തൂങ്ങിയാടുന്ന പാവകള്‍, കൂട്ടിന് ഗന്ധര്‍വനും യക്ഷിയും; ഒരു പ്രേതവേട്ടക്കാരന്റെ അതീന്ദ്രിയക്കാഴ്ചകള്‍

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിന് സമീപത്താണ് ലയം എന്ന വീട്. അതീന്ദ്രിയ, സൈക്കിക്, പാരാനോര്‍മല്‍ അനുഭവങ്ങളുടെ കൗതുകങ്ങള്‍ തേടിയും ആശങ്കയകറ്റാനുമായി ആളുകള്‍ ഏറെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും കയറിച്ചെല്ലുന്ന ഒരിടം. ആളുകളുടെ ഓരോ സമസ്യയും ക്ഷമയോടെ കേട്ട് അതിന്റെ പൊരുള്‍ വെളിപ്പെടുത്താന്‍ സദാ തല്‍പരനായിരിക്കുന്നു ഈ വീട്ടുടമ ജോര്‍ജ് മാത്യു. ഗതി കിട്ടാതെ അലയുന്ന ആത്മാക്കളുടെ അടക്കിപ്പിടിച്ച പരിവേദനങ്ങള്‍, ഗന്ധര്‍വനും മറുതയും യക്ഷിയും, പരകായ പ്രവേശം നേടിയ ഉടലുകളുടെ ഭീതിപ്പെടുത്തുന്ന ഉറഞ്ഞാടലുകള്‍, നിദ്രയിലോ അര്‍ദ്ധ നിദ്രയിലോ മനസ്സിനെ വേട്ടയാടാനുതകുന്ന വിചിത്രമായ സ്വപ്‌നങ്ങളുടെ വിളനിലമായ പ്രേതഭൂമി, ബോധത്തിലും അബോധത്തിലും പിന്തുടരുന്ന മായാരൂപികള്‍, വീശിയടിക്കുന്ന കാറ്റില്‍ അലിഞ്ഞു ചേര്‍ന്ന നിലവിളികള്‍...വെളിച്ചം അരിച്ചിറങ്ങാന്‍ മടിക്കുന്ന വീടിന്റെ അകത്തളങ്ങളില്‍ അവിടവിടങ്ങളിലായി തൂങ്ങിയാടുന്ന നിറംമങ്ങിയ പാവകള്‍, ജനാലകളില്‍ ഇടം പിടിച്ചിരിക്കുന്ന ദാരുശില്പങ്ങള്‍,അലക്ഷ്യമായി വാരിവിതറി ഇട്ടിരിക്കുന്ന പുസ്തകങ്ങളും പത്ര കടലാസുകളും... നഗരത്തില്‍ നിന്നു മാറി സ്വന്തമായി നട്ടുണ്ടാക്കിയ ഒരു കൊച്ചു കാട്ടിനുള്ളിലെ മൂന്നു നില വീട്ടില്‍ ഏകാന്തവാസം നയിക്കുന്ന പാരാ സൈക്കോളജിസ്റ്റിനെ കുറിച്ചും അയാളുടെ ചുറ്റുവട്ടത്തെക്കുറിച്ചും കേട്ടതത്രയും ഭയം ജനിപ്പിക്കുന്ന കഥകളായിരുന്നു. കാര്യവട്ടം ക്യാമ്പസിലെ മുന്‍ മനഃശ്ശാസ്ത്ര വിഭാഗം മേധാവിയാണ് ജോര്‍ജ് മാത്യു.
