മാധുരിയെ ഞങ്ങൾക്ക് തരൂ, യുദ്ധം നിർത്താമെന്ന് പാക് പട്ടാളം.; തിരിച്ചടിച്ച ഇന്ത്യന്‍ പട്ടാളം

ഒരു സൗഹൃദചര്‍ച്ചയില്‍ ഒതുക്കിത്തീര്‍ക്കാവുന്ന പലതിനുംവേണ്ടി മനുഷ്യര്‍ പരസ്പരം കൊല്ലാനൊരുങ്ങുന്ന ഓരോ യുദ്ധവും തീരാനഷ്ടങ്ങളിലാണ് അവസാനിക്കാറുള്ളത്. ഇന്ത്യയും പാകിസ്താനും വീണ്ടും പോരടിക്കാന്‍ കോപ്പുകൂട്ടുമ്പോള്‍ ഒരു പഴയ യുദ്ധകാല സംഭവം ഓര്‍ത്തെടുക്കാം. ബോളിവുഡിലെ സ്വപ്ന സുന്ദരി, ഡാന്‍സിങ് ഡിവ മാധുരി ദീക്ഷിത് ആണ് ഈ കഥയിലെ നായിക.
മാധുരിയെ തരൂ, ഞങ്ങള്‍ മടങ്ങിപ്പോകാം
/Getty Images
കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായി കാര്‍ഗിലിലെ മഹ്കോഷ് മലനിരകളില്‍ നടന്നത് തുടര്‍ച്ചയായ വെടിവെപ്പാണ്. ബ്രിഗേഡിയര്‍ എസ്. വിജയ് ഭാസ്‌കറാണ് 13 ജമ്മു ആന്‍ഡ് കാശ്മീര്‍ റൈഫിള്‍ റെജിമെന്റ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ഷേര്‍ഷാ എന്ന് പ്രസിദ്ധനായ മേജര്‍ വിക്രം ബത്രയുടെ സംഘം. ബങ്കറുകളില്‍ ഒളിച്ചിരുന്ന പാകിസ്താനികള്‍ ഇന്ത്യന്‍ പട്ടാളക്കാരുമായി വെടിവയ്പ്പിനിടെ പഞ്ചാബി ഭാഷയില്‍ വാക്ക്തര്‍ക്കങ്ങളും അസഭ്യസംഭാഷണങ്ങളും നടത്തി.
''മാനസികമായി തളര്‍ത്തി യുദ്ധം ജയിക്കാമെന്ന തന്ത്രമാണ് അസഭ്യവര്‍ഷത്തിലൂടെ അവര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. വെടിവെപ്പ് ചെറുതായൊന്ന് കുറഞ്ഞപ്പോള്‍ കാര്യങ്ങള്‍ തമാശയായി മാറി. ഒരു പാകിസ്താനി പട്ടാളക്കാരന്‍ മാധുരി ദീക്ഷിതിനെ ഞങ്ങള്‍ക്ക് തരൂ, ഞങ്ങള്‍ നിയന്ത്രണരേഖയുടെ അപ്പുറത്തേക്ക് പൊയ്‌ക്കോളാമെന്ന് പറഞ്ഞു. അത് കേട്ടതും ഞാന്‍ ചിന്തയിലാണ്ടു. മരിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും അയാളുടെ നര്‍മ്മബോധം പോയില്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചുപോയി.''
ബ്രിഗേഡിയര്‍ പിന്നീട് ഓര്‍ത്തെടുത്തു.
മാധുരിയെ തരാന്‍ പറഞ്ഞയാള്‍ക്ക് വെടിയുണ്ടയായിരുന്നു ഇന്ത്യന്‍ പട്ടാളത്തിന്റെ മറുപടി. ബങ്കറുകളില്‍ ഒളിച്ചിരുന്ന എതിരാളികളെ മുഴുവന്‍ ഇന്ത്യന്‍ സൈന്യം വകവരുത്തി. ദിവസങ്ങളോളം മഴ പെയ്ത ശേഷമാണ് മലയോരത്തെ രക്തക്കറ മായ്ഞ്ഞുപോയത്. മരണപ്പെട്ട പാക്കിസ്താനികളുടെ സംസ്‌കാരം നടത്തിയത് ഇന്ത്യന്‍ സൈനികരാണ്. ആ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പാകിസ്താന്‍ തയ്യാറായിരുന്നില്ല. അവര്‍ പാകിസ്താനികളല്ലെന്നായിരുന്നു വാദം.
