണ്ട് മെഡലുകള്‍. ഈ മെഡല്‍ നേട്ടത്തോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ഏകതാരമായി മനു മാറി. ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ 12 വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിനും അറുതിയായി.

ചെറുപ്പത്തിലെ കമ്പം
ഹരിയാനയിലെ ജജ്ജാറിലെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് മനുവിന്റെ യാത്ര തുടങ്ങുന്നത്. മെര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയറായ രാം കിഷന്‍ ഭാക്കറിന്റെയും സ്‌കൂള്‍ അധ്യാപികയായ സുമേധയുടെയും മകള്‍. ചെറുപ്പത്തില്‍ തന്നെ ടെന്നീസിലും കബഡിയിലും പങ്കെടുത്തുതുടങ്ങി. പതിനാലാം വയസ്സിലാണ് ഷൂട്ടിങ്ങിനോടുള്ള കമ്പം തുടങ്ങുന്നത്. മുന്‍ ലോക ചാമ്പ്യനും ഏഷ്യന്‍ ഗെയിംസിലെ ചാമ്പ്യനുമായ ജസ്പാല്‍ റാണ, ആ കൗമാരക്കാരിയെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ചാമ്പ്യന്‍ ഷൂട്ടറാക്കി മാറ്റി. 16 വയസ്സ് തികയുമ്പോള്‍ മനു കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേത്രിയും യൂത്ത് ഒളിമ്പിക്‌സ് ചാമ്പ്യനുമായി. 

വിജയക്കുതിപ്പ്
2017-ല്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 9 സ്വര്‍ണമടക്കം 15 സ്വര്‍ണം നേടി മനു റെക്കോര്‍ഡിട്ടു. 11-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഷൂട്ടിങ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി. 2018-ലെ ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് മെഡലുകള്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തിലും മിക്‌സഡ് ടീം ഇനത്തിലും സ്വര്‍ണ നേട്ടം. രണ്ട് തവണ ജേതാവായ മെക്‌സിക്കോയുടെ അലജാന്‍ഡ്ര സവലയെ പരാജയപ്പെടുത്തിയതോടെ  മനു റെക്കോഡിട്ടു.

തുടര്‍ന്ന് 2018 കോമണ്‍വെല്‍ത്തിലും സ്വര്‍ണം നേടി ലോകവേദിയില്‍ മനു ഇന്ത്യയുടെ പ്രതീക്ഷയായി മാറി. 2018 യൂത്ത് ഒളിമ്പിക്സിലും മനു പതിവുകളൊന്നും തെറ്റിച്ചില്ല. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടി മനു പുതുചരിത്രമെഴുതി. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കി. 2020-ല്‍ കായികരംഗത്തെ തിളക്കത്തിന് അര്‍ജുന അവാര്‍ഡും തേടിയെത്തി. 

മനു ഭാകറും സരബ്‌ജോത് സിങ്ങും ഒളിമ്പിക്‌സ് മെഡലുമായി / ഫോട്ടോ: PTI

ടോക്കിയോയിലെ തളര്‍ച്ച
തന്റെ കായികജീവിതം മനു ഉഴിഞ്ഞുവെച്ചത് ഒളിമ്പിക്‌സ് എന്ന സ്വപ്‌നത്തിലേക്കടുക്കാനായിരുന്നു.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ലോക രണ്ടാം റാങ്കുകാരിയായാണ് മനു, കഴിഞ്ഞ തവണ ടോക്കിയോ ഒളിമ്പിക്‌സിന്റെ പടികടന്നുചെന്നത്. പക്ഷേ അത് മനുവിന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനമായി മാറി. മൂന്ന് ഇനങ്ങളിലും ഫൈനലിലേക്കുള്ള യോഗ്യത നേടാനായില്ല. വ്യക്തിഗത ഇനത്തില്‍ തോക്കിന്റെ തകരാര്‍ മൂലം ഫൈനലിലെത്താനായില്ല. അന്ന് കണ്ണീരോടെയാണ് ആ പത്തൊമ്പതുകാരി അവിടം വിട്ടിറങ്ങിയത്. 

കേരള ടു പാരീസ്

ഒരൊറ്റ ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കളിക്കാന്‍ തുടങ്ങുന്ന ഏതൊരു അത്ലറ്റും ഒളിമ്പിക്സില്‍ പങ്കെടുത്ത് ഇന്ത്യക്കായി മെഡല്‍ നേടുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നു. ഇത് ആ ലക്ഷ്യത്തിന്റെ ഭാഗമാണ് .'' മെഡല്‍ പിടിച്ച് ഉച്ചത്തില്‍ മനു പറഞ്ഞ വാക്കുകളാണിവ


ടോക്കിയോ ഒളിമ്പിക്‌സിന്റെ മാനസികസമ്മര്‍ദ്ദം ഒഴിവാക്കാന്‍ മനു കുടുംബത്തോടൊപ്പം നേരെ പോയത് കേരളത്തിലേക്കാണ്. ചെറായി ബീച്ചിന്റെ ശാന്തതയിൽ അവൾ സമാധാനം കണ്ടെത്തി. ആ യാത്രയില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജവും പ്രചോദനവും മനുവിനെ വീണ്ടും പരിശീലനത്തിലേക്കെത്തിച്ചു. പാരീസില്‍ ഇന്ത്യയുടെ അഭിമാനനേട്ടത്തിലേക്കുള്ള യാത്രയാരംഭിച്ചത് ചെറായിയില്‍ നിന്നുള്ള ആ തിരിച്ചുപോക്കിലാണ്.

പാരീസില്‍ പുതുചരിത്രമെഴുതിയാണ് മനു വെങ്കലം കഴുത്തിലണിഞ്ഞത്. പാരീസ് ഒളിമ്പിക്‌സിലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഇന്ത്യയുടെ അഭിമാനമായി.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകര്‍-സരബ്‌ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ചു. ഇതോടെ ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇന്ത്യന്‍ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ ആദ്യ താരമെന്ന റെക്കോഡും മനു സ്വന്തമാക്കി. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നപ്പോള്‍ 1900-ലെ ഒളിമ്പിക്‌സില്‍ മത്സരിച്ച നോര്‍മന്‍ പ്രിച്ചാര്‍ഡ് ഇരട്ട വെള്ളി നേടിയിരുന്നു. 

Content Highlights: paris olympics 2024 bronze medalist manu bhaker life story