പാരാ സൈക്കോളജിയില്‍ അദ്ദേഹത്തോളം അറിവും അനുഭവങ്ങളും ഉള്ളവര്‍ വിരളം. മനഃശാസ്ത്ര മേഖലയില്‍ ഹോളിഗ്രേറ്റീവ് സൈക്കോളജി എന്നൊരു ശാഖ തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒന്നേകാല്‍ ഏക്കറോളം വരുന്ന മനുഷ്യ നിര്‍മിത വനത്തിനുള്ളിലാണ് ലയം സ്ഥിതിചെയ്യുന്നത്. വീടിനേക്കാള്‍ ഉയരത്തില്‍ പടര്‍ന്നു പന്തലിച്ച മരങ്ങളും തൂങ്ങിയാടുന്ന വള്ളിപ്പടര്‍പ്പുകളും അവയ്ക്കിടയില്‍ ഒതുങ്ങിനില്‍ക്കുന്ന കുറ്റിച്ചെടികളും ചേര്‍ന്ന് അതിമനോഹരമായ ഒരിടം. ''കാടിനോടുള്ള ഇഷ്ടവും പ്രകൃതി സ്‌നേഹവും പണ്ടേ മനസ്സിലുണ്ട്. അങ്ങനെയാണ് ഈ പറമ്പില്‍ വീടും കാടും ഒരുക്കിയത്.'' അദ്ദേഹം കഥകളുടെ നിലവറ തുറന്നു. പലതരത്തില്‍പ്പെട്ട ഫലവൃക്ഷങ്ങളും പൂമരങ്ങളും അലങ്കാര സസ്യങ്ങളും. ശലഭങ്ങളും പക്ഷികളും ഇഴജന്തുക്കളും. നഗരഹൃദയത്തിനുള്ളില്‍ ഒരു കാട്. അവിടവിടങ്ങളിലായി കുറച്ച് ഇരിപ്പിടങ്ങള്‍. ലിച്ചിയും കുടംപുളിയും അശോകവും പതിമുഖവും തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. സ്ഥിരം സന്ദര്‍ശകനായൊരു ചേരയുടെ കഥ അദ്ദേഹം പറയുന്നതുംകേട്ട് നടക്കുന്നതിനിടയില്‍ ഒരു ഭീമന്‍ പുള്ളിത്തവള കരിയിലകള്‍ക്കിടയില്‍ ഇണയുമൊത്ത് പ്രണയ സല്ലാപത്തിലേര്‍പ്പെടുന്ന കാഴ്ച കണ്ണില്‍തടഞ്ഞു.
ഭീകരമായ അലര്‍ച്ചകളും അട്ടഹാസങ്ങളും ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പ്രേതവേട്ടക്കാരന്റെ മട. ലയത്തെപ്പറ്റികേട്ട കഥകളേറെയും അങ്ങനെയായിരുന്നു. മനസ്സില്‍ ഭയത്തിന്റെ വലകള്‍ നിറയുന്നതുപോലെ. ഇരുണ്ട പച്ചപ്പില്‍ നിറയുന്ന ശൂന്യത. വീശിയടിക്കുന്ന കാറ്റില്‍ ഇളകിയാടുന്ന വള്ളിപടര്‍പ്പുകള്‍ക്കിടയിലും മാമരങ്ങള്‍ക്ക് പിന്നിലും കിണറിനോട് ചേര്‍ന്ന പാതി ഇടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്നുമൊക്കെ ചില കണ്ണുകള്‍ ഉറ്റുനോക്കുന്നുണ്ടോ? എല്ലാം ഓരോ തോന്നലല്ലേ എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ പാടുപെടുമ്പോള്‍ ഇതിനെല്ലാം കൃത്യമായ മറുപടിയുമായി അദ്ദേഹം മുന്നേ നടന്നു. മൂന്നുനില വീടിന്റെ ഉള്ളില്‍ അവിടവിടായി തൂങ്ങിയാടുന്നു പാവകള്‍. ജനലരികുകളില്‍ പാമ്പിന്റെയും തത്തയുടെയും ശില്പങ്ങളും ചില മന്ത്രവാദ സാമഗ്രികളും. അകത്തളത്തിന്റെ അച്ചടക്കത്തെ വെല്ലുവിളിച്ചുകൊണ്ട് വാഴുന്ന പൊടിപടലവും മാറാലയും ചിതറിക്കിടക്കുന്ന പുസ്തകങ്ങളും കവറുകളും പാട്ടകളും ചേര്‍ന്ന് ആ വീടിനെ ജോര്‍ജ് മാത്യു എന്ന ഏകാന്തപഥികന്റെ ഇഷ്ട ആലയമാക്കി മാറ്റിയ കാഴ്ച. മൂന്നാംനിലയില്‍ മണിപ്ലാന്റ് ചെടികള്‍ വളര്‍ന്നു കേറിയ, സുഖശീതളമായ കാറ്റ് ഒഴുകിവരുന്ന തുറന്ന കോലായില്‍ ഇരുന്ന് ശാന്തനായി അദ്ദേഹം സംസാരം തുടങ്ങി.
