'പർദേസി പർദേസി' പാട്ടുസീനിലൂടെ താരമായ നടി; പ്രണയം, തട്ടിക്കൊണ്ടുപോകൽ; ഒടുവിൽ കരിയർ തകർന്നു

1996-ൽ പുറത്തിറങ്ങിയ 'രാജാ ഹിന്ദുസ്ഥാനി'യിലെ 'പർദേസി പർദേസി' എന്ന പാട്ടിന് ആരാധകരേറെയാണ്. ആമിർ ഖാനും കരിഷ്മ കപൂറുമുള്ള ആ ഗാനരംഗത്തിൽ എന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു താരമാണ്, പ്രതിഭ സിൻഹ. ആ പാട്ടുസീനിലെ പ്രതിഭയുടെ നൃത്തം ആളുകളെ ആകർഷിച്ചു. ഒറ്റരാത്രി കൊണ്ട് പ്രതിഭ താരമാവുകയും ചെയ്തു. ഇന്നും അവർ അറിയപ്പെടുന്നതും ആ പാട്ടുസീനിന്റെ പേരിലാണ്. മാധുരി ദീക്ഷിത്തിന്റെ ഛായയുള്ള താരമെന്ന് അന്ന് പലരും അവരെക്കുറിച്ച് പറഞ്ഞു.
പഴയകാലനടി മാലാ സിൻഹയുടെയും നേപ്പാളി നടൻ ചിദംബർ പ്രസാദ് ലൊഹാനിയുടെയും മകളാണ് പ്രതിഭ. കൊൽക്കത്തയിലാണ് ജനനം. അമ്മയുടെയും അച്ഛന്റെയും അഭിനയം കണ്ട് ചെറുപ്പംമുതൽ തന്നെ പ്രതിഭയുടെ മനസ്സിലും അഭിനയം അലിഞ്ഞുചേർന്നു. അമ്മയുടെ വഴിയെ ബോളിവുഡിലെത്തുകയും ചെയ്തു. എന്നാൽ, അമ്മയുടെ വിജയഗാഥ ആവർത്തിക്കാൻ പ്രതിഭയ്ക്ക് കഴിഞ്ഞില്ല.
സൽമാൻ ഖാന്റെ നായികയായി 'സൈയ്യാൻ' എന്ന സിനിമയിലേക്കാണ് പ്രതിഭ ആദ്യമായെത്തുന്നത്. സിനിമയുടെ പ്രാരംഭഷൂട്ടിങ്ങും തുടങ്ങി. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ ഷൂട്ടിങ് പൂർത്തിയായില്ല. അക്കാരണം തന്നെ പ്രതിഭയുടെ കരിയറിന് തിരിച്ചടിയായി. 'മെഹ്ബൂബ് മേരെ മെഹ്ബൂബ്' എന്ന സിനിമയാണ് പ്രതിഭയുടേതായി ആദ്യമായി പുറത്തിറങ്ങുന്നത്.
അതിനുശേഷം 13-ഓളം സിനിമകളിൽ അഭിനയിച്ചു. അതെല്ലാം വളരെ ചെറിയ വേഷങ്ങൾ മാത്രം. ഇവയിലൊന്നുപോലും ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല. ഇതവരുടെ കരിയറിനെ വല്ലാതെ ബാധിച്ചു. 'രാജാ ഹിന്ദുസ്ഥാനി'യിൽ മാത്രമാണ് ഒരു പാട്ടുസീനിലാണെങ്കിൽ പോലും, തിരിച്ചറിയപ്പെടുന്നൊരു വേഷം ചെയ്തത്.
അതിനിടയിൽ സംഗീതസംവിധായകനായ നദീം സെയ്ഫിയുമായി (നദീം-ശ്രാവൺ സഖ്യത്തിലെ നദീം) അഗാധമായ പ്രണയത്തിലായി. 'രാജാ ഹിന്ദുസ്ഥാനി'ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന് ലോകമറിയുന്നത്. നദീം അന്നേ വിവാഹിതനായിരുന്നു. അതൊന്നും നദീമിനോടുള്ള പ്രണയത്തിൽനിന്ന് പിൻമാറാനുള്ള കാരണമായി പ്രതിഭയ്ക്ക് തോന്നിയില്ല. ഇക്കാര്യം മാലാ സിൻഹ അറിഞ്ഞപ്പോൾ അവരും കടുത്ത എതിർപ്പുമായെത്തി. കരിയറിന്റെ തുടക്കകാലത്ത് ഒരു പ്രണയത്തിന്റെ പേരിൽ അഭിനയജീവിതം നശിപ്പിക്കുന്നതിനോട് അവർക്ക് താത്പര്യമില്ലായിരുന്നു. നദീമുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ അവർ മകളോട് ആവശ്യപ്പെട്ടു.
പക്ഷേ, അമ്മയുടെ എതിർപ്പിനെയൊന്നും പ്രതിഭ കാര്യമാക്കിയില്ല. കരിയറിന് പ്രാധാന്യം കൊടുക്കാതെ ഒരു പ്രണയത്തിനുപിന്നാലെ നടക്കുന്നത് മാലയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പ്രതിഭയെ ചെന്നൈയിലേക്ക് പറഞ്ഞുവിട്ടു മാല. അപ്പോഴും നദീമായുള്ള ബന്ധം തുടർന്നു. തനിക്ക് നദീമിനെ വിവാഹം കഴിക്കണമെന്ന് പല അഭിമുഖങ്ങളിലും അവർ തുറന്നുപറഞ്ഞു. എന്നാൽ, ചെന്നൈയിൽനിന്ന് തിരിച്ചെത്തിയ പ്രതിഭ അതെല്ലാം തിരുത്തിപ്പറഞ്ഞു. താനൊരിക്കലും നദീമിനെ പ്രണയിച്ചിട്ടില്ലെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ തട്ടിക്കൊണ്ടുപോകാൻ നദീം ശ്രമിച്ചുവെന്നും അവർ പറഞ്ഞു. നദീം തന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചുവെന്നുപോലും പ്രതിഭ ആവർത്തിച്ചു. ഇതെല്ലാം നദീമിനെ വല്ലാതെ ചൊടിപ്പിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിട്ടാണ് പ്രതിഭയുമായുള്ള ബന്ധത്തെ നദീം പിന്നീട് വിശേഷിപ്പിച്ചത്.
ഈ സംഭവങ്ങളെല്ലാം പ്രതിഭയുടെ അഭിനയജീവിതത്തെ കാര്യമായി ബാധിച്ചു. അവർ എന്നെന്നേക്കുമായി സിനിമയിൽനിന്ന് അകലുകയും ചെയ്തു. ആ പഴയ 'പർദേസി ഗേൾ' എവിടെയാണെന്ന് ഇന്നാർക്കുമറിയില്ല.
Content Highlights: pratibha sinha ruined her career for her affair with music director nadeem saifi