മാധുരിക്കായി എറിഞ്ഞ ഗ്രനേഡ്
കാര്‍ഗില്‍ യുദ്ധത്തിലെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റൻ വിക്രം ബത്രയുടെ വീരോചിത പോരാട്ടമാണ്. യുദ്ധത്തില്‍ രക്തസാക്ഷിയായ ബത്രയെ രാജ്യം പരം വീര്‍ ചക്ര നല്‍കി ആദരിച്ചു. പാകിസ്താന്‍ പോരാളികള്‍ തുടര്‍ച്ചയായ പ്രകോപനം നടത്തിയപ്പോള്‍ തക്ക മറുപടി നല്‍കി അവരെ പരലോകത്തേക്കയച്ച ബത്രയാണ് മാധുരിക്ക് വേണ്ടി വെടിയുണ്ട കൊണ്ട് മറുപടി പറഞ്ഞത്.
ടെഡ് ടോക്‌സില്‍ അതിഥിയായെത്തിയ വിക്രമിന്റെ സഹോദരന്‍ വിശാല്‍ ബത്ര ആ സംഭവം വിവരിച്ചത് ഇങ്ങനെയാണ് -
''പാകിസ്താനികള്‍ അവന്റെ റേഡിയോ സംഭാഷണം ചോര്‍ത്തി. അവന്റെ കോഡ് നെയിമായ ഷേര്‍ഷ എന്ന് വിളിച്ചുകൊണ്ടായിരുന്നു വെല്ലുവിളി. മുകളിലേക്ക് കയറിവരണ്ട. വന്നാല്‍ കഷ്ടപ്പെടും.....ആരാണ് മുകളിലെത്തുക എന്ന് ഒരു മണിക്കൂറിനുള്ളില്‍ കാണാം എന്നായിരുന്നു അവന്റെ മറുപടി. ഇതിനിടെ ഒരു പാക് സൈനികന്‍ അവനോടു പറഞ്ഞു, ഞങ്ങള്‍ നിങ്ങളെ തോല്‍പ്പിക്കും. പിന്നോട്ടടിപ്പിക്കും. ബോളിവുഡിലെ പ്രധാന നടിയെ ഞങ്ങള്‍ കൊണ്ടുപോകും..... വിക്രം അതിശക്തമായ തിരിച്ചടിയാണ് നടത്തിയത്. എല്ലാ ബങ്കറുകളും തകര്‍ത്തു. ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും മുന്‍പേ അവന്‍ ഒരു ഗ്രനേഡ് എറിഞ്ഞു- സ്‌നേഹത്തോടെ മാധുരി ദീക്ഷിതില്‍ നിന്ന് എന്ന വാക്കുകളോടെ.''
കാര്‍ഗില്‍ യുദ്ധം സിനിമയില്‍
1999-ലാണ് കാര്‍ഗില്‍ യുദ്ധം നടക്കുന്നത്. നിയന്ത്രണരേഖ ലംഘിച്ച് പാകിസ്താന്‍ നടത്തിയ നുഴഞ്ഞുകയറ്റമാണ് അന്ന് പ്രകോപനമായത്. തന്ത്രപ്രധാനമായ ഉയര്‍ന്ന പ്രദേശങ്ങള്‍ പാകിസ്താന്‍ കയ്യടക്കി. ഇന്ത്യന്‍ പട്ടാളത്തിനെത്തുന്ന സപ്പ്‌ളൈ മുടക്കുകയും പട്ടാളക്കാരെ സിയാച്ചിന്‍ മേഖലയില്‍ കുടുക്കുകയുമായിരുന്നു ഉദ്ദേശം. ഇന്ത്യ അതിശക്തമായ തിരിച്ചടിയാണ് അന്ന് നല്‍കിയത്. ഓപ്പറേഷന്‍ വിജയ് നടത്തിയ ഇന്ത്യ രണ്ട് മാസത്തിനുള്ളില്‍ വിജയം നേടി.
2003-ല്‍ 'എല്‍. ഒ.സി. കാര്‍ഗില്‍' എന്ന ചലച്ചിത്രം പുറത്തുവന്നിരുന്നു. സെയിഫ് അലി ഖാന്‍, അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, സഞ്ജയ് ദത്ത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏതാണ്ട് നാലര മണിക്കൂറോളം ദൈര്‍ഘ്യമുണ്ടായിരുന്നു സിനിമയ്ക്ക്. നിര്‍ഭാഗ്യവശാല്‍ സിനിമ ബോക്‌സ്ഓഫീസില്‍ വിജയിച്ചില്ല.
ക്യാപ്റ്റൻ വിക്രം ബത്രയുടെ ബയോപിക്ക് ആയ 'ഷേര്‍ഷ' പുറത്തുവന്നത് 2021-ലാണ്. കോവിഡ് കാലമായതിനാല്‍ ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ്. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് വിക്രം ബത്രയായി അഭിനയിച്ചത്.
Content Highlights: pak soldiers demanded to have madhuri dixit during kargil war