അതീന്ദ്രിയ കഥകളുടെ കുട്ടിക്കാലം
''കോട്ടയത്ത് അമ്മവീട്ടില്‍ ആയിരുന്നു കുട്ടിക്കാലത്തിന്റെ ഏറിയപങ്കും. അവിടെ അടുത്തുള്ള സ്‌കൂളില്‍ അധ്യാപകനായിരുന്ന അമ്മയുടെ അച്ഛനില്‍ നിന്നാണ് ആദ്യമായി ഇത്തരം അനുഭവങ്ങള്‍ കേള്‍ക്കുന്നത്. വിശാലമായ ഒരു സുഹൃദ്‌വലയം അപ്പാപ്പനുണ്ടായിരുന്നു. ആത്മീയ കാര്യങ്ങളും അതീന്ദ്രിയ സംഭവങ്ങളുമായിരുന്നു അവരുടെ ചര്‍ച്ചാ വിഷയം.'ഇതെല്ലാം കേട്ടു വളര്‍ന്ന ആ കുട്ടിക്കാലമായിരിക്കാം ജോര്‍ജ് മാത്യുവില്‍ പാരാസൈക്കോളജി എന്ന വിഷയത്തോടുള്ള താല്പര്യം ജനിപ്പിച്ചത്. ഫിസിക്‌സില്‍ ബിരുദം നേടിയശേഷം അദ്ദേഹം മനശ്ശാസ്ത്ര പഠനത്തിലേക്ക് തിരിഞ്ഞു. കാര്യവട്ടം ക്യാമ്പസിലെ മനശാസ്ത്ര അധ്യാപകനായി ദീര്‍ഘനാളത്തെ സേവനത്തിന് ശേഷം 2002-ല്‍ അദ്ദേഹം വിരമിച്ചു. പ്രകൃതിയോടെന്നും അദ്ദേഹത്തിന് വല്ലാത്തൊരിഷ്ടമായിരുന്നു. ''ഇരവികുളം നാഷണല്‍ പാര്‍ക്കിലെയും പെരിയാര്‍ സാങ്ച്വറിയിലെയും കാടുകളില്‍ ഒറ്റയ്ക്ക് താമസിച്ചിട്ടുണ്ട്. ഹിമാലയത്തില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി താമസിച്ചു. അക്കാലത്ത് ഗഡ്വാള്‍ സര്‍വകലാശാലയിലെ കൊമേഴ്‌സ് പ്രൊഫസര്‍ ആയിരുന്ന അലോക് ശാക്ലാനിയെ പാരാസൈക്കോളജിയുമായി ബന്ധപ്പെട്ട ഒരു പ്രൊജക്റ്റില്‍ സഹായിക്കാനായി. അതിനുവേണ്ടി കുറെ യാത്രകള്‍ നടത്തിയിരുന്നു. സ്പിരിറ്റ് പൊസഷനടക്കം(ബാധ ശരീരത്തില്‍ ആവേശിക്കുന്നത് പോലുള്ള ക്രിയകള്‍) പല കര്‍മങ്ങളും നേരിട്ട് കണ്ടു. തുടര്‍ന്ന് ഹിമാലയത്തിലെ പല ഗ്രാമങ്ങളിലും സഞ്ചരിച്ച് സിദ്ധികളും അതീന്ദ്രിയ അനുഭവങ്ങളും ഉണ്ടെന്നു പറയുന്നവരെ കണ്ടെത്തി അഭിമുഖം നടത്തി. 'ഭൂതകാലത്തിലൂടെ സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഫോണ്‍ ഇടതടവില്ലാതെ ശബ്ദിച്ചു. ഒരു ചെറുപ്പക്കാരനാണ് മറുതലയ്ക്കല്‍. കലാകാരനും, വളരെ ക്രിയേറ്റീവായ മനസുമുള്ള ഒരാള്‍. ചെറിയ രീതിയിലുള്ള മയക്കുമരുന്ന് ഉപയോഗം അയാളുടെ മനസ്സിന്റെ താളം തെറ്റിച്ചു. അയാള്‍ തന്റെ കൂട്ടുകാരനുമായി പിണങ്ങി. ആ സംഭവം വളരെ വിചിത്രമായാണ് അയാളെ ബാധിച്ചത്. സ്വസ്ഥമല്ലാത്ത മനസ്. രാത്രി ഉറക്കമില്ല. പിണങ്ങിയ കൂട്ടുകാരന്‍ എന്തോ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും അതുതന്നെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ പോകുന്നു എന്നുമുള്ള ചിന്തയാണ് അയാളെ പ്രശ്‌നത്തിലാക്കുന്നതെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായി. സന്ധ്യക്ക് നേരില്‍ കാണാന്‍ ആ ചെറുപ്പക്കാരന്‍ എത്തുന്നതും കാത്തിരിക്കുകയാണ് അദ്ദേഹം.
വിചിത്രമായ കേസുകള്‍
വിചിത്രങ്ങളായ നിരവധി കേസുകളാണ് ഈ കാലയളവില്‍ ജോര്‍ജ് മാത്യു കൈകാര്യം ചെയ്തത്. തമിഴ്‌നാട്ടിലൂടെ ഉള്ള ഒരു യാത്രയില്‍ ബാലു എന്ന ചെറുപ്പക്കാരന്‍ ഒരാളെ പരിചയപ്പെട്ടു. തങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബസ് അപകടത്തില്‍പ്പെടുന്നത് വ്യക്തമായി സ്വപ്നം കണ്ട് അയാള്‍ ഞെട്ടിയെഴുന്നേറ്റ് ബാലുവിനോട് അത് വിശദീകരിച്ചു. ആ സ്വപ്‌നം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അയാളെയും കൂട്ടി ബാലു പാതി വഴിയില്‍ ഇറങ്ങി. മറ്റൊരു ബസ്സില്‍ കയറി അധികദൂരം മുന്നോട്ടുപോയില്ല, സഹയാത്രികന്‍ സ്വപ്‌നത്തില്‍ കണ്ടതുപോലെതന്നെ തങ്ങള്‍ മുന്നേ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടക്കുന്നു. ഈ വിചിത്രമായ അനുഭവത്തിന്റെ പൊരുള്‍തേടി ബാലു ലയത്തില്‍ എത്തി. 'പ്രപഞ്ചത്തിലെ എല്ലാ സംഭവങ്ങളും ഒരു ചങ്ങലയിലെ കണ്ണികളെ പോലെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതാണ്.' ബാലുവിന് ജോര്‍ജ് മാത്യു കൊടുത്ത മറുപടി ഇതായിരുന്നു.
കാര്യവട്ടം കാമ്പസ്സിനുള്ളിലെ ഹൈമാവതി കുളത്തിന്റെ കഥ ഒരു മുത്തശ്ശിക്കഥപോലെ കാലാകാലങ്ങളായി പ്രചരിക്കുന്നതാണ്. ഹൈമാവതി എന്നൊരു പെണ്‍കുട്ടി തന്റെ പ്രണയനഷ്ടം മൂലം ചാടി മരിച്ച കുളമാണ് പില്‍ക്കാലത്ത് ഹൈമാവതി കുളം എന്നപേരില്‍ അറിയപ്പെട്ടത്. അവിടെ വെച്ച് പല അസ്വഭാവികമായ കാഴ്ചകളും പലരും കണ്ടു എന്നാണ് കഥകള്‍. ഭാവനയ്ക്ക് അനുസരിച്ച് കഥകളും ഹൈമാവതിയും ഇന്നും രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നു. അടുത്തിടെ കാര്യവട്ടം ക്യാമ്പസിനുള്ളിലെ ഈ കുളം ശുചീകരിക്കുകയും അവിടവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ അകറ്റാന്‍ രാത്രിച്ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജോര്‍ജ് മാത്യുവും ഇതില്‍ പങ്കെടുത്തു. ക്യാമ്പസിനെ അത്രയധികം പരിചയമുള്ള ജോര്‍ജ് മാത്യു പറയുന്നത് പെണ്‍കുട്ടി ചാടി മരിച്ചത് മറ്റൊരു കുളത്തില്‍ ആണെന്നും ക്യാമ്പസിലെ കുളത്തിലേക്ക് ഈ കഥയെ ആവശ്യമില്ലാതെ പറിച്ചുനട്ടതാണെന്നുമാണ്. അവിടെ അസ്വഭാവികമായ ഒന്നും തന്നെ ഉള്ളതായി അദ്ദേഹത്തിന് അഭിപ്രായമില്ല.
മനസ്സിന് അതിര്‍ത്തികളില്ല. സ്വപ്‌നത്തില്‍ ഒരാളെ കാണുന്നതിന് സമാനമാണ് ജീവിച്ചിരിക്കാത്ത ഒരാളുടെ രൂപം കാണുന്നതായുള്ള തോന്നലും. മനസ്സിലാണ് മരിച്ചയാളുടെ ഓര്‍മകള്‍ നിലകൊള്ളുന്നത്. എണ്ണ വറ്റാതെ എരിഞ്ഞു കൊണ്ടിരിക്കുന്ന ഓര്‍മകളാവാം പ്രേതങ്ങള്‍ എന്ന നിര്‍വചനം പ്രാധാന്യമര്‍ഹിക്കുന്നത് ഇത്തരം അനുഭവകഥകള്‍ കേള്‍ക്കുമ്പോഴാണ് എന്നു തോന്നിപ്പോയി.
പാരാനോര്‍മല്‍ നോര്‍മലാണ്
അതീന്ദ്രിയമായ കഴിവുകള്‍ ഒട്ടുമിക്ക മനുഷ്യരിലുമുണ്ട്. നമ്മള്‍ അടിച്ചമര്‍ത്തി വെക്കുന്ന ഒന്ന്. എന്നാല്‍ ചിലരില്‍ മാത്രം ഇത് ബോധപൂര്‍വമോ അല്ലാതെയോ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ചില അനുഭവങ്ങള്‍( psychic experiences) ഉണ്ടാവുകയും ചെയ്യുന്നു. ഒരാള്‍ക്ക് അറിയാന്‍ കഴിയാത്തത് കൊണ്ടോ കാണാന്‍ സാധിക്കാത്തത് കൊണ്ടോ മറ്റൊരാളുടെ കാഴ്ചയും അനുഭവവും അസത്യമാകുന്നില്ല. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പലരും ഇല്ലെന്ന് പറയുമെങ്കിലും കൃത്യമായ ചോദ്യങ്ങളിലൂടെ വിലയിരുത്തുമ്പോള്‍ ഭൂരിഭാഗം പേരും സമാന അനുഭവങ്ങളിലൂടെ കടന്നു പോയതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഹോണ്ടഡ് ഹൗസസ് ഇന്‍ കേരള എന്നൊരു ഡോക്യുഫിക്ഷന്‍ തയ്യാറാക്കുന്നതിനായി വിചിത്രമായ സ്ഥലങ്ങളിലൂടെ നടത്തിയ ചില യാത്രകളില്‍ താന്‍ അടങ്ങിയ സംഘത്തിലെ സൈക്കിക് ആയ വ്യക്തികള്‍ക്ക് പല പാരാനോര്‍മല്‍ അനുഭവങ്ങളും ഉണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.അടുത്തെത്തുന്ന എല്ലാ കേസുകളിലും അനുഭവങ്ങളിലും ഒരു പാരാനോര്‍മല്‍ വശം ഉള്ളതായി ജോര്‍ജ് മാത്യു വിശ്വസിക്കുന്നു. മന്ത്രവാദം പോലുള്ള കര്‍മ്മങ്ങളില്‍ നമ്മുടെ തന്നെ ധാര്‍മികരോഷമോ ഒരു വ്യക്തിയോടുള്ള വൈരാഗ്യമോ ആണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് ഇരയായി എന്ന് വിശ്വസിക്കുന്ന വ്യക്തിക്കാവട്ടെ കുറ്റബോധമോ ഭയമോ ഉണ്ടായെന്നുവരാം. പരസ്പരം ബന്ധിതരായ രണ്ടു വ്യക്തികളുടെ വികാരവിചാരങ്ങള്‍ തമ്മില്‍ ഉണ്ടാവുന്ന ഏറ്റുമുട്ടലുകളാണ് പലപ്പോഴും ഇതുപോലുള്ള കര്‍മ്മങ്ങള്‍ ഏല്‍ക്കുന്നു എന്നതിന്റെ അടിസ്ഥാനവും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഊട്ടിയുറപ്പിക്കുന്നതോ പൈശാചിക രീതിയിലേക്ക് കടക്കുന്നതോ ആയ യാതൊന്നും തന്നെ പ്രോത്സാഹിപ്പിക്കപ്പെടരുതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ജീവിതത്തിന്റെ ഏറിയ പങ്കും ഇത്തരം അതീന്ദ്രിയ കാഴ്ചകളുടെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ചു നടന്ന ഒരാള്‍ക്ക് പറഞ്ഞാല്‍ തീരാത്തത്രയുണ്ടാവും അനുഭവങ്ങള്‍. ലയത്തിലെ ഏകാന്തവാസത്തിനിടെ എപ്പോഴൊക്കെയോ അവിവാഹിതനായുള്ള ഈ ജീവിതം അസുഖഘട്ടങ്ങളില്‍ വെല്ലുവിളി ആവില്ലേ എന്ന ചിന്ത അലട്ടിയിരുന്നു ജോര്‍ജ് മാത്യുവിനെ. എന്നാല്‍ പിന്നീട് ആ ആശങ്ക തനിയെ അകന്നു. നാല്പത് വര്‍ഷമായി അദ്ദേഹം ഇവിടെ തനിച്ചാണ്. എന്നാല്‍ ഒരിക്കല്‍ പോലും തനിച്ചല്ല താനും. പലതരത്തില്‍പ്പെട്ട സമസ്യകള്‍ക്ക് പരിഹാരം തേടിവരുന്ന ആളുകള്‍, പാരാസൈക്കോളജിയെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും ഗവേഷകരും. അങ്ങനെ എപ്പോഴും ലയം സജീവം. ലയത്തെ പ്രേതാലയമായോ പ്രകൃത്യാലയമായോ കാണേണ്ടത് എന്ന് ചോദിച്ചാല്‍ ജോര്‍ജ് മാത്യുവിന് ഒരു ഉത്തരമേ കാണൂ, എനിക്കിത് പ്രകൃത്യാലയമാണ്. നിങ്ങള്‍ക്കിനി മറ്റു വല്ലതും തോന്നുന്നുണ്ടെങ്കില്‍ തികച്ചും സ്വാഭാവികം മാത്രം! അതിലെ കഥയും കഥാപാത്രങ്ങളും നിങ്ങളുടെ തന്നെ സൃഷ്ടിയും!
Content Highlights: parapsychologist dr. v. george mathew life and Transcendental